കടപ്പാടിന്റെയും ബന്ധങ്ങളുടെയും പേരിൽ സ്വന്തം പ്രണയബന്ധത്തെയും പ്രേമഭാജനത്തെയും മനസ്സിൽ നിന്നു് അടർത്തിമാറ്റേണ്ടി വരുന്നു ഡോക്ടറായ ഗോപിക്കു്. തന്റെ പഠനത്തിനു് സാമ്പത്തിക സഹായം ചെയ്യുന്ന അമ്മാവനോടുള്ള കടപ്പാടിന്റെ പേരിലാണു് അതു ചെയ്യേണ്ടി വരുന്നതു്. മുറപ്പെണ്ണായ സുമിത്രയെ അയാൾ കല്യാണം കഴിക്കുന്നു. അതിൽ സ്വാഭാവികമായും ഗോപി അത്ര സന്തുഷ്ടനാകുന്നില്ല. പക്ഷെ അവരുടെ താല്പര്യങ്ങളോ ഇഷ്ടങ്ങളോ ഒരേ ദിശയിൽ പോകുന്നില്ല, പലപ്പോഴും അവ വിരുദ്ധങ്ങളാവുന്നു എന്നതായിരുന്നു കൂടുതൽ പ്രശ്നം. അത്തരം കാര്യങ്ങൾ അവരുടെ ജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിക്കുന്നു.
മെഡിക്കൽ കോളേജിൽ വെച്ചു് തന്റെ പ്രേമഭാജനമായിരുന്ന പെൺകുട്ടിയുടെ ഓർമ്മകൾ ഗോപിയെ വേട്ടയാടുന്നു. സ്വന്തം മനസ്സിന്റെ നിയന്ത്രണം പോലും കൈവിട്ടു പോവുന്ന ഒരു തീവ്ര മാനസിക സംഘർഷാവവസ്ഥയിൽ അയാൾ അപ്രത്യക്ഷനാകുന്നു. അബോധാവസ്ഥയിൽ ചെന്നൈയിൽ ഒരു കടൽത്തീരത്താണു് പിന്നെ ഗോപിയെ കാണുന്നതു്. മാനസികഭ്രംശങ്ങളുടെ ലോകത്തിൽ ആയിക്കഴിഞ്ഞിരുന്നു അയാൾ അപ്പോഴേക്കും. ചികിത്സയ്ക്കായി ആരോ അദ്ദേഹത്തെ മാനസിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ ചികിത്സയ്ക്കൊടുവിൽ അയാളുടെ ഭൂതകാലം അവർക്കു വ്യക്തമാവുന്നു...അവസാനം ഗോപി ജീവിതത്തിലേയ്ക്കു് ക്രമേണ തിരിച്ചു വരുന്നു.
ആ വർഷത്തെ മികച്ച ചിത്രം, തിരക്കഥ, നടി, സഹനടൻ, സഹനടി, സംഗീത സംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വപ്നാടനത്തെ തേടിയെത്തി.