അച്ഛന് കെ ജെ ജോസഫും അമ്മ ഏലിയാമ്മയും എട്ടു മക്കളും അടങ്ങിയ കുടുംബത്തിലാണ് ജോസഫ് എന്ന ജോസ് പ്രകാശ് ജനിച്ചത് . ചങ്ങനാശ്ശേരിയില്‍ ആയിരുന്നു ജനനം . പിന്നീട് കോട്ടയത്തേക്ക് താമസം മാറി . അമ്മ പാടിയ ക്രിസ്തീയ ഗാനങ്ങള്‍ കേട്ടു വളര്‍ന്ന ജോസഫിന് പാട്ടിനോട് കൊച്ചു പ്രായത്തിലെ കമ്പം തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. തന്റെ കുടുംബത്തിലെ മൂത്ത മകനായിരുന്നു . പഠിത്തത്തിന് പകരം പാട്ടിലായിരുനു താല്പര്യം മുഴുവനും . സ്കൂള്‍ വിദ്യാഭ്യാസം കോട്ടയം സേക്രെഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരുന്നു . ഒരു സ്കൂള്‍ വാര്‍ഷികത്തിന് വിദ്യാര്‍ഥികള്‍ ചേര്‍ന്നു ഒരു നാടകം അവതരിപ്പിച്ചു . അതില്‍ ജോസഫിന് സ്ത്രീവേഷമായിരുന്നു . ആ നാടകത്തില്‍ ഒരു പാട്ട് ട്യൂണ്‍ ചെയ്യുകയും ചെയ്തു .
ഒരു ദിവസം വീട്ടില്‍ അറിയാതെ സിനിമ കാണാന്‍ പോയതിനു അച്ഛന്റെ ശിക്ഷ കിട്ടി . അന്ന് വീട് വിട്ടിറങ്ങി . കൂടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു . മൂവരും ബ്രിട്ടിഷ് സേനയില്‍ ചേര്‍ന്നു . പഞ്ചാബിലെ ഫിറോസ്പൂരില്‍ ജോലിയായി . 1942 മുതല്‍ 1949 വരെ സേനയില്‍ ആയിരുന്നു .
1947 –ല്‍ ഹിന്ദു - മുസ്ലീം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു നിരാഹാരസമരം ആരംഭിച്ച മഹാത്മാ ഗാന്ധിയുടെ ഉപവാസമഞ്ചത്തിനു കാവല്‍ നിന്നവരില്‍ ഒരാളാകാനുള്ള ഭാഗ്യം ജോസഫിന് ലഭിച്ചു . ആ കാലത്ത് നെഹ്റു ഉള്‍പ്പെടെയുള്ള പല ലോക നേതാക്കളെയും നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട് .
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കോട്ടയത്ത് അടുത്ത് ഒരു തേയിലക്കട തുടങ്ങി . ആ കടയുടെ ചുമതല ഇപ്പോള്‍ ജോസ് പ്രകാശിനെക്കാള്‍ 18 വയസ്സിനു ഇളയവനായ സഹോദരന് പ്രേം പ്രകാശിനാണ് . പ്രേം പ്രകാശ് പ്രസിദ്ധ നടനും നിര്‍മ്മാതാവുമാണ്.
അതിനു ശേഷം കലയിലുള്ള താല്പര്യം കൊണ്ടു കൂട്ടുകാരുമായി ചേര്‍ന്നു കോട്ടയം ആര്‍ട്സ് ക്ലബ്ബ് രൂപീകരിച്ചു. അങ്ങനെയിരിക്കെ “ശരിയോ തെറ്റോ ” എന്ന ചിത്രത്തില്‍ ആദ്യമായി പാടാന്‍ അവസരം കിട്ടി . “താരമേ താണു വരൂ ”, “വാര്‍മഴവില്ലേ വാ ”, “കണ്ണീര് നീ ചൊരിയാതെ ” എന്നീ പാട്ടുകള്‍ പാടി , രംഗത്ത് പ്രത്യക്ഷപ്പെട്ടു . പല താരങ്ങള്‍ക്കും അപരനാമങ്ങള്‍ നല്കിയ തിക്കുറിശ്ശിയാണ് ജോസഫിന് ജോസ് പ്രകാശ് എന്ന പേര് നിശ്ചയിച്ചത് . ആദ്യം “ശരിയോ തെറ്റോ ” എന്ന ചിത്രത്തില്‍ പാടി എങ്കിലും ആദ്യം ഗായകനായി തിരശ്ശീലയില്‍ എത്തിയ സിനിമ 1952 -ലെ “വിശപ്പിന്റെ വിളി ” ആണ് . പ്രേം നസീര്‍ ആയിരുന്നു രംഗത്ത് . പ്രേമലേഖ , ദേവസുന്ദരി തുടങ്ങി ചില ചിത്രങ്ങളില്‍ പാടി അഭിനയിച്ചെങ്കിലും പിന്നീട് അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു . എങ്കിലും ഇപ്പോഴും പാട്ടിലും സംഗീതത്തിലും പണ്ടത്തെപ്പോലെ തന്നെ വളരെയധികം താല്പര്യമുണ്ട് ജോസ് പ്രകാശിന് .
മലയാള സിനിമയില്‍ വില്ലനായി ആയിരുന്നു കൂടുതല്‍ പ്രശസ്തി നേടിയത് . ആദ്യമായി വില്ലനായത് കെ പി കൊട്ടാരക്കര നിര്‍മ്മിച്ച “ലവ് ഇന്‍ കേരള ” എന്ന ചിത്രത്തില്‍ ആയിരുന്നു . അത് വിജയിച്ചതോടുകൂടി മലയാള സിനിമയിലെ സ്ഥിരം വില്ലനായി.
നാടക രംഗത്തും അദ്ദേഹം ഇക്കാലത്ത് സജീവമായിരുന്നു . 1954 –ല്‍ ആദ്യ പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ചു . അതിനു ശേഷം 1956 –ല്‍ സ്വന്തമായി കോട്ടയത്ത് നാഷണല്‍ തീയെറ്റെഴ്സ് എന്ന നാടക ട്രൂപ്പ് തുടങ്ങി .
ഇരുനൂറോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജോസ് പ്രകാശ് . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ വീഴ്ചയെ തുടര്‍ന്നു വലതുകാലിനുണ്ടായ ക്ഷതം ഭേദമായില്ല . തുടര്‍ന്നു ആ കാല് മുറിച്ചു മാറ്റേണ്ടി വന്നു . അതിനു ശേഷം “എന്റെ വീട് , അപ്പൂന്റെം ” എന്ന സിനിമയിലും , 2006 –ല്‍ "ഹൈവേ", 2010 -ല്‍ ട്രാഫിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു .
ഭാര്യ ചിന്നമ്മ നേരത്തെ അന്തരിച്ചു . മക്കള്‍ 4 പെണ്ണും 2 ആണും . മകനും ഭാര്യയ്ക്കും ഒപ്പം ഇപ്പോള്‍ പച്ചാലത്ത് താമസിക്കുന്നു.
തയ്യാറാക്കിയത്
സൂസി
കടപ്പാട്
മംഗളം ഓണം വിശേഷാല്‍ പതിപ്പ് 2009
MSI/ MMDB