കഥാസാരം
കെ. ജി. നായരും കെ. എസ്. നായരും സഹോദരന്മാരായിരുന്നു. തറവാട്ടു സ്വത്തുക്കള്‍ ഇരുവര്‍ക്കും തുല്യമായി ഭാഗിച്ചു കിട്ടി. മദ്യപാനിയും ദുര്ന്നടത്തക്കാരനുമായിരുന്ന കെ. എസ്. നായര്‍ തനിക്കു കിട്ടിയ സ്വത്തു മുഴുവന്‍ ധൂര്‍ത്തടിച്ച് നശിപ്പിച്ചു.
വിവാഹിതനായ കെ. എസ്. നായര്‍ ഭാര്യയെയും പുത്രന് പ്രഭാകരനെയും ഉപേക്ഷിച്ച് വിലസവതിയായ തയ്യല്‍ക്കാരി കൊച്ചമ്മിണിയുമായി ലഹരിപിടിച്ച ദിവസങ്ങള്‍ ചവച്ചു തുപ്പി. കൊച്ചമ്മിണിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി കെ. എസ്. നായര്‍ പലപ്പോഴും ജ്യേഷ്ഠസഹോദരനായ കെ. ജി. നായരോട് പണം കടം വാങ്ങുക പതിവായിരുന്നു. അതൊന്നും തിരിച്ചു കൊടുക്കാറുമില്ല. പ്രഭാകരനുമുണ്ട് ഒരു കാമുകി, രാജമ്മ.
ഒരു ദിവസം പണമാവശ്യപ്പെട്ടു കെ. എസ്. നായര്‍ ജ്യേഷ്ഠന്റെ വീട്ടിലെത്തി. സഹായിച്ചു സഹായിച്ചു സഹികെട്ട് കെ. ജി. നായര്‍ കയ്യൊഴിഞ്ഞപ്പോള്‍ അനുജന് ശുണ്ട്ഠി കയറി. അവരിരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ കെ. ജി. നായരുടെ പുത്രന് രാജന് ഇടപെട്ടു. ഒരു ഏറ്റുമുട്ടലുണ്ടാകാതെ കെ. ജി. നായര്‍ ഇരുവരെയും സമാധാനപ്പെടുത്തി.
ആയിടക്ക് കെ. ജി. നായരുടെ പറമ്പില്‍ നിന്നും നിധി കിട്ടിയ വിവരം കെ. എസ്. നായര്‍ അറിയുവാനിടയായി. തറവാട്ടു പറമ്പില്‍ നിന്നും കിട്ടിയ നിധിയുടെ പകുതി അവകാശം തനിക്കാണെന്ന ന്യായേന കെ. എസ്. നായര്‍ ജ്യേഷ്ഠന്റെ വീട്ടിലെത്തി. പക്ഷെ കെ. ജി. നായരും മകന് രാജനും കൂടി നിധി കിട്ടിയെന്ന വാര്‍ത്ത തന്നെ നിഷേധിക്കുകയാണുണ്ടായത്. തുടര്‍ന്ന് കെ. എസ്. നായരും രാജനുമായി വീണ്ടും വഴക്കും വാക്കു തര്‍ക്കവുമുണ്ടായി. നിധി കിട്ടിയ വിവരം പോലീസിലറിയിക്കുമെന്ന ഭീഷണി മുഴക്കി കെ. എസ്. നായര്‍ സ്ഥലം വിട്ടു. അന്ന് രാത്രി കെ. എസ്. നായരെ ആരോ കുത്തിക്കൊന്നു. അച്ഛനെ വധിച്ചത് രാജനാണെന്ന് പ്രഭാകരന് സംശയിച്ചു. രാജനെ കൊന്നു പകരം വീട്ടുവാന് തീരുമാനിച്ചു രാത്രിയില്‍ കത്തിയുമായി പ്രഭാകരന് രാജന്റെ മുറിയിലെത്തി. പക്ഷെ ആരോ കുത്തിക്കൊന്നു കഴിഞ്ഞിരുന്ന രാജന്റെ മൃതദേഹമാണ് പ്രഭാകരന് അവിടെ കണ്ടത്. ഭയവിഹ്വലനായി ഇറങ്ങി ഓടിയ പ്രഭാകരനെ വീട്ടുവേലക്കാരില്‍ ഒരാള്‍ കണ്ടു. രാജനെ കൊന്നത് പ്രഭാകരനാണെന്നുള്ള വാര്‍ത്ത നാട്ടിലെങ്ങും പരന്നു. പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ പോയ പ്രഭാകരന് രാജന്റെ കൊലയാളിയെ കണ്ടുപിടിച്ചു സ്വയം രക്ഷപെടുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
കെ. ജി. നായരുടെ വീട്ടില്‍ ഊമയായ ഒരു വേലക്കാരനും യുവതിയായ ഒരു വേലക്കാരിയും കൂടി ഉണ്ട്. ഊമയുടെ പ്രാണനാണ് വേലക്കാരി. കൊല ചെയ്യപ്പെട്ട തലേദിവസം രാത്രി വേലക്കാരിയെ വശീകരിക്കുവാന്‍ രാജന് ഒരു ശ്രമം നടത്തി. ഊമ പ്രതിഷേധവും കോപവുമെല്ലാം പ്രകടിപ്പിക്കുന്നത് കണ്ട മറ്റൊരു വേലക്കാരന് കൂടി ആ വീട്ടില്‍ ഉണ്ടായിരുന്നു. അവനില്‍ നിന്നും ഈ വിവരമറിഞ്ഞ പ്രഭാകരന് ഊമയാണ് രാജനെ കൊന്നതെന്ന് ദൃഡമായി വിശ്വസിച്ചു.
അന്ന് അര്‍ദ്ധരാത്രിയില്‍ കെ. ജി. നായരുടെ വീട്ടിലെത്തിയ പ്രഭാകരന് ഊമയായ വേലക്കാരനെ ഭീഷണിപ്പെടുത്തി. ഊമയെന്നു ധരിച്ചിരുന്ന അവന് സംസാരിച്ചപ്പോള്‍ പ്രഭാകരന് അത്ഭുതപ്പെട്ടുപോയി. അമ്മുക്കുട്ടിയെന്ന യുവതിയായ വേലക്കാരിയുടെ കാമുകനായ തനിക്ക് അവളോടൊത്തു കഴിയുവാന്‍ വേണ്ടിയാണ് ഈ കപടവേഷം ധരിച്ചത് എന്ന് അവന് തീര്‍ത്തു പറഞ്ഞു. പക്ഷെ താനാണ് രാജനെ വധിച്ചതെന്ന വാര്‍ത്തയെ അവന് ശക്തിപൂര്‍വ്വം നിഷേധിച്ചു..
പിന്നെ ആരാണ് കൊലപാതകി? പ്രഭാകരന് കുഴങ്ങി. കെ. ജി. നായരുടെ വീടുമായി ബന്ധമുള്ള മറ്റാരോ ആയിരിക്കണം. പ്രഭാകരന് രാത്രികാലങ്ങളിലെല്ലാം ആ വീടിന്റെ പരിസരങ്ങളില്‍ ചുറ്റിത്തുടങ്ങി. ഒരു ദിവസം രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഒരാളുമായി പ്രഭാകരന് ഏറ്റുമുട്ടി. അയാളെ നിലംപതിപ്പിച്ചു. പാച്ചുപിള്ള! കെ. ജി. നായര്‍ക്ക് നിധിലഭിച്ച വിവരം അറിയാവുന്ന ഏക വ്യക്തി.
നിധിയും കൈക്കലാക്കി തന്റെ വെപ്പാട്ടിയുമായി നാടുവിടാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പ്രഭാകരന് അയാളെ കണ്ടതും ഏറ്റുമുട്ടിയതും. പാച്ചുപിള്ളയാണ് രണ്ടു കൊലപാതകങ്ങള്‍ക്കും ഉത്തരവാദി എന്നും തെളിഞ്ഞു.
കൊലക്കുറ്റത്തില്‍ നിന്നും രക്ഷപെട്ട പ്രഭാകരന് തന്റെ കാമുകിയായ രാജമ്മയുമായി ഒത്തു ചേര്‍ന്നു.
പ്രേംനസീര്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍നായര്‍, അടൂര്‍ ഭാസി, ടി. കെ. ബാലചന്ദ്രന്, ജി. കെ. പിള്ള, കമലാദേവി, സുകുമാരി, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരന്, ശാന്താദേവി, ഇന്ദിരാ പ്രിയദര്‍ശിനി എന്നിവരാണ് അഭിനേതാക്കള്‍.
വയലാര്‍ രാമവര്‍മ്മ രചിച്ച് എല്‍. ആര്. ഈശ്വരി, പി. ലീല, പി. ബി. ശ്രീനിവാസന്, ചന്ദ്രമോഹന്, ഉത്തമന് എന്നിവര്‍ പാടിയ അഞ്ചു പാട്ടുകള്‍ക്ക് ബി. എ. ചിദംബരനാഥാണ് സംഗീതം പകര്‍ന്നത്. ഛായാഗ്രഹണം സി. നമശിവായവും, നൃത്തസംവിധാനം ഈ. മാധവനും, രംഗസംവിധാനം ആര്. ബി. എസ്. മണിയും, ചിത്രസംയോജനം ടി. ആര്. ശ്രീനിവാസലുവും നിര്‍വ്വഹിച്ചു. കെ. എസ്. സേതുമാധവന് സംവിധാനം ചെയ്ത കോട്ടയം കൊലക്കേസ് അരുണാചലം ശ്യാമള എന്നീ സ്റ്റുഡിയോകളില്‍ വച്ചാണ് അഭ്രത്തിലേക്ക് പകര്‍ത്തിയത്.
അസോഷിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 മാര്‍ച്ച് ഇരുപത്തിരണ്ടിന് പ്രദര്‍ശനം തുടങ്ങി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് :ജേകബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