മലയാള സിനിമ കണ്ട അതുല്യ നടന്മാരിൽ മുൻപന്തിയിലാണ് ജഗതി ശ്രീകുമാർ. പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായിരുന്ന ജഗതി എന്‍ കെ ആചാരിയുടെയും പ്രസന്നയുടെയും മകനായി 1951 ജനുവരി 5നു് ജനിച്ചു.
ചെല്ലപ്പേരു് അമ്പിളി. സ്ക്കൂളിലും കോളേജിലും കലാരംഗത്തു് സജീവമായിരുന്നു. യുവജനോത്സവങ്ങളിലും ഇന്റര്‍ കോളേജ് യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ടു്.
സ്ക്കൂള് വിദ്യാഭ്യാസം മോഡല്‍ സ്ക്കൂളില്‍ പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നു് ബിരുദം നേടി.
കുറച്ചു നാള് മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്തു. കെ എസ് സേതുമാധവന്റെ കന്യാകുമാരി (1974) ആണു് ആദ്യത്തെ ചിത്രം.1975ല്‍ പ്രദര്‍ശനത്തിനെത്തിയ ചട്ടമ്പിക്കല്യാണിയിലൂടെയാണു് ശ്രദ്ധേയനായതു്.
അനേകം ചിത്രങ്ങളില്‍ ഹാസ്യതാരവും നായകനും സ്വഭാവനടനും ആയി ഗംഭീര അഭിനയമാണു് കാഴ്ചവച്ചിരിക്കുന്നതു്.
1991ല്‍ അപൂര്‍വ്വം ചിലര്‍, കിലുക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും 2002ല്‍ നിഴല്ക്കൂത്തിലെയും മീശമാധവനിലെയും അഭിനയത്തിനും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ആവാര്‍ഡ് ലഭിച്ചു.
അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, കല്യാണ ഉണ്ണികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ജഗതിയാണു്. ഹുക്കാ ഹുവാ മിക്കാഡോ എന്ന സീരിയല്‍ നിര്‍മ്മിച്ചു് അഭിനയിച്ചു.
2012 മാർച്ച് 10 ന്, മലപ്പുറം ജില്ലയിലെ തെനാലിപാലത്തെ കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപം പനമ്പറയിൽ വച്ച് ഉണ്ടായ റോഡ് അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായനായെങ്കിലും തുടർന്ന് അഭിനയിക്കാനോ സാധാരണ നിത്യജീവിതം നയിക്കാനോ കഴിഞ്ഞിട്ടില്ല. അതിന് ശേഷം ചില സിനിമകളിൽ അദ്ദേഹത്തിനെ ഉൾപ്പെടുത്തിയെങ്കിലും അവ വെറുതെ പ്രചാരണത്തിന് വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ കുടുംബാങ്ങങ്ങളോടൊപ്പം തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിച്ച് വരുന്നു.
മൂന്ന് മക്കളുണ്ടു്. രാജ്കുമാറും, പാര്‍വ്വതിയും (ഭാര്യ ശോഭയിൽ) , നടി ശ്രീലക്ഷ്മി ശ്രീകുമാർ (കല എന്ന പഴയ കാല അഭിനേത്രിയിൽ).. രാജ്കുമാര് ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19ല്‍ അഭിനയിച്ചിരുന്നു.