ന്യൂ തീയറ്റർസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ നിന്ന്
ഇന്ത്യയിലെ ഒരു പ്രമുഖ ദിനപ്പത്രമായ Times of India വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു അഭിപ്രായ സർവ്വേയിൽ വർത്തമാന കാലത്തെ ഒരു യുവ സംഗീത സംവിധായകനെ സഹസ്രാബ്ദത്തിലെ സംഗീത സംവിധായകനായി പ്രഖ്യാപിച്ചു - ഈ അഭിപ്രായ സർവ്വേ കണ്ടെത്തലിൽ മനം നൊന്തുകൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമാണു് ഈ കേട്ടതു് - വേദി - കൽക്കത്തയിലെ "ന്യൂ തീയേറ്റേഴ്സ് " ന്റെ ശതാബ്ദി ആഘോഷം. നൌഷാദ് തുടങ്ങിയ പ്രമുഖ സംഗീത പ്രതിഭകൾ സന്നിഹിതരായിരുന്ന വേദി. സംഗീത നിരൂപകനും ഗവേഷകനുമായ നളിൻ ഷാ യുടേതാണു് വാക്കുകൾ.
ഇന്ത്യൻ സിനിമാ സംഗീതത്തിനു രൂപവും ഭാവവും നൽകി കടന്നു പോയ സഹസ്രാബ്ദത്തിലെ ഏറ്റവും ജനപ്രിയം ആയ സംഗീത ശാഖ ആയി വളർത്തി എടുത്ത സംഗീത സംവിധായകരെ വിസ്മരിച്ചു കൊണ്ടുള്ള അഭിപ്രായ സർവ്വേ. ശരിയല്ലേ? നളിൻ ഷാ വികാരാധീനൻ ആയി പറഞ്ഞതു് അത്രയും ശരിതന്നെ. നൌഷാദ്, റായ് ചന്ദ് ബോറാൽ, ഖേമ്ച്ചന്ദ് പ്രകാശ്, പണ്ഡിറ്റ് ഗോബിന്ദ് റാം, പങ്കജ് മല്ലിക്, തുടങ്ങിയ അതുല്യ സംഗീത പ്രതിഭകളെ വിസ്മരിച്ചു കൊണ്ടുള്ള ധിക്കാരപരവും നന്ദിരഹിതവും തന്നെ ആ സർവ്വേ. കടന്നു വന്ന വഴി മറന്നു കൊണ്ടുള്ള, ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാതെയുള്ള ഒരു തുടർഗമനം !!
കുന്ദൻ ലാൽ സൈഗാൾ, കാനൻ ദേവി, കെ. സി. ഡേ, പങ്കജ് മല്ലിക്, റായ് ചന്ദ് ബോറാൽ, തിമിർ ബാരൻ, തുടങ്ങിയ സംഗീത വിസ്മയങ്ങളെ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്ത ന്യൂ തീയേറ്റേഴ്സിന്റെ കലാപ്രതിഭകളെ അവഗണിച്ചതിലുള്ള ധാർമ്മികരോഷം ആണ് ഷായുടെ ശബ്ദത്തിൽ പ്രതിഫലിച്ചതു് !
ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷവേളയിൽ ഇതാ ഒട്ടും നീതിയുക്തം അല്ലാത്ത മറ്റൊരു അഭിപ്രായ സർവ്വേ. ഇന്ത്യയിലെ ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണം ആയ ഫിലിം ഫെയർ നടത്തിയ വായനക്കാരുടെ അഭിപ്രായ സർവ്വേ. സർവ്വേ നടത്തിയ രീതിയോ, സർവ്വേയിൽ പങ്കെടുത്ത വായനക്കാരുടെ "സിനിമാ പാണ്ഡിത്യ" മോ - എന്തായാലും സർവ്വേയുടെ ഫലപ്രഖ്യാപനവുമായി പുറത്തിറങ്ങിയ ഫിലിം ഫെയറിന്റെ - ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ - ഹിന്ദിയിലെ ഏറ്റവും ജനപ്രീതി ആർജ്ജിച്ച 100 ചിത്രങ്ങളുടെ അവസാന വാക്കു് !! -
സിനിമയെ ഗൌരവത്തോടെ കാണുന്ന, സ്നേഹിക്കുന്ന, ഒരു വ്യക്തിയെ ഈ ഫലപ്രഖ്യാപനം നിരാശനാക്കും എന്നതിൽ പുനർചിന്തനം വേണ്ട - ചില മേഖലകളിലെങ്കിലും! പ്രത്യേകിച്ചും സംഗീതം സംബന്ധിച്ച ഫലങ്ങൾ.
