കഥകളിക്കാരനായ ആശാനും രാഷ്ട്രീയ നേതാവായ ബാലനും ഒരു പട്ടാള ഉദ്യോഗസ്ഥന്റെ കൊച്ചു മകളായ മിനിയും ബീരാന്റെ ഭാര്യയായ ആമിനയും മോഷണം രോഗമായി മാറിയ കൃഷ്ണ കുമാരനും മറ്റു ചിലരും ആ ഭ്രാന്താശുപത്രിയിലെ അന്തേവാസികളാണ്. ദേവിയുടെ സ്നേഹം മുഴുവൻ നേടിയെടുത്തവളാണ് മിനി. ആശാനും ബാലനും കഥകളിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ രണ്ടു ധ്രുവങ്ങളിലാണ്. ബീരാന്റെ ചവിട്ടേറ്റ് ഗർഭം അലസിപ്പോയി മാനസികരോഗിയായി തീർന്നവളാണു ആമിന.മുഹമ്മദും ഗോവിന്ദനും ആശുപത്രിയിലെ വാർഡന്മാരാണ്.
നാട്ടിൽ നിന്നും തിരിച്ചെത്തിയ ദേവി രാധയെന്ന മാനസികരോഗിയായ പെൺകുട്ടിയെ കാണുന്നു.ഗോപി മുഖേനയാണു രാധയ്ക്ക് ഭ്രാന്തായതെന്ന് അറിഞ്ഞ അവൾ ഗോപിയെ വെറുക്കുന്നു.ഗോപിയെ തേടിപ്പോകുന്ന വേണു രാധയുടെ സ്ഥിതി പറഞ്ഞു മനസ്സിലാക്കി ഗോപിയുമായി ഹോസ്പിറ്റലിലെത്തുന്നു. ഗോപിയുടെ സാന്നിദ്ധ്യം രാധയുടെ രോഗം മാറാൻ സഹായിക്കുമെന്ന് ഡോക്ടർ ജോസ് മനസ്സിലാക്കുന്നു. രാധ മൂളുന്ന ഗാനം അവളെഴുതിയതും ഗോപി ട്യൂൺ ചെയ്തതുമാണെന്നറിയുമ്പോൾ അത് പാടാൻ ഡോ.ജോസ് ഗോപിയോട് അഭ്യർത്ഥിക്കുന്നു.പാട്ട് രാധയിലുണ്ടാക്കിയ പ്രതികരണം മനസ്സിലാക്കിയ ജോസ് പാട്ടും മറ്റു ചികിത്സാവിധികളോടൊപ്പം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിക്കുന്നു.ഇതിനിറ്റയിൽ ബാലൻ രോഗബാധിതനാവുകയും മിനിയുടെ സ്ഥിതി അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.മാധവിയമ്മയുടെ മകനും രാധയുടെ മുറച്ചെറുക്കനുമായ രാജേഷ് ഇടയ്ക്കിടയ്ക്ക് രാധയെ കാണാൻ ഹോസ്പിറ്റലിൽ വന്നു പോകുന്നു.ദേവി ഗോപിയെ മനഃപൂർവ്വം ഒഴിവാക്കുന്നു.ദേവിയുടെ പെരുമാറ്റം അസഹനീയമായപ്പോൾ ഗോപി പൊട്ടിത്തെറിക്കുന്നു.അവരുടെ സംഭാഷണം കേൾക്കാനിട വന്ന വേണു അന്നാദ്യമായി ദേവിയും ഗോപിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നു. അന്നു രാത്രി ബാലനെ മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ വേണു ആവും വിധം ശ്രമിക്കുന്നു.പക്ഷേ വിധി മറിച്ചായിരുന്നു.ബാലന്റെ മരണവും സ്വന്തം വേദനയും വേണുവിനെ തളർത്തുന്നുണ്ടെങ്കിലും പഴയ പ്രസരിപ്പ് വിടാതെ തന്നെ അയാൾ ഗോപിയോട് മാപ്പപേക്ഷിക്കാൻ ദേവിയെ നിർബന്ധിക്കുന്നു.ഇതിനിടയിൽ രോഗം സുഖമായിപ്പോയ ആമിന ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഒരു ജോലിക്കാരിയായി വന്നു ചേരുന്നു.ബാലന്റെ അപ്രതീക്ഷിതമായ മരണം ആശാനെ രോഗവിമുക്തനാക്കുന്നു.
ജോസിന്റെ ആവശ്യപ്രകാരം ഗോപിയുടെ സഹായത്തോടെ പാട്ടിന്റെ ഒരു ട്രയൽ കൂടി നടത്തപ്പെടുന്നു.വളരെ മെല്ലെ പാട്ടിന്റെ വരികൾ ഓർമ്മിക്കാൻ അവൾക്ക് കഴിയുന്നു.രാധയുടെ മനസ്സിനു മറ്റൊരാഘാതം ഉണ്ടാവാതിരിക്കാൻ ഗോപി രാധയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ജോസ് വേണുവിനോട് പറയുന്നു.ഗോപിയും ദേവിയും തമ്മിലുള്ള ബന്ധം വേണു ജോസിനോട് പറയുന്നു.ആ വിവരം ജോസ് പ്രതീക്ഷിക്കാത്തതായിരുന്നു.ദേവിയെ കണ്ട് ഒരു ഡോക്ടർക്കുണ്ടായിരിക്കേണ്ട ആത്മ നിയന്ത്രണത്തെക്കുറിച്ച് ജോസ് പറയുന്നു.സ്വന്തം താല്പര്യങ്ങളേക്കാൾ രോഗികളുടെ താല്പര്യങ്ങൾക്ക് വില കല്പിക്കുന്നവരാണു ശരിയായ ഡോക്ടർമാർ എന്നോർമ്മപ്പെടുത്തി ജോസ് പോകുന്നു.ജോസിന്റെ സംഭാഷണം കേൾക്കാനിട വന്ന വേണു ദേവിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു ജോസുമായി വഴക്കിടുന്നു. സ്വന്തം അച്ഛൻ പോലും സ്വയം തീരുമാനമെടുക്കാൻ അവളോട് ആവശ്യപ്പെട്ടപ്പോൾ ദേവി ആകെ അസ്വസ്ഥയായി.
…തുടര്ന്നുള്ള സംഭവ വികാസങ്ങളുടെ കഥയാണ് ഈ ചിത്രം.
കടപ്പാട്: പാട്ടുപുസ്തകം