കഥാസാരം :
സാധുകര്ഷകനായ മാത്തപ്പന്റെ മകളായ അന്നമ്മയെ സ്ഥലത്തെ പ്രമാണി ചാക്കോച്ചന് വഞ്ചിച്ചു. ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച അന്നമ്മയുടെ ബുദ്ധിക്കു് തകരാര്‍ സംഭവിച്ചു. ആ കുഞ്ഞിനേയും ഉപേക്ഷിച്ചു് അവര്‍ നാടു് വിട്ടു. തന്റെ കൊച്ചുമോനെ അവന്റെ അപ്പനായ ചാക്കോച്ചനെ ഏല്‍പ്പിക്കുവാന്‍ മാത്തപ്പന് ശ്രമം നടത്തിയെങ്കിലും ആ ഹൃദയരഹിതന് വഴങ്ങിയില്ല. വിഷാദവിവശനായ മാത്തപ്പനെ കാരുണീകനായ ഫാദര്‍ ജോസഫു് സദയമനുഗ്രഹിച്ചു് ആ കുഞ്ഞിനു് ജോര്‍ജ്ജു് എന്ന പേരു് നല്കി.
സോദരിയുടെ സഹായത്തോടെ മാത്തപ്പന് വളര്‍ത്തിയെടുത്ത ജോര്‍ജ്ജു് ആ കരയിലെ പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപകനായിത്തീര്‍ന്നു. ചാക്കോച്ചന്റെ വത്സലസന്താനമായ ജോണി സകല ദുര്‍ഗുണങ്ങളുടേയും വിളനിലമായിരുന്നു. പാപ്പച്ചന് എന്നൊരാളുടെ അഭ്യസ്തവിദ്യയായ ലില്ലിയെന്ന മകളെ വിവാഹം ചെയ്യണമെന്നു് ജോണിക്കു് മോഹം ജനിച്ചു. പക്ഷെ മദ്യപാനവും മങ്കവേട്ടയുമായി അലയുന്ന അവനെ ലില്ലി വെറുത്തു. ജോര്‍ജ്ജിന്റെ വല്യമ്മച്ചിയുടെ മകള്‍ റോസി അത്യധികമായി ജോണിയെ സ്നേഹിക്കുകയും അയാളെ നേര്‍വഴിക്കു് കൊണ്ടുവരുവാന്‍ എല്ലാവിധത്തിലും ശ്രമിച്ചുവരുകയും ചെയ്തു.
ഇരുപതു് കൊല്ലങ്ങള്‍ക്കു് ശേഷം അന്നമ്മ തിരിച്ചു വന്നു. രോഗവിമുക്തയായ അവര്‍ ചാക്കോച്ചനെ സമീപിച്ചു് മകനെപ്പറ്റി അന്വേഷിച്ചു. അന്നമ്മയുടെ തിരിച്ചുവരവു് ചാക്കോച്ചനെ പൂര്‍വ്വാധികം രോഷാകുലനാക്കി. ജോര്‍ജ്ജിനെ പരസ്യമായി തന്തയില്ലാത്തവനെന്നു് പറഞ്ഞാക്ഷേപിച്ചു. പൊറുതിമുട്ടിയ മാത്തപ്പനു് ഒടുവില്‍ പേരക്കിടാവിനോടു് അവന്റെ ജനനലഹസ്യം പറയേണ്ടിവന്നു.
അന്നമ്മയെ കൊന്നു് ശബ്ദമടക്കാന്‍ ചാക്കോച്ചന് അവരെ വെടിവെയ്ക്കുന്നെങ്കിലും അന്നമ്മ രക്ഷപെട്ടു. പക്ഷെ ലില്ലി തനിക്കു് നഷ്ടമായെന്നു് ജോര്‍ജ്ജു് മൂലമാണെന്നു് വിശ്വസിച്ചു് ജോണി അവന്റെ നേര്‍ക്കു് വെച്ച വെടി ഇടയില്‍ ചാടിവീണ അന്നമ്മയിലാണു് പതിക്കന്നതു്. മകനെ രക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്ത്ഥയായി ആ സ്നേഹനിധിയായ മാതാവു് മരണമടഞ്ഞു. ജോണി കൊലക്കുറ്റത്തിനു് അറസ്റ്റു് ചെയ്യപ്പെട്ടു. അന്നമ്മയുടെ അന്ത്യയാത്രക്കിടയില് പാപിയായ ചാക്കോച്ചന് ഹൃദ്രേഗം മൂര്‍ച്ഛിച്ചു് മരിച്ചു. ലില്ലിക്കും ജോര്‍ജ്ജിനും പ്രേമസാഫല്യത്തിനു് നേര്വഴിയൊരുക്കിക്കൊണ്ടു് കഥ അവസാനിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|