സ്വന്തമായി ജോലി ചെയ്ത് ഏകനായി ജീവിക്കാൻ ശ്രമിച്ച ബാബു എങ്ങുമെങ്ങുമെത്താതെ അലഞ്ഞു നടന്ന് ഒരു തിരുവോണപ്പുലരിയിൽ ഇങ്കം ടാക്സ് ഓഫീസർ ദാമോദരന്റെ വീട്ടിലെത്തിച്ചേർന്നു. താൻ മാസങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന രൂപത്തിന്റെ ഉടമസ്ഥയായ രാധിക ദാമോദരന്റെ മകളാണെന്ന് മനസ്സിലായപ്പോൾ ആ വീടു വിറ്റ്യു പോകാൻ പാടില്ലെന്ന് അവൻ തീരുമാനിച്ചു. താൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും പേര് ശ്രീകൃഷ്ണൻ എന്നാണെന്നും കള്ളം പറഞ്ഞ് ബാബു ആ വീട്ടിൽ വേലക്കാരനായി കൂടുന്നു.എല്ലാ ദുഃഖങ്ങളും ചിരിയുടെ മൂടുപടം കൊണ്ട് മറച്ചു പിടിക്കുന്ന ശ്രീകൃഷ്ണനെ (ബാബു) ക്രമേണ ആ കുടുംബാംഗങ്ങൾ ഇഷ്ടപ്പെടാൻ തുടങ്ങി.
സത്യസന്ധനും നീതിമാനുമായ ദാമോദരനും ഭാര്യ ജാനമ്മയ്ക്കും ആകെ അഞ്ചു മക്കളാണുള്ളത്.മൂത്തമകൻ ഗോപകുമാർ അമേരിക്കയിൽ ഗവേഷണത്തിനു പോയിരിക്കുകയാണ്.രണ്ടാമനായ പത്മകുമാർ ഐ പി എസ് ഓഫീസറാണ്.ഏറ്റവും ഇളയമകനായ പ്രേംകുമാർ ആകട്ടെ എൽ എസ് ഡി ഗുളികകളും കഞ്ചാവും കഴിച്ച് വഴി തെറ്റി നടക്കുന്നു.രണ്ടു പെണ്മക്കളിൽ മൂത്തവളാണു വത്സല.അവൾ ബാങ്ക് ഏജന്റായ അപ്പുക്കുട്ടന്റെ ഭാര്യയാണ്.ഇളയവളായ രാധികയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ആ നാട്ടിലെ ഏറ്റവും വലിയ വ്യാപാരിയായ ചന്ദ്രൻ പിൾലയുടെ മകൻ ശ്രീകുമാരനാണു രാധികയുടെ പ്രതിശ്രുത വരൻ.രാധികയുടെ സഹോദരനായ പത്മകുമാർ സുജാതയെയും കല്യാണം കഴിക്കും.ഈ പരസ്പര വിവാഹത്തിനു പദ്ധതിയിടാൻ ചന്ദ്രൻ പിള്ളയെ പ്രേരിപ്പിച്ചത് ഇങ്കം ടാക്സ് ഡിപ്പാർട്ട്മെന്റിനോടും പോലീസ് ഡിപ്പാർട്ട്മെന്റിനോടും ഉള്ള താല്പര്യമാണ്.ഈ വിവാഹങ്ങൾ നടന്നു കഴിഞ്ഞാൽ ഇഷ്ടം പോലെ കരിഞ്ചന്ത നടത്താൻ കഴിയുമെന്ന് ചന്ദ്രൻ പിള്ള വിചാരിച്ചു.എന്നാൽ ഒരു സുപ്രഭാതത്തിൽ ഇൻ കം ടാക്സ് ഓഫീസർ എന്ന നിലയിൽ തന്റെ സഹപ്രവർത്തകരോടൊന്നിച്ച് ദാമോദരൻ പിൾല ചന്ദ്രൻ പിള്ളയുടെ വീട്ടിലെത്തി “ റെയ്ഡ് “ നടത്തുന്നു. കണക്കിൽ പെടാത്ത ആറു ലക്ഷം രൂപായും സ്വർണ്ണാഭരണങ്ങളും കണ്ടെടുക്കുന്നു.ചന്ദ്രൻ പിള്ള പൊട്ടിത്തെറിച്ചപ്പോൾ ദാമോദരൻ പറഞ്ഞു – “ കർത്തവ്യം സൗഹൃദത്തിന്റെ വെപ്പാട്ടിയല്ല “. ചന്ദ്രൻ പിള്ള മക്കളുടെ വിവാഹം മാറ്റി വെച്ചു. ദാമോദരനോട് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചു.
