അനുഗ്രഹീതയായ ഒരു നാടക, സിനിമാ അഭിനേത്രിയാണു് ശ്രീമതി വിജയലക്ഷ്മി ബാലൻ - പ്രശസ്ത നാടകകാരനായിരുന്ന നിലമ്പൂർ ബാലന്റെ പത്നി. 1940 ജൂൺ 29നു് കോഴിക്കോട്ടായിരുന്നു വിജയലക്ഷ്മിയുടെ ജനനം. അച്ഛന് പറങ്ങോടന്, അമ്മ കല്യാണി. സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണു് വിജയലക്ഷ്മിക്കു് ഉണ്ടായിരുന്നതു്. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട വിജയലക്ഷ്മിയെ പിന്നീടു് വളരെ കഷ്ടപ്പെട്ടാണു് അമ്മവളര്ത്തിയതു്. ചെറുപ്പത്തിൽത്തന്നെ കലാവാസന പ്രകടിപ്പിച്ചിരുന്ന വിജയലക്ഷ്മി കോഴിക്കോടു് വെസ്റ്റ്ഹിൽ ചുങ്കം യു.പി.സ്കൂളിലും, പിന്നീടു് പ്രൊവിഡൻസ് സ്കൂളിലും പഠിക്കുമ്പോൾത്തന്നെ നൃത്തവും പാട്ടും അഭ്യസിച്ചു തുടങ്ങി. ഒൻപതാം ക്ലാസ്സിൽ എത്തിയപ്പൊഴേക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും തന്റെ കലാപരമായ താല്പര്യങ്ങളോടു വിടപറയുവാൻ വിജയലക്ഷ്മി തയ്യാറായില്ല.
അക്കാലത്തു് കോഴിക്കോട്ടു് സജീവമായി നാടകപ്രവർത്തനങ്ങൾ നടന്നിരുന്നു.നാടകരംഗത്തേക്കു വരുന്നതിൽ ബന്ധുക്കള്‍ എതിർത്തെങ്കിലും, അതുവകവെയ്ക്കാതെ അരങ്ങിലേക്കു വന്നു. അങ്ങിനെ പന്ത്രണ്ടു വയസ്സുകാരിയായ വിജയലക്ഷ്മി കോഴിക്കോടു ടൗൺ ഹാളിൽ അവതരിപ്പിച്ച ‘തോട്ടക്കാരൻ’ എന്ന നാടകത്തിൽ ഒരു വൃദ്ധയുടെ വേഷം അവതരിപ്പിച്ചുകൊണ്ടു് അരങ്ങിലെത്തി. അതിനുശേഷം വി.ടി. ഇന്ദുചൂഡൻ എഴുതിയ ‘കാരാഗൃഹം’ എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ടു് ‘പ്രതിഭ ആർട്ട്സി’നുവേണ്ടിയും, ‘എക്സ്പിരിമെന്റൽ തീയേറ്റേഴ്സി’നു വേണ്ടിയും ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’, ‘മനുഷ്യൻ കാരാഗൃഹത്തിലാണു്’,‘കാഫർ’, ‘ചുവന്ന ഘടികാരം’, ‘സൃഷ്ടി സ്ഥിതി സംഹാരം’, ‘സനാതനം’, ‘സമന്വയം’ തുടങ്ങി ധാരാളം നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടു് നാടകരംഗത്തു് തുടർന്നു.
വിജയലക്ഷ്മി നാടകരംഗത്തു് സജീവമായി നിൽക്കുന്ന വേളയിലാണു് 1957 ഡിസംബർ 8നു് കലാകാരനും, അഭിനേതാവും, കലാസ്വാദകനുമായ നിലമ്പൂർ ബാലനുമായുള്ള വിവാഹം. വിജയലക്ഷ്മിയിലെ കലാകാരിക്കു് പരിപൂർണ്ണ പ്രോത്സാഹനമാണു് ബാലനിൽ നിന്നും ലഭിച്ചതു്. ‘നിലമ്പൂർ യുവജന കലാസമിതിക്കുവേണ്ടി’ അവർ നാടകരംഗത്തു് ഒന്നിച്ചഭിനയിക്കുവാൻ തുടങ്ങി. പിന്നീടു് ഈ ദമ്പതികൾ ചേർന്നു് ‘കളിത്തറ’ എന്ന പേരിൽ ഒരു നാടകസമിതിയും തുടങ്ങി ശ്രദ്ധേയങ്ങളായ നാടകങ്ങൾക്കു് പിറവികൊടുത്തു. കോഴിക്കോടു് മ്യൂസിക്കൽ തീയേറ്റേഴ്സ്, കായംകുളം പീപ്പിൾസ് തീയേറ്റേഴ്സ്, മലബാർ തീയേറ്റേഴ്സ്, സംഗമം തീയേറ്റേഴ്സ്, കലിംഗ തീയേറ്റേഴ്സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു വിജയലക്ഷ്മി. ഗോപുരനടയിൽ, മഹാഭാരതം, മാന്ത്രികച്ചെണ്ട, വിശ്വരൂപം, വഴിയമ്പലം, കാട്ടുകടന്നൽ തുടങ്ങിയ നാടകങ്ങളിൽ ഇവരുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു.
നിർമ്മാല്യം, സൂര്യകാന്തി, ബന്ധനം, അന്യരുടെ ഭൂമി, പോക്കുവെയിൽ,കഥയ്ക്കു പിന്നിൽ, ഒരേതൂവൽ പക്ഷികൾ, തീർത്ഥാടനം, അമ്മക്കിളിക്കൂടു്, കൈയൊപ്പു് മുതലായ സിനിമകളിലും, ചില ടെലി ഫിലിമുകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടു് വിജയലക്ഷ്മി. 1980 ലെ സഹനടിക്കുള്ള കേരളസംസ്ഥാനനാടകപുരസ്കാരം ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ ഇവർക്കു ലഭിച്ചിട്ടുണ്ടു്.
ബാലൻ-വിജയലക്ഷ്മി ദമ്പതികൾക്കു മൂന്നു മക്കൾ. വിജയകുമാർ, സന്തോഷ്, ആശ. വിജയലക്ഷ്മിയും, നിലമ്പൂർ ബാലനും, മൂന്നുമക്കളും ചേർന്നു് ഒരു നാടകത്തിൽ ഒന്നിച്ചഭിനയിച്ചു എന്ന ഒരപൂർവ്വഭാഗ്യവും ഇവർക്കു് സിദ്ധിക്കയുണ്ടായി. 1990 ഫെബ്രുവരി 4 നു് നിലമ്പൂർ ബാലൻ അകാലത്തിൽ വിടപറഞ്ഞു എങ്കിലും അതിൽ തളരാതെ കലാരംഗത്തു് സജീവമായി തുടരുന്നു ഈ കലാകാരി.
തയ്യാറാക്കിയതു് - കല്യാണി
References :
മാതൃഭൂമി
മലയാളസംഗീതം- Malayalam Music & Movie Encyclopedia