കഥാസാരം
വയനാടൻ മലകളിൽ കള്ളത്തടി വെട്ടി കടത്തിക്കൊണ്ടിരുന്ന രാജവർമ്മത്തമ്പുരാൻ വള്ളി എന്നൊരു കാട്ടുമങ്കയിൽ ആകൃഷ്ടനായി.കുടില വൃത്തനായ തമ്പുരാൻ അവളെ പറഞ്ഞു മയക്കി വള്ളിയെ വേണ്ടുവോളം ആസ്വദിച്ചു. അവൾ ഗർഭിണിയായി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുകാർ വന്നിരിക്കുന്നു എന്ന വിവരം മാനേജരായ പിഷാരടിയിൽ നിന്നും അറിഞ്ഞ തമ്പുരാൻ വള്ളിയെ പിന്നീടു വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോളാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു യാത്രയായി.തന്റെ മകളെ നശിപ്പിച്ച തമ്പുരാനെ പിൻ തുടർന്ന വള്ളിയുടെ അച്ഛനെ അയാൾ വെടി വെച്ചു കൊന്നു.സമുദായത്തിനു കളങ്കമുണ്ടാക്കിയ വള്ളിയെ കൊന്നു കളയുവാൻ സമുദായത്തലവൻ ഉത്തരവിട്ടു. പക്ഷേ കണ്ണൻ എന്നൊരു യോദ്ധാവ് അവളെ രക്ഷപ്പെടുത്തി.സ്വസഹോദരിയെ പോലെ കണ്ണൻ അവളെ പോറ്റി.വള്ളിയുടെ ഉദരത്തിൽ വളർന്നു വരുന്ന കുഞ്ഞിനെക്കൊണ്ടു തന്നെ അവളുടെ പിതാവിന്റെ ഘാതകനോട് പകരം വീട്ടും എന്നയാൾ ഉറച്ചു. കാലം കുറേ കഴിഞ്ഞു. വള്ളിക്കു ജനിച്ച പുത്രനെ കണ്ണൻ സകല അഭ്യാസങ്ങളും പത്തിപ്പിച്ച് ഒരു നല്ല യോദ്ധാവാക്കിത്തീർത്തു.വള്ളിയും മകൻ ശിവൻ കുട്ടിയും കണ്ണനും കൂടി ഒരു എസ്റ്റേറ്റിലെത്തി.കുടി കിടപ്പുകാർ ധാരാളമുള്ള എസ്റ്റേറ്റ്.അവർ അവിടെ ഒരു കുടിൽ കെട്ടി താമസമുറപ്പിക്കുവാൻ തുനിഞ്ഞു.പക്ഷേ എസ്റ്റേറ്റുടമയുടെ ആൾക്കാർ അതു തടഞ്ഞു.അവിടെയെത്തിയ ഒരുദ്യോഗസ്ഥനായ ബാലൻ അവരെ തന്റെ വാസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി.സഹോദരി ഗൗരിയുമൊത്ത് താമസിച്ചിരുന്ന ബാലൻ വള്ളിയും കണ്ണനും ശിവങ്കുട്ടിയും കൂടി ഒരു കുടുംബം പോലെ കഴിഞ്ഞു വന്നു.ഒരു സർക്കസ് കമ്പനിയിൽ നിന്നു പൊട്ടിച്ചിതറി വീണ മൂന്നു മനുഷ്യാത്മാക്കൾ മങ്കയും മകൾ റാണിയും മകൻ ജംബുവും കൂടി ആ എസ്റ്റേറ്റിൽ വരുന്നവരെ പാടിയും ആടിയും രസിപ്പിച്ചു കാലയാപനം ചെയ്തു പോന്നു.മനുഷ്യരെ കബളിപ്പിച്ചു ജീവിച്ചു പോന്ന ബർമ്മ നാണപ്പൻ എന്നൊരുവനിൽ നിന്നും ഒരു ദിവസം മങ്കമ്മയെയും റാണിയെയും രക്ഷിച്ച ശിവൻ കുട്ടി റാണിയുമായി സ്നേഹത്തിലായി.ബർമ്മാ നാണപ്പനും കാലക്രമേണ ശിവൻ കുട്ടിയുടെ ഉറ്റ തോഴനായി മാറി.എസ്റ്റേറ്റുടമയുടെ കുടിയൊഴിപ്പിക്കുന്നതിനുള്ള ശ്രമത്തിനെതിരെ ശിവൻ കുട്ടിയും കണ്ണനും കൂടി കുടികിടപ്പുകാരായ സാധുക്കളെ സംഘടിപ്പിച്ചു .പല സംഘട്ടനങ്ങളും നടന്നു. ഇതിനിടയിൽ ഇംഗ്ലണ്ടിൽ നിന്നും വന്ന ഒരു ധ്വര എസ്റ്റേറ്റുടമയുടെ അതിഥിയായി കൂടി.അയാൾ ഒരു ദിവസം യാദൃശ്ചികമായി ഗൗരിയെ കണ്ടു.എസ്റ്റേറ്റു മുതലാളിയുടെ ഗുണ്ടാകളുടെ സഹായത്തോടെ അയാൾ ഗൗരിയെ തട്ടിക്കൊണ്ടു പോയി.വിവരമറിഞ്ഞ ശിവൻ കുട്ടി എത്തി ഗൗരിയെ രക്ഷപ്പെടുത്തി.