ശ്രീ കുട്ടനാടു് രാമകൃഷ്ണപിള്ളയുടെ വെള്ളിനക്ഷത്രത്തിന്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം.
ജഗദീശു് മില്ലിന്റെ ഉടമസ്ഥന് ഒരു റിട്ടയാര്ഡു് ജസ്റ്റിസ്സാണു്. മില്ലിന്റെ മാനേജരായി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വക്രബുദ്ധിക്കാരന്റെ സഹായത്തോടെയാണു് മറ്റൊരു ഉടമസ്ഥനായിരുന്ന, ഇപ്പോള്‍ അജ്ഞാതനായി അലഞ്ഞുതിരിയുന്ന, സ്വബുദ്ധി നശിച്ച മനുഷ്യനെ ജയിലിലാക്കിയതു്. കുറ്റബോധം മനസ്സിനെ ശല്യം ചെയ്തപ്പോള്‍ ജസ്റ്റിസു് നീണ്ടകാലം ജയില്‍ ജീവിതമനുഭവിക്കുന്ന സ്വന്തം പങ്കാളിയുടെ മണിയെന്ന മകളെ സ്വന്തം പുത്രിയെപ്പോലെ വളര്‍ത്താന്‍ തീരുമാനിച്ചു.
അങ്ങനെ മില്ലുടമയുടെ മകളായി ശാന്ത വളര്‍ന്നുവന്നു. അതേ മില്ലിലെ ഹെഡു്ക്ലാര്ക്കായി മോഹനെന്ന യുവാവുമായി അവള് പ്രേമബന്ധത്തില്‍ ഏര്‍പ്പെടുന്നു.
ധൂര്‍ത്തനും സ്വപ്നസഞ്ചാരിയുമായ ആനന്ദന് മാനേജരുടെ മകനാണു്. ആനന്ദനെക്കൊണ്ടു് ജസ്റ്റിസ്സിന്റെ മകളായ ശാന്തയെ വിവാഹം കഴിപ്പിക്കുവാന്‍ ദുരാഗ്രഹിയായ മാനേജര്‍ മോഹിച്ചു. മാനേജരുടെ മകളായ ലീല മോഹനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു പൂജിച്ചു വന്നു.
മോഹനന്റെ അമ്മയുടെ ദേഹവിയോഗം അദ്ദേഹത്തെ ആകെ ഉലയ്ക്കുന്നു. ഏതാണ്ടു് മൂകനായി കഴിഞ്ഞ മോഹനന്റെ ഹൃദയാന്തരീക്ഷത്തില്‍ വെളിച്ചം പകരുന്ന വെള്ളിനക്ഷത്രമായി ശാന്ത ഉദയം ചെയ്തു. വിധവയായ തന്റെ സഹോദരിയും അവരുടെ മകള്‍ പ്രസന്നയും മോഹനന്റെ ജീവിതഭാരം വര്‍ദ്ധിപ്പിയ്ക്കാന്‍ വിധി നല്കിയ വിഭവങ്ങളാണു്. ശാന്ത ഒരു പാവപ്പെട്ട ക്ലാര്‍ക്കിനെ സ്നേഹിക്കുന്നതും വിവാഹം ചെയ്യുന്നതും യാഥാസ്ഥിതികനായ ജസ്റ്റിസിനു ഇഷ്ടപ്പെടുന്നില്ല. മാനേജര്‍ക്കും ആ ബന്ധം ഇഷ്ടപ്പെടുന്നില്ല. മോഹനനെ മില്ലില്‍ നിന്നും പിരിച്ചയയ്ക്കുന്നു. പക്ഷെ ഒന്നിച്ചു് ശബ്ദമുയര്‍ത്തി സമരം ചെയ്ത തൊഴിലാളികളുടെ മുമ്പില്‍ ഉടമ തലകുനിച്ചു മോഹനനെ തിരിച്ചെടുക്കേണ്ടിവന്നു.
അജ്ഞാതനായി അലഞ്ഞുനടന്ന ആ മൂകജീവി മാനേജര്‍ക്കും ജസ്റ്റിസ്സിനും ഒരു പേടി സ്വപ്നമായിരുന്നു. മാനേജര്‍ ആ ഭ്രാന്തനെ നശിപ്പിക്കുവാന്‍ തന്നെ ശ്രമിക്കുന്നു.
ശാന്താ മോഹനന്മാരുടെ പ്രേമവല്ലരി പ്രതികൂല സാഹചര്യങ്ങളിലൂടെ വളരുകയാണു്. ആനന്ദന് സ്വയം പിന്മാറി. ലീല തന്റെ ഹൃദയവേദന ആരെയും അറിയിക്കാതെ ഒഴിഞ്ഞുമാറി. ശാന്ത അജ്ഞാതന്റെ പുത്രിയാണെന്ന സത്യം ഒടുവില്‍ വെളിവാകുന്നു. ശാന്തയുടെയും മോഹനന്റെയും അനുരാഗനദിക്കു് നിര്ബാധഗമനം അനുവദിച്ചുകൊണ്ടു് കഥ അവസാനിക്കുന്നു.
ഒരു യൂറോപ്യനായ ഫെലിക്സ് ജെ. എച്ചു്. ബേയിസാണു് ഇതിന്റെ സംവിധായകന്. അഭയദേവിന്റെ ഗാനങ്ങള്‍ക്കു് ഉദയായിലെ ഓര്‍ക്കെസ്ട്രാ ഈണം പകര്‍ന്നു. ക്യാമറാ കൈകാര്യം ചെയ്തതു് ടി. ജി. ശിവറാംസിംഗും, വി. രാമമൂര്‍ത്തിയും കൂടിയാണു്.
ശ്രീ കെ. ഡി. ജോര്‍ജ്ജു് എഡിറ്റു ചെയ്ത ഈ ചിത്രം 1949ല്‍ റിലീസായി.
ഇതിലെ നടീനടന്മാര് : പി. ലളിതാദേവി, പി. എ. അംബുജം, ജാരമ്മ, മിസ്സിസു് റോസു്, ഗായകപീതാംബരം, കണ്ടിയൂര്‍ പരമേശ്വരന്‍കുട്ടി, ആലപ്പി വിന്‍സന്റു്, മുളവന ജോസഫു്, കെ. രാമകൃഷ്ണപിള്ള, മാത്തപ്പന്, ബേബി ഗിരിജ, ലില്ലി പുന്നൂരാന്‍, പര്‍വീന, തങ്കമ്മ, കമല, ലീല, ജെ. ജി. പുന്നൂരാന്‍. മലയാള സിനിമാ ചരിത്രത്തില്‍ മായാത്ത ചിത്രം വരച്ച ശ്രീമതി കുമാരി (ത്രേസ്യാമ്മ ) ഈ ചിത്രത്തിലാണു് ആദ്യമായി അഭിനയിച്ചതു്.
റിക്കാര്ഡിസ്റ്റു് ടി. എസു്. രാജു. കലാസംവിധാനം ജോണ്വര്ഗ്ഗീസു്. മേക്കപ്പു് ടി. ബി. പി സാരഥി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