മരിച്ചു പോയ ഭാര്യയുടെ സ്മരണയ്ക്കായി പണി കഴിപ്പിച്ച “ രാധാനിവാസിൽ “ യുവ എഞ്ചിനീയർ ആനന്ദ് തന്റെ രന്റു പിഞ്ചോമനകളോടൊത്തു താമസിക്കുന്നു.ആനന്ദിന്റെ അമ്മയാണു കുഞ്ഞുങ്ങളെ നോക്കി വളർത്തുന്നത്. വീണ്ടും കുഞ്ഞുങ്ങൾക്ക് ഒരമ്മയുണ്ടാകണമെന്നും വീടു നോക്കാൻ ഒരു നല്ല പെൺകുട്ടി വേനമെന്നുമുള്ള അമ്മയുടെ നിർബന്ധം ആനന്ദ് കണക്കിലെടുത്തില്ല. മനസ്സിൽ രാധ നിറഞ്ഞു നിൽക്കുകയാണ്. രാധയെ കുടിയിരുത്തിയിരിക്കുന്ന ഹൃദയത്തിൽ ഇനി മറ്റൊരുത്തിയെ പ്രതിഷ്ഠിക്കുന വയ്യ.
പിടി വിട്ടു പോകുന്ന മനസ്സ് ഭൂതകാല സംഭവങ്ങളിലേയ്ക്ക് ആനന്ദിനെ വലിച്ചു കൊണ്ടു പോകും.ഉയർന്ന പ്രഭു കുടുംബത്തിലെ പെൺകുട്ടിയായിരുന്ന രാധയുമായി പ്രണയത്തിലായത്, അഗ്നിപരീക്ഷകളിലൂടെ അവളെ സ്വന്തമാക്കിയത് , ഭൂമിയിൽ സ്വർഗ്ഗം ചമച്ചു കൊണ്ട് അവളുമൊത്ത് ജീവിച്ചത് , അവസാനം അവൾ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടത്.ആനന്ദ് രാധയുടെ ഫോട്ടോയിൽ നോക്കി നിർന്നിമേഷനായി നിൽക്കും
കാലം കടന്നു പോയി. ഒരിക്കൽ സഹോദരന്റെ വീട്ടിൽ വെച്ച് അമ്മ ഒരു പെൺകുട്ടിയെ കണ്ടു.സുന്ദരിയും സുശീലയുമായ ശാരദ. അവൾ പക്ഷേ ഒമ്മയായിരുന്നു. ഊമയായതു കൊണ്ടു തന്നെ വിവാഹമേ വേണ്ടെന്നായിരുന്നു ശാരദയുടെ അഭിപ്രായം.വെറുതെയെന്തിനു മറ്റു ജീവിതങ്ങൾക്ക് താൻ വിലങ്ങു തടിയാവുന്നു ? തന്റെ വേദനകളും ആത്മരോദനങ്ങളും മനസ്സിലാവുന്ന ഒരാളുമില്ല ഈ ഭൂമിയിൽ.ആരുമില്ലേ ? അവൾ ഓർത്തു. കളിപ്പാട്ടങ്ങൾ കച്ചവടം നടത്തി ജീവിക്കുന്ന ആ മുസ്ലിം യുവാവുണ്ട്. തനിക്ക് ഒരു നല്ല ജീവിതമുണ്ടായിക്കാണാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന സ്നേഹസമ്പന്നൻ.
