ശ്രീ കേശവദേവിന്റെ കഥക്ക് അദ്ദേഹം തന്നെ സംഭാഷണമെഴുതി സേതുമാധവന്റെ സംവിധാനത്തിൽ പി രാമസ്വാമി തിരുമുരുഗൻ പിക്ച്ചേഴ്സിനു വേണ്ടി നിർമ്മിച്ച ഓടയിൽ നിന്ന് എന്ന ചിത്രം 1964 മാർച്ച് 5 നു റിലീസായി. സതയ്ൻ , പ്രേം നസീർ, കവിയൂർ പൊന്നമ്മ , കെ ആർ വിജയ , അടൂർ ഭാസി, എസ് പി പിള്ള , അടൂർ പങ്കജം, ബേബി പത്മിനി , തിക്കുറിശ്ശി, കാലായ്ക്കൽ കുമാരൻ, ചെറിയ ഉദയേശ്വരം ,കോട്ടയം ചെല്ലപ്പൻ എന്നിവർ അഭിനയിച്ച പ്രസ്തുത ചിത്രത്തിനു വേണ്ടി വയലാർ ഏഴു ഗാനങ്ങൾ എഴുതിയത് പരവൂർ ദേവരാജൻ സംവിധാനം ചെയ്തു. യേശുദാസ് , മെഹബൂബ്, പി ലീല , പി സുശീല , എസ് ജാനകി, രേണുക , എന്നിവർ ആ ഗാനങ്ങൾ പിന്നണിയിൽ പാടി. സംവിധായകനായ പി രാമസ്വാമി തന്നെ ഛായാഗ്രഹണവും നിർവഹിച്ചു. ഈ ചിത്രം തിരുമേനി പിക്ച്ചേഴ്സ് വിതരണം ചെയ്തു.
കഥാസാരം
ബാലനായ പപ്പു ഒരുത്തരുടെയും മുന്നിൽ തല കുനിക്കാത്ത പ്രകൃതക്കാരനായിരുന്നതു കൊണ്ട് സ്ക്കൂളീൽ നിന്നും ഉറ്റവരിൽ നിന്നും പുറം തള്ളപ്പെട്ടു.വിശന്നലഞ്ഞ പപ്പു റെയിൽവേ സ്റ്റേഷനിൽ കൂലിവേലയ്ക്ക് എത്തിച്ചേർന്നതിൽ അവിടുത്തെ പഴമക്കാർ അവനോട് പൊരുതി. പപ്പു അവിടെ തോറ്റില്ല. കാലം അവനെ ഒരു റിക്ഷാവലിക്കാരനാക്കി. തലയുയർത്തി നെഞ്ചു തള്ളിപ്പിടിച്ച് റിക്ഷയുമായി അവൻ നഗരം മുഴുവൻ ചുറ്റി. സാമാന്യം സുഖമായി ജീവിക്കാനുള്ള വരുമാനം അവനു ആ തൊഴിലിൽ നിന്നും കിട്ടി.ഒരു ദിവസം റിക്ഷാ മുട്ടി ലക്ഷ്മിയെന്നൊരു കുട്ടി ഓടയിൽ വീണു പോയി. ആ സാധു ബാലികയിൽ പപ്പുവിനു സാധാരണമല്ലാത്ത ഒരു സ്നേഹം തോന്നി. അന്നേ വരെ പ്രത്യേക ജീവിത ലക്ഷ്യമൊന്നുമില്ലാതെ നാൾ നീക്കിയിരുന്ന പപ്പുവും അച്ഛൻ മരിച്ചു പോയ ആ പാവപ്പെട്ട പെൺകുട്ടിയും തമ്മിൽ പൊട്ടിച്ചെറിയാൻ വയ്യാത്ത ഒരു മമതാബന്ധം ഉണ്ടായി.പപ്പുവിന്റെ ജീവിതത്തിനു ഒരു ചിട്ടയും ശേലും വരുത്തുവാൻ ലക്ഷ്മിയും അവളുടെ അമ്മയായ കല്യാണിയും സഹായിച്ചു. അവർ ഒന്നിച്ചൊരു കുടുംബമായി.ലക്ഷ്മിയുടെ പഠിപ്പിനു ഫീസു കൊടുക്കുവാൻ വിശ്രമമില്ലാതെ പപ്പു പണിയെടുത്തു. അവൾ പഠിച്ചു. പണക്കാരനായ ഗോപിയെന്ന നല്ല മനുഷ്യനെ വിവാഹവും ചെയ്തു. ലക്ഷ്മിയ്ക്ക് ക്ഷയരോഗിയായി ഓരോ നിമിഷവും ചുമച്ചു ചുമച്ചു നടക്കുന്ന അവളുടെ പഴയ അമ്മാവനെ വെറുപ്പായി തോന്നി. കല്യാണി നിർബന്ധിച്ചിട്ടും പപ്പു ലക്ഷ്മിയുടെ കൂടെ താമസിക്കുവാൻ തയ്യാറായില്ല.സ്നേഹധനനായ പപ്പുവിനെ കുടിലിൽ ഉപേക്ഷിച്ച് മകളുടെ കൂടെ താമസിക്കുവാൻ പോയ കല്യാണി ചുമ കൊണ്ടു തളർന്ന ആ മനുഷ്യനെ മറക്കാനാവാതെ തിരിച്ചു വരുമ്പോൾ നിശയുടെ മറവിലേക്ക് അയാൾ ചുമ ഉയർത്തിക്കൊണ്ടു മറയുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