ഫോർട്ട് കൊച്ചിയിലെ മാളിയേക്കൽ കൊച്ചുകുഞ്ഞിന്റേയും പാർവ്വതിയുടെയും
പതിന്നാലുമക്കളിൽ പതിന്നാലാമൻ. ജനിച്ച് ആറാം മാസം അച്ഛൻ മരിച്ചു.
തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലം.
വീട്ടിലെ കഷ്ടപ്പാട് സഹിക്കുവാൻ കഴിയാതെ അമ്മ അർജ്ജുനനെയും
അദ്ദേഹത്തിന്റെ ജ്യേഷ്ടൻ പ്രഭാകരനേയും ഒരു കുടുംബസുഹൃത്തായ രാമൻ
വൈദ്യന്റെ നിർദേശപ്രകാരം പഴനിയിലുള്ള ജീവകാരുണ്യ ആനന്ദാശ്രമത്തിൽ
ചേർത്തു. എന്തെങ്കിലും കൈത്തൊഴിൽ പഠിച്ചു രക്ഷപ്പെടട്ടെ എന്നു കരുതി.
രണ്ടു പേരും പായനിർമ്മാണം അവിടെ വെച്ചു പഠിച്ചു. ആശ്രമത്തിൽ ദിവസവും
സന്ധ്യയ്ക്ക് ഭജനകൾ ഉണ്ടാകും. രണ്ടുപേരും അതിൽ സജീവമായി
പങ്കെടുത്തിരുന്നു. ആശ്രമാധിപനായ നാരായണസ്വാമി ഇവരുടെ പാടാനുള്ള കഴിവു
തിരിച്ചറിഞ്ഞു കുമാരയ്യപ്പിള്ളൈ എന്ന ഗുരുവിനെ സംഗീതം പഠിപ്പിക്കുവാൻ
ഏർപ്പാടു ചെയ്തു. ഏഴുവർഷത്തെ ആശ്രമജീവിതത്തിൽ ഗീതങ്ങളും വർണ്ണങ്ങളും
പഠിച്ചു. തുടർന്നു സ്വാമി ആശ്രമം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. കുറച്ചു
മാസങ്ങൾ അവിടെ താമസിച്ചശേഷം രണ്ടുപേരും നാട്ടിലേക്കു മടങ്ങി.കച്ചേരികൾ
ലഭിച്ചുവെങ്കിലും ദാരിദ്ര്യം നീങ്ങിയില്ല. പതിനാലാം വയസ്സിൽ മറ്റു
ജോലികൾക്കു പോയിത്തുടങ്ങി. ഇടവേളകളിൽ ഹാർമ്മോണിയം വായിക്കാൻ തുടങ്ങി.
അറിഞ്ഞുകേട്ട് കൊച്ചിയിലെ നാടകക്കമ്പനിയുടമയും കഥാകൃത്തുമായ പൌലോസ്
‘പള്ളിക്കുറ്റം’ എന്ന നാടകത്തിന് പാട്ടു കംപോസ് ചെയ്യാൻ ആവശ്യപ്പെട്ടു.
നേരത്തെ നിശ്ചയിച്ചിരുന്ന ആൾ എത്തിയിരുന്നില്ല. മാസ്റ്റർക്ക്
പരിചയമില്ലാത്ത മേഖലയായിരുന്നു സംഗീതസംവിധാനം. പാട്ടുപാടാൻ അറിയാമെന്ന
ആത്മവിശ്വാസം മാത്രമാണു കൈമുതൽ. തുടർന്നു ‘കുറ്റം പള്ളിക്ക്’ എന്ന
നാടകത്തിനു ഗാനങ്ങൾ കംപോസ് ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റൊരു സമിതിയും
എത്തി. രണ്ടു ജോലികളും ഏറ്റെടുത്തു വിജയപ്പിച്ചു. തുടർന്ന് ചങ്ങാനാശ്ശേരി
ഗീഥ,ആലപ്പി തിയേറ്റേർസ് എന്നീ സമിതികളിൽ അവസരം ലഭിച്ചു.
