ആരോഹണം : നിസരിഗാമപധാനിസ
അവരോഹണം : സധാനിപമപഗാമരിസ
ഇതൊരു പ്രസിദ്ധമായ ഹിന്ദുസ്ഥാനി രാഗമാണു്. ഇവിടെയും പ്രത്യേകിച്ചു് സിനിമാഗാനങ്ങളില്‍ ഈ രാഗത്തിനു് വളരെ പ്രചാരം ലഭിച്ചിട്ടുണ്ടു്. ഇതൊരു സമ്പൂര്‍ണ്ണ - വക്രസമ്പൂര്ണ്ണ രാഗമാണു്. ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ആസാവരി' എന്ന ഥാട്ടിന്റെ ജന്യരാഗമാണു് ദര്‍ബാരികാനഡ (കര്‍ണ്ണാടകസംഗീതത്തില്‍ 20മത്തെ മേളരാഗമായ നഠഭൈരവി ). ഷഡു്ജം, ചതുശ്രുതിഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം ഇവയാണു് ഈ രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍.
അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ സംഗീദജ്ഞനായ താന്സെന് കണ്ടുപിടിച്ചതാണു് ഈ രാഗമെന്നും, അദ്ദേഹം ഈ രാഗം പാടുന്നതില്‍ പ്രഗത്ഭനായിരുന്നുവെന്നും പറയപ്പെടുന്നു. ഗാന്ധാരം, ധൈവതം എന്നിവയാണു് ഈ രാഗത്തിന്റെ ജീവസ്വരങ്ങള്‍. ദര്ബാരികാനഡയിലെ ഗാന്ധാരം (ആരോഹണത്തില്‍ ) 'രിമഗ' എന്നും ധൈവതം 'പനിധ'എന്നുമാണു് പാടപ്പെടുന്നതു്.
കേള്‍ക്കാന്‍ വളരെ ആകര്‍ഷകമായ ഈ രാഗത്തില്‍ ധാരാളം സിനിമാഗാനങ്ങള്‍ ഉണ്ടു്. 'ആയിരം പാദസരങ്ങള്‍ കിലുങ്ങി' (നദി), 'അഴകേ നിന് ' (അമരം), 'ശിവദം ശിവനാമം' (മഴവില്ലു് ), 'അറിയാതെ അറിയാതെ ഈ പവിഴവാര്ത്തിങ്കള് അറിയാതെ' (രാവണപ്രഭു) 'ഓമനത്തിങ്കള്‍ക്കിടാവോ' (ഇത്തിരപ്പൂവേ ചുവന്ന പൂവേ) എന്നിവ ഉദാഹരണങ്ങള്‍.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലത
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