സിനിമാസംഗീതം സംബന്ധിച്ച ഫലങ്ങൾ ഭൂതകാല സിനിമാസംഗീത ചരിത്രത്തിന്റെ വെളിച്ചത്തിൽ ഒരു വിശകലനം മാത്രം ആണിത്. കാരണം ഈ ഫലപ്രഖ്യാപനത്തിലെ വിജയികളെ വിശേഷിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങളിലെ മികച്ച കലാകാരന്മാർ ആയിട്ടാണ്. ആരോഗ്യപരം ആയ ഈ ഒരു ചർച്ചയിൽ ഫിലിം ഫെയറിന്റെ സർവ്വേയിലെ വിജയികളുടെ കഴിവിനെയോ കീർത്തിയേയോ കുറച്ചു കാണുന്നുമില്ല.
സിനിമാസംഗീതത്തിന്റെ സർവ്വേഫലങ്ങൾ ഈ ലേഖനത്തിൽ താരതമ്യം ചെയ്യാൻ ശ്രമം- ഇത് ഒരു വെറും ഭാവനയോ ഊഹമോ അല്ല !! ഹിന്ദി സിനിമാസംഗീതത്തിൽ ഇന്നേ വരെ ഉണ്ടായിട്ടുള്ള അഭിപ്രായ സർവ്വേകളിൽ ഏറ്റവും ജനകീയം ആയ അഭിപ്രായ സർവ്വേ - 1952 ൽ സിലോണ് റേഡിയോ തുടങ്ങി വെച്ച്, പിന്നീട് വിവിധ് ഭാരതി ഏറ്റെടുത്ത "ബിനാക ഗീത് മാല " എന്ന റേഡിയോ പരിപാടി വഴി നടത്തി വന്നിരുന്ന റേഡിയോ ശ്രോതാക്കളുടെ അഭിപ്രായ സർവ്വേ !! സാധാരണക്കാരനിൽ സാധാരണക്കാരൻ മുതൽ സംഗീത പണ്ഡിതന്മാർ വരെ പങ്കെടുത്തിരുന്ന ജനകീയമായ സംഗീത ശ്രവണവേദി ആയിരുന്നു 40 ൽ പരം വർഷങ്ങൾ നീണ്ടു നിന്ന ഈ പ്രതിവാര റേഡിയോ സിനിമാ സംഗീത പരിപാടി.
റിലീസ് ആകുന്ന മുറയ്ക്ക് ഹിന്ദി സിനിമാഗാനങ്ങൾ പ്രതിവാര സംഗീത പരിപാടിയിൽ കൂടി ശ്രോതാക്കളെ കേൾപ്പിക്കും. ശ്രോതാക്കൾ ഈ ഗാനങ്ങളിൽ ഇഷ്ടഗാനങ്ങളെ റേഡിയോ നിലയങ്ങളെ തപാൽ വഴി അറിയിക്കും. ഏറ്റവും കൂടുതൽ "ഇഷ്ടക്കാർ" നാമ നിർദ്ദേശം ചെയ്യുന്ന ഗാനങ്ങൾ തുടർന്നു വരുന്ന ആഴ്ചകളിൽ ഹിറ്റ് ചാർട്ട് ആക്കി കേൾപ്പിക്കും. വർഷാവസാനം ഏറ്റവും കൂടുതൽ ആഴ്ചകളിൽ "ഇഷ്ട ഗാനങ്ങൾ" ആയി പരിപാടിയിൽ മുഴങ്ങിക്കേട്ട ഗാനങ്ങളെ അവയ്ക്ക് ലഭിച്ച നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഹിറ്റ് ചാർട്ടിൽ സ്ഥാനം നൽകും. ചാർട്ടിൽ ഒന്നാം സ്ഥാനത്തു് എത്തുന്ന ഗാനം ആ വർഷത്തെ ഏറ്റവും മികച്ച ഗാനം ആയി പട്ടം ചാർത്തപ്പെടും !! ജനകീയമായ സർവ്വേ അല്ലേ?
