തന്റെ അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുവാൻ രവിവർമ്മ അവസരം നോക്കി നടക്കുമ്പോഴാണ് ഒരു സന്യാസിയുമായി പരിചയപ്പെടാൻ ഇടയായത്.അദ്ദേഹത്തിന്റെ കീഴിൽ ആയുധമുറകളും അഭ്യസിക്കുന്നു.അദ്ദേഹത്തിന്റെ വളർത്തു മകളാണു നന്ദിനി.രവിയും നന്ദിനിയും ഒന്നിച്ച് സന്യാസിയോടൊപ്പം താമസിക്കുന്നു.ഒരു ദിവസം രവി ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചു. രവിയെ കാണാതെ ദുഃഖിതയായ നന്ദിനി സന്യാസി അറിയാതെ ആശ്രമത്തിൽ നിന്നും പട്ടണത്തിലെത്തുന്നു.പട്ടണത്തിൽ വെച്ച് രവിയെപ്പോലെ രൂപസാദൃശ്യമുള്ള ഒരു ചെറുപ്പക്കാരനെക്കണ്ട് അവൾ ഓടിച്ചെന്നു കെട്ടിപ്പിടിക്കുന്നു. ആ ചെറുപ്പക്കാരൻ നന്ദിനിയെ തട്ടി മാറ്റി പോകാൻ ശ്രമിച്ചപ്പോൾ അവൾ രവിയേട്ടാ എന്നു വിളിച്ചു. “ ഞാൻ രവിയല്ല എന്റെ പേര് വിജയൻ എന്നാണ്. നിങ്ങൾക്ക്ക് ആളു മാറിയിരിക്കുന്നു “
അശരണയായ നന്ദിനി വീണ്ടും രവിയെ അന്വേഷിച്ചു ചെന്ന് ശങ്കരൻ നായരുടെ വലയിൽ അകപ്പെടുന്നു.
കെ എസ് നായരുടെ ഹോട്ടലിൽ ഒരു കാബറേ നടന്നു കൊണ്ടിരുന്നപ്പോൾ അടുത്ത മുറിയിൽ ഒരു ഗൂഢാലോചന നടക്കുകയായിരുന്നു.ഭാര്യയെയും കുട്ടികളെയും രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കാൻ കൈബോംബുമായി നിൽക്കുന്നു വാസു.
ബാലചന്ദ്ര മേനോനെ കണ്ടു പിടിക്കാൻ നടന്ന രവിയെ അയാളുടെ സിൽബന്ധികൾ പിടിച്ചു കെട്ടി മേനോന്റെ മുൻപിൽ കൊണ്ടു ചെന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി.അദ്ദേഹം വിജയ എന്നു വിളിച്ച് കെട്ടിപ്പിടിക്കുന്നു.വിജയനെപ്പോലെ രൂപസാദൃശ്യമുള്ള മറ്റൊരാളായിരിക്കുമോ ഈ ചെറുപ്പക്കാരൻ എന്ന് സംശയം തോന്നിയ മേനോൻ വിജയന്റെ അമ്മയെ വിളിച്ച് വിജയനെ കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷിക്കുന്നു. തന്റെ മകളുമായി ഉല്ലാസയാത്രയ്ക്കു പോയിരിക്കുന്ന വിജയനെ മകളറിയാതെ പിടിച്ചു കെട്ടിക്കൊണ്ടു വരുവാൻ മേനോൻ ആളെ അയക്കുന്നു.
വിജയനെ കാണാതെ ഓടിയെത്തിയ മകളെ രവിയെ കാണിച്ച് വിജയനു ഭ്രാന്താണെന്ന് വിശ്വസിപ്പിക്കുന്നു.അവൾക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് മുൻപു വരെ തന്റെ കൂടെ ആടി പാടി നടന്നിരുന്ന വിജയേട്ടനു ഭ്രാന്തോ ? അവൾ ഓടിച്ചെന്ന് രവിയെ കെട്ടിപ്പിടിച്ചു.എന്റെ വിജയൻ ചേട്ടനെന്തു പറ്റി ? തന്നെ കെട്ടിപ്പിടിച്ച പെൺ കുട്ടിയെബ് തള്ളി മാറ്റിക്കൊണ്ട് രവി പറഞ്ഞു ഞാൻ നിന്റെ വിജയേട്ടനൊന്നുമല്ല. ച്ഛീ ! മാറി നിൽക്കൂ. അതു കണ്ട് വിജയന്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. മോനേ വിജയാ നിനക്കെന്തു പറ്റി ?
ആരാണു ഈ വിജയൻ ? രവിയ്ക്കും വിജയനും തമ്മിൽ വല്ല ബന്ധവുമുണ്ടോ ?കെ എസ് നായരുടെ കൈയിലകപ്പെട്ട നന്ദിനിയുടേ അവസ്ഥ എന്ത് ? സൂര്യവംശത്തിലെ സംഭവ ബഹുലവും സംഭ്രമ ജനകവുമായ അവസാന ഭാഗങ്ങൾ വെള്ളിത്തിരയിൽ നേരിട്ടു കാണുക.