കേശവൻ കുട്ടിയ്ക്ക് അച്ഛനും ഒരു സഹോദരിയുമുണ്ട്.സഹോദരി സുമതി.പപ്പുക്കാരണവരുടെ ഏകവിനോദം കേസു പറയലാണ്. കോടതി കയറുന്നതിനുള്ള ഭ്രാന്തു കൊണ്ട് കൃഷിയും മക്കളും അവഗണയിലാണ്.വിവാഹപ്രായമായി നിൽക്കുന്ന മകളെ കല്യാണം കഴിപ്പിച്ചയക്കാൻ പോലും മേപ്പടിയാനു ശ്രദ്ധയില്ല.എങ്ങനെയും ഒരു തൊഴിലുണ്ടാക്കിയിട്ട് പെങ്ങളുടെ കല്യാണവും നടത്തണം , കാമുകിയായ വാസന്തിയെ വിവാഹവും കഴിക്കണം എന്ന നിലയിലാണ് കേശവൻ കുട്ടി.
വാസന്തിയുടെ അമ്മ ഗൗരിയമ്മ അഹങ്കാരിയും വായാടിയുമാണെങ്കിൽ അച്ചൻ മാതു മൂപ്പിൽ ഭൂമിയിൽ അദ്ധ്വാനിക്കുന്നതിനപ്പുറം ഒന്നുമില്ലെന്ന പക്ഷക്കാരനാണ്.ഭാര്യയുടെ ഫുൾ ടൈം അടിമയും.
വാസന്തിയും കേശവൻ കുട്ടിയും കൂടിയുള്ള കല്യാണത്തിനു എല്ലാ ആളുകൾക്കും സമ്മതവും സന്തോഷവുമാണ്.
ഇങ്ങനെയിരിക്കെ തന്റെ നിലത്തിന്റെ വരമ്പ് മാതുമൂപ്പിൽ അല്പം കയറ്റി വെട്ടിയെന്ന് കാരണവർ കണ്ടു പിടിച്ചു.അളപ്പിച്ചിട്ട് കൃഷി ഇറക്കിയാം മതിയെന്നായി കാരണവർ. ഗൗരിയമ്മ ഇടപെട്ടു.തർക്കമായി. വഴക്കായി.കോടതിയിൽ കേസായി.
ഈ സംഘട്ടനത്തിൽ പെട്ട് ഞെരിഞ്ഞു തകർന്ന മൂന്നു യുവഹൃദയങ്ങളാണ് വാസന്തി – കേശവൻ കുട്ടി – സുമതി.
ആ തകർച്ച അതിന്റെ ഉച്ചകോടിയിലെത്തുന്നത് വാസന്തിയെ പാച്ചു മുതലാളിക്ക് കല്യാണം കഴിച്ചു കൊടുത്തപ്പോഴാണ്.പരമ ദരിദ്രവാസിയും പലിശയ്ക്കു കൊടുപ്പുകാരനുമാണു പാച്ചു മുതലാളി.പാച്ചു മുതലാളിക്ക് കല്യാണം ഒപ്പിച്ചു കൊടുത്തത് വരട്ടു ചൊറിക്കാരനായ പണിക്കർ.
കേശവൻ കുട്ടി മനസ്സമാധാനം കണ്ടെത്തിയത് മദ്യത്തിലാണ്. പറ്റിയ ഒരു കൂട്ടുകാരനെയും കിട്ടി .അച്ച്യുതൻ.കേശവൻ കുട്ടി മദ്യപിച്ചു കൊണ്ട് അച്ഛനെതിരെ കയ്യുയർത്തുന്നിടം വരെ അധഃപതിച്ചു.സകലസ്വത്തുക്കളും തന്റെ പേർക്ക് എഴുതി വാങ്ങീട്ട് കല്യാണം കഴിച്ച പാച്ചു ആദ്യം ചെയ്ത മഹദ് കൃത്യം വാസന്തിയുടെ വീണ വിറ്റ് പലിശയ്ക്ക് കൊടുത്തതാണ്. പിന്നെ വീടിന്റെ ഭരണം ഏറ്റെടുത്ത് വീട്ടിൽ ഉപ്പും മുളകും വരെ വാങ്ങിച്ചു കൊടുക്കാത്ത അവസ്ഥയിൽ. ഗൗരിയമയ്ക്ക് കലിയിളകി. മാതു മൂപ്പിൽ വിണ്ടു കീറിയ ഭൂമിയിൽ നോക്കി മൂകനായി നിന്നു. അങ്ങൈനെ ആ ജന്മിത്തറവാടുകൾ തകർച്ചയിൽ നിന്നു തകർച്ചയിലേക്ക് യാത്ര തുടർന്നു.
ആ നാട്ടിൽ പുതിയ സംസ്കാരത്തിന്റെ പ്രതിനിധികൾ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.അവരുടെ പ്രതിനിധികളാണ് വാസുവും ലീലയും.
വാസു കേശവൻ കുട്ടിയെ പലവിധത്തിൽ ഗുണദോഷിച്ചു. സുമതിയെ ആശ്വസിപ്പിച്ചു.
ഒരു ദിവസം കേശവൻ കുട്ടി പൂമുഖത്തു കത്തിച്ചു വെച്ചിരുന്ന നിലവിളക്ക് ഊതിക്കെടുത്തി ഷാപ്പിലേക്ക് എടുത്തു കൊണ്ടു പോകുന്നത് സുമതി കണ്ടു. അപ്പോൾ അവളൊരു തീരുമാനം എടുത്തു.അവൾ വാസുവിനോട് ചോദിച്ചു. “ എനിക്കൊരു ജീവിതം തരാമോ “ അവൻ മറുചോദ്യം ചോദിച്ചു. “ ചേറിൽ വേല ചെയ്യാമോ ? “
കരപ്രമാണിമാർക്ക് ഭ്രാന്തിളകി.ജാതിയല്ലാത്തവൻ ഒരു നായരുപെണ്ണിനെ മോഷ്ടിച്ചു കൊണ്ടു പോയെന്നായി കേസ്.അവർ വാസുവിനെ മർദ്ദിക്കാൻ പടപ്പുറപ്പാടായി.പക്ഷേ കേശവൻ കുട്ടി സഹോദരിയോടും വാസുവിനോടും ഒപ്പം നിന്നു.
കാരണവർ സകലതും നശിച്ച് രോഗശയ്യയിലായി.പാച്ചു മുതലാളി വീട്ടിലെ ജംഗമസാധനങ്ങൾ ജപ്തി ചെയ്യാനെത്തിയപ്പോൾ കേശവൻ കുട്ടിയും സുമതിയും ഓടിയെത്തി.കാരണവർ മക്കളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അതൊരു മാറ്റമാണു. പക്ഷേ വാസന്തിയുടെ ഗതി ?? സ്ക്രീനിൽ കാണുക
അവലംബം : പാട്ടുപുസ്തകം