കോപാകുലനായ മുതലാളി ശിവൻ കുട്ടിയെ ശിക്ഷിക്കാനുറച്ചു.പക്ഷേ ശിവൻ കുട്ടി അയാളെ വക വെയ്ക്കുന്നില്ലെന്നു കണ്ടപ്പോൾ അവനെ എങ്ങനെയെങ്കിലും സ്വാധീനപ്പെടുത്തുവാൻ പരിശ്രമിച്ചു.ശിവൻ കുട്ടി അതിനായി നീട്ടിയ പ്രലോഭനങ്ങളിൽ കുടുങ്ങിയില്ല.മുതലാളിയുടെ മകൾ ബേബി ബാലനിൽ അനുരക്തയായി.പക്ഷേ വിവാഹത്തിനു മുതലാളി എതിരായിരുന്നു.അയാൾ ബേബിക്കു വേറേ വിവാഹവും ഏർപ്പാടു ചെയ്തു.എന്നാൽ ശിവൻ കുട്ടിയും നാണപ്പനും കണ്ണനും ചേർന്നു ബാലനെകൊണ്ടു തന്നെ ബേബിയുടെ വിവാഹം നടത്തി. റാണിയും ശിവൻ കുട്ടിയുമായുള്ള അടുപ്പത്തിൽ മങ്കമ്മയ്ക്ക് അശേഷം ഇഷ്ടമില്ലായിരുന്നു.അവർ റാണിയെ ഉപദേശിച്ചു, ശിക്ഷിച്ചു. എങ്കിലും അവരു തമ്മിലുള്ള അനുരാഗം മൂർച്ഛിച്ചു വന്നതേയുള്ളൂ.ഇതിനിടയിൽ ഗൗരിക്കു കല്യാണാലോചന വന്നു. അതു നടത്തുവാൻ എല്ലാവരും ശ്രമിച്ചു.മുഹൂർത്തത്തിൽ വരന്റെ പിതാവ് ഗൗരിയുടെ ചാരിത്ര്യത്തിൽ സംശയമുണ്ടെന്ന കാരണത്താൽ തടസമുണ്ടാക്കി.അല്ലെങ്കിൽ അയ്യായിരം രൂപ ഉടൻ കൊടുക്കണമെന്നായി അയാൾ.ശിവൻ കുട്ടി അതിനെ എതിർത്തു.വരനും പാർട്ടിയും വിവാഹം നടത്താതെ മടങ്ങി.ബാലൻ ശിവൻ കുട്ടിയെ കുറ്റപ്പെടുത്തി.തനിക്കു തീരാത്ത അപമാനമാണ് ശിവൻ വരുത്തി വെച്ചതെന്ന് അയാൾ കയർത്തു.അപമാന ഭാരത്തിൽ നിന്നും ബാലനെയും സഹോദരിയെയും രക്ഷിക്കുവാൻ ശിവൻ തന്നെ ഗൗരിയുടെ കഴുത്തിൽ വരണമാല്യം അർപ്പിച്ചു. ഇതു കണ്ട റാണി ഹൃദയം പൊട്ടി നാടു വിടുവാൻ തീർച്ചയാക്കി.ഗൗരിയുടെ വിവാഹദിവസം എസ്റ്റേറ്റുടമയുടെ ആൾക്കാർ കുടി കിടപ്പുകാരുടെ കുടിൽ തീ വെച്ചു. ഇതറിഞ്ഞ കണ്ണൻ നേരേ എസ്റ്റേറ്റുടമയുടെ ബംഗ്ലാവിലെത്തി.വള്ളിയെ ചതിച്ച തമ്പുരാനാണ് എസ്റ്റേറ്റ് ഉടമയെന്ന് കണ്ണനു മനസ്സിലായി. തമ്പുരാനുമായി വാക്കേറ്റമുണ്ടായി മടങ്ങിയ കണ്ണൻ വെടി വെച്ചു കൊല്ലപ്പെട്ടു. കുടികിടപ്പുകാർ ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ തീപ്പന്തങ്ങളുമായി പകരം ചോദിക്കാനായി ബംഗ്ലാവിലെത്തി.ഉഗ്രമായ സംഘട്ടനം നടന്നു.ആ സമയം അവിടെ എത്തിയ വള്ളി തമ്പുരാനെ വധിക്കുവാൻ ഒരുങ്ങി നിന്ന ശിവൻ കുട്ടിയെ തടസ്സപ്പെടുത്തി.തമ്പുരാന്റെ വെടിയേറ്റ് ശിവൻ നിലം പതിച്ചു. തന്റെ സ്വന്തം പുത്രനെയാണു വെടി വെച്ചു നിലം പതിപ്പിച്ചതെന്നും തമ്പുരാൻ ശിവൻ കുട്ടിയുടെ അച്ഛനാണെന്നുമുള്ള സത്യം അവൾ വെളിപ്പെടുത്തി.പശ്ചാത്താപത്താൽ നല്ലവനായി മാറിയ തമ്പുരാൻ തന്റെ ബംഗ്ലാവിരിക്കുന്ന സ്ഥലവും ശിവന്റെ കുഴിമാടവും ഒഴിച്ചു താൻ കൈയ്യടക്കി വെച്ചിരുന്ന സ്ഥലം മുഴുവൻ കുടികിടപ്പുകാർക്കായി വിട്ടു കൊടുത്തു.ശിവന്റെ കുഴിമാടത്തിൽ റാണി പുഷ്പവുമായി എത്തുന്നതോടെ ചിത്രം അവസാനിക്കുന്നു.
എഴുതിയതു് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്