ഇ. എന്‍. ബാലകൃഷ്ണന് ഛായാഗ്രഹണം നിര്‍വ്വഹിച്ച വെളുത്ത കത്രീന വീനസ്, ശാരദ, ശ്യാമള, ന്യൂ ടോണ്‍, അരുണാചലം എന്നീ സ്റ്റുഡിയോകളിലാണു് നിര്‍മ്മിച്ചതു്. വിജയ - വാഹിനി ലാബറട്ടറിയില്‍ പ്രോസസു ചെയ്തു. ആര്. ബി. എസ്. മണി കലാസംവിധാനാവും, ഇ. മാധവന് നൃത്തസംവിധാനവും, കെ.വി. ഭാസ്ക്കരന്‍ വേഷവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ സഹസംവിധായകനായി പി. സ്റ്റാന്‍ലി പ്രവര്‍ത്തിച്ചു. വിമലാ ഫിലിംസാണു് ചിത്രം വിതരണം ചെയ്തതു്.
കഥാസാരം
മാര്ത്തപ്പുലയിയുടെ മകള്‍ കത്രീന വെളുത്ത നിറമുള്ളവളും സുന്ദരിയുമാണു്. കത്രീനയും, മാതാവും അവളുടെ സഹോദരന് തേവനും ഹൈറേഞ്ചിലുള്ള ഒരു എസ്റ്റേറ്റില്‍ ജോലി ചെയ്തു ജീവിക്കുകയാണു്. കത്രീനയെ ജീവനുപരിയായി സ്നേഹിച്ചു പോന്ന ആരോഗ്യദൃഢഗാത്രനായ ചെല്ലപ്പനും അവളുടെ വീടിനു സമീപം താമസിച്ചിരുന്നു. അമിതമായി സൌന്ദര്യവും നല്ല നിറവുമുള്ള ആ പുലയിപ്പെണ്ണിനെ 'വെളുത്ത കത്രീന' എന്നാണു് നാട്ടുകാര്‍ വിളിച്ചിരുന്നതു്. അവള്‍ക്കു് ഒരു വെളുത്ത യുവാവിനെ ഭര്‍ത്താവായി ലഭിച്ചാല്‍ കൊള്ളാമെന്നു മോഹം തോന്നി.
കത്രീനയുടെ അമിതമായ സൌന്ദര്യം പല നിശാകാമുകന്മാരുടേയും ശല്യത്തിനു് അവളെ ഇരയാക്കി. ഒരു രാത്രിയില്‍ അവളെ കടന്നു പിടിക്കുവാന്‍ പരിശ്രമിച്ച എസ്റ്റേറ്റ് സൂപ്രണ്ടു് മനോഹരനുമായി തേവന് ഏറ്റുമുട്ടി. സൂപ്രണ്ടിനെ അപകടപ്പെടുത്തിയതുകൊണ്ടു തേവനും കത്രീനക്കും അവരുടെ അമ്മയ്ക്കും സ്ഥലം വിടേണ്ടി വന്നു. തന്റെ അനുജത്തിയേയും അമ്മയേയുംകൊണ്ടു് അലഞ്ഞുതിരിഞ്ഞു് അവന് മറ്റൊരു ഗ്രാമത്തിലെത്തി.പക്ഷെ അവിടെയും കത്രീനയ്ക്ക് ചുറ്റും ഒരു പറ്റം വിടന്മാര് അടുത്തുകൂടി. റൌഡി മാധവന്, കുര്യച്ചന് മേസ്തിരി, കള്ളത്തടി വെട്ടുകാരന് അപ്പായി, കാര്യസ്ഥന് കൃഷ്ണപ്പണിക്കര്‍ തുടങ്ങിയ പലരും അവളെ ആഗ്രഹിച്ചു. ഒരിക്കല്‍ ചെല്ലപ്പന് അവളെ റൌഡികളില്‍ നിന്നും രക്ഷിച്ചു. സംഘട്ടനത്തില്‍ പരിക്കേറ്റ ചെല്ലപ്പനെ ശുശ്രൂഷിച്ചു് കത്രീനയ്ക്കു് അവനോടുള്ള മനോഭാവത്തില്‍ കുറച്ചു മാറ്റം വന്നു.
ഒരു ദിവസം തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഒരു പറ്റം വിടന്മാരുടെ ആക്രമണത്തില്‍നിന്നും രക്ഷപെട്ടോടിയ കത്രീന പുരോഗമനവാദിയായ ഒരു നമ്പൂതിരി യുവാവിന്റെ കാറിൽ തട്ടി വീണു. ആദ്യകാഴ്ചയില്‍ത്തന്നെ നമ്പൂതിരിക്കു് കത്രീനയില്‍ അനുരാഗമുണ്ടായി. അവളോടു് ശൃംഗാരത്തിനൊരുമ്പെട്ട നമ്പൂതിരിയെ കത്രീന ശകാരിച്ചു.