1952 മുതൽ 1994 വരെയുള്ള വർഷങ്ങളിലെ മികച്ച ഗാനങ്ങൾ ഇതാ - (ബിനാക ഗീത്മാല ഹിറ്റ് ചാർട്ടിൽ നിന്നും) സുപ്രസിദ്ധ റേഡിയോ ഉദ്ഘോഷകൻ ആയ അമീൻ സയാനി ആയിരുന്നു പരിപാടിയുടെ സൂത്രധാരകൻ.
ബിനാക ഗീത്മാല - 1952 ഡിസംബർ 3 നു് ആരംഭം - 1994 ഏപ്രിൽ 4 നു് സമാപ്തി. ഈ പരിപാടി 1952 മുതൽ 1985 വരെ ബിനാക ഗീത്മാല എന്നും, 1986 മുതൽ 1988 വരെ സിബാക ഗീത്മാല എന്നും, 1989 മുതൽ 1994 വരെ സിബാക സംഗീത്മാല എന്നും ഉള്ള ശീർഷകങ്ങളിൽ ആയിരുന്നു പ്രക്ഷേപണം-ബുധനാഴ്ചകളിൽ രാത്രി 8 മുതൽ 8-30 വരെ.
41 ൽ പരം വർഷങ്ങൾ നീണ്ടു നിന്ന റേഡിയോ സംഗീത പരിപാടി. ഈ വർഷങ്ങളിൽ ജനപ്രിയ ഗാനങ്ങളിൽക്കൂടി സിനിമാസംഗീതത്തിൽ തിളങ്ങിയ സംഗീതപ്രതിഭകളുടെ സംഭാവനകൾ വിളിച്ചോതുന്നു ഈ ഗാനങ്ങൾ - ഓരോ വർഷത്തേയും ഏറ്റവും മികച്ച ഗാനങ്ങൾ ആയി ശ്രോതാക്കൾ തിരെഞ്ഞെടുത്ത ഗാനങ്ങൾ -
വർഷം - ഗാനത്തിന്റെ ആദ്യവരി - ഗായകർ - ചിത്രം - സംഗീത സംവിധായകൻ
1) 1952 - തൂ ഗംഗ കി മൌജ് മൈൻ ജമുന ... റഫി, ലത - ബൈജു ബാവര - നൗഷാദ്
2) 1953 - യെ സിന്ദഗി ഉസീകി ഹൈ ... ലത - അനാർകലി - സി രാമചന്ദ്ര
3) 1954 - ജായെ തോ ജയേ കഹാൻ ... - തലത് മൊഹമ്മെദ് - ടാക്സി ഡ്രൈവർ - എസ് ഡി ബർമ്മൻ
4) 1955 - മെര ജൂതാ ഹൈ ജാപാനി ... മുകേഷ് - ശ്രീ 420 - ശങ്കർ ജൈകിഷൻ
5) 1955 - യെ ദിൽ ഹായ് മുശ്കിൽ ജീനാ... റഫി, ഗീത ദത്ത് - C I D - O P നയ്യർ
6) 1957 - ഝര സാംനെ തോ ആവോ ... ലത, റഫി - ജനം ജനം കെ ഫേരെ - S N ത്രിപാഥി
7) 1958 - ഹായ് അപനാ ദിൽ ... ഹേമന്ത് കുമാർ - സോൽവാ സാൽ - S D ബർമ്മൻ
8) 1959 - ഹാൽ കൈസ ഹൈ ജനാബ് ക ... കിഷോർ, ആശ - ചൽത്തി കാ നാം ഗാടി - S D ബർമ്മൻ
9) 1960 - ജിന്ദഗി ഭർ നഹിം ഭൂലേഗി ... റഫി, ലത - ബര്സാത് കി രാത് - രോശൻ
10) 1961 - തേരി പ്യാരി പ്യാരി സൂരത് കോ ... റഫി- സസുരാൽ - ശങ്കർ ജൈകിഷൻ
