ആർക്കാട്ട് നവാബ് ആനക്കാലിൽ അടിയറ പണിയിച്ച് അവൻ വെൺ കൊറ്റക്കുടയും വീരവാളും പിടിച്ചു പറ്റിയ വീര ചേരൻ ഇരവിത്തമ്പുരാൻ വംശത്തിൽ കൊല്ലവർഷം 919 ൽ മുടി ചൂടി ചെങ്കോലാണ്ടാർ മന്മഥ വർമ്മ.ചതിയും വഞ്ചനയും ആള്രൂപം പൂണ്ട വാറ് കൂടിരുന്നാൻ ദളവായ് കൈപ്പട്ടൂർ ഉണ്ണിത്താൻ.അക്കാലം അരമന അങ്കണത്തിങ്കൽ കന്നിപെൺകൾ നടുവിൽ ദന്തക്കോൽ തൃക്കൈയ്യിൽ വെച്ച് മാരലീലയാടിയോൻ മന്മഥ മഹാരാ………………..
പുതുവാൾ താളിയോല ഗ്രന്ഥം വായിച്ച് കഴഞ്ഞപ്പോൾ എല്ലാവരും തരിച്ചു നിന്നു പോയി.അതിലെ പ്രണയ ബന്ധിതരായ മുരളി എന്ന വിപ്ലവ കവിയുടെയും , ദേവു എന്ന അപ്സര സുന്ദരിയുടെയും ജീവിത പര്യവസാനം അത്രമാത്രം ഭീകരമായിരുന്നു.
അധികാരങ്ങൾ കൈയ്യിലുള്ളതു കൊണ്ട് ഏതു നീചപ്രവൃത്തികളും ചെയ്യാമെന്ന് കരുതുന്ന മന്ത്രിമാരും വീരാളിപ്പട്ടിനും വീരശൃംഖലയ്ക്കും വേണ്ടി ഏറാൻ മൂളുന്ന ഇടപ്രഭുക്കന്മാരും കവിതയെഴുതുന്നതിനേക്കാൾ മനോഹരമായി കാലു നക്കാൻ മാത്രമറിയാവുന്ന മഹാകവി കിട്ടന്മാരും കസവ് കവണിയ്ക്കും കരമൊഴിവ് ഭൂമിയ്ക്കും വേണ്ടി അഴിഞ്ഞാടുന്ന ദാസിക്കൂട്ടവും എല്ലാമുള്ള മന്മഥവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് നടന്ന ആ ദുരന്തകഥ പൂർണ്ണമായും വെള്ളിത്തിരയിൽ തന്നെ കാണുക.
നിരപരാധികളുടെ രക്തം വീണുറഞ്ഞ ജയിലറകൾ പറയുന്ന ശോകകഥകളുടെ വികാര തീവ്രമായ ആവിഷ്കാരം.
രണ്ട് പ്രണയ പക്ഷികളുടെ കണ്ണീരും രക്തവും വീണൊഴുകിയ ഒരു കൊട്ടാരത്തിന്റെ അതിദയനീയമായ തകർച്ചയുടെ കഥ.
ദുഷിച്ച രാജവംശത്തിനെതിരെ തൂലിക പടവാളാക്കിയ ഒരു യുവ വിപ്ലവകവിയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ അതിശക്തമായ ചിത്രീകരണം.
സ്ത്രീലമ്പടനും ഭരണാലസനുമായ രാജാവിന്റെയും അയാളുടെ പിണിയാളുകളുടെയും ഞെട്ടിപ്പിക്കുന്ന കഥ !
കടപ്പാട് : പാട്ടുപുസ്തകം