തമിഴ്നാട്ടിലുള്ള വെല്ലൂരിൽ സാംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ദുരൈസ്വാമി-
പത്മാവതി ദമ്പതികളുടെ ആറ് പെണ്മക്കളിൽ അഞ്ചാമത്തെ മകളായി ജനിച്ചു.
യഥാർത്ഥ പേര് കലൈവാണി. മൂന്നു സഹോദരന്മാരുണ്ട്. അമ്മ പത്മാവതി പ്രസിദ്ധ
വീണാവാദകൻ രംഗ രാമാനുജ അയ്യങ്കാരുടെ ശിഷ്യയും അറിയപ്പെടുന്ന
വീണാവിദുഷിയുമാണ്. അച്ഛൻ ദുരൈസ്വാമി തികഞ്ഞ സംഗീതപ്രേമിയും. എന്തുകൊണ്ടും
അനുയോജ്യമായ കുടുബാന്തരീക്ഷമാണ് വാണിയമ്മയ്ക്കു ലഭിച്ചത്. അഞ്ചു വയസ്സിനു
മുൻപ് തന്നെ കർണ്ണാടക സംഗീതത്തിലെ രാഗങ്ങളും നോട്ടേഷനുകളും
തിരിച്ചറിയുവാൻ കഴിവുണ്ടായിരുന്നു. ചുരുക്കത്തിൽ ഒരു ചൈൽഡ് പ്രൊഡിജിയാണ്
വാണിയമ്മ എന്നു പറയാം. ചെറുപ്പത്തിൽ ഒരു സിനിമാ പിന്നണിഗായികയാകാൻ
കൊതിച്ചിരുന്നു.
കുട്ടിക്കാലത്ത് ചേച്ചി സംഗീതം പഠിക്കുന്നത് കൊച്ചുവാണി ആരും കാണാതെ
ഒളിച്ചിരുന്നു ശ്രദ്ധിക്കുമായിരുന്നു. കടലൂർ ശ്രീനിവാസ അയ്യങ്കാർ
ആയിരുന്നു ചേച്ചിയുടെ സംഗീതഗുരു. അദ്ദേഹം കൊച്ചുവാണിയുടെ
നീരീക്ഷണബുദ്ധിയും പാട്ടുകൾ പെട്ടെന്നു ഹൃദിസ്ഥമാക്കാനുള്ള കഴിവും
തിരിച്ചറിഞ്ഞു അൽഭുതപ്പെടുകയ്യും കുറച്ചു ദീക്ഷിതർ കൃതികൾ
പഠിപ്പിക്കുകയും ചെയ്തു. അപ്പോൾ വാണിയമ്മയ്ക്കു അഞ്ചുവയസ്സു
മാത്രമായിരുന്നു പ്രായം. കടലൂർ ശ്രീനിവാസ അയ്യങ്കാർ വാണിയുടെ ശോഭനമായ
ഭാവിക്കു വേണ്ടി ചെന്നൈയിലേക്ക് താമസം മാറ്റുന്നത് നല്ലതാണെന്ന്
മാതാപിതാക്കളോട് അഭിപ്രായപ്പെട്ടു. അങ്ങനെ കുടുംബം ചെന്നൈയിലേക്കു താമസം
മാറ്റി. ചെന്നൈയിലേക്കു വന്നത് വാണിയമ്മയ്ക്കു വലിയ അനുഗ്രഹമായി. ടി ആർ
ബാലസുബ്രമണ്യം (ജി എൻ ബാലസുബ്രമണ്യത്തിന്റെ ശിഷ്യൻ), തിരുവനന്തപുരം ആർ
എസ് മണി (ശെമ്മങ്കുടിയുടെ ശിഷ്യൻ) എന്നിവരുടെ കീഴിൽ കർണ്ണാടസംഗീതം
അഭ്യസിച്ചു. എട്ടു വസസ്സുള്ളപ്പോൾ ചെന്നൈ ആൾ ഇന്ത്യ റേഡിയോയിൽ പാടി.
പത്താം വയസ്സിൽ മൂന്നു മണിക്കൂർ നീണ്ട കച്ചേരി അവതരിപ്പിച്ചു
എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.