11) 1962 - എഹ്സാൻ തേരാ ഹോ .... റഫി, ലത - ജന്ഗ്ളീ - ശങ്കർ ജൈകിഷൻ
12) 1963 - ജോ വാദ കിയ ഹോ നിഭാന പടേഗാ... റഫി, ലത - താജ് മഹൽ - രോശൻ
13) 1964 - മേരെ മൻ കി ഗംഗ .. മുകേഷ് - സംഗം - ശങ്കർ -ജൈകിഷൻ
14) 1965 - ജിസ് ദിൽ മൈൻ ബസാ .... മുകേഷ് , ലത - സഹേലി - കല്യാണ് ജി -ആനന്ദ്ജി
15) 1966 - ബഹാരോ ഫൂൽ ബര്സാവോ ... - റഫി - സൂരജ് - ശങ്കർ -ജൈകിഷൻ
16) 1967 - സാവൻ ക മഹിന പവൻ കരെ .... ലത , മുകേഷ് - മിലൻ - ലക്ഷ്മികാന്ത് -പ്യാരേലാൽ
17) 1968 - ദിൽവിൽ പ്യാർ പ്യാർ ... ലത - ഷാഗിർദ് - ലക്ഷ്മികാന്ത് പ്യാരേലാൽ
18) 1969 - കൈസേ രഹൂണ് ച്ചുപ്കി ... ലത - ഇന്തകാം - ലക്ഷ്മികാന്ത് പ്യാരേലാൽ
19) 1970 - ബിന്ദിയ ചമ്കേഗി ... ലത - ദോ രാസ്തേ - ലക്ഷ്മികാന്ത് പ്യാരേലാൽ
20) 1971 - ജിന്ദഗി ഏക് സഫർ .... കിഷോർ , ആശ - അന്ദാസ് - ശങ്കർ ജൈകിഷൻ
21) 1972- ദം മാരോ ദം .... ആശ - ഹരേ രാമാ ഹരേ കൃഷ്ണാ - RD ബർമൻ
22) 1973 - യാരി ഹായ് ഇമാൻ മേരി ... മന്നാടെ - ജന്ജീർ - കല്യാണ് ജി ആനന്ദ്ജി
23) 1974 - മെര ജീവൻ കോരാ കാഗസ് ... കിഷോർ - കോരാ കാഗസ് - കല്യാണ് ജി ആനന്ദ്ജി
24) 1975 - മഹങ്ങായീ മാർഗയീ .... ലത, മുകേഷ് - റോട്ടി കപ്ടാ ഔർ മകാൻ -ലക്ഷ്മികാന്ത് പ്യാരേലാൽ
25) 1976 - കഭി കഭി മേരെ ദിൽ മേ .... ലത, മുകേഷ് - കഭീ കഭീ - ഖയ്യാം
26) 1977 - കോയി പത്തർ സെ നാ മാരോ ... ലത - ലൈല മജ്നു - മദൻ മോഹൻ
27) 1978 - അന്ഖിയോം കെ ജരോകെ സെ ... ഹേമലത - അന്ഖിയോം കെ ജരോകെ സെ - രവീന്ദ്ര ജെയിൻ
28) 1979 - ഓ സാഥീ രേ .... കിഷോര്, ആശ - മുക്കദർ കാ സികന്ദർ - കല്യാണ് ജി ആനന്ദ്ജി
29) 1980 - ടഫ്ളീ വാലെ ടഫ്ളീ ബജാ .... ലത, റാഫി - സർഗ്ഗം - ലക്ഷ്മികാന്ത് പ്യാരേലാൽ
30) 1981 - മേരെ അങ്കനെ മൈൻ തുമാര ക്യാ കാം... അൽകാ യാത്നിക്, അമിതാബ് ബച്ചൻ - ലാവാരിസ് - കല്യാണ് ജി ആനന്ദ്ജി