1961ൽ കാളിദാസ കലാകേന്ദ്രത്തിൽ വെച്ചു ദേവരാജൻ മാസ്റ്ററെ ആദ്യമായി
പരിചയപ്പെട്ടു. ദേവരാജൻ മാഷിനു ഒരു ഹാർമ്മോണിസ്റ്റിനെ വേണമായിരുന്നു. ആളെ
അയച്ചു വരുത്തുകയായിരുന്നു. “അർജ്ജുനനായാലും ഭീമനായാലും ജോലിക്കു
കൊള്ളില്ലെങ്കിൽ ഞാൻ പറഞ്ഞുവിടും” അങ്ങനെയായിരുന്നു ദേവരാജൻ മാഷിന്റെ
പരിചയപ്പെടൽ. ആ പരിചയപ്പെടലിൽ ആരംഭിച്ച ബന്ധം അഞ്ചര പതിറ്റാണ്ട്
നിലനിന്നു. ദേവരാജൻ മാസ്റ്റർ സിനിമയിൽ തിരക്കായപ്പോൾ കാളിദാസ
കലാകേന്ദ്രത്തിലെ ഹാർമ്മോണിസ്റ്റ് എന്ന സ്ഥാനത്തുനിന്ന്
സംഗീതസംവിധായകനായി മാറി. കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി ധാരാളം
നാടകഗാനങ്ങൾ കംപോസ് ചെയ്തു.
ഒരു ദിവസം നാടകകൃത്തായ സി പി ആന്റണി ‘കറുത്ത പൌർണ്ണമി’ എന്ന സിനിമയ്ക്ക്
സംഗീതം ഒരുക്കണം എന്നാവശ്യപ്പെട്ടു. ഗാനങ്ങൾ പി ഭാസ്കരൻ. നിർമ്മാതാവിന്
ബാബുരാജ് സംഗീതം ചെയ്യണമെന്നാണു താല്പര്യം. സംവിധായകനും
തിരക്കഥാകൃത്തിനും അർജുനൻ മാസ്റ്റർ വേണമെന്നും. ആരുവേണമെന്ന തർക്കം
ഒടുവിൽ ഭാസ്കരൻ മാഷിനു വിട്ടു. “ഞാൻ ആദ്യം മൂന്നു പാട്ട് എഴുതാം അർജുനൻ
ചെയ്തശേഷം തീരുമാനിക്കാം” എന്നു മാഷ് പറഞ്ഞു. പാട്ടുകൾ കംപോസ് ചെയ്ത്
മാഷിനെ കേൾപ്പിച്ചു. മാഷ് മിണ്ടുന്നില്ല. ഒടുവിൽ മാഷ് പറഞ്ഞു
“നാളെക്കാണാം” നിരാശയോടെ ഹാർമ്മോണിയം തൂക്കി മടങ്ങി. പിറ്റേന്ന് രാവിലെ
നിർമ്മാതാവ് പറഞ്ഞു “നമ്മൾ മുന്നോട്ടു പോകുന്നു” അങ്ങനെ പി ഭാസ്കരൻ മാഷ്
എന്ന പ്രതിഭാധനന്റെ അനുഗ്രഹത്തോടെ മലയാളസിനിമാസംഗീതലോകത്തേക്ക്
പിച്ചവെച്ചു. സിനിമ വിജയിച്ചില്ലെങ്കിലും പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു.
“മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ”, “ഹൃദയമുരുകി
നീ കരയുകയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം” എന്നീ പാട്ടുകൾ
ശ്രോതാക്കളുടെ ചുണ്ടിൽ വർഷങ്ങളോളം ഇടം പിടിച്ചു. 1968ൽ ആയിരുന്നു അത്.
തൊട്ടടുത്ത കൊല്ലം ‘റെസ്റ്റ് ഹൌസ്’ എന്ന പടത്തിലെ പാട്ടുകൾ സംവിധാനം
ചെയ്തു. അതു പ്രശസ്തമായ ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ പിറവിക്കു
കാരണമായി. 70കളിൽ വയലാർ-ദേവരാജൻ ടീമും ശ്രീകുമാരൻ തമ്പി-അർജുനൻ ടീമും
തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം നിലനിന്നിരുന്നു. ഫലം മലയാളത്തിൽ ഒരു പിടി
നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളികൾക്ക് അവസരം കിട്ടി.