ചെന്നൈയിൽ ആയിരുന്നപ്പോൾ വാണിയമ്മ ധാരാളം ശാസ്ത്രീയസംഗീതകൂട്ടായ്മകളിൽ
പങ്കെടുക്കുമായിരുന്നു. അങ്ങനെയുള്ള ഒരു കൂട്ടായ്മയിൽ വെച്ചാണ് ചെന്നൈ
സ്വദേശിയായ ജയറാമിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനു വാണിയമ്മയുടെ
പാടാനുള്ള കഴിവും സംഗീതത്തെകുറിച്ചുള്ള അപാരമായ അറിവും വല്ലാതെ
ആകർഷിച്ചു. പിന്നീട് അവർ വിവാഹിതരായി. വാണിയമ്മയുടെ ഭർത്താവ് ജയറാം
നല്ലൊരു സിത്താർ വാദകനും സംഗീതപ്രേമിയുമാണ്. അക്കാലത്ത് അദ്ദേഹം
മുംബൈയിലുള്ള ഇൻഡോ-ബെൽജിയൻ ചേമ്പർ ഓഫ് കോമേർസിൽ എക്സിക്യൂട്ടീവ്
സെക്രട്ടറിയായി ജോലി നോക്കുകയായിരുന്നു. വാണിയമ്മ ബി ഏ ഇക്കണോമിക്സ്
ബിരുദധാരിയാണ്. ബിരുദപഠനത്തിനു ശേഷം ബാങ്കിൽ ജോലി സ്വീകരിച്ചു. വിവാഹശേഷം
വാണിയമ്മ മുംബൈയിൽ ഭർത്താവുമൊത്ത് താമസമാക്കി. വാണിയമ്മയ്ക്കു കിട്ടിയ
സുകൃതം ആണ് ഭർത്താവ് ജയറാം. വാണിയമ്മയുമായി മുംബൈ എത്തിയ ശേഷം അദ്ദേഹം
ആദ്യം ചെയ്ത് വാണിയമ്മയെ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാന്റെ കീഴിൽ
ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാൻ ചേർക്കുകയായിരുന്നു. പട്യാല ഖരാനയിൽ
വിദഗ്ദനായിരുന്നു ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാൻ. അദ്ദേഹത്തിന്റെ കീഴിലുള്ള
ശിക്ഷണം തുമ്രി ഭജനിലും ഗസലിലും പ്രാവിണ്യം നേടാൻ സഹായിച്ചു, സംഗീതത്തിൽ
കൂടുതൽ ശ്രദ്ധിക്കുവാൻ വേണ്ടി വാണിയമ്മ ബാങ്കിലെ ജോലി രാജിവെച്ചു. 1969
മാർച്ച് ഒന്നാം തിയ്യതി മുംബൈയിൽ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി
നടത്തി. അദ്യത്തെ കച്ചേരിക്കു ശേഷം ധാരാളം സംഘടനകൾ വാണിയമ്മയെ കച്ചേരി
അവതരിപ്പിക്കുവാൻ ക്ഷണിച്ചു. അങ്ങനെ ഒരു പരിപാടിയിൽ വെച്ചാണ് പ്രസിദ്ധ
സംഗീതസംവിധായകൻ വസന്ത് ദേശായ് വാണിയമ്മയെ ആദ്യമായി കാണുന്നത്. ആ
സ്വരമാധുരി കേട്ട് ഇഷ്ടപ്പെട്ട് ആദ്ദേഹം ഒരു മറാത്തി നാടകത്തിൽ പാടാൻ
അവസരം കൊടുത്തു. പണ്ഡിറ്റ് കുമാർ ഗന്ധർവ്വയുടെ കൂടെ ‘ദേവ് ദിനഗരി ദളവ’
എന്ന മറാത്തി നാടകത്തിൽ പാടുവാൻ വാണിയമ്മയ്ക്ക് ഭാഗ്യം സിദ്ധിച്ചു.
അങ്ങനെ ഒരു കൊല്ലം മഹാരാഷ്ട്രയിൽ അങ്ങോളമിങ്ങോളം വസന്ത് ദേശായിക്കൊപ്പം
മറാത്തി ഗാനങ്ങളുടെ സംഗീതപരിപാടികൾ അവതരിപ്പിച്ചു.
1971ൽ പ്രസിദ്ധ സംവിധായകൻ ഋഷികേശ് മുഖർജി ‘ഗുഡ്ഡി’ എന്ന പടം സംവിധാനം
ചെയ്യുവാൻ തിരുമാനിച്ചു. ധർമ്മേന്ദ്രയും ജയ ഭാദുരിയുമായിരുന്നു
നായികാനായകന്മാർ. ഗാനരചന ഗുൽസാറും സാംഗീതസംവിധാനം വസന്ത് ദേശായിയും
എന്നു തീരുമാനിച്ചു. ഋഷികേശ് മുഖർജി വസന്ത് ദേശായിയോട് പറഞ്ഞു പടത്തിലെ
മുഴുവൻ പാട്ടുകളും പുതിയ ഒരു ഗായികയെ കൊണ്ടു പാടിക്കണം. ഇതു കേട്ടു
സന്തോഷിച്ച വസന്ത് ദേശായിക്കു കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല.
