കവി, ഗാനരചയിതാവ്, നടന്, നാടകകൃത്ത്, അദ്ധ്യാപകന്, രാഷ്ട്രീയപ്രവര്ത്തകന് എന്നീ നിലകളിൽ പ്രശസ്തനായ മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി,ഒല്ലൂർ ആവണശ്ശേരി മുല്ലനേഴി മനയിൽ May 16,1948 ന് ജന്മമെടുത്തു. ഗാന്ധിയൻ പാരമ്പര്യമുൾക്കൊണ്ട ഇല്ലം സാമ്പത്തികമായി ക്ഷീണിച്ച കാലമായിരുന്നു അത്.
മൂന്നാംക്ലാസ്മുതലാണ് ഔപചാരിക വിദ്യാഭ്യാസത്തിനായി സ്കൂളിൽ ചേരുന്നത്. ഒല്ലൂര്‍ സ്കൂളില്‍ പത്താം ക്ളാസ്സില്‍ പഠിക്കുമ്പോൾ വൈലോപ്പിള്ളി ഹെഡ് മാസ്ററായി വന്നതായിരുന്നു, നീലകണ്ഠനിലെ കവിക്കൊരു പ്രധാനവഴിത്തിരിവായത്. കവിതയെഴുതുന്ന കുട്ടികളോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന വൈലോപ്പിള്ളിയുടെ അടുത്ത് കവിത തിരുത്താന്‍ ആ പത്താംക്ലാസുകാരൻ കൊണ്ടുപോയിക്കൊടുക്കുമായിരുന്നു,തെറ്റുകുറ്റങ്ങൾ തിരുത്തിയതിനൊപ്പം കവിക്ക് ധാരാളം പ്രോത്സാഹനവും അതുവഴി ആത്മവിശ്വാസവും കൈവരാൻ അതിടയായി. പൂരക്കാലത്ത് നാങ്കുളം ശാസ്താവിനെ എഴുന്നള്ളിക്കാന്‍ ഒമ്പത് ദിവസം പോയാണ് മുല്ലനേഴി പത്താംക്ലാസ് പരീക്ഷയെഴുതാനുള്ള ചിലവ് കണ്ടെത്തിയതെന്ന് പറഞ്ഞിട്ടുണ്ട് പത്താം ക്ളാസ്സിന് ശേഷം,തൃപ്പൂണിത്തുറയില്‍ ഒരു സ്റേഷനറി കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുത്തും,ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ആ കടയുടെ മുകളില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ വിദ്വാന് പരീക്ഷയ്ക്ക് ചേർന്നും പഠനം തുടർന്നു.
ഒപ്പം നേരേ മുമ്പിലത്തെ തൃപ്പൂണിത്തുറ ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ ട്യൂഷനും.
വിദ്വാന് പ്രിലിമിനറി കഴിഞ്ഞ്,കടുത്തുരുത്തിക്കടുത്ത് മങ്ങാട്ടുകാവ് എന്നു പറയുന്ന ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി വിദ്വാന് പരീക്ഷ പാസ്സായതിൽപ്പിന്നെ പല ട്യൂട്ടോറിയലുകളിലും പഠിപ്പിച്ചു. അതിനിടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. ഇപ്പോഴത്തെ ഡി വൈ എഫ് ഐ യുടെ ആദ്യരൂപമായ കെ എസ് വൈ എഫിലായിരുന്നു തുടക്കം. അറുപത്തിയഞ്ചായപ്പോഴേയ്ക്കും മുല്ലനേഴി സി പി ഐ (എം) ന്റെ അനുഭാവിയായി തൃശ്ശൂര്‍ രാമവര്‍മ്മപുരം സ്കൂളിലായിരുന്നു സർക്കാർ അദ്ധ്യാപകനായുള്ള തുടക്കം. ഏകദേശം എഴുപതുകളുടെ മദ്ധ്യത്തിൽ നാടകപ്രവര്‍ത്തകന്‍ എന്നുള്ള നിലയില്‍ അറിയപ്പെട്ടുതുടങ്ങി തുടക്കം അഗ്രഗാമി തിയറ്റേഴ്സ് എന്നൊരു ട്രൂപ്പിൽ. ആദ്യം അവിടുത്തെ സെക്രട്ടറിയായും,പിന്നെ നടൻ വേണുക്കുട്ടന്‍ നായർക്ക് പകരക്കാരനായി അഭിനയിക്കാനും തുടങ്ങി.
പിന്നീടാണ് സിനിമാഗാനരചനയിലേക്ക് തിരിയുന്നത്. അസീസിന്റെ ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയുടെ സ്ക്രിപ്റ്റില്‍ സഹായിക്കാനെത്തിയ മുല്ലനേഴി ഒടുവിൽ പാട്ടുമെഴുതുകയായിരുന്നു. വിശദമായ വായനയ്ക്കും പഠിത്തത്തിനും ശേഷം ഞാവല്പ്പഴങ്ങളിലെ നാടന്‍പാട്ടുകളും അദ്ദേഹം തന്നെയാണെഴുതിയത്. ആ സിനിമയുടെ പ്രൊഡക്ഷനിലും മുല്ലനേഴി സഹകരിച്ചു .ആദ്യം അഭിനയിച്ചത് പവിത്രന്റെ ഉപ്പ് എന്ന സിനിമയിലാണ്. ഞാവല്പ്പഴങ്ങള്ക്കുവേണ്ടിയാണ് ആദ്യം എഴുതിയതെങ്കിലും അതിനുശേഷം പാട്ടെഴുതിയ ലക്ഷ്മീവിജയമാണ് 1976ൽ ആദ്യം പുറത്തുവന്നത്. പിന്നീട് ശ്യാം, ദേവരാജൻ, എം.ബി.ശ്രീനിവാസൻ, കെ.രാഘവൻ, രവീന്ദ്രൻ, വിദ്യാധരൻ, ജെറി അമൽദേവ്, എ.ടി.ഉമ്മർ തുടങ്ങിയ പല പ്രശസ്ത സംഗീതസംവിധായർക്ക് വേണ്ടിയും ഗാനങ്ങൾ രചിച്ചു. ഇടതരും വലതരും മാറിമാറി ഭരണമേൽക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രതിഭാസമാണ് പിന്നീട് നാറാണത്തു ഭ്രാന്തന്റെ ഇടതുകാലിൽ നിന്ന് വലതിലേക്കുള്ള മന്തുമാറ്റത്തിന്റെ കവിതയായത്
അടിയന്തരാവസ്ഥയോടുള്ള മുല്ലനേഴിയുടെ പ്രതികരണങ്ങള്‍ കവിതയുടെ രൂപത്തിലായിരുന്നു. അതിലൊന്നായ "ഏതുവഴി?" എന്ന കവിതയിൽ ഇങ്ങിനെ പാടുന്നു-
നാവു മുറിച്ചു കണ്ണും കാതുമൊക്കെയും
മൂടിയടച്ചുകെട്ടുന്നതില് ഭേദമി-
ന്നാരാദ്ധ്യമാം മൃതിപ്പാതയില് വീരരായ്
വീഴ്ക താനല്ലയോ
വീഴ്ച സത്യത്തിലുയരത്തിലേയ്ക്കുമെന്നല്ലയോ
സമതലം എന്നൊരു നാടകസമാഹാരവും മുല്ലനേഴിയുടേതായിട്ടുണ്ട്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സാക്ഷരതാപ്രവര്ത്തനങ്ങളുടെയും കൂടെ നിന്ന മുല്ലനേഴി,പാഠപുസ്തകം അപ്പാടെ പഠിപ്പിച്ചു കൊടുക്കുക മാത്രമല്ല ഒരു അദ്ധ്യാപകന്റെ കടമ എന്നും,അതിലെ അക്ഷരങ്ങള്ക്കപ്പുറത്തേക്ക് വിദ്യാര്‍ത്ഥിയുടെ മനസ്സിന് കടന്നു ചെല്ലാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും തിരിച്ചറിഞ്ഞ ചുരുക്കം ചിലരിലൊരാളായിരുന്നു. കേരളസംഗീതനാടക അക്കാഡമിയുടെ ഡയറക്ക്റ്റർ ബോർഡിൽ 1980 മുതൽ1983 വരെ പ്രവർത്തിച്ചു.
അധികാരത്തിനോടും അമിതലാഭത്തിനോടും ആഗ്രഹം തോന്നിത്തുടങ്ങിയാല്‍ മനുഷ്യന് മനുഷ്യനല്ലാതെയാകും എന്ന് വിശ്വസിച്ചിരുന്ന മുല്ലനേഴി,എന്നും ജീവിതത്തോട് പരമാവധി സത്യസന്ധത കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അഭിമാനപൂർവ്വം പറയുമായിരുന്നു. അദ്ദേഹം സരളമായ തന്റെ ജീവിതദർശനം രണ്ടേരണ്ടുവരിയിലൊതുക്കുന്നതിങ്ങനെ-
ലോകം മാറിക്കണ്ടാല് കൊള്ളാം, അസമത്വം മാറിക്കണ്ടാല് കൊള്ളാം!
പേ പിടിച്ചൊരീ ലോകത്തില്‍ നിന്നിതാ
പേടിയോടെ പിന്വാങ്ങുകയാണു ഞാന്‍
സര്‍വ്വതും വെന്തെരിക്കുന്ന കാട്ടുതീ
സംഹരിക്കുന്നു സ്വപ്നങ്ങള്‍ കൂടിയും
എന്നെഴുതിയ മുല്ലനേഴി 2011 ഒക്ടോബർ 22 ന് അറുപത്തിമൂന്നാം വയസ്സിൽ, ഭാര്യ സാവിത്രിയേയും മൂന്ന് മക്കളേയും തനിച്ചാക്കി ജീവിതത്തിൽനിന്നും പിൻവാങ്ങി.
(വിവരങ്ങൾക്ക് കടപ്പാട്:
ഓട്ടം സൊണാറ്റ-കെ.ബി.വേണു
വിക്കീപ്പീഡിയ)
തയ്യാറാക്കിയത്: ജയശ്രീ