മുഴുവൻ പേര് പി. വാസുദേവന്‍ തമ്പി.
1937 ഏപ്രിൽ 28-ന് ഹരിപ്പാട് ജനിച്ചു.
മാതാപിതാക്കൾ : ഹരിപ്പാട് കരിമ്പാലേത്ത് വീട്ടിൽ ഭവാനിത്തങ്കച്ചിയും പി കൃഷ്ണ പിള്ളയും.
നോവലിസ്റ്റ് , കഥാകൃത്ത് , പ്രബന്ധകാരൻ , പ്രഭാഷകൻ എന്നീ നിലകളിൽ വളരെ വേഗം പ്രസിദ്ധനായിത്തീർന്ന എഴുത്തുകാരനാണ് പി വി തമ്പി.
19-മത്തെ വയസ്സിൽ ന്യൂ ഇൻഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.സർവീസിലിരിക്കെ ചരിത്രത്തിൽ എം എ ബിരുദവും നിയമത്തിൽ എൽ എൽ ബി ബിരുദവും നേടി.
ഉദ്യോഗം സർഗ്ഗക്രിയാ സ്വാതന്ത്ര്യത്തിനു തടസ്സമെന്ന് തോന്നിയതിനാൽ 1988 മാർച്ചിൽ എൽ ഐ സി ഓഫീസർ സ്ഥാനം രാജി വെച്ചു.
ആദ്യനോവലായ ഹോമം 1979 ലെ കുങ്കുമം അവാർഡ് നേടി. സോവിയറ്റ് യൂണിയനിലെ പുനഃസംഘടന എന്ന പേരിലെഴുതിയ ഇംഗ്ലീഷ് പ്രബന്ധം
അന്താരാഷ്ട്ര തലത്തിൽ 1988 ലെ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള സോവിയറ്റ് അവാർഡിനു അർഹമായി. സോവിയറ്റ് നാടുകൾ, പോളണ്ട് തുടങ്ങിയ പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ഹോമം, കര്‍മബന്ധനം , ഭ്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ലീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം,
കസ്തൂരി , പള്ളിവേട്ട ( 2 ഭാഗങ്ങൾ ), സപ്താഹം എന്നിവയാണ് തമ്പിയുടെ മികച്ച കൃതികൾ.
കൃഷ്ണപ്പരുന്ത് ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി ചലച്ചിത്രമാക്കിയിട്ടുണ്ട്.
സിനിമാ സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് പി.ജി. തമ്പി എന്നിവര്‍ സഹോദരരാണ്.
പ്രഗൽഭനായ അഭിഭാഷകൻ കൂടിയായിരുന്നു ശ്രീ പി വി തമ്പി.
ഭാര്യ :വിജയ ലക്ഷ്മി
മൂന്നു മക്കൾ : ലത, രാജ് മോഹൻ, സ്വപ്ന.
വിലാസം : സ്വപ്നം , ഹരിപ്പാട്. 690 514
ഇദ്ദേഹം 2006 ജനു. 30-ന് അന്തരിച്ചു.
തയ്യാറാക്കിയത് - ജിജ സുബ്രഹ്മണ്യം