അമ്മയുടെ നിർബന്ധം സഹിക്കാനാവാതെ വന്നപ്പോൾ രഹസ്യമായി ആനന്ദ് രജിസ്റ്റർ വിവാഹ ഫോറത്തിൽ ഒരു നാൾ ഒപ്പു വെച്ചു.” രാധാനിവാസിൽ “ ശാരദ കാലു കുത്തിയന്നു മുതൽ അവൾ പരിക്ഷീണയായി. കുസൃതിയായ ബിന്ദു ഒരു വേലക്കാരിയുടെ സ്ഥാനം പോലും അവൾക്ക് ആ വീട്ടിൽ കൊടുത്തില്ല. സദാ കുത്തുവാക്കുകൾ.കുറ്റപ്പെടുത്തലുകൾ. അച്ഛൻ തന്നെ വിവാഹം ചെയ്തിരിക്കുകയാണെന്നും അമ്മയോടെന്ന പോലെ തന്നോട് കുട്ടി പെരുമാറണമെന്നും ശാരദയ്ക്ക് പറഞ്ഞു മനസ്സിലാക്കണമെന്നുണ്ട്.പക്ഷേ അവൾക്ക് അതിനു കഴിയില്ലല്ലോ. ഒരു ഊമയായി ദൈവം അവളെ സൃഷ്ടിച്ചു.എല്ലാം അവൾ സഹിച്ചു.കുട്ടികൾ ഏല്പ്പിക്കുന്ന ആഘാതങ്ങൾ സഹിക്കാമെന്നു വെച്ചാലും ഭർത്താവിന്റെ സ്നേഹവും പരിചരണവും തനിക്കുണ്ടോ ? അതുമില്ല.അദ്ദേഹത്തെ അകലെ നിന്ന് കൊതി തീരെ ശാരദ നോക്കിക്കാണും.അത്ര മാത്രം.
അവളിൽ ഒരേയൊരു ചിന്ത എന്നും പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റു.ഒരിക്കൽ അദ്ദേഹമൊന്ന് തന്നോട് മിണ്ടുമോ ? ഒരിക്കൽ ഒന്നു ചിരിക്കുമോ ? ഒരു നിമിഷം ആ മാറിൽ ചേർത്തു നിർത്തി ശാരദേ എന്നൊന്നു വിളിക്കുമോ ? ആരോരുമറിയാതെ ഒരിക്കൽ……
ഒരിക്കൽ അതു സംഭവിച്ചു.അവിചാരിതമായി. ഒരു അപ്രതീക്ഷിത നിമിഷത്തിൽ ആനന്ദ് എല്ലാമെല്ലാം അവൾക്ക് നൽകി.പുരുഷന്റെ ചൂടേറ്റ് പുളകം കൊണ്ട നിമിഷങ്ങൾ. ചുടുചുംബനങ്ങൾ കൊണ്ട് ഞെരിച്ചു വീർപ്പു മുട്ടിച്ച സ്വർഗ്ഗീയ മാത്രകൾ.പുതിയ അനുഭൂതികൾ.പുതിയ ലോകങ്ങൾ. ശാരദ എല്ലാമെല്ലാം അനുഭവിച്ചു.
ഫലമോ അമ്മ നടുങ്ങി.ശാരദ ഗർഭിണിയോ? തന്റെ മകൻ മുഖത്തു പോലും നോക്കാത്ത അവൾ എങ്ങനെ ഗർഭിണിയാകും ? അവൾ തന്റെ മകനെ വഞ്ചിച്ചു.പാവത്തെപ്പോലെ നടന്നിട്ട് ഒടുവിൽ…… വയ്യ . ഈ കുഞ്ഞ് ഈ ലോകത്തു പിറന്നു കൂടാ. മറ്റാരുമറിയുന്നതിനു മുൻപ് ഒരു ഡോക്ടറെ കണ്ട് ഗർഭച്ഛിദ്രം നടത്തുക. വിവരമറിഞ്ഞ ശാരദയുടേ മാതൃത്വം ഉണർന്നു.നിൽക്കക്കള്ളിയില്ലാതെ അവൾ അവിടം വിട്ടോടി.
വളരെ വൈകി അമ്മയിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ ആനന്ദ് സ്വയം ശിരസ്സിൽ തല്ലി.അയാളിലെ മനുഷ്യത്വം ഉണർന്നു.പക്ഷേ ശാരദ എത്രയോ വിദൂരതയിൽ എത്തിക്കഴിഞ്ഞിരുന്നു.ആനന്ദ് ശാരദയെ കണ്ടു പിടിക്കാനായി കുറ്റബോധത്തോടെ ഓടി.അവസാനം അയാൾ അവളെ കണ്ടെത്തി.
…തുടര്ന്നുള്ള സംഭവ വികാസങ്ങളുടെ കഥയാണ് ഈ ചിത്രം.
കടപ്പാട്: പാട്ടുപുസ്തകം