വെള്ളനാട് നാരായണന് 1943 മാര്‍ച്ച് രണ്ടാം തീയതി തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമത്തില്‍ ജനിച്ചു. വെള്ളനാട് പുരമ്പിന്‍ കോണത്തുവീട്ടില്‍ പൊന്നന്റെയും തങ്കമ്മയുടെയും മകനാണ്.
നെടുമങ്ങാട് ഹൈസ്കൂളില്‍ പഠനത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്തു. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു. ഇപ്പോള്‍ വിരമിച്ചു. വെള്ളനാട്ട് വസന്തം എന്ന വീട്ടില്‍ വിശ്രമിക്കുന്നു. ഭാര്യയും മൂന്നു മക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബം.
വെള്ളനാട് സഹൃദയ കലാവേദിയിലെ പരിപാടികളും, വെള്ളനാട് പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളും, വെള്ളനാട് ക്ഷേത്രോത്സവങ്ങളുമായി ബാല്യകാലം. പുസ്തകങ്ങളുമായുള്ള ബന്ധം ആഴത്തിലുള്ള വായനയ്ക്കും അതുവഴി ഭാവനാസമ്പന്നമായ എഴുത്തിനും വഴിയൊരുക്കി.
അറുപതുകളുടെ മദ്ധ്യം മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങി. 'ജ്വാലാമുഖം' എന്ന ഏകാങ്കനാടകത്തിലൂടെ നാടകരചയിതാവായി. 1964 ല്‍ 'വര്‍ഷമേഘങ്ങള്‍ ' എന്ന രണ്ടരമണിക്കൂര്‍ നാടകത്തിലൂടെ അമച്വര്‍ നാടകരംഗത്തെത്തി. വര്‍ഷമേഘങ്ങള്‍ അനവധി സമ്മാനങ്ങള്‍ നേടി. 'അര്‍ഥാന്തരം', 'ആദിത്യഹൃദയം എന്നീ നാടകങ്ങളിലൂടെ കൂടുതല്‍ ജനകീയനായി.
സുഹൃത്തായ കല്ലയം കൃഷ്ണദാസ് മുഖേനയാണ് നാരായണന് 'അവളെന്റെ സ്വപ്നം' എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥയെഴുതാനായി സിനിമയിലെത്തി. ആ സിനിമ പക്ഷേ റിലീസ് ആയില്ല.
തുടര്‍ന്ന് 'സരസ്വതീയാമം' എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതി. 'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ ' എന്ന ഗാനം ഹിറ്റായി. എങ്കിലും നാരായണന് ഇഷ്ടമായ ഗാനം സരസ്വതീയാമത്തിലെ തന്നെ 'ശ്രീരഞ്ജിനി സ്വരരാഗിണീ' എന്ന ഗാനമാണ്. 'ഓരോ പൂവിലും' എന്ന ചിത്രത്തിലെ 'പൂവേ പൊലി പാടാന്‍ വരും പൂവാലിക്കിളിയേ' എന്ന ഗാനവും നാരായണന്റെ ജനപ്രിയ ഗാനങ്ങളില്‍ ഒന്നാണ്.
'പൌരുഷം' എന്ന ചിത്രവും ഗാനങ്ങളുമാണ് നാരായണന് കുറച്ചുകൂടി പേരു നേടിക്കൊടുത്തത്.
പ്രശസ്തഗാനരചയിതാവ് പാപ്പനം കോട് ലക്ഷ്മണനും നാരായണനും അടുത്ത സുഹൃത്തുക്കളായിരുന്നു. സംവിധായകന് ശശികുമാര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുവാനായി കഥയ്ക്കുവേണ്ടി അന്വേഷിച്ചപ്പോള്‍ ലക്ഷ്മണനാണ് ശശികുമാറിനോട് നാരായണന്റെ പേര് നിര്‍ദ്ദേശിച്ചത്. അര്‍ഥാന്തരം എന്ന നാടകം കണ്ടിട്ടുണ്ടായിരുന്ന ശശികുമാര്‍ വേറൊന്നാലോചിച്ചില്ല. നാരായണന് എത്തുന്നു. സെറ്റിലിരുന്നാണ് പൌരുഷത്തിന്റെ കഥ എഴുതുന്നത്. എഴുതിയത് എഴുതിയത് ഷൂട്ട് ചെയ്തു. പ്രശസ്തമായ സുദര്ശന് ചിറ്റ് ഫണ്ട്സ് പൊളിഞ്ഞ കഥയാണ് പൌരുഷത്തിന് ആധാരം. തമ്പി കണ്ണന്താനമായിരുന്നു അന്ന് സഹസംവിധായകന് . 'ഇനിയും ഇതള്‍ ചൂടി വിരിയും' എന്ന ഗാനം അദ്ദേഹത്തിന് പ്രിയങ്കരമായ ഒരു ഗാനമാണ്. ഇരുപത്തി എട്ടോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. എങ്കിലും പലചിത്രങ്ങളും വെളിച്ചം കണ്ടില്ല. തിരക്കഥയെഴുതുവാനുള്ള നാരായണന്റെ വേഗത സിനിമാരംഗത്തെ പലരെയും അല്‍ഭുതപ്പെടുത്തി. എങ്കിലും വെള്ളനാട് നാരായണന് എന്ന പ്രതിഭ മലയാളസിനിമയില്‍ കുപ്പയിലെ മാണിക്യം പോലെ അധികം പ്രഭചൊരിയാനായില്ല.
'പൌരുഷം' ഹിറ്റായപ്പോള്‍ സിനിമയില്‍ തന്നെ നില്ക്കാന് ശശികുമാര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ സിനിമ ഒരു സ്ഥിരം വരുമാനം നല്‍കുമോ എന്ന ഭയം തീര്‍ച്ചയായും ഉണ്ടായിരുന്നു. അവസരങ്ങള്‍ ചോദിക്കാനും, കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാനുമുള്ള മടിയും, നാടകത്തോടുള്ള പ്രണയവും സിനിമാഭ്രമത്തില് നിന്ന് നാരായണനെ മാറ്റി നിര്‍ത്തി. ഒരു എഴുത്തുകാരന്റെ പ്രതിഭ നാടകത്തിലാണ് കൂടുതല്‍ പ്രതിഫലിക്കുക എന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലിയിലെ വരുമാനം കൊണ്ട് അദ്ദേഹം കുടുംബം നോക്കിനടത്തി.
നാടകരംഗത്ത് വളരെ സജീവമായിത്തന്നെ നിലകൊണ്ടു നാരായണന് . കര്ണ്ണന് , തിരുവനന്തപുരം നവോദയാ തീയറ്റേഴ്സിന്റെ 'കൃഷ്ണായനം' എന്നിവ അഭൂതപൂര്‍വമായ വിജയങ്ങളായിരുന്നു. ചിലപ്പതികാരം നാടകമാക്കിയപ്പോള്‍ ചിലപ്പതികാരത്തിന്റെ മലയാള പരിഭാഷകനും, മധുരാ സര്‍വകലാശാല ഡീനുമായിരുന്ന നെന്മാറ പരമേശ്വരന് നായര്‍ നാരായണന്റെ ടെലഫോണ്‍ നമ്പര്‍ തിരഞ്ഞു പിടിച്ച് വിളിച്ച് അഭിനന്ദിക്കുകയുണ്ടായി.
ഏഷ്യാനെറ്റ് സീരിയലുകളില്‍ മുന്‍ നിരയില്‍ നില്ക്കുന്ന 'ദേവീ മാഹാത്മ്യ'ത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയത് നാരായണനാണ്. പക്ഷേ അവിചാരിതമായി എത്തിയ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അതില്‍ നിന്നും വിലക്കിനിര്‍ത്തി.
2015 ആഗസ്റ്റ് 8 ന് ശ്വാസ കോശ അർബുദവുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ ഇഹലോകവാസം വെടിഞ്ഞു
കടപ്പാട് :
മലയാളസംഗീതം.ഇന്‍ഫോയ്ക്ക് വേണ്ടി ശ്രീദേവി പിള്ള നേരിട്ട് നടത്തിയ അഭിമുഖത്തില്‍ നിന്ന്
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാവുന്നതാണ്.