SL Puram Sadanandan
Producer
മലയാള നാടക-സിനിമാ രംഗത്തെ അതികായന്മാരിൽ ഒരാളായിരുന്നു എസ്.എല്‍.പുരം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ എസ്.എല്‍.പുരം സദാനന്ദന്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ഗ്രാമത്തില്‍ കലവൂരിനടുത്തു് എസ്. എൽ. പുരത്തു് ‘കാക്കരവീടു്’ എന്ന ഇടത്തരം കര്‍ഷക കുടുംബത്തിലാണു് 1927 ഏപ്രിൽ 15നു് അദ്ദേഹം ജനിച്ചതു്. പിതാവു് പി. നാരായണൻ. മാതാവു് കാർത്ത്യായനി. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും കലാരംഗത്തു് താല്പര്യം കാണിക്കുകയും ചെയ്തിരുന്ന അദ്ദേഹം തന്റെ നീണ്ടകാലത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങളാണു് നാടകങ്ങളിലും പിന്നീടു് തിരക്കഥകളിലും കൂടുതലും പ്രതിഫലിപ്പിച്ചിരുന്നതു്. ആർ. സുഗതനെന്ന പഴയകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ അനുഗ്രഹാശിസ്സുകളോടെയാണു് അദ്ദേഹം നാടകരംഗത്തേക്കെത്തുന്നതു്. ആദ്യനാടകമായ “കുടിയിറക്കു്” എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു.
നാടകരംഗത്തു സജീവമായ അദ്ദേഹം എസ്.എൽ.പുരത്തു് ‘കല്പന’ തീയേറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ചു. ഒരാൾ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യൻ തുടങ്ങി കല്പന തീയേറ്റേഴ്സിന്റേതായി ഇറങ്ങിയ ധാരാളം നാടകങ്ങൾ വളരെ ജനശ്രദ്ധ നേടി. 1962-ൽ ‘ശ്രീകോവിൽ’ എന്ന ചിത്രത്തിനുവേണ്ടി തിരക്കഥാ,സംഭാഷണങ്ങൾ നിർവ്വഹിച്ചു കൊണ്ടു് അദ്ദേഹം സിനിമാരംഗത്തേക്കു കടന്നു വന്നു. മലയാളത്തിനു് ഏറ്റവും നല്ല സിനിമയ്ക്കുള്ള ആദ്യ സ്വർണ്ണമെഡല്‍ നേടിത്തന്ന ‘ചെമ്മീനി’ന്റെ തിരക്കഥാകൃത്തു് എസ്.എല്‍.പുരം ആയിരുന്നു. നല്ല തിരക്കഥാകൃത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച ആദ്യത്തെ മലയാളിയും അദ്ദേഹം തന്നെ. ‘അഗ്നിപുത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണു് 1967-ൽ ദേശീയ അവാർഡ് കിട്ടിയതു്. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ‘കാവ്യമേള’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയതും ഇദ്ദേഹമാണു്.
പിന്നീടു് എഴുപതുകളിലാണു് അദ്ദേഹം “സൂര്യസോമ” തിയേറ്റേഴ്സ് സ്ഥാപിക്കുന്നതു്. മലയാള നാടകരംഗത്തു് ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ച “കാട്ടുകുതിര”എന്ന നാടകം സൂര്യസോമയുടേതാണു്. രാജൻ പി.ദേവ് എന്ന അനുഗ്രഹീതനടൻ പ്രശസ്തിയിലേക്കെത്തുന്നതു് കാട്ടുകുതിരയിലൂടെയാണു്. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം തുടങ്ങി ഒട്ടനവധി നാടകങ്ങൾ ഈ സമിതിയുടേതായി അരങ്ങിലെത്തി. തന്റെ കലാജീവിതത്തിന്റെ സായാഹ്നം വരെ അൻപതിലേറെ നാടകങ്ങൾ എഴുതി, സംവിധാനം ചെയ്ത എസ്.എൽ.പുരം 1962 ലെ ‘ശ്രീകോവിൽ’ മുതൽ 2000-ത്തിൽ പുറത്തിറങ്ങിയ ‘കല്ലുകൊണ്ടൊരു പെണ്ണു്’ വരെ 58 സിനിമകൾക്കു് കഥയെഴുതുകയും 99 സിനിമകൾക്കു് തിരക്കഥയും, 126 സിനിമകൾക്കു് സംഭാഷണങ്ങൾ നിർവ്വഹിക്കുകയും ചെയ്തു. ‘അഗ്നിശുദ്ധി’ എന്ന നോവലും ‘ആയിരം വർണ്ണങ്ങള്‍’ എന്ന ഓര്‍മ്മക്കുറിപ്പും ഇദ്ദേഹം എഴുതിയിട്ടുണ്ടു്.
‘അഗ്നിപുത്രി’, ‘കാവ്യമേള’ എന്നീ ചിത്രങ്ങൾക്കു ലഭിച്ച ദേശീയപുരസ്കാരങ്ങൾ കൂടാതെ, ‘ഒരു പെണ്ണിന്റെ കഥ’, ‘യവനിക’ എന്നീ ചിത്രങ്ങൾക്കു് സംസ്ഥാന അവാർഡുകളും ‘കാക്കപ്പൊന്നു്’ എന്ന നാടകത്തിനു് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഒരാള്‍കൂടി കള്ളനായി എന്ന നാടകത്തിനു് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അവാർഡും കൂടാതെ കേന്ദ്രവിദ്യാഭ്യാസവകുപ്പിന്റെ ബഹുമതിയും ലഭിച്ചു. മലയാളനാടകവേദിക്കു് എസ്.എൽ.പുരം നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി കേരളസംഗീതനാടക അക്കാദമി 2007 മുതൽ “എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം” നൽകാനാരംഭിച്ചു. നാടകപ്രതിഭകളെ ആദരിക്കാനായാണു് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഈ പുരസ്കാരം ഏർപ്പെടുത്തിയതു്.
ആലപ്പുഴ കൊമ്മാടിവെളിയിൽവീട്ടിൽ ശ്രീമതി ഓമനയാണു് ശ്രീ സദാനന്ദന്റെ സഹധർമ്മിണി. സദാനന്ദൻ-ഓമന ദമ്പതികൾക്കു് രണ്ടു ആൺമക്കളാണു് - ചലച്ചിത്രസംവിധായകനായ ജയസൂര്യയും, സിനിമാസംഭാഷണ രചയിതാവും,സിനിമ & സീരിയൽ നടനുമായ ജയസോമയും. ഇവരുടെ പേരുകൾ ചേർത്താണു് തന്റെ നാടകസമിതിക്കു് “സൂര്യസോമ” തിയേറ്റേഴ്സ് എന്ന പേരു് അദ്ദേഹം നൽകിയതു്.
2005 സെപ്റ്റംബർ 16 നു് തന്റെ എഴുപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം നമ്മോടു് യാത്രപറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 0
Available Short Movies : 0