കേരളത്തിലെ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ ഒട്ടനവധി സംഭാവനകൾ നൽകിയ അദ്വിതീയപ്രതിഭയാണു് ശ്രീ കാവാലം നാരായണപ്പണിക്കർ. നാടകപ്രസ്ഥാനത്തിനു് ആരോഗ്യകരമായ വികാസപരിണാമങ്ങൾ നൽകുന്നതിൽ മാത്രമല്ല, നാടൻ കലകളുടെ കാര്യത്തിലും കാവ്യരംഗത്തും, സിനിമാഗാനരചനയുടെ മണ്ഡലത്തിലും സാഹിത്യരംഗത്തൊട്ടാകെത്തന്നെയും തനതായ സംഭാവനകൾ നൽകിയവരിൽ മുൻപന്തിയിലാണ് ഇദ്ദേഹം. നാടകകൃത്ത്, കവി, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ,സാംസ്കാരികമണ്ഡലങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യം നിറഞ്ഞ, പക്ഷെ നിർജ്ജീവതയെ നേരിട്ട, സംസ്കൃതനാടകപാരമ്പര്യത്തിന് ജീവന്റെ പുതുനാമ്പുകൾ നൽകുന്നതിനോടൊപ്പം, നാടൻ പാട്ടും, നാട്ടരങ്ങും, നാടൻ കലാരൂപങ്ങളും ഒക്കെ സമ്മിശ്രണം ചെയ്തു് തനതു നാടകവേദിക്കു് ജീവൻ നൽകുന്നതിലും വിജയിച്ച ഈ അനുഗൃഹീത കലാകാരൻ കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന ശ്രീ സർദാർ കെ. എം. പണിക്കർ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവും.
നെൽപ്പാടങ്ങളും പുഴകളും ഒക്കെ നിറഞ്ഞ, കേരളത്തിന്റെ നെല്ലറയായിരുന്ന, പ്രകൃതിഭംഗി നിറഞ്ഞ, കുട്ടനാട്ടിലെ ജീവിതം ബാല്യകാലത്തു തന്നെ അദ്ദേഹത്തിലെ കവിയേയും പാട്ടുകാരനേയും നാടകകാരനേയും വളർത്തി. വള്ളപ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈണവും താളവും അദ്ദേഹത്തിന്റെ മനസ്സിൽ കവിതയും ഗാനവും സംഗീതവും സൃഷ്ടിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മയാണു് അദ്ദേഹത്തെ സാഹിത്യത്തിന്റെ ലോകത്തേക്കു് പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നതു്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ, ഇതിഹാസകൃതികളുടെയും മഹാകാവ്യങ്ങളുടെയും ലോകങ്ങളിലൂടെ തന്റെ ബാല്യ, കൗമാരങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളിൽ നിന്നുള്ള പഠനം കഴിഞ്ഞു് കോട്ടയം സി.എം.എസ് കോളേജ് (ഇന്റർമീഡിയറ്റ്), ആലപ്പുഴ എസ്. ഡി. കോളേജ് (ബി.എ. എക്കണോമിക്സ്), മദ്രാസ് ലോ കോളേജ് (നിയമബിരുദം) എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1955 മുതല്‍ വക്കീല്‍ ആയി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ആറു വർഷം അത് തുടർന്നു. അഭിഭാഷകവൃത്തിക്കൊപ്പം കുട്ടിക്കാലം മുതൽ തന്നോടൊപ്പമുള്ള കവിതാരചനയും നാടന്‍ കലകള്‍, നാടകം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളും തുടർന്നു.
1961ൽ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ആയി നിയമിതനായി തൃശ്ശൂരേക്കു് തന്റെ പ്രവർത്തനരംഗം മാറ്റിയതു മുതൽ കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിച്ചു തുടങ്ങി. സംസ്ഥാനത്തു നിന്നും പുറത്തു നിന്നുമുള്ള ധാരാളം കലാകരന്മാരുമായി പരിചയപ്പെടുവാനും, വൈവിദ്ധ്യത നിറഞ്ഞ ഒട്ടനവധി കലാരൂപങ്ങളുമായി ഇടപഴകാനും അങ്ങനെ എല്ലാ തരത്തിലും തന്റെ അനുഭവചക്രവാളങ്ങൾ വികസിതമാക്കാനും തന്റെ അക്കാദമിജീവിതം അദ്ദേഹത്തിനു സഹായകരമായി. അതൊടൊപ്പം അക്കാദമി പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിലും, കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്ക്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന ഒട്ടനവധി ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം നേതൃത്വം വഹിച്ചു. നാടകരംഗത്തെ അദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യം അങ്ങനെയാണു് ആരംഭിക്കുന്നത്.
