മലയാളികളുടെ സ്വന്തം വാനമ്പാടിയാണു് ചിത്ര എന്ന അതുല്യ പ്രതിഭ. ഒരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം എന്നു തന്നെ പറയാം. മുതിർന്ന തലമുറയ്ക്കു് ‘നമ്മുടെ ചിത്ര’യാണെങ്കിൽ ഇളം തലമുറയ്ക്കു് ‘നമ്മുടെ ചിത്രച്ചേച്ചി’യാണു് - അത്രത്തോളം അടുത്തിരിക്കുന്നു ചിത്രയുമായി കേരളസമൂഹം. ഉള്ളിലുറങ്ങുന്ന തീവ്രദുഃഖങ്ങൾക്കിടയിലും നനുനനുത്ത പുഞ്ചിരി എന്നും നമുക്കായ് കാത്തുവെയ്ക്കുന്ന, നമുക്കായി എന്നും മധുരമായി പാടുന്ന ദൈവത്തിന്റെ വരദാനമായ ഒരു ഗന്ധർവ്വഗായിക. കണ്ണുകൾ ഇറുക്കി പൂര്‍ണചന്ദ്രനെപ്പോലെ വിരിയുന്ന ആ പുഞ്ചിരിയും നമ്മുടെ ഹൃദയത്തെ തൊട്ടുരുമ്മിപ്പോവുന്ന ആ സംഗീതവും തലമുറകൾക്കു മറക്കാനാവില്ല. യൂത്ത് ഫെസ്റ്റിവലുകളിലും, ആകാശവാണിയിലും, സംഗീതവേദികളിലും തുടങ്ങി മലയാള ചലച്ചിത്ര വേദിയിലും, അവിടെ നിന്നു് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, അസമിയ എന്നിങ്ങനെ പല ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങൾക്കുടമ. ആറു ദേശീയ അവാര്‍ഡുകൾ അടക്കം ഒട്ടനവധി പുരസ്കാരങ്ങൾ. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖഗായകരുടെയും കൂടെ പാടാനുള്ള അവസരം. ലതാ മങ്കേഷ്കറിനു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയ ഇന്ത്യന്‍ ഗായിക എന്ന അന്തസ്സു്. ഇത്രയും ഉയരങ്ങളിൽ നിൽക്കുമ്പോഴും പുഞ്ചിരിയോടെ, വിനയമാധുര്യത്തോടെ, കുലീനതയോടെ, ഗുരുത്വത്തോടെ പെരുമാറാനുള്ള കഴിവു്, അതിനുള്ള ഹൃദയവിശുദ്ധി. ചിത്രയെ സ്നേഹിക്കാത്തവരായി ആരും ഇല്ലാത്തതിനു് കാരണങ്ങൾ ഇവയൊക്കെയാണു്.
1963 ജൂലൈ 27 നു് തിരുവനന്തപുരത്തു് കരമനയിലാണു് കെ. എസ്. ചിത്ര ജനിക്കുന്നതു്. അച്ഛൻ ശ്രീ കൃഷ്ണൻ നായർ. അമ്മ ശ്രീമതി ശാന്തകുമാരി. രണ്ടു പേരും അദ്ധ്യാപകരായിരുന്നു. അച്ഛൻ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനും തിരുവനന്തപുരത്തെ സാംസ്കാരിക സദസ്സുകളില്‍ നിത്യസാന്നിധ്യവുമായിരുന്നു. ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയതും ആദ്യസംഗീതപാഠങ്ങൾ പറഞ്ഞു കൊടുത്തിരുന്നതും അച്ഛനായിരുന്നെങ്കിലും ചിത്ര ഒരു നല്ല സംഗീതജ്ഞയാകുന്നതിനോടൊപ്പം കുലീനവും സംസ്കാരഭദ്രവുമായ ഒരു സ്വഭാവത്തിന്റെ ഉടമ കൂടി ആകുന്നതിൽ അച്ഛനോടൊപ്പം അമ്മയും ഒരു വലിയ പങ്കു വഹിച്ചു. ചിത്രയുടെ ചേച്ചി കെ.എസ്. ബീനയും വളരെ നല്ല ഒരു ഗായിക ആയിരുന്നു. “എന്നെക്കാള്‍ നന്നായി പാടിയിരുന്നു ചേച്ചി“ എന്നാണു് ചിത്ര തന്നെ ബീനയെക്കുറിച്ചു് പറയുന്നതു്. സംഗീതജ്ഞനായ അച്ഛനിൽ നിന്നും മക്കളായ ബീനയ്ക്കും ചിത്രയ്ക്കും പാരമ്പര്യസിദ്ധിയായി ലഭിച്ചതാണു് സംഗീതം. കേരള സര്‍വകലാശാലാ യുവജനോത്സവങ്ങളിൽ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ലളിതഗാനത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു ബീന. രണ്ടു പേരെയും സിനിമാസംഗീത രംഗത്തെത്തിക്കണം എന്നതു് ആ അച്ഛന്റെ ഒരു ആഗ്രഹമായിരുന്നു. ചിത്രയുടെ ചേച്ചിയായ ബീനയാണു് ആദ്യം സിനിമയിലെ പാട്ടുകാരിയായതു്. ‘തകിലുകൊട്ടാമ്പുറം’ എന്ന ചിത്രത്തിലെ ഒരു ഗാനം പാടിക്കൊണ്ടായിരുന്നു ബീനയുടെ തുടക്കം. എങ്കിലും വിവാഹശേഷം വിദേശത്തേക്കു പോയതിനാൽ ബീനയ്ക്കു് സംഗീതവേദിയോടു് യാത്ര പറയേണ്ടി വന്നു.