കത്രീനയുടെ ജീവിതത്തില്‍ അവള് പലതും അനുഭവിച്ചു. ഒരുനാള്‍ യാദൃശ്ചികമായി ഒരു വേശ്യാലയത്തില്‍ അകപ്പെട്ടുപോയ അവളെ ഒരു വൃദ്ധമുസ്ലീം രക്ഷിച്ചു. മറ്റൊരു ദിവസം രാത്രിയില്‍ സഹോദരിയുടെ ചാരിത്ര്യം രക്ഷിക്കാന്‍ ഒരുമ്പെട്ട തേവന് ഏറ്റുമുട്ടലില്‍ മരണമടഞ്ഞു. കൃഷ്ണപ്പണിക്കരുടെ കടന്നാക്രമണത്തിൽ നിന്നും രക്ഷപെട്ടോടിയ കത്രീന അഭയം തേടിയതു് നമ്പൂതിരിയുടെ കിടപ്പറയിലാണു്. അങ്ങനെ പുലയിപ്പെണ്ണു് അന്തർജ്ജനമായി മാറി. കത്രീനയെ ഭാര്യയായി ലഭിച്ചതില്‍ നമ്പൂതിരി ആഹ്ലാദവാനായി.
തന്റെ സ്നേഹഭാജനത്തെ തേടിവന്ന ചെല്ലപ്പന് അന്തർജ്ജനമായി മാറിക്കഴിഞ്ഞ കത്രീനയെയാണു് കണ്ടതു്. കത്രീന അവനോടു ഹൃദയം തുറന്നു് നടന്നതെല്ലാം പറഞ്ഞു മാപ്പപേക്ഷിച്ചു. പക്ഷെ ചെല്ലപ്പനില്‍ വീണ്ടും മോഹങ്ങള്‍ അങ്കുരിച്ചു. നല്ല മഴയും ഇടിയുമുള്ള ആ രാത്രിയില്‍ അബലയായ കത്രീനയെ അവന് നിര്‍ദ്ദയം കീഴടക്കി.
കത്രീന ഗര്‍ഭിണിയായി. അവള് ഒരു കറുത്ത കുഞ്ഞിനെ പ്രസവിച്ചു. പക്ഷെ വിശാലഹൃദയനായ നമ്പൂതിരി സംശയിച്ചില്ല. തന്നെ ആദ്യം മുതലേ സ്നേഹിച്ചുപോന്ന അമ്മിണിയെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുവാനായി എത്തിയ ചെല്ലപ്പനെ കത്രീന ആക്ഷേപിച്ചു. ചെല്ലപ്പന്റെ പുറത്തുള്ള മറുകുപോലും ഉണ്ടായിരുന്ന കുഞ്ഞിനെ തന്റേതെന്നു വിശ്വസിച്ചു കൈനിറയെ കളിപ്പാട്ടവുമായി എത്തിയ നമ്പൂതിരി ചെല്ലപ്പനെ കണ്ടു.
അദ്ദേഹത്തിന്റെ മനസ്സില്‍ സംശയങ്ങള്‍ ഉയര്‍ന്നു.തിരുമേനി ചെല്ലപ്പനെ കണ്ടതു് കത്രീനയും ശ്രദ്ധിച്ചു. തനിക്കു ജീവിതത്തിനു സൌകര്യവും സന്തോഷവും പകര്‍ന്ന തിരുമേനിയെ വഞ്ചിച്ചതില്‍ തപിച്ച കത്രീന കുട്ടിയുമായി പുറത്തോട്ടു പോയി. വഴിയരികില്‍ കുട്ടിയെ കിടത്തിയിട്ടു് അവള് തന്റെ ജീവിതത്തിനു് അവസാനമിട്ടു. അമ്മിണിയെ താലികെട്ടി വരുന്ന ചെല്ലപ്പന്, കുട്ടിയെ എടുത്തുകൊണ്ടു പോയി.
27- 11- 1968 ൽ കേരളത്തിൽ പ്രദര്‍ശനമാരംഭിച്ച വെളുത്ത കത്രീനയില്‍ സത്യൻ, പ്രേംനസീര്‍, മുത്തയ്യ, അടൂര്‍ ഭാസി, ബഹദൂര്‍, ജോസ് പ്രകാശ്, മണവാളൻ ജോസഫ്, പി.ആര്. മേനോന്, അരവിന്ദാക്ഷന്, ഷീല, കവിയൂർ പൊന്നമ്മ, ജയഭാരതി, ടി.ആർ. ഓമന, ശൈലശ്രീ, മീന, ടി.പത്മിനി, മാല, ശാന്ത എന്നിവരാണു് അഭിനയിച്ചതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|