നാലു തൂണിൽ ഉറച്ചു നിൽക്കുന്ന ഒരു വീടു പോലെ ആ വീട് ഭദ്രമായി നിലനിന്നു. വാസുവിനു തയ്യൽക്കടയുണ്ട്.അനുജനു വർക്കുഷോപ്പിൽ ജോലി.അനുജത്തി സ്കൂൾ ടീച്ചർ.കുടുംബം ഭരിക്കാൻ ഭാര്യയും.എന്താ പോരേ ?
വാസുവിന്റെ കുടുംബത്തിന്റെ ഭദ്രതയ്ക്കും നിലനില്പ്പിനും പ്രധാന കാരണം അയാളുടെ സ്വഭാവവിശേഷമാണ്.കള്ളം പറയില്ല.കടം വാങ്ങുകയില്ല. ഈ രണ്ടു സ്വഭാവവിശേഷങ്ങളും ആ നാട്ടിൽ പ്രശസ്തമാണ്.
ഈ കുടുംബത്തിലേക്ക് കാർമേഘങ്ങൾ കടന്നു വരികയായി. രാഘവൻ മുതലാളി (കൊട്ടാരക്കര ) യുടെ മകൻ ബാബു (സുധീർ ) ധൂർത്തനും നിത്യകാമുകനുമാണ്.അവൻ വാസുവിന്റെ അനുജത്തിയെ നോട്ടമിട്ടു.
ഹോട്ടലുടമ കൈമളുടെ (അടൂർ ഭാസി ) മകൻ മണ്ടൻ അപ്പു ( ബഹദൂർ ) ബാബുവിനു കൂട്ടു നിന്നു.പെണ്ണ് വലയിൽ വീണു.അപ്പു ഒരു പേരൊപ്പിച്ച് ബാബുവിന്റെ അച്ഛനെക്കൊണ്ട് പയ്യൻ പെണ്ണിനെ കല്യാണം കഴിപ്പിക്കാൻ സമ്മതിച്ചു.
മുതലാളി വാസുവിന്റെ വീട്ടിൽ ആലോചനയ്ക്കു വന്നു.വാസുവിനു മുതലാളിയുടെ മകൻ തയ്യൽക്കാരന്റെ പെങ്ങളെ കല്യാണം കഴിക്കുന്നതു ഒരു നല്ല കാര്യമായി തോന്നിയില്ല. മുതലാളിയുടെ അഹങ്കാര വർത്തമാനം കൂടിയായപ്പോൾ വാസുവിനു സഹിച്ചില്ല. കല്യാണാലോചന അലസിപ്പിരിഞ്ഞു.പക്ഷേ ഈ സംഭവം കൊണ്ട് മറ്റൊന്നാണു സംഭവിച്ചത്.വാസു ജീവനു തുല്യം സ്നേഹിച്ചിരുന്ന സ്വന്തം അനുജത്തി എതിർത്തു സംസാരിച്ചു.അവസാനം ഇറങ്ങി ബാബുവിന്റെ വീട്ടിലേക്കു പോയി. ഒരു തൂണു വീണു !!
ആപത്ത് കൂട്ടത്തോടെയാണല്ലോ വരിക.ഈ ഘട്ടത്തിൽ ഗോപിയുടെ ജോലി പോയിരുന്നു.വാസുവിന്റെ കട തീ വീണു നശിച്ചു. കുടുംബം പട്ടിണിയിലായി.വാസുവിനു കടം കൊടുത്തു സഹായിക്കാനും സംഭാവന കൊടുക്കാനും പലരും മുന്നോട്ടു വന്നു- കൈമളുൾപ്പെടെ.വാസു തന്റെ ദൃഢവ്രതത്തിൽ ഉറച്ചു നിന്നു.അങ്ങനെയിരിക്കെ മറ്റൊരു മുതലാളിയായ മേനോന്റെ (ശങ്കരാടി) ഭ്രാന്തനായ മകനെ ശുശ്രൂഷിക്കാനുള്ള ജോലി സീതയ്ക്കു കിട്ടി.ആ ഭ്രാന്തൻ ചെറുക്കൻ ഒരു പൂപ്പാത്രമെടുത്തെറിഞ്ഞത് സീതയുടെ വയറ്റിൽ കൊണ്ടു.അവളുടെ ഗർഭം അലസിപ്പോയി.മകന്റെ ഭ്രാന്തു മാറിയ സന്തോഷത്തിൽ നല്ലവനായ മേനോൻ വാസുവിനു 10000 രൂപ സമ്മാനം നൽകാൻ തീരുമാനിച്ചത് അനർഹമായ പണം എന്ന നിലയിൽ വാസു ഉപേക്ഷിച്ചു.
രോഗിയായ സ്വന്തം അനുജനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സ്വന്തം രക്തം രക്തബാങ്കിൽ കൊടുക്കേണ്ട പതനത്തിൽ വരെ എത്തി വാസു.എന്നിട്ടും അനുജനെ രക്ഷിക്കാൻ കഴിഞ്ഞില്ല.ഗോപി മരിച്ചു.
ഒരു തൂണു കൂടി വീണു.
അങ്ങനെ തകർച്ചയുടെ നെല്ലിപ്പലകയിൽ വാസു എത്തിയപ്പോഴാണ് സഹോദരിയുടെ ഭർത്താവിന്റെയും അച്ഛന്റെയും സകല സ്വത്തുക്കളും നശിക്കുന്ന ഒരു സ്ഥിതി വന്നത്. എന്നാൽ കടം വാങ്ങിക്കില്ല , കള്ളം പറയുകയില്ല എന്ന നിഷ്ഠകളിൽ ഉറച്ചു നിന്ന വാസു ഒരു പ്രതിസന്ധിയിൽ എത്തി. തന്നെ ആശ്രയിച്ചവരെ രക്ഷിക്കണമോ അതോ കൈവിടണമോ ?
സംഭവബഹുലമായ ഈ കഥയുടെ പര്യവസാനം വെള്ളിത്തിരയിൽ…..
കടപ്പാട്:പാട്ടു പുസ്തകം