ചെറുപ്രായത്തിൽ ചേച്ചിയുടെ സംഗീത ക്ലാസ്സുകൾ കേട്ടുപഠിച്ചായിരുന്നു ചിത്രയുടെ സംഗീതഭ്യസനം തുടങ്ങിയതു്. പിന്നീടു് മാവേലിക്കര പ്രഭാകരവർമ്മയുടെ കീഴിൽ അഭ്യസിച്ചു. അതിനു ശേഷം പ്രശസ്തസംഗീതവിദുഷി പ്രൊഫസ്സർ കെ. ഓമനക്കുട്ടിയുടെ കീഴിലാണു് പഠിച്ചതു്. ചിത്ര ആറാം ക്ളാസില്‍ പഠിക്കുമ്പോൾ ശ്രീമതി ഓമനക്കുട്ടിയുമായി തുടങ്ങിയ ആ ഗുരുശിഷ്യ ബന്ധം ഇന്നും തുടരുന്നു എന്നതാണു് സത്യം. തിരുവനന്തപുരം വിമൻസ് കോളേജിൽ ബി.എ (മ്യൂസിക്) ഒന്നാം ക്ലാസിൽ സർവ്വകലാശാലയിലെ മൂന്നാം റങ്കോടെ പാസ്സായി. പിന്നെ സംഗീതത്തിൽ തന്നെ എം. എയ്ക്കു് ചേർന്നു. അതൊടൊപ്പം 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പും ലഭിച്ചു. ചിത്രയെ ആദ്യമായി ആകാശവാണിയിൽ പാടിക്കുന്നതും സിനിമയിൽ പാടിക്കുന്നതും പ്രശസ്തസംഗീതജ്ഞനും സംഗീതസംവിധായകനുമായ ശ്രീ എം. ജി. രാധാകൃഷ്ണനാണു്. ആറു വയസുമാത്രം പ്രായമുള്ളപ്പോള്‍ എം.ജി. രാധാകൃഷ്ണന് ചിത്രയെ കൊണ്ട് ആകാശവാണിക്കു വേണ്ടി പാടിച്ചതു് അഷ്ടമിരോഹിണി ദിനത്തില്‍ നടന്ന ഒരു സംഗീതശില്പത്തിലായിരുന്നു.
''എന്റെ പേര് കണ്ണനുണ്ണി,
എനിക്കു വയസ്സു് രണ്ടല്ലോ,
നിന്റെ കാലിലെ പാദസരം പോലെ
എനിക്കു ചിരിക്കാനറിയാം..” ഇതായിരുന്നു ആ ഗാനം.
അതിനുശേഷം 1979ൽ ‘കുമ്മാട്ടി’ എന്ന സിനിമയിൽ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ “മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നെള്ളത്തു്” എന്ന നാടന്‍പാട്ടു് കുട്ടികളുടെ ഒരു കോറസ്സു് ആയി പാടി. പത്തുപതിനഞ്ചു കുട്ടികള്‍ ചേര്‍ന്നുള്ള ഒരു പാട്ടായിരുന്നു അതു്. മറ്റു കുട്ടികള്‍ക്കൊപ്പം ബീനയും ചിത്രയും അതിൽ പാടിയിരുന്നു. കൂടാതെ കുമ്മാട്ടിയില്‍ ഒരു കുട്ടിക്കു വേണ്ടി ചിത്ര ഡബ്ബു് ചെയ്യുകയും ചെയ്തു. പിന്നീടു് 1982 എം.ജി രാധാകൃഷ്ണന്റെ തന്നെ സംഗീതത്തിൽ “താരുണ്യം” എന്ന സിനിമയിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ആ സിനിമ “അട്ടഹാസം” എന്ന പേരിലാണു് രണ്ടു വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയതു്. പിന്നീടു് 1982 ൽ തന്നെ പുറത്തിറങ്ങിയ ‘ഞാൻ ഏകനാണു്’, ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രങ്ങളിൽ പാടി. ചിത്രയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത ‘നവംബറിന്റെ നഷ്ടം‘ ആണു്. എം.ജി. രാധാകൃഷ്ണന്റെ തന്നെ സംഗീതസംവിധാനത്തിൽ അരുന്ധതിയുമൊത്തു പാടിയ "അരികിലോ അകലെയോ' എന്നതാണു് ഈ ഗാനം. ഞാന്‍ ഏകനാണു് എന്ന ചിത്രത്തിലെ “രജനീ പറയൂ“ എന്ന ഗാനമായിരുന്നു ആദ്യ ഹിറ്റ്ഗാനം. ഈ ചിത്രത്തില്‍ യേശുദാസിനൊടൊപ്പം പാടിയ ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ എന്ന ഗാനവും വളരെ ശ്രദ്ധയാകര്‍ഷിച്ചു.
ചിത്രയുടെ ആദ്യ അഞ്ചു സിനിമകളും എം.ജി. രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിലായിരുന്നു. അതുകൂടാതെ യേശുദാസിനെ ചിത്രയ്ക്കു പരിചയപ്പെടുത്തുന്നതും എം.ജി. രാധാകൃഷ്ണനായിരുന്നു. ചിത്രയുടെ ആലാപനത്തിൽ ആകൃഷ്ടനായ ശ്രീ യേശുദാസ് തനിക്കൊപ്പം ചിത്രയെ ഗാനമേളകള്‍ക്കു കൊണ്ടുപോയിത്തുടങ്ങി. യേശുദാസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 'തരംഗിണി‘ കാസെറ്റുകളിലൂടെയും ചിത്രയുടെ ശബ്ദം മലയാളികള്‍ക്കു പരിചിതമായി തുടങ്ങി. ദാസേട്ടനോടൊപ്പം നടത്തിയ സംഗീതപരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളർച്ചയ്ക്കു് വളരെ സഹായകമായി. അതിനുശേഷം ചിത്രയ്ക്കു് തമിഴിൽ അവസരങ്ങൾ ലഭിച്ചു. സംവിധായകൻ ഫാസിൽ ആണു് ചിത്രയെ ഇളയരാജയ്ക്കു് പരിചയപ്പെടുത്തിക്കൊടുക്കുന്നതു്. അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച “നീ താനാ അന്ത കുയിൽ“ എന്ന ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. ഇളയരാജയുടെ തന്നെ സംഗീതസംവിധാനത്തിൽ 1985 ൽ ഇറങ്ങിയ ‘സിന്ധുഭൈരവി’ എന്ന തമിഴ് ചിത്രത്തിലെ വളരെ പ്രശസ്തമായ 'പാടറിയേന്‍, പഠിപ്പറിയേന്‍’ എന്ന ഗാനത്തിനാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടുന്നത്. വളരെപ്പെട്ടെന്നുതന്നെ ശ്യാം, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയ പ്രഗൽഭ സംഗീതസംവിധായകരുടെയെല്ലാം പ്രിയ ഗായികയായി മാറി ചിത്ര.
മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ആറു ദേശീയ അവാർഡുകൾ ചിത്രയ്ക്കു് ലഭിച്ചു. പിന്നീടു്, സംഗീതപ്രേമികൾ നെഞ്ചേറ്റിലാളിച്ച ഗാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. തമിഴും ഹിന്ദിയും അടക്കം പത്തു ഭാഷകളില്‍ ചിത്ര പാടി. അവിടെയൊക്കെയും ഹിറ്റുഗാനങ്ങള്‍ പിറന്നു. മലയാളത്തിലെ കൂടാതെ ഹിന്ദിയിലും തമിഴിലും പാടിയ ഗാനങ്ങള്‍ക്കും ദേശീയ ബഹുമതികള്‍ കിട്ടി. ചലച്ചിത്രഗാനങ്ങൾ കൂടാതെ ധാരാളം ഭക്തിഗാനങ്ങളും ചിത്ര ആലപിച്ചിട്ടുണ്ടു്. പ്രശസ്തിയാർജ്ജിച്ച ധാരാളം മലയാളം, ഹിന്ദി ആൽബങ്ങളും ചിത്രയുടേതായുണ്ടു്.
തുടര്‍ച്ചയായി പതിനൊന്നു വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക. ഈ ഗായികയ്ക്കു മലയാള സിനിമാസംഗീത ലോകത്തുള്ള സ്ഥാനം മനസ്സിലാക്കണമെങ്കില്‍ ഈ ഒരു ബഹുമതി ഒന്നു മാത്രം മതി. അതു കൂടാതെ നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചു എന്നതു് മറ്റാർക്കും ഇതു വരെ കിട്ടാത്ത ഒരു അപൂർവ്വ ബഹുമതിയാണു്. ഇതുവരെ കിട്ടിയ ദേശീയ അവാർഡുകൾ ഇവയൊക്കെയാണു്. 1985-ലെ ‘പാടറിയേൻ പടിപ്പറിയേൻ...’ (ചിത്രം- സിന്ധു ഭൈരവി, തമിഴ് ), 1986-ലെ ‘മഞ്ഞൾ പ്രസാദവും..’ (ചിത്രം- നഖക്ഷതങ്ങള്‍, മലയാളം ), 1988-ലെ "ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി " (ചിത്രം-വൈശാലി, മലയാളം), 1996-ലെ "ഊ ലലലാ.... " (ചിത്രം- മിന്‍സാര കനവു് ,തമിഴ്), 1997-ൽ "പായലിയേ ചുൻമുൻ ചുൻമുൻ.... " (ചിത്രം- വിരാസത്ത് ,ഹിന്ദി), 2004-ലെ ‘ഒവ്വൊരു പൂക്കളുമേ...’ (ചിത്രം- ഓട്ടോഗ്രാഫ്, തമിഴ് )
ഇതുവരെ കിട്ടിയ കേരള സംസ്ഥാന അവാർഡുകൾ ഇവയൊക്കെയാണു്. 1985-ൽ ‘ഒരേ സ്വരം ഒരേ നിറം...’ (ചിത്രം- എന്റെ കാണാക്കുയിൽ ), ‘പൂമാനമേ...’ (ചിത്രം- നിറക്കൂട്ടു് ), ‘ആയിരം കണ്ണുമായ്...’ (ചിത്രം- നോക്കെത്താദൂരത്തു് കണ്ണും നട്ടു് ), 1986-ൽ ‘മഞ്ഞൾ പ്രസാദവും..’ (ചിത്രം- നഖക്ഷതങ്ങൾ), 1987-ൽ ‘"ഈണം മറന്നകാറ്റേ.... " (ചിത്രം- ഈണം മറന്നകാറ്റു് ),‘താലോലം പൈതൽ...(എഴുതാപ്പുറങ്ങൾ), 1988-ൽ "ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി " (ചിത്രം-വൈശാലി), 1989-ൽ "കളരിവിളക്കു്.. " (ഒരു വടക്കന്‍ വീരഗാഥ), "തങ്കത്തോണി...." (മഴവിൽക്കാവടി ), 1990-ൽ "കണ്ണില്‍ നിന് മെയ്യില്‍.." (ഇന്നലെ), "പാലപ്പൂവേ.." (ഞാന്‍ ഗന്ധര്വന്), 1991-ൽ "താരം വാല്‍ക്കണ്ണാടി നോക്കി..." (കേളി ),"സ്വരകന്യകമാര്‍...." (സാന്ത്വനം), 1992-ൽ "മൌനസരോവരം " (സവിധം), 1993-ൽ "പൊൻ മേഘമേ...." (സോപാനം), "രാജഹംസമേ...." (ചമയം ), "സംഗീതമേ..." (ഗസല്‍), 1994-ൽ "പാർവ്വണേന്ദു..... " (പരിണയം), 1995-ൽ "ശശികല ചാര്‍ത്തിയ..." (ദേവരാഗം), 1999-ൽ "പുലര് വെയിലും..." (അങ്ങനെ ഒരു അവധിക്കാലത്തു്), 2001-ൽ "മൂളി മൂളി...." (തീര്‍ത്ഥാടനം), 2002-ൽ "കാര്‍മുകില്‍ വർണ്ണന്റെ " (നന്ദനം), 2005-ൽ "മയങ്ങിപ്പോയി...." (നോട്ടം) . ഇതു കൂടാതെ ആന്ധ്ര സര്‍ക്കാരിന്റെ വക 6 അവാർഡുകൾ, കര്‍ണാടക സംസ്ഥാനത്തിന്റെ നാലെണ്ണം, തമിഴ്നാട്, ഒറീസ സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍. ഇതിനെല്ലാം പുറമേ ഫിലിഫെയര്‍, സ്ക്രീന്‍ അവാർഡുകൽ, പ്രമുഖ ടെലിവിഷന്‍ കമ്പനികളുടെയും സാമൂഹികസംഘടനകളുടെയും അവാര്‍ഡുകള്‍, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍ ചിത്രയ്ക്കു ലഭിച്ചു. 2005 ല്‍ പത്മശ്രീ ബഹുമതി നല്കി രാഷ്ട്രം ചിത്രയെ ആദരിച്ചു. ചെന്നൈയിലെ സത്യഭാമ സർവ്വകലാശാ 2011-ൽ ചിത്രയ്ക്കു് ഡോക്ടറേറ്റ് നൽകി ആദരിക്കുകയുമുണ്ടായി.
ശ്രീമതി ചിത്രയുടെ ഭർത്താവു് എഞ്ചിനീയറും ബിസിനസ്സുകാരനുമായ ശ്രീ വിജയശങ്കർ. അവർക്കു് സ്വന്തമായുള്ള റിക്കോഡിംഗ് സ്റ്റുഡിയോയുടെ മേൽനോട്ടം വഹിക്കുന്നതു് ഇദ്ദേഹമാണു്. ദൈവം ഇവർക്കു കനിഞ്ഞുനല്കിയ മകള്‍ നന്ദന അപ്രതീക്ഷിതമായി 2011 -ൽ ലോകത്തോടു വിടവാങ്ങി. ശ്രീമതി കെ. എസ്. ബീനയെക്കൂടാതെ ചിത്രയ്ക്കു് ഒരു ഇളയ സഹോദരൻ കൂടെയുണ്ടു് - മഹേഷ്. അദ്ദേഹം ഗിറ്റാർ വായിക്കുന്നതിൽ സമർത്ഥനാണു്.
എസ്. ജാനകി, പി. സുശീല, വാണി ജയറാം, പി. മാധുരി, പി. ലീല തുടങ്ങിയ ശ്രേഷ്ഠഗായികമാര് മലയാള സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന കാലത്താണു തന്റെ മധുരസ്വരവുമായി ചിത്ര കടന്നു വന്നതും തന്റേതായ സ്ഥാനമുറപ്പിച്ചതും. ഈ സ്വരമാധുരി ചലച്ചിത്രസംഗീതരംഗത്തു് പ്രസരിക്കുവാൻ തുടങ്ങിയിട്ടു് 30 വര്‍ഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സംഗീത ലോകത്തു് 30 വർഷങ്ങളിലേറെ ജ്വലിച്ചു നിൽക്കുക എന്നതു് ഒരു ചെറിയ കാര്യമല്ല. ഈ വര്‍ഷങ്ങളത്രയും ശ്രോതാക്കൾ ചിത്രയുടെ പാട്ടുകേട്ടു, ചിരി കണ്ടു, അപ്രതീക്ഷിതമായി വന്നുഭവിച്ച വിഷമങ്ങളില്‍ ചിത്രയ്ക്കൊപ്പം നിന്നു. ഇന്നും നാമെല്ലാം ആയിരംകാതുകളും ആയിരം കണ്ണുകളുമായി മലയാളത്തിന്റെ ആ ശബ്ദസൌന്ദര്യത്തിനായി, ആ ചിരിക്കായി, ആ മുഖശ്രീയ്ക്കായി ഇനിയുമിനിയും കാത്തിരിക്കുന്നു...
തയ്യാറാക്കിയതു് - കല്യാണി
References :
Various media sources
മലയാളസംഗീതം- Malayalam Music & Movie Encyclopaedia