മലയാളസിനിമയുടെ വളർച്ചയുടെ വഴികൾ പരിശോധിക്കുമ്പോൾ എന്നെന്നും ഓർമ്മിക്കപ്പെടേണ്ട ഒരു അസാമാന്യവ്യക്തിത്വമാണു് ശ്രീ ശ്രീകുമാരൻ തമ്പി. കവി, ഗാനരചയിതാവു് എന്നിങ്ങനെ സാധാരണ എല്ലാവരും ഓർമ്മിക്കുന്ന പദവികൾക്കപ്പുറം തിരക്കഥാകൃത്തു്, സംവിധായകൻ, നിർമ്മാതാവു്, സംഗീതസംവിധായകൻ, എന്നിങ്ങനെ ബഹുമുഖങ്ങളായ നിലകളിൽ എഴുപതുകൾ മുതൽ രണ്ടോ മൂന്നോ ദശകങ്ങൾക്കപ്പുറം നിറഞ്ഞു നിന്ന, ഇന്നും നിൽക്കുന്ന, ഒരു ചലച്ചിത്രസപര്യയുടെ ഉടമയായ അദ്ദേഹം ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടു് കളരിക്കൽ ശ്രീ പി. കൃഷ്ണപിളളയുടേയും ശ്രീമതി ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-നു് ജനിച്ചു. പ്രശസ്ത നോവലിസ്റ്റ് ശ്രീ പി.വി.തമ്പി (പി. വാസുദേവൻ തമ്പി), പ്രശസ്ത അഭിഭാഷകനായ പി. ജി. തമ്പി എന്നിവർ ശ്രീകുമാരൻ തമ്പിയുടെ സഹോദരന്മാരാണു്. പല കാരണങ്ങൾ കൊണ്ടും കഷ്ടപ്പാടു നിറഞ്ഞ ഒരു ബാല്യകാലം ആയിരുന്നു അദ്ദേഹത്തിന്റേതു്. എങ്കിലും വിദ്യാഭ്യാസപരമായി വളരെ ഉന്നതങ്ങളിൽ എത്തിയിരുന്നു അദ്ദേഹം. ഹരിപ്പാട്ട് ഗവണ്മെന്റ് ഗേൾസ് സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ, ആലപ്പുഴ എസ്.ഡി. കോളജ്, , തൃശൂർ എൻജിനീയറിങ്ങു് കോളജ്, മദ്രാസ് ഐ.ഐ.ഇ.റ്റി. എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസകാലത്തുതന്നെ കവിതാരചനയിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിനു് ധാരാളം കാവ്യരചനാമത്സരങ്ങളിൽ സമ്മാനം ലഭിച്ചിരുന്നു. അക്കാലത്തു് ‘ഹരിപ്പാടു് ശ്രീകുമാരൻ തമ്പി‘ എന്ന പേരിൽ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു അദ്ദേഹം.
എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ശ്രീ തമ്പി കേരളാ ഗവണ്മെന്റിൽ അസിസ്റ്റന്റ് ടൗൺ പ്ലാനറായി പ്രവർത്തിക്കുമ്പോഴാണു് ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതുന്നതു്. 1966ൽ ശ്രീ പി.സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’യിൽ 10 ഗാനങ്ങൾ രചിച്ചു് സിനിമാരംഗത്തേക്കു പ്രവേശിക്കുന്ന സമയത്തു് അദ്ദേഹത്തിനു് 26 വയസ്സു പ്രായമേ ഉണ്ടായിരുന്നുയുള്ളൂ. പ്രതിഭാധനന്മാരായ ഭാസ്കരൻ മാസ്റ്ററും ഓ.എൻ.വിയും വയലാറും മലയാളസിനിമയിൽ സജീവമായി ജ്വലിച്ചു നിന്നിരുന്ന ആ സമയത്തു് അവർക്കൊപ്പം തലയെടുപ്പോടെ നിന്നു്, തന്റേതായ ഇടം കണ്ടെത്തിയ ശ്രീ തമ്പി ‘കാട്ടുമല്ലിക’യ്ക്കു ശേഷം ‘പ്രിയതമ', ‘ചിത്രമേള' എന്നീ സിനിമകളിൽ പാട്ടുകളെഴുതി. ഒരു ചിത്രത്രയമായിരുന്ന ‘ചിത്രമേള'യിലെ പ്രധാനസിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.