ഇതിനിടയ്ക്ക് ദേവരാജൻ മാസ്റ്ററുടെ ട്യൂണുകൾ ആണ് പാട്ടുകളിൽ
ഉപയോഗിക്കൂന്നതെന്ന അപവാദം കേട്ടു. പലരും ഈ പാവം മനുഷ്യനിൽ നിന്നാണ്
നല്ല ട്യൂണുകൾ വരുന്നതെന്ന് വിശ്വസിക്കാൻ തയ്യാറായില്ല. ആരോ ട്യൂണുകൾ
ഉണ്ടാക്കാൻ സഹായിക്കുന്നു എന്നൊക്കെയുള്ള ദുഷ്പ്രചരണം ഉണ്ടായി. ഒരു
പ്രൊഡ്യൂസർ ഇത് ശരിയാണോ എന്നു തെളിയിക്കുവാൻ വേണ്ടി അർജ്ജുനൻ മാസ്റ്ററെ
ഒരു മുറിയിൽ ‘തടവി‘ൽ പാർപ്പിച്ചു ട്യൂൺ ചെയ്യിപ്പിക്കുന്നതു വരെ ചെയ്തു.
പക്ഷെ മാസ്റ്റർ എല്ലാ പരീക്ഷണങ്ങളും വിജയകരമായി തരണം ചെയ്തു.
‘പുഷ്പാഞ്ജലി’ യിലെ ഗാനങ്ങൾ അങ്ങനെ ‘തടവി’ൽ കിടക്കുമ്പോൾ
ഉണ്ടാക്കിവയാണ്.
ജോളി ഏബ്രഹാം, സുജാത, ജെൻസി തുടങ്ങിയ ഗായകരെ മലയാളം സിനിമയ്ക്ക്
പരിചയപ്പെടുത്തിയത് അർജുനൻ മാഷ് ആണ്. പ്രശസ്ത സംഗീതസംവിധായകൻ ആർ കെ ശേഖർ
മാസ്റ്ററുടെ പ്രിയപ്പെട്ട സഹായിയായിരുന്നു. എല്ലാ ഗായകർക്കും പാടാൻ അവസരം
കൊടുത്തിട്ടുണ്ട്,എന്നാൽ യേശുദാസ് ആണ് ഗാനങ്ങളുടെ എണ്ണത്തിൽ മുൻപിൽ
നിൽക്കുന്നത്.
കലാജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി. വയലാർ, ശ്രീകുമാരൻ തമ്പി, ഓ എൻ വി, എ പി ഗോപാലൻ തുടങ്ങിയ
അതുല്യപ്രതിഭകളുടെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കാൻ കഴിഞ്ഞത് ഭാഗ്യമായി
മാസ്റ്റർ കരുതുന്നു. ഈ എഴുപത്തിയഞ്ചാം വയസ്സിലും നാടകഗാനങ്ങൾക്ക്
സംഗീതമൊരുക്കി മാഷ് സംഗീതരംഗത്ത് സജീവമാണ്.
ജയരാജ് സംവിധാനം ചെയ്യുന്ന ‘നായിക’ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ
തമ്പി-അർജ്ജുനൻ ടീം പതിനെട്ടു വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നതാണ്
പുതിയ വിശേഷം. മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാർഡുകൾ 14 തവണ
ലഭിച്ചു. പക്ഷെ സിനിമസംഗീതത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് അര്ഹനാകാന് അന്‍പത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
ഭയാനകത്തിലെ ഗാനങ്ങളിലൂടെ ഒടുവില്‍ അദ്ദേഹത്തിനു സംസ്ഥാന പുരസ്കാരം ലഭിച്ചു . നാടകത്തിനും സിനിമയ്ക്കും സംഗീതം ഒരുക്കാൻ കഴിയുമെന്നു
മാസ്റ്റർ പ്രതീക്ഷിച്ചിരുന്നില്ല. പ്രശസ്തനായ ഗായകനാകണമെന്ന്
ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹവും സാധിച്ചില്ല.
2020 ഏപ്രില്‍ 6 നു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അന്തരിച്ചു
അവലംബം: കേരളാകൌമുദി ആഴ്ച്ചപ്പതിപ്പ്, വിക്കീപീഡിയ