അംബിക, വിജയനിര്‍മ്മല, മീന, കലാവതി, ബേബിസബീന, തിക്കുറിശ്ശി, പ്രേംനസീര്‍, ബഹദൂര്‍, അടൂര്‍ ഭാസി, മാസ്റ്റര്‍ ശരത്തു് എന്നിവര്‍ മുഖ്യഭാഗങ്ങളഭിനയിച്ച പൂച്ചക്കണ്ണി പ്രദര്‍ശനം ആരംഭിച്ചതു് 28-10-1966ല്‍ ആണു്. വിതരണം സെന്‍ട്രല്‍ പിക്ചേഴ്സു് നടത്തി.
കഥാസാരം :
കോട്ടയം സ്വദേശിയും ഒരു ബാങ്കുദ്യോഗസ്ഥനുമായ ശ്രീധരന് നായര്‍ തന്റെ പ്രഥമപത്നി ഗൗരി ചരമമടഞ്ഞതിനെത്തുടര്ന്നു് രണ്ടാമതു് ഒരു വിവാഹം കഴിച്ചു. തന്റെ ആദ്യഭാര്യയിലെ പുത്രി ഗീതയ്ക്കു് സഹായത്തിനുവേണ്ടിയാണു് നായര്‍ വനജയെ ഭാര്യയാക്കിയതു്. പക്ഷെ വനജയില്‍ നിന്നും ഗീതയ്ക്കു് ലഭിക്കുമെന്നുകരുതിയ സ്നേഹവും ലാളനയുമൊന്നും അവള്‍ക്കു് കിട്ടുന്നില്ലെന്നു ശ്രീധരന് നായര്‍ വേഗം മനസ്സിലാക്കി. സ്വാര്‍ത്ഥമോഹിയും അസൂയാലുവുമായ വനജ ഗീതയോടുള്ള ഉത്തരവാദിത്വവും കടപ്പാടുകളും വിസ്മരിച്ചു് ജീവിതം ആസ്വദിക്കുവാന്‍ തന്നെ തീരുമാനിച്ചു. കാലക്രമേണ ശ്രീധരന്‍നായരിലും പുതിയ ആവേശവും അഭിനിവേശങ്ങളും ഉടലെടുത്തു. അയാള്‍ വനജയ്ക്കു് അടിമപ്പെട്ടു.
മാതൃവിരഹത്തെത്തുടര്ന്നു് ജീവിതസുഖം എന്തെന്നറിയാത്ത ഗീത ക്രമേണ അയല്‍ക്കാരായ സുഹൃത്തുക്കളില്‍ ആശ്വാസം കണ്ടുതുടങ്ങി. അയല്പക്കത്തെ നല്ല സ്ത്രീയായ മീന ഗീതയെ സ്വന്തം പുത്രിയെപ്പോലെ സ്നേഹിക്കുകയും അവളുടെ പ്രായത്തിലുള്ള തന്റെ മകന് മുരളിയുടെ ചങ്ങാതിയായി ഗീതയെ സ്വീകരിച്ചു. ഗീതയും മുരളിയും തമ്മിലുള്ള കൂട്ടു്കെട്ടു് വളര്‍ന്നുവന്നതോടെ അവളുടെ ഇരുളടഞ്ഞ ജീവിതത്തില്‍ ചില പുതിയ പ്രകാശരശ്മികള്‍ നാമ്പെടുത്തു. അങ്ങിനെയിരിക്കവേ മീനക്കു് തിരുവനന്തപുരത്തേക്കു് സ്ഥലംമാറ്റം കിട്ടി. മീനയും കുടുംബവും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്കു് താമസം മാറ്റി. ഗീതയുടെ ജിവിതത്തില്‍ സന്തോഷം പകര്‍ന്നിരുന്ന ഏക വാതിലും അടഞ്ഞു.
മീനയുടേയും മുരളിയുടേയും ഓര്‍മ്മ ഗീതയെ പലപ്പോഴും ആ വീട്ടിലേക്കു് ആകര്‍ഷിക്കും. അടച്ചുപൂട്ടിക്കിടക്കുന്ന വാതിലുകളും ജനാലകളും കണ്ടു് നിഷ്കളങ്കയായ ആ പെണ്‍കുട്ടി വികാരധീനയായി വീട്ടിലേക്കു് മടങ്ങും. മുരളി സമ്മാനിച്ച കളിപ്പാട്ടങ്ങളും നോക്കി വളരെ സമയം അവള് കഴിച്ചുകൂട്ടും. ഒടുവില്‍ ഗീതയില്‍ ചില കുറ്റവാസനകളും മുളയിട്ടുതുടങ്ങി. സന്തുഷ്ടമായിരിക്കേണ്ട തന്റെ വിവാഹജീവിതത്തിനു് ഒരു തടസ്സമായിത്തീര്‍ന്ന ഗീതയെ പൂച്ചക്കണ്ണിയായ വനജ തന്റെ ഭീകരകണ്ണുകള് ഉരുട്ടിക്കാട്ടി പേടിപ്പെടുത്തിത്തുടങ്ങി.
ശാരീരികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഗീതയ്ക്കു് തന്റെ ചുറ്റുപാടുമുള്ള ജീവിതത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടു. ഏതാണ്ടു് എട്ടു് വയസ്സുള്ള ബാല്യകാലജീവിതത്തെപ്പറ്റി മാത്രമേ അവള്‍ക്കു് സ്മരിക്കുവാന് കഴിയൂ. ശേഷിച്ച കാലമെല്ലാം അവളെ സംബന്ധിച്ചടുത്തോളം വിസ്മൃതിയിലാണ്ടു് കഴിഞ്ഞിരുന്നു.
ഗീത ഒരു യുവതി ആയിക്കഴിഞ്ഞിരിക്കുന്നു എന്ന ബോധം ശ്രീധരന് നായരില്‍ വേരൂന്നിക്കഴിഞ്ഞപ്പോള് തകരാറുകള്‍ നീക്കം ചെയ്തു് അവളെ നേര്‍വഴിക്കു് കൊണ്ടുവരണമെന്നു് അയാള്‍ തീരുമാനിച്ചു. അതനുസരിച്ചു് ഒരു മന്ത്രപൂജ നടത്തുവാന്‍ നിശ്ചയിക്കുകയും ചെയ്തു. പൂജയ്ക്കിടയില്‍ കുരുതികഴിക്കപ്പെട്ട കോഴിയുടെ ചുടുചോര കണ്ടു് ഗീതയുടെ സ്ഥിതി ആകെ താറുമാറായെന്നു മാത്രമല്ല അവളുടെ സമനില തെറ്റുകയും ചെയ്തു. പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനായി യുവാവായ ഒരു ഡോക്ടറും അദ്ദേഹത്തിന്റെ മാതാവും എത്തിയിരുന്നു. മനഃശാസ്ത്രപരമായ ചികിത്സകൊണ്ടല്ലാതെ ഗീതയെ യാഥാര്ത്ഥ്യബോധത്തിലേക്കു് മടക്കിക്കൊണ്ടുവരുവാനും അവളെ രക്ഷിക്കുവാനും സാദ്ധ്യമല്ലെന്ന അഭിപ്രായക്കാരനായിരുന്നു ഡോക്ടര്‍.
രണ്ടാനമ്മയുടെ ക്രൂരവും സ്നേഹശൂന്യവുമായ പെരുമാറ്റങ്ങളും പൂച്ചക്കണ്ണു്കൊണ്ടുള്ള പേടിപ്പിക്കലുമാണു് ഗീതയെ ഈ അവസ്ഥയിലാക്കിയതെന്നു് ശ്രീധരന് നായര്‍ക്കു് മനസ്സിലായിത്തുടങ്ങി. ഡോക്ടര്‍ ഗീതയുടെ ചികിത്സ ഏറ്റെടുത്തു.
പൂജാവേളയില്‍ എത്തിയ അതിഥികള്‍ മീനയും മുരളിയുമല്ലാതെ മറ്റാരുമായിരുന്നില്ല. മുരളി പഠിച്ചു് പാസ്സായി ഡോക്ടറായിത്തീര്ന്നിരുന്നു. സ്നേഹമസൃണമായ പെരുമാറ്റവും മറ്റും ഗീതയുടെ ഇരുളടഞ്ഞ ജീവിതത്തിലേക്കു് വീണ്ടും വെളിച്ചം വീശി. മുരളിയുടെ നിരന്തരമായ പരിശ്രമഫലമായി ഗീതയുടെ രോഗം പരിപൂര്‍ണ്ണമായി ഭേദപ്പെട്ടു. ശ്രീധരന് നായര്‍ സന്തോഷവാനായി.
മുരളി തന്റെ ബാല്യകാലസഖിയായിരുന്ന ഗീതയെ മീനയുടെ ആശിര്‍വാദത്തോടെ സ്വപത്നിയായി സ്വീകരിച്ചു.
ഈ ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ്മ രചിച്ച ഏഴു് ഗാനങ്ങള്‍ക്കു് ബാബുരാജു് ഈണം നല്കി. പി. ബി. ശ്രീനിവാസു്, പി. സുശീല, വസന്ത, കമുകറപുരുഷോത്തമന്‍, എസു്. ജാനകി, എല്‍. ആര്. ഈശ്വരി എന്നിവര്‍ പിന്നണിയില്‍ പാടി
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