സംഗീതപ്രധാനമായ നാടകങ്ങളിൽ നിന്നു തുടങ്ങിയ അദ്ദേഹം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തി. അരവിന്ദൻ, സി.എൻ. ശ്രീകണ്ഠൻ നായർ, എം. ഗോവിന്ദൻ, ഡോ: അയ്യപ്പപണിക്കർ തുടങ്ങിയവരുമായുള്ള അടുപ്പവും ബന്ധവും നാടകരംഗത്തു് കൂടുതൽ പരീക്ഷണങ്ങൾ ചെയ്യുവാനുള്ള ഒരു പ്രചോദനമായി മാറി. “തനതുനാടകവേദി” എന്ന അദ്ദേഹത്തിന്റെ പരീക്ഷണം അന്നുവരെ കേരളം കണ്ടു വന്ന നാടകരീതികളിൽ നിന്നുള്ള ഒരു വലിയ മാറ്റമായിരുന്നു. നമ്മുടെ പാരമ്പര്യത്തിലും പൈതൃകത്തിലും കേന്ദ്രീകരിച്ചുള്ള ഒരു നാടകവേദി. കാക്കാരിശ്ശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടേയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടു പിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണ് തനതുനാടകവേദിയുടെ അടിത്തറ. സാക്ഷി, തിരുവാഴിത്താൻ, ദൈവത്താർ, അവനവൻ കടമ്പ തുടങ്ങി അനവധി നാടകങ്ങൾ അദ്ദേഹം രചിച്ചതോ രചിച്ചു സംവിധാനം ചെയ്തവയോ ആയിട്ടുണ്ടു്. അദ്ദേഹം തുടങ്ങി വെച്ച നാടക സമിതിയായ തിരുവരങ്ങിന്റെ ആഭിമുഖ്യത്തിലായിരുന്നു മിക്കവാറും നാടകങ്ങളൊക്കെ പുറത്തു വന്നതു്. അതു കൂടാതെ കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്തെറ്റിക് സൊസൈറ്റി, നാഷണൽ സ്കൂൾ ഒഫ് ഡ്രാമ എന്നിങ്ങനെ മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി പത്തിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു. ഇരുപതിലേറെ നാടകങ്ങളും കുട്ടികൾക്കായി കുമ്മാട്ടി, ചക്കീചങ്കരം തുടങ്ങി അഞ്ചു് നാടകങ്ങളും രചിച്ചു. ഭാസന്റേതുൾപ്പെടെ ഒട്ടനേകം നാടകങ്ങൾ മലയാളത്തിലേക്കു് വിവർത്തനം ചെയ്തു. മദ്ധ്യമവ്യായോഗം, കർണ്ണഭാരം, ദൂതകാവ്യം തുടങ്ങി ചില പ്രസിദ്ധ സംസ്കൃതനാടകങ്ങളും അദ്ദേഹം വേദിയിൽ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ടു്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘കർണ്ണഭാരം’ അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംസ്കൃതനാടകമായിരുന്നു.
കേരളത്തിന്റെ തനതുസംഗീതരൂപമായ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ മോഹിനിയാട്ടം അവതരിപ്പിക്കാൻ നടത്തിയ നൃത്തപരീക്ഷണങ്ങളും വളരെ ശ്രദ്ധ നേടി. ഡോ: കനക് റെലെ, ഭാരതി ശിവജി തുടങ്ങിയ മോഹിനിയാട്ട നർത്തകർ അദ്ദേഹത്തിന്റെ ഈ പരീക്ഷണത്തിനു് വളരെ സഹായങ്ങൾ ചെയ്തു. ഗ്രീക്ക് നാടകവേദിയുമായി ചേർന്നു് രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയഡും തമ്മിൽ സംയോജിപ്പിച്ചു് അവതരിപ്പിച്ച ‘ഇലിയാണ’ അവിസ്മരണീയമായ മറ്റൊരു പരീക്ഷണാവതരണമായിരുന്നു.
കാവ്യ, ചലച്ചിത്രഗാന രംഗങ്ങളിൽ അദ്ദേഹത്തിന്റെ കാൽവെയ്പ്പുകളും വളരെ വിജയകരമായിരുന്നു. ‘ആലായാല്‍ തറ വേണം’, ‘വടക്കത്തിപ്പെണ്ണാള്‍’, ‘കറുകറെ കാര്‍മുകില്‍’, ‘കുമ്മാട്ടി’, ‘അതിരു കാക്കും മലയൊന്ന് തുടുത്തേ’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടോടിത്താളമുള്ള കവിതകള്‍ ഏറെ ജനകീയങ്ങളാണു്. 1978-ൽ ഭരതന്റെ ‘രതിനിർവ്വേദ’ത്തിനു വേണ്ടിയാണു് അദ്ദേഹം ആദ്യമായി ചലച്ചിത്രഗാനങ്ങൾ എഴുതുന്നതു്. അന്നു മുതൽ ഇന്നു വരെ അറുപതിലേറെ ചിത്രങ്ങൾക്കു് അദ്ദേഹം ഗാനങ്ങളെഴുതി. ശ്രീ എം. ജി. രാധാകൃഷ്ണനുമായി ചേർന്നാണു് അദ്ദേഹം ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു്. സിനിമാഗാനങ്ങൾ കൂടാതെ വളരെ ജനപ്രീതി നേടിയ, ഇപ്പോഴും നിത്യഹരിതമായി തുടരുന്ന, ഒട്ടനവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ രചനയിൽ പുറത്തു വന്നിട്ടുണ്ടു്.
കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകൾ, കേരള സംസ്ഥാന സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസസമ്മാനം, നന്ദികർ നാഷണൽ അവാർഡ്, സംഗീതനാടക അക്കാദമിയുടെ നാഷണൽ അവാർഡ് എന്നിങ്ങനെ നാടകരചനകൾക്കും, മറ്റു കലാപ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടു്. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി കേന്ദ്രസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.
ഭാര്യ ശ്രീമതി ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണന്, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.
2016 ജൂൺ 26 ന് നിര്യാതനായി.
തയ്യാറാക്കിയത് - കല്യാണി നായർ
References:
വിക്കിപ്പീഡിയ
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopaedia