Njaan Njaan Maathram (1978)
|
Producer | MO Joseph |
Director | IV Sasi |
Main Actors | Madhu,MG Soman,Jayabharathi,Seema |
Supporting Cast | Jose,Bahadoor,Sankaradi,Kuthiravattam Pappu,N Govindankutty,Sumithra,Aranmula Ponnamma |
Musician | G Devarajan |
Lyricist | P Bhaskaran |
Singers | KJ Yesudas,P Madhuri,P Susheela |
Date of Release | 03/11/1978 |
Number of Songs | 4 |
|
Old Song Book
ഞാനെന്ന ഭാവം അപകടം പിടിച്ച ഒരു സ്വഭാവം ആണു്. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത സ്വഭാവവും അപകടം തന്നെ. ഈ സന്ദേശമാണു് ഞാന്‍ - ഞാന്‍ മാത്രം എന്ന കഥയുടെ മൂലബിന്ദു.
പല തലമുറകളുടെ കഥയാണു് ഒരു ദാമ്പത്യജീവിതം തകരുന്നതിലൂടെയും ഒരു ദാമ്പത്യജീവിതം നാമ്പെടുക്കന്നതിലൂടെയും ഈ കഥയില്‍ പ്രതിപാദിക്കുന്നതു്. ഈ കഥ പറയുന്നതിനു് തിരക്കഥയിലും സംവിധാനത്തിലും ഒരു പുതിയ ശൈലി ആവിഷ്ക്കരിച്ചിരിക്കുന്നു.
നേരെ പറഞ്ഞാല്‍ കഥയുടെ ചുരുക്കം ഇതാണു്. പൂമുല്ലത്തറവാടു് പേരും പെരുമയുമുള്ള കുടുംബമാണു്. മരിച്ചുപോയ പേഷ്ക്കാര്‍ കുട്ടന് പിള്ളയുടെ ഭാര്യ സാവിത്രിയമ്മയും മകള്‍ സൗദാമിനിയും മാത്രമാണു് ആ കുടുംബത്തിലുള്ളതു്. അവരുടെ കാര്യസ്ഥനാണു് രാമന് നായര്‍. അയാളുടെ മകനാണു് ബാലന്. ബാലന് സൗദാമിനിയോടു മനസ്സില്‍ അടക്കിവച്ച പ്രേമമുണ്ടു്. സൗദാമിനിക്കു് ബാലന്റെ മനസ്സിലിരിപ്പറിയാമെങ്കിലും അവനോടു പ്രേമമില്ല. അതുകൊണ്ടു തന്നെ ഒരു മിലിട്ടറി ഓഫീസറായ ചന്ദ്രന് പിള്ളയുടെ വിവാഹാലോചന വന്നപ്പോള്‍ അവള് തുറന്ന മനസ്സോടെ സ്വീകരിച്ചു.
ചന്ദ്രന് പിള്ളയും സൗദാമിനിയും ഊട്ടിയിലെ മിലിട്ടറി ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയതോടെ പിള്ളയുടെ ഞാനെന്ന ഭാവവും സൗദാമിനിയുടെ വിട്ടുവീഴ്ചയില്ലായ്മയും തമ്മില്‍ ഉരസാന്‍ തുടങ്ങി. ഒടുവില്‍ ഗര്‍ഭിണിയായ സൗദാമിനി തറവാട്ടിലേക്കു് തിരിച്ചുപോന്നു.
സൗദാമിനി പ്രസവിച്ചു. വിവരത്തിനു ചന്ദ്രന് പിള്ളയ്ക്കു കമ്പിയടിച്ചു. ചന്ദന്‍ പിള്ളയുടെ മറുപടി പോലുമില്ല. കൊച്ചിന്റെ ചോറൂണിനെങ്കിലും വരണമെന്നെഴുതി, മറുപടി ഇല്ല. ഒടുവില്‍ അമ്മയും കാര്യസ്ഥനുംകൂടി നിര്‍ബന്ധിച്ചപ്പോള്‍ സൗദാമിനി കുട്ടിയേയും കൊണ്ടു് മിലിട്ടറി ക്വാര്‍ട്ടേഴ്സില്‍ പോയി. അയാള്‍ കുഞ്ഞിനപ്പോലും തിരിഞ്ഞു നോക്കിയില്ല. അതോടെ സൗദാമിനി ഒരു തുറന്ന യുദ്ധത്തിനു തയ്യാറെടുത്തുകൊണ്ടു് തറവാട്ടിലേക്കു പോന്നു.
രവിക്കുഞ്ഞിനു പ്രായപൂര്‍ത്തിയായി. ചന്ദ്രന് പിള്ള ഒരു കാല് നഷ്ടപ്പെട്ട നിലയില്‍ പെന്ഷന് പറ്റി അദ്ദേഹത്തിന്റെ വീട്ടിലെത്തി. സൗദാമിനി എന്നിട്ടും ഭര്‍ത്താവിനെ കാണാന്‍ പോയില്ല. പക്ഷെ മകന് പോയി കണ്ടു. അതിന്റെ സംഘര്‍ഷം മൂര്ച്ഛിച്ചുവന്നപ്പോള്, അമ്മയെപ്പറ്റി അച്ഛന് അപവാദം പറഞ്ഞപ്പോള്‍ മാനസിക തകര്‍ച്ചയിലെത്തിയ മകന് വീടുവിട്ടിറങ്ങി.
ചുറ്റിക്കറങ്ങി ഊട്ടിയിലെത്തിയ രവി ചിത്രരചനയില്‍ ഏര്‍പ്പെട്ടും ചിത്രങ്ങള്‍ വിറ്റും ജീവിതം തുടങ്ങി. അയാള്‍ ദേവു എന്ന ഒരു പൂവില്‍പ്പനക്കാരി പെണ്ണുമായി പ്രേമത്തിലായി. അവളുടെ അപ്പൂപ്പനായ ചെരുപ്പുകുത്തി കൊച്ചുമകളുടെ പ്രേമബന്ധം അറിഞ്ഞു് അവളെ തല്ലി. രവിയോടു കടുത്ത ഭാഷയില്‍ സംസാരിച്ചു. ഒടുവില്‍ അനന്തന് പണക്കാരേയും പ്രതാപികളേയും വെറുക്കുന്നതിന്റെ കഥ പറഞ്ഞു "ഒരു പട്ടാള ഉദ്യോഗസ്ഥന് കാരണമാണു് ദേവുവിന്റെ അമ്മ മരിച്ചതു്. അതും ക്രൂരമായ നിലയില്‍ ആ സ്ത്രീയുടെ പിന്നാലെ കുതിരയെ പായിച്ചു് അവളെ അപകടപ്പെടുത്തി കൊന്നു. അന്നു മുതല്‍ പട്ടാളക്കുതിരകളുടെ കുളമ്പടി ശബ്ദം കേള്‍ക്കുമ്പോള്‍ ഓര്‍മ്മക്ഷയം വരാറുണ്ടു്." കഥ പറഞ്ഞുതീര്ന്നപ്പോഴാണു് രിവിക്കു മനസ്സിലായതു് കഥയിലെ പട്ടാള ഉദ്യോഗസ്ഥന് തന്റെ അച്ഛനായിരുന്നെന്നു്. സത്യം രവി തുറന്നു സമ്മതിച്ചു. അനന്തന് ക്ഷുഭിതനായി രവിയെ കൊല്ലാന്‍ ഒരുമ്പെടുന്നു. പക്ഷെ അനന്തന് അവശനായി മരിച്ചു വീഴുന്നു.
രവി ദേവുവിനെയും കൊണ്ടു സ്വന്തം പിതാവിന്റെ മുമ്പില്‍ വരുന്നതു് കഥയുടെ മൂന്നാം ഘട്ടമാണു്. ചന്ദ്രന് പിള്ള ഞെട്ടിപ്പോയി. രവി ദേവുവിനെ വിവാഹം ചെയ്യുമെന്നു പ്രഖ്യാപിച്ചു. പുതിയ തലമുറയുടെ ധീരമായ നിലപാടു്. തന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന ചന്ദ്രന് പിള്ള ഒരു കാലത്തും ആ ബന്ധം നടക്കില്ലെന്നു തറപ്പിച്ചു പറഞ്ഞു. അതുകൊണ്ടു് തന്നെ സൗദാമിനി മകന്റെ പക്ഷത്തുറച്ചു നിന്നു.
പുതിയ തലമുറ വിജയം കണ്ടെത്തുമോ?
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ ചലച്ചിത്രത്തിന്റെ പാട്ടുപുസ്തകം.
|
This page was generated on April 27, 2024, 7:53 am IST | |