വഴി തെറ്റി നടക്കുന്ന പ്രേം കുമാർ ഒരു കാബറേ നർത്തകിയായ ചാന്ദ്നിയെ വിവാഹം കഴിച്ചു. കൊച്ചു മകന്റെ മധുവിധു ഹോട്ടൽ മുറിയിൽ ആയിരിക്കരുതെന്ന് നിർബന്ധമുള്ള ദാമോദരൻ മകനെയും മരുമകളെയും വീട്ടിൽ വിളിച്ചു കൊണ്ടു വന്നു. ആ കല്യാണത്തിനു കൂട്ടു നിന്ന കുറ്റത്തിനു പത്മകുമാർ ശ്രീകൃഷ്ണനെ അടിക്കുന്ന അവസരത്തിലാണ് നവദമ്പതികളോടൊപ്പം ദാമോദരൻ വീട്ടിലെത്തുന്നത്. താൻ പല പ്രാവശ്യം ഹോട്ടലുകളിൽ നിന്നും അറസ്റ്റു ചെയ്തിട്ടുള്ള ആട്ടക്കാരിപ്പെണ്ണിനെ മരുമകളായി അംഗീകരിച്ച ച്ഛനുമായി പത്മകുമാർ പിണങ്ങുന്നു.അച്ഛനെ ധിക്കരിച്ച് അച്ഛന്റെ ശത്രുവായിത്തീർന്ന ചന്ദ്രൻ പിൾലയുടെ മകൾ സുജാതയെ അയാൾ വിവാഹം കഴിക്കുന്നു.ഭാര്യയോടൊപ്പം അയാൾ വേറെ വീട്ടിൽ താമസമാക്കുന്നു.ചരസ്സും കഞ്ചാവും അമിതമായി കഴിച്ചതു മൂലം പ്രേംകുമാർ രോഗബാധിതനായി.ശരീരത്തിന്റെ ഒരു ഭാഗം സ്തംഭിച്ച് അവൻ കിടപ്പിലായി. അധികം താമസിയാതെ ചന്ദ്രൻ പിള്ളയും മറ്റ് സാമൂഹ്യ വിരുദ്ധ ജീവികളും ചേർന്നൊരുക്കിയ കെണിയിൽ പെട്ട് ദാമോദരൻ ഒരു ബലാത്സംഗക്കേസിൽ പ്രതിയായി.നേരത്തെ തന്നെ ഒരു നേത്ര രോഗിയായിരുന്ന ദാമോദരനെ ആ വലിയ ആഘാതം അന്ധനകകി തീർത്തു.ആ വീട് വേദനയുടെ നിലയമായി മാറി.ശ്രീകൃഷ്ണൻ അവരുടെ കണ്ണുനീർ തുടച്ചു.അമ്മയില്ലാത്ത കൊച്ചു മഞ്ജുവിനും എല്ലാം സഹിക്കുന്ന ചുമടുതാങ്ങിയായ രാധികക്കും ഇരുട്ടിൽ തപ്പി തടയുന്ന ദാമ്മൊദരനും അവൻ സഹായിയായി തീർന്നു.വേലക്കാരന്റെ വേഷം കെട്ടി വന്ന ആ പ്രഭുകുമാരൻ കൂലിവേല ചെയ്ത് ആ കുടുംബത്തെ താങ്ങി നിർത്തുന്നു.രാധികയും ശ്രീകൃഷ്ണനും തമ്മിൽ നിഗൂഢമായി അടുത്തു.അവർ ഹൃദയങ്ങൾ കൊണ്ടു മാത്രം സംസാരിച്ചു.ലോകമറിയാതെ ആ പ്രേമബന്ധം വളർന്നു. അമേരിക്കയിലുള്ള മകൻ മടങ്ങി വന്നാൽ എല്ലാ ദുഃഖങ്ങളും അവസാനിക്കുമെന്ന് ദാമോദരൻ വിശ്വസിച്ചു. പക്ഷേ ഗോപകുമാർ മടങ്ങി വന്നത് മറ്റൊരു ദുഃഖത്തിന്റെ കഥയുമായിട്ടാണ്.