സിനിമാനടിമാര്ക്കു് നല്കിയ ശബ്ദത്തിലൂടെ പരിചിതമായ സ്വരം ആണു് ആനന്ദവല്ലിയുടേതു്. ഒട്ടേറെ നടിമാര്ക്കു് ദേശീയ അവാര്‍ഡ് നേടിയെടുക്കാന്‍ സഹായിച്ചതു് ആനന്ദവല്ലിയുടെ ശബ്ദമാണു്.
കൃഷിക്കാരനായ മണിപ്പുഴ വീട്ടില്‍ രാമന് പിള്ളയുടെയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി ആനന്ദവല്ലി കൊല്ലം വെളിയത്തു്1952 ജനുവരി 14നു് ജനിച്ചു. പ്രാധമിക വിദ്യാഭ്യാസം വെളിയത്തു് തന്നെ ആയിരുന്നു. സ്ക്കൂള് നാടകത്തിലൂടെയാണു് ആനന്ദവല്ലി കലാരംഗത്തെത്തുന്നതു്. ചെറുപ്പകാലത്തില്‍ തന്നെ സംഗീതം അഭ്യസിച്ചിരുന്നു. ആദ്യവേദിയില്‍ അഭിനയിക്കുന്നതു് ഒരു ആണ്‍കുട്ടിയുടെ വേഷത്തിലാണു്. കഥാപ്രസംഗവും ചെയ്യുമായിരുന്നു. പഠിത്തത്തില്‍ അത്ര മെച്ചം ആയിരുന്നില്ല. ആനന്ദവല്ലിയിലെ കലാകാരിയെ പ്രോത്സാഹിപ്പിച്ചതു് അച്ഛന് ആയിരുന്നു.
14 വയസ്സുള്ളപ്പോള്‍ പ്രോഫഷനല്‍ നാടകവേദിയില്‍ പ്രവേശിച്ചു. അച്ഛന്റെ ബന്ധുവായി പരിചയമുണ്ടായിരുന്ന എഴുത്തുകാരന് കാവില്‍ സുരേന്ദ്രന് ബ്ലോക്കിലെ കലാപാരിപാടിക്കു് പാട്ടുപാടാന്‍ കുട്ടിയെ തിരഞ്ഞു നടക്കുന്നുണ്ടായിരുന്നു. ബ്ലോക്കിലെ പാട്ടുപരിപാടിയോടൊപ്പം അഭിനയിക്കുകയും ചെയ്തു. കാളിദാസ കലാകേന്ദ്രത്തിലേക്കുള്ള വഴി അങ്ങനെ തെളിയുകയായിരുന്നു. കാളിദാസ കലാകേന്ദ്രത്തില്‍ സഹായത്തിനുണ്ടായിരുന്നതു് ദേവരാജന്‍ മാസ്റ്ററുടെ ഭാര്യയുടെ അനിയത്തി രാധ, കലാമണ്ഡലം ക്ഷേമാവതിയുടെ ചേച്ചി കൃഷ്ണവേണി എന്നിവരായിരുന്നു. അവിടെ നിന്നും പിന്നീടു് കെപിഎസി നാടകസംഘത്തില്‍ എത്തി. വയലാര്‍ രാമവര്‍മ്മയും തോപ്പില്‍ ഭാസിയും ചേര്‍ന്നാണു് ആനന്ദവല്ലിയെ അഗ്നിപര്‍വ്വം എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ഏര്‍പ്പാടു് ചെയ്തതു്. കെപിഎസിയില്‍ രണ്ടു മാസം താമസിച്ചു് വേഷം റിഹേര്സല് ചെയ്തു പഠിച്ചു. സുഹൃത്തുക്കളായി ഉണ്ടായിരുന്നതു് ബിയാട്രിസ്, രാജമ്മ, കൃഷ്ണവേണി എന്നിവരാണു്. എനിക്കു് മരണമില്ല എന്ന നാടകത്തിലെ അഭിനയത്തിനു് ആനന്ദവല്ലിക്കു് അവാര്‍ഡ് ലഭിച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേഥം, എന്നിവയിലും അഭിനയിച്ചിരുന്നു.