അദ്ദേഹം വാണിയമ്മയുടെ പേരു നിർദ്ദേശിച്ചു. അങ്ങനെ പടത്തിലെ ആകെയുള്ള
മൂന്നു പാട്ടുകളായ ‘ബോലെ രെ പപ്പി ഹര’, ‘ഹം കൊ മൻ കി ശക്തി ദേന’, ‘ഹരി
ബിൻ കൈസെ ജീയൂൻ’ എന്നിവ വാണിയമ്മയെ കൊണ്ടു പാടിപ്പിച്ചു. അങ്ങനെ
കുട്ടിക്കാലത്തെ ആഗ്രഹം വാണിയമ്മ സഫലമാക്കി. ഗുഡ്ഡി റിലീസായപ്പോൾ
സിനിമയും അതിലെ പാട്ടുകളും സൂപ്പർഹിറ്റായി. വാണിയമ്മ ഇന്ത്യ മുഴുവൻ
അറിയപ്പെടുന്ന ഗായികയുമായി. ഗുഡ്ഡിയിലെ ‘ബോലെ രെ പപ്പി ഹര‘ എന്ന ഗാനം
പാടിയതിന് വാണിയമ്മയ്ക്ക് താൻസെൻ സമ്മാൻ (ഏറ്റവും മികച്ച ക്ലാസ്സിക്കൽ
ഹിന്ദി സിനിമാഗാനം), ലയൺസ് ഇന്റർനാഷണൽ ബെസ്റ്റ് പ്രോമിസിങ് സിംഗർ അവാർഡ്,
ആൾ ഇന്ത്യ സിനി ഗോയേർസ് അസോസിയേഷൻ അവാർഡ്, ആൾ ഇന്ത്യ ഫിലിം ഗോയേർസ്
അസോസിയേഷൻ അവാർഡ് ഫോർ ബെസ്റ്റ് പ്ലേബാക്ക് സിംഗർ 1971ൽ ലഭിച്ചു. പിന്നീട്
ചിത്രഗുപ്ത്, നൌഷാദ്, മദൻ മോഹൻ, ഒ പി നയ്യാർ, ആർ ഡി ബർമ്മൻ, കല്യാൺജി
ആനന്ദ്ജി,ലക്ഷ്മികാന്ത് പ്യാരേലാൽ,ജയ്ദേവ് എന്നിവരുടെ ഗാനങ്ങൾ പാടാൻ
അവസരം ലഭിച്ചു.
ഹിന്ദിയിൽ നല്ല ഗായികയെന്നു പേരെടുത്തതിനു ശേഷമാണ് വാണിയമ്മ 1973ൽ
തെന്നിന്ത്യൻ ഭാഷകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അക്കൊല്ലം ‘സ്വപ്നം’
എന്ന പടത്തിൽ സലിൽ ചൌധരിയുടെ സംഗീതസംവിധാനത്തിൽ ഒ എൻ വി കുറുപ്പ് രചിച്ച
“സൌരയൂഥത്തിൽ വിടർന്നൊരു കല്യാണസൌഗന്ധികമാണീ ഭൂമി.....” എന്ന മനോഹരഗാനം
പാടിക്കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒരു കവിത
ആലപിക്കുന്നതുപോലെയുള്ള ഗാനമായിരുന്നു. പിന്നീടു ഒരു കൊല്ലം
കാത്തിരിക്കേണ്ടിവന്നു അടുത്ത മലയാളഗാനം കിട്ടുവാൻ. 1973ൽ തന്നെ ‘തായും
സെയ്യും’ എന്ന തമിഴ് പടത്തിൽ പാടി സ്വന്തം മാതൃഭാഷയിലും അരങ്ങേറ്റം
കുറിച്ചു. പാട്ട് “പൊന്മയമാന എതിർകാലം” പക്ഷെ ആ പടം വെളിച്ചം കണ്ടില്ല.
വാണിയമ്മയുടെ റിലീസായ ആദ്യത്തെ തമിഴ് പടം 1973ൽ തന്നെ റിലീസായ
‘വീട്ടുക്കു വന്ത മരുമഗൾ’ ആണ്, ആ പടത്തിൽ ശങ്കർ-ഗണേഷിന്റെ
സംഗീതസംവിധാനത്തിൽ ടി എം സൌന്ദരാജന്റ്റെ കൂടെ “ഒർ ഇടം ഉന്നിടം” എന്ന ഗാനം
ആലപിച്ചു. 1975-1976 കാലഘട്ടത്തിൽ ധാരാളം സുപ്പർഹിറ്റ് തമിഴ് ഗാനങ്ങൾ
പാടി. അക്കാലത്തെ വളരെ പ്രസിദ്ധമായ “ഏഴുസ്വരങ്കളുക്കുൾ എത്തനൈ പാടൽ” എന്ന
ഗാനം എങ്ങനെ മറക്കാനാണ്? ഈ മനോഹര സെമി ക്ലാസ്സിക്കൽ ഗാനം വാണിയമ്മയ്ക്കു
ആദ്യത്തെ നല്ല ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.
തെന്നിന്ത്യൻ ഭാഷകളിൽ തിരക്കായപ്പോൾ വാണിയമ്മ 1974ൽ ചെന്നൈയിലേക്കു താമസം
മാറ്റി.
1975 മുതൽ ആണ് വാണിയമ്മ മലയാളസിനിമയിൽ സജീവമാകുന്നത്. മലയാളത്തിൽ
വാണിയമ്മ കൂടുതൽ പാടിയിട്ടുള്ളത് ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ
ഗാനങ്ങളാണ്. ദക്ഷിണാമൂർത്തി,ദേവരാജൻ,ആർ കെ ശേഖർ, എം എസ് വിശ്വനാഥൻ, കെ ജെ
ജോയ്, ശ്യാം, ജെറി അമൽദേവ്, ഏ ടി ഉമ്മർ, ശങ്കർ ഗണേഷ്, ജോൺസൺ തുടങ്ങി
പ്രമുഖരായ സംഗീതസംവിധായകരുടെ കീഴിൽ മനോഹരഗാനങ്ങൾ പാടാൻ അവസരം ലഭിച്ചു.
വാണിയമ്മ പാടാത്ത ഇന്ത്യൻ ഭാഷകളില്ല. ഇതുവരെ 8000ത്തോളം പാട്ടുകൾ
വിവിധഭാഷകളിലായി പാടിക്കഴിഞ്ഞു. ഇന്ത്യൻ പ്രസിഡന്റിന്റെ നല്ല
ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ നേടി. അപൂർവ്വരാഗങ്കൾ
(തമിഴ്-1975), ശങ്കരാഭരണം (തെലുഗു-1980), സ്വാതികിരണം (തെലുഗു - 1991)
എന്നിവയ്ക്കാണ് ലഭിച്ചത്. 1971ൽ ‘ഘുൺഘട്’ എന്ന ഹിന്ദി ചിത്രത്തിലെ
പാട്ടിനു ഗുജറാത്ത് സർക്കാറിന്റെ പുരസ്കാരം ലഭിച്ചു. തമിഴ്നാട്, ഒറിസ്സാ
സർക്കാറുകളും നല്ല ഗായികയ്ക്കുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
1979ൽ പണ്ഡിറ്റ് രവിശങ്കർ സംഗീതസംവിധാനം നിർവ്വഹിച്ച ‘മീര’ എന്ന
ചിത്രത്തിലെ ഗാനത്തിന് ഫിലിംഫേർ അവാർഡ് ലഭിച്ചു. 2004ൽ കമുകറ അവാർഡ്
ലഭിച്ചു. 2007ൽ ആന്ധ്രയിലെ ഗുണ്ടൂരിലുള്ള ദാസരി കൾച്ചറൽ അക്കാദമി
‘ദക്ഷിണേന്ത്യൻ മീര’ എന്ന പദവി നൽകി ആദരിച്ചു.
ലോകമെമ്പാടും ഭക്തിസംഗീതപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വാണിയമ്മ ഇപ്പോഴും
സംഗീതരംഗത്ത് സജീവമാണ്. സംഗീതത്തിൽ താല്പര്യമുള്ള സ്കൂൾ
കുട്ടികൾക്കായുള്ള സംഗീത വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ട്. സ്വയം
പാട്ടു കമ്പോസ് ചെയ്ത് സംഗീതം കൊടുക്കാറുണ്ട്. ഭക്തിഗാനങ്ങൾ, ലഘു
ശാസ്ത്രീയസംഗീതം എന്നിവയുടെ കാസ്സെറ്റുകൾക്കു വേണ്ടിയും പാടാൻ സമയം
കണ്ടെത്താറുണ്ട്. സ്കെറ്റ്ച്ചിംഗ്, എംബ്രോയ്ഡറി, പെയിന്റിംഗ് എന്നിവയാണ്
വാണിയമ്മയുടെ ഒഴിവുസമയ ഹോബികൾ.
തയ്യാറാക്കിയത്: ജയലക്ഷ്മി രവീന്ദ്രനാഥൻ
റെഫറെൻസസ് :
വാണി ജയറാം - ഇന്ത്യൻ പ്ലേബാക്ക് സിംഗിംഗ് ലെജൺഡ് - ഹേർ ലൈഫ് ഇൻ മ്യൂസിക്
(കിരൺ രവീന്ദ്രൻ എഴുതിയ ലേഖനം)
വിക്കീപീഡിയ
വാണിജയറാം.കോം
എം എസ് ഐ