‘ചിത്രമേള'യിലെ എട്ടു പാട്ടുകളും സെന്‍സേഷണല്‍ ഹിറ്റായി. യേശുദാസ് എല്ലാ പാട്ടുകളും പാടിയ ആദ്യചിത്രമായിരുന്നു ‘ചിത്രമേള'. ചിത്രമേളയുടെ തുടക്കത്തോടെ അദ്ദേഹത്തിനു് ഗവണ്മെന്റ് ജോലിയിൽ നിന്നു പിരിയേണ്ടിവന്നു. കാരണം അന്നു് കേരളസർക്കാർ ജീവനക്കാർക്കു് പ്രതിഫലം പറ്റുന്ന മറ്റുജോലികളിൽ ഏർപ്പെടുന്നതു് അംഗീകരിക്കപ്പെട്ടിരുന്നില്ല. അനുവാദമില്ലാതെയാണ് അത്തരം പുറം ജോലികൾ ചെയ്തതു് എന്നതിന്റെ പേരിൽ അദ്ദേഹത്തോടു് വിശദീകരണം ചോദിക്കുകയും അതിനോടു് യോജിപ്പില്ലാതെ അദ്ദേഹം ജോലി വിടാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീടു് മദ്രാസ് കോര്‍പ്പറേഷനിലെ ടൗണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ജോലി കിട്ടിയെങ്കിലും ഒരു ദിവസത്തിനപ്പുറം നിന്നില്ല ആ ജോലി - അവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെടാതെ ആ ജോലിയും ഉപേക്ഷിച്ചു. പിന്നീടു്, കൈയിലുണ്ടായിരുന്ന 5000 രൂപ വച്ചുകൊണ്ട് ‘തമ്പീസ് കണ്‍സ്ട്രക്ഷന്‍സ്’ എന്നൊരു ബില്‍ഡിംഗ് കമ്പനി ആരംഭിച്ചു. “ആ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിക്കൊണ്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പാട്ടും എഴുതിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിക്കിട്ടിയ ആ പണം കൊണ്ടാണ് ഞാന്‍ നിലനിന്നതും എന്റെ സിനിമാപ്രവർത്തനങ്ങൾ നടത്തിയതും“ എന്നാണു് ശ്രീ തമ്പി തന്നെ ആ സംരംഭത്തെക്കുറിച്ചു പറയുന്നതു്.
അങ്ങനെ ചലച്ചിത്രബാഹ്യമായ ആ സംരംഭത്തിന്റെ പിൻബലത്തോടെ ഏതാണ്ടു മൂന്നോ മൂന്നരയോ പതിറ്റാണ്ടു് നീണ്ടു നിന്ന അദ്ദേഹത്തിന്റെ സിനിമാസപര്യ സജീവമായ പാതയിലേക്കു തിരിഞ്ഞു. ആ ചലച്ചിത്രയാത്രയിൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല - ഒരു പക്ഷെ ഛായാഗ്രഹണവും ഗാനാലപനവും ഒഴിച്ചു്. ഗാനരചയിതാവു്, തിരക്കഥാകൃത്തു്, സംവിധായകൻ, നിർമ്മാതാവു്, സംഗീതസംവിധായകൻ എന്നിങ്ങനെ എല്ലാ പ്രധാനമേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു. എങ്കിലും ഗാനരചയിതാവു് എന്നതിനപ്പുറത്തുള്ള അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങളുടെ വ്യാപ്തി വേണ്ടവിധത്തിൽ കലാലോകം അംഗീകരിച്ചിട്ടുണ്ടോ, അല്ലെങ്കിൽ സിനിമാപ്രേമികൾ ഓർമ്മിക്കുന്നുണ്ടോ എന്നു തന്നെ സംശയമാണു്. ഉദാഹരണത്തിനു്, എഴുപത്തെട്ടു സിനിമകൾക്കു വേണ്ടി അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ടു് എന്ന വസ്തുതയോ തോപ്പിൽ ഭാസി, എസ് എൽ.പുരം സദാനന്ദൻ എന്നിവർ മാത്രമേ ഇതിൽ കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ളൂ എന്ന കാര്യമോ എത്ര സിനിമാപ്രേമികൾ ഓർക്കാറുണ്ടു് ? ഇരുപത്തിരണ്ടു ചലച്ചിത്രങ്ങൾ സ്വന്തമായി നിർമ്മിച്ചിട്ടുള്ള അദ്ദേഹത്തിനേക്കാൾ കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളതു് ഒരു പക്ഷെ അംഗീകൃതനിർമ്മാണക്കമ്പനികളായ ഉദയയോ മെറിലാന്റോ മാത്രമായിരിക്കും - ശ്രീ തമ്പി സിനിമാമണ്ഡലത്തിൽ സജീവമായിരുന്ന കാലയളവു വരെയെങ്കിലും- മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടു് അദ്ദേഹം. കൂടാതെ, 2012 വരെ ഏഴോ എട്ടോ ടെലിവിഷൻ പരമ്പരകൾ നിർമ്മിച്ചിട്ടുണ്ട്.
ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയ അദ്ദേഹം നാലു കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണു്. ചലച്ചിത്രഗാനങ്ങൾ കൂടാതെ ലളിതഗാനശാഖയിലും സജീവമായിരുന്നു അദ്ദേഹം. മലയാളിമനസ്സുകൾ നെഞ്ചേറ്റി ലാളിക്കുന്ന, ഇന്നും നമ്മുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ധാരാളം ‘സൂപ്പർ ഹിറ്റ്‘ ലളിതഗാനങ്ങൾ അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ആർ.കെ.ശേഖർ, എം.എസ്.വിശ്വനാഥൻ, ശ്യാം, സലിൽ ചൌധരി, തുടങ്ങി മലയാളസിനിമയിലെ അന്നത്തെ മിക്കവാറും എല്ലാ സംഗീതസംവിധായകരോടൊപ്പവും പ്രവർത്തിച്ചു എങ്കിലും ദക്ഷിണാമൂർത്തിസ്വാമി, അർജ്ജുനൻ മാസ്റ്റർ എന്നിവർക്കൊപ്പമാണു് അദ്ദേഹം ധാരാളം ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചതു്. ശ്രീകുമാരൻ തമ്പി എന്നാൽ മലയാളമനസ്സുകളിൽ പ്രണയഗാനങ്ങളുടെ തേൻമഴ പെയ്യിച്ച കവിയും ഗാനരചയിതാവും ആണു്. ഹൃദയഹാരിയായ ഒട്ടനവധി പ്രേമസുരഭിലഗാനങ്ങൾ ആ തൂലികയിൽ നിന്നുതിർന്നിട്ടുണ്ടു്. അതോടൊപ്പം മനുഷ്യഗന്ധിയായ, ജീവിതയാഥാർത്ഥ്യങ്ങളോടു് ചേർന്നു നിൽക്കുന്ന ഒട്ടനവധി ഗാനമുഹൂർത്തങ്ങളും അദ്ദേഹം ചലച്ചിത്രങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ എത്രയോ ഗാനങ്ങൾ ഇന്നും ചലച്ചിത്രഗാനശാഖയിൽ നിത്യഹരിതമായി തുടരുന്നു.
ഇരുനൂറ്റിയമ്പതിലെറെ ചലച്ചിത്രങ്ങൾക്കു വേണ്ടി ആയിരത്തിമുന്നൂറോളം ഗാനങ്ങൾ എഴുതിയതു കൂടാതെ, ധാരാളം ടെലിവിഷൻ പരമ്പരകൾക്കു വേണ്ടിയും സംഗീത ആൽബങ്ങൾക്കായും ഗാനരചന നടത്തിയിട്ടുണ്ട്. ഇന്നും ടെലിവിഷൻ സീരിയൽ നിർമ്മാതാവു്, സീരിയൽ സംവിധായകൻ എന്ന നിലയിലും ഗാനരചയിതാവു് എന്ന നിലയിലും ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തീർച്ചയായും മലയാളസാംസ്കാരികമണ്ഡലവും, മലയാളസിനിമാമണ്ഡലം പ്രത്യേകിച്ചും, അദ്ദേഹത്തിനു് ഇതിനർഹമായ അംഗീകാരങ്ങൾ നൽകേണ്ടതുണ്ടു്.
എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രീ ജഗതി ശ്രീകുമാർ ഉൾപ്പെടെ ഇന്നറിയപ്പെടുന്ന പല പ്രശസ്തകലാകാരന്മാരുടെയും വളർച്ചയ്ക്കു പിന്നിൽ ശ്രീ തമ്പിയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു് ശ്രീകുമാരൻ തമ്പിയുടെ ടെലിവിഷൻ പരമ്പരയായ ‘അമ്മത്തമ്പുരാട്ടി‘യിലായിരുന്നു. ശ്രീവിദ്യ അന്തരിച്ചതിനു ശേഷം അദ്ദേഹം ആ പരമ്പര അവസാനിപ്പിക്കുകയാണുണ്ടായതു്. തന്റെ ആദർശമോ പ്രവർത്തനശൈലിയോ സൃഷ്ടികളോ മറ്റുള്ളവരുടെ വ്യക്തിതാല്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ മാറ്റിമറിക്കാനോ അടിയറവു വെക്കനോ സന്ധി ചെയ്യാനോ ഇന്നും ശ്രീ തമ്പി തയ്യാറല്ല. സ്വന്തം ആദർശങ്ങളിലും വിശ്വാസങ്ങളിലും മുറുകെ പിടിച്ചു നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതു്.
പഴയകാല നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ് ഭാര്യ. മകൾ കവിത, അകാലത്തിൽ നിര്യാതനായ മകൻ രാജകുമാരൻ തമ്പി എന്നീ രണ്ടുമക്കൾ.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
The Hindu
Interviews with Sreekumaran Thampi (YouTube)
മലയാളസംഗീതം- Malayalam Music & Movie Encyclopedia