കെപിഎസിയില്‍ അഭിനയിക്കുന്ന സമയത്തു് സിനിമയിലേക്കുള്ള വഴി ഒരുക്കിയതു് തോപ്പില്‍ ഭാസി ആയിരുന്നു. ഏണിപ്പടികള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. ശാരദ, ലക്ഷ്മി, അംബിക, ഗീത, രേഖ, ഉര്‍വ്വശി, മേനക, പൂര്‍ണ്ണിമ ജയറാം, സുമലത, ചിത്ര, മാധവി, പത്മപ്രിയ, ജയപ്രദ, സുകന്യ, ഗൗതമി എന്നീ സിനിമാനടികള്ക്കു് വേണ്ടി ശബ്ദം നല്കിയിട്ടുണ്ടു്. ഷാജി കൈലാസിന്റെ സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ ഗീത, സുചിത്ര, വിലാസിനി തുടങ്ങി അഞ്ചു് നടിമാര്ക്കു് ശബ്ദം നല്കി. മിക്കപ്പോഴും ശബ്ദം നല്കുമ്പോള് ഒരു പടത്തില്‍ തന്നെ കുറഞ്ഞതു് രണ്ടു നടിമാര്ക്കെങ്കിലും ശബ്ദം നല്‍കേണ്ടതായി വന്നിട്ടുണ്ടു്. ചില നടിമാരുടെ മുഖത്തു് യാതൊരു ഭാവവും വരാത്ത അവസരങ്ങളില്‍ ആനന്ദവല്ലിയുടെ ശബ്ദസഹായം സിനിമാസംവിധാകര് തേടിയിട്ടുണ്ടു്. കാലാള്‍പ്പട എന്ന സിനിമയില്‍ ഒരു പുരുഷശബ്ദത്തിനും ഡബ്ബ് ചെയ്തിട്ടുണ്ടു്. അന്യസംസ്ഥാനത്തില്‍ നിന്നും വന്ന ഭാഷ അറിയാത്ത നടികളായതുകൊണ്ടോ മലയാളം നല്ലതു് പോലെ സംസാരിക്കാന്‍ അറിയാത്ത മലയാളി നടികളായതുകൊണ്ടോ ഡബ്ബിംഗു് വശമില്ലാത്തതു് കൊണ്ടോ അവര്‍ക്കു് വേണ്ടി ആനന്ദവല്ലിയെക്കൊണ്ടു് പലപ്പോഴും ഡബ്ബു് ചെയ്യിക്കേണ്ടിവന്നിട്ടുണ്ടു്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പൂര്‍ണ്ണിമ ജയറാമിനും, സുകൃതം എന്ന പടത്തില്‍ ഗൗതമിക്കും, പഞ്ചാഗ്നിയില്‍ ഗീതയ്ക്കും, ഭരതത്തില്‍ ലക്ഷ്മിക്കും ഉര്‍വ്വശിക്കും, കരുണത്തിലെ ഏലിയാമ്മ എന്ന കഥാപാത്രത്തിനും, പ്രണയത്തില്‍ ജയപ്രദയ്ക്കും, കന്മദത്തില് മുത്തശ്ശിക്കും നായികയ്ക്കും നല്കിയ ശബ്ദം പ്രത്യേകം എടുത്തു പറയേണ്ടതുണ്ടു്.
ചകോരത്തിലെ ശാന്തികൃഷ്ണയ്ക്കും, ആകാശദൂതിലെ മാധവിക്കും, അഗ്നിദേവനിലെ രോഹിണി ഹത്തംഗഡിയ്ക്കും, പഞ്ചാഗ്നിയിലെ ഗീതയ്ക്കും, ഭരതത്തിലെ ഉര്‍വ്വശിക്കും അവാര്‍ഡ് ലഭിച്ചപ്പോള്‍ നടികള്ക്കു് ശബ്ദം നല്കിയ ആനന്ദവല്ലി അവഗണിക്കപ്പെട്ടു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ പേരു് വെളിപ്പെടുത്തിയാല്‍ താരശോഭ കുറഞ്ഞു പോകും എന്ന ചിന്തയാണു് അതിനു കാരണമായി പറയപ്പെടുന്നതു്. അവാര്‍ഡിനു പരിഗണിക്കുമ്പോള്‍ നടിയുടെ ശബ്ദം ഡബ്ബു് ചെയ്തതാണോ എന്ന ചോദ്യത്തിനു് അല്ല എന്ന മറുപടിയാണു് അപേക്ഷയില്‍ പലപ്പോഴും സംവിധായകന് കുറിച്ചു് വിടുന്നതു്.
അവഗണന അസഹനീയമായപ്പോള്‍ ഡബ്ബിംഗ് കലാകാരെല്ലാം ചേര്‍ന്നു് ഒരു സംഘടന രൂപീകരിച്ചു് അവര്‍ പ്രതിഷേധം രേഘപ്പെടുത്തി ജനശ്രദ്ധ പിടിച്ചുപറ്റി. അവസാനം സിനിമയുടെ റ്റൈറ്റില്‍സില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെയും പേരും ഉള്‍പ്പെടുത്തിത്തുടങ്ങി.
കുട്ടികള്‍ ദീപനും അനുലക്ഷ്മിയും. ദീപന് എറണാകുളത്താണു്. സംവിധായകനാണു്. അനുലക്ഷ്മി മസ്ക്കറ്റില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നു.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഏഷ്യാനെറ്റിന്റെ ഓണ്‍ റെക്കോര്‍ഡ്, വിക്കിപീഡിയ