ഒരു തുള്ളി വെള്ളം മഹാസമുദ്രമായും ഒരു നിമിഷം മനുഷ്യജീവിതത്തിന്റെ സംഭവപരമ്പരകളുടെ തുടക്കമായും അവസാനിപ്പിക്കുന്ന നിയതിയുടെ കരുത്തുറ്റ കരങ്ങളില്‍ പെട്ടു് കളിപ്പാവയായി മാറിയ ഏതാനം മനുഷ്യരുടെ കഥയാണു് സതി.
മുഷിയാത്ത മംഗല്യസൂത്രവും ഉടയാത്ത മന്ത്രകോടിയും വാടാത്ത വിവാഹമാല്യവുമായി ഭര്‍ത്താവിന്റെ ചിതയില്‍ സ്വയം ഹോമിക്കപ്പെട്ട ആയിരമായിരം ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയുടെ കഥ കാലങ്ങളായി ഇന്നും ആവര്‍ത്തിക്കുന്നു.
ഒരു റിട്ടയേഡ് ഉദ്യോഗസ്ഥന്റെ ഏക മകളാണു് സതി. സമ്പത്തും സൗന്ദര്യവും ഒന്നു പോലെ അനുഗ്രഹിച്ചിട്ടുള്ള സതിയ്ക്കു് അനുരൂപനായ ഭര്‍ത്താവാണു് ഗോവിന്ദന് നായര്‍. ഒരു തൊഴിലാളിയായി ജീവിതമാരംഭിച്ച സതിയുടെ ഭര്‍ത്താവു് ഇന്നു് ഒരു വന്‍ വ്യവസായശാലയുടെ ഉടമസ്ഥനാണു്. ഗോവിന്ദന് നായരുടെയും സതിയുടെയും മുന്പില് ദിരനാത്രങ്ങള് മാദകത്തം നിറഞ്ഞതായിരുന്നു. ഉന്മാദലഹരി ഉണര്‍ത്തുന്ന മധുവിധുരാത്രികള്‍ കൊഴിഞ്ഞുവീഴുന്നതു് സതിയും ഗോവിന്ദന് നായരും അറിഞ്ഞിരുന്നില്ല. സൗന്ദര്യവതിയായ സതിയെ തനിക്കു് കിട്ടിയതു് ഒരു മഹാഭാഗ്യമായി ഗോവിന്ദന് നായര്‍ക്കു തോന്നി. നിത്യവസന്തത്തിന്റെ നിത്യനൂതനതയുടെയും മധുരാനുഭൂതി പകര്‍ന്ന രാവുകള്‍ കൊഴിയുമ്പോള്‍ ഒരു ദിവസം -
തന്റെ ഫാക്ടറിയില്‍ നിന്നും ഉയര്‍ന്ന സമരാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍ നീറിപ്പിടിക്കുന്ന ഫാക്ടറിപ്രശ്നങ്ങളുടെ നടുവില്‍ നിന്നും മുക്തനാകാന്‍ ഗോവിന്ദന് നായര്‍ ഭാര്യാസമേതനായി ഭാര്യഗൃഹത്തിലെത്തുന്നു. മുഗ്ദ്ധസങ്കല്പ്പങ്ങളുമായി പാറിപ്പറന്നു നടന്നിരുന്ന സതിയുടെ ബാല്യകാലജീവിതത്തിന്റെ സ്മരണകളുടെ ചിത്രങ്ങള്‍ ഒന്നൊന്നായി ഗോവിന്ദന് നായരുടെ സങ്കല്‍പ്പത്തില്‍ എത്തുന്നു.
തന്റെ പിതാവിന്റെ സ്നേഹിതപുത്രനായ സുകുമാരന്‍ നായര്‍ സതിയുടെ വീട്ടില്‍ എത്തുന്നു. കോമളനും കവിയുമായ സുകുമാരന്‍ നായരുടെ കണ്ണുകള്‍ക്കു് സതി ഒരു കാവ്യോത്സവമായി മാറുകയാണു്. അവളുടെ നിഷ്ക്കളങ്കമായ ബാലചാപല്യം സുകുമാരന്‍ നായരുടെ കവിഹൃദയവും ചേര്‍ന്നു് സൃഷ്ടിച്ച മായാത്ത ചില ചിത്രങ്ങള്‍ ഗാവിന്ദന്‍ നായരുടെ ശ്രദ്ധയില്‍ പെടുകയാണു്. സംശയാലുവായ ഗോവിന്ദന് നായരുടെ സമനില തെറ്റുകയാണു്. തൂണിലും തുരുമ്പിലും സതിയുടെ ജാരനെ അയാള്‍ കാണുന്നു. സതിയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തില്‍ പോലും അയാള്‍ വ്യാകുലനാകുകയാണു്.
ഫാക്ടറിയിലെ തൊഴില്കുഴപ്പവും വീട്ടിലെ അസ്വസ്ഥതകളും അയാളെ മദ്യത്തിന്റെ അടിമയാക്കുകയാണു്. സ്ത്രീകളെ ആകെ വെറുത്ത അയാള്‍ക്കു് ഒരു വേശ്യയില്‍ നിന്നും കിട്ടിയ ഉപദേശം സ്വന്തം ഭാര്യയെ കഠിനമായി ദ്രോഹിക്കാന്‍ പ്രചോദനം നല്കുന്നു. ജീവിത പരീക്ഷണങ്ങളുടെ അഗ്നിജ്വാലയില്‍ പെട്ടു്വെന്തെരിയുന്ന സതി. സ്വപ്നങ്ങള്‍ തകര്‍ന്ന പിതാവു്. കവിയും കോമളനുമായ സതിയുടെ കാമുകനായ സുകുമാരന്‍ നായര്‍. തന്റെ എല്ലാമെല്ലാം തകരുന്നതു് കണ്ടുകൊണ്ടു് എന്തു വേണമെന്നറിയാതെ ഉഴറുന്ന ഗോവിന്ദന് നായര്‍.
വികാരപ്രപഞ്ചം ഒതുക്കിയൊതുക്കി വെച്ചു പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന അഗ്നിപര്‍വ്വതങ്ങള്‍. അവയുടെ തീജ്വാലയില്‍ ഉരുത്തിരിയുന്ന സംഭവങ്ങള്‍.
ക്രൂരമായ നിയതി. ആരുടേയോ ആജ്ഞക്കു് വിധേയമായി ആടുന്ന പാടുന്ന ജീവിക്കുന്ന മനുഷ്യര്‍. അതൊരു കഥയാകുമ്പോള്‍ ചൂടും വെളിച്ചവും ജീവനുമുള്ള ആ കഥ വികാരപ്രപഞ്ചത്തിന്റെ ചുരുള്‍ നിവര്ത്തുകയാണു്.
വെള്ളിത്തിരയില്‍ കാണുക.
അവലംബം : പാട്ടുപുസ്തകം
|