31) 1982 - അന്ഗ്രെസി മൈൻ കഹ്തെ ഹൈ... കിഷോർ, ലത - ഖുദ്ദാർ - രാജേഷ് രോശൻ
32) 1983 - ശായാദ് മേരി ശാദി ക ഖയാൽ .... ലത, കിഷോർ - സൗതെൻ - ഉഷ ഖന്ന
33) 1984 - തു മേരാ ജാനൂ ഹൈ .... അനുരാധ, മന്ഹാർ ഉധാസ് - ഹീറോ - ലക്ഷ്മികാന്ത് പ്യാരേലാൽ
34) 1985 - സുൻ സായ്ബാ സുൻ ... ലത, കോറസ് - രാം തേരി ഗംഗ മൈലി - രവീന്ദ്ര ജെയിൻ
35) 1986 - യശോദാ കാ നന്ദലാല ... ലത - സന്ജോഗ് - ലക്ഷ്മികാന്ത് പ്യാരേലാൽ
36) 1987 - ചിട്ടി ആയീ ഹൈ .... പങ്കജ് ഉധാസ് - നാം - ലക്ഷ്മികാന്ത് പ്യാരേലാൽ
37) 1988 - പാപ കഹ്തെ ഹൈൻ .... ഉദിത് നാരായണ് - കയാമത് സെ കയാമത് തക് - ആനന്ദ് മിലിന്ദ്
38) 1989 - മൈ നെയിം ഈസ് ലഖൻ .... മുന്ന - രാം ലഖൻ - ലക്ഷ്മികാന്ത് പ്യാരേലാൽ
39) 1990 - ഗോരി ഹൈ കലായിയാൻ .... ലത, ശബ്ബീർ കുമാർ - ആജ് കാ അർജുൻ - ബപ്പി ലാഹിരി
40) 1991 - ദേഖാ ഹൈ പഹലി ബാർ .... SP ബാലസുബ്രമണ്യം, അൽകാ - സാജൻ - നദീം ശ്രാവൻ
41) 1992 - മൈനെ പ്യാർ തുംഹി സെ .... കുമാർ സാനു, അനുരാധ - ബേട്ട - നദീം ശ്രാവൻ
42) 1993 - ചോളി കെ പീച്ചേ ക്യാ ഹൈ .... അൽക, ഇല അരുണ് - ഖൽനായക് - ലക്ഷ്മികാന്ത് പ്യാരേലാൽ
43) 1994 - ജാദൂ തേരി നസർ .... ഉദിത് നാരായണ് - ടർ - ശിവ് ഹരി
40 ൽ പരം വർഷങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ ഈ പട്ടിക സൂക്ഷ്മമായി ഒന്ന് പരിശോധിക്കുക. ഇവയിൽ ഇന്നും ഒളിമങ്ങാതെ നില കൊള്ളുന്ന ഗാനങ്ങളിൽ ഭൂരിഭാഗവും ആദ്യത്തെ (1952 മുതൽ ) 25 വർഷങ്ങളിലെ ഗാനങ്ങൾ എന്നതിൽ തർക്കമുണ്ടോ? ഇല്ല, അല്ലേ? അതിനുശേഷമുള്ള വർഷങ്ങളിലെ പാട്ടുകളിൽ 1980 കളുടെ മദ്ധ്യം വരെയുള്ള ഗാനങ്ങൾ ചിലത് ഓർമ്മയിൽ ചിലപ്പോഴൊക്കെ മിന്നി മറയുന്നു. പിന്നെയും മുന്നോട്ടു നീങ്ങുമ്പോൾ മിക്ക പാട്ടുകളും ഓർത്തെടുക്കേണ്ടി വരും. മിക്കതും വിസ്മൃതിയിൽ ആണ്ടു പോയവ.
അല്പകാലം മാത്രം സംഗീതരംഗത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഗാനങ്ങളുടെ അടിസ്ഥാനത്തിലല്ല അതിന്റെ സംവിധായകരെ വിലയിരുത്തേണ്ടതു്. മറിച്ചു് കാലത്തെ അതിജീവിച്ചു തലമുറകളെ സംഗീതത്തിന്റെ മാസ്മരികതയിൽ മയക്കുന്ന, ആനന്ദത്തിൽ ആഴ്ത്തുന്ന ഗാനങ്ങളുടെ അടിസ്ഥാനത്തിൽ ആണു്.
ഈ ഒരു കാഴ്ചപ്പാടോടെ സംഗീത സംവിധായകരെ, ഗായികാ ഗായകന്മാരെ വിലയിരുത്തുമ്പോൾ മുൻ നിരയിൽ വരുന്നവരാണ് - നൌഷാദ്, അനിൽ ബിസ്വാസ്, ഖേമ്ച്ചന്ദ് പ്രകാശ്, ശങ്കർ ജൈകിഷൻ, SD ബർമ്മൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, മദൻ മോഹൻ, പങ്കജ് മല്ലിക് തുടങ്ങിയ സംഗീത സംവിധായകർ.
ബിനാക ഗീത്ത്മാല യിലെ ഒന്നാം സ്ഥാനം കൈയടക്കിയ ഗാനങ്ങളുടെ ലിസ്റ്റ് കണ്ടല്ലോ? ഓരോ വർഷവും അവസാനത്തെ ആഴ്ചയിൽ ആ വർഷത്തെ മികച്ച ഗാനങ്ങൾ പ്രക്ഷേപണം ചെയ്തു് അവയിൽ നിന്നാണ് ഒന്നാം സ്ഥാന ഗാനം തിരെഞ്ഞെടുത്തിരുന്നതു്.
ഓരോ വർഷാവസാനത്തെ ആഴ്ചയിലെ ഫൈനൽ ലിസ്റ്റിലെ ഗാനങ്ങളിലും നൌഷാദ്, സി രാമചന്ദ്ര, SD ബർമ്മൻ, ശങ്കർ ജൈകിഷൻ, അനിൽ ബിശ്വാസ്, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങിയ പ്രമുഖരുടെ ഗാനങ്ങൾക്കായിരുന്നു സ്ഥാനം.
ഇൻഡോറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "നയി ദുനിയ" എന്ന പത്രം 1996 ൽ നടത്തിയ അഭിപ്രായ സർവ്വേയിലും നൌഷാദ്, സി രാമചന്ദ്ര, SD ബർമ്മൻ, ശങ്കർ ജൈകിഷൻ, മദൻ മോഹൻ തുടങ്ങിയ സംഗീത സംവിധായകർ ആയിരുന്നു ജനപ്രിയ സംഗീത സംവിധായകർ.
ഇനി, ഇവരുടെ ഗാനങ്ങളുടെ ജനപ്രീതിക്ക് സംഗീതാസ്വാദകർക്കു തന്നെ മനസ്സിൽ നടത്താവുന്ന ഒരു പരീക്ഷ. 1940 കൾ മുതലുള്ള അതാതു വർഷങ്ങളിലെ ചില ഹിറ്റ് ഗാനങ്ങൾ ഇതാ -
1) യെ ജിന്ദഗി കെ മേലെ ....... റഫി - "മേല " (1948 ) - നൌഷാദ്
2) യാദ് രഖ്ന ചാന്ദ് താരോ.... ലത "അനോഖ പ്യാർ (1948 ) -അനിൽ ബിസ്വാസ്
3) ചുപ് ചുപ് ഖടി ഹോ ..... ലത, പ്രേം ലത "ബടി ബഹൻ " (1949)- ഹുസന്ലാൽ ഭഗത് റാം
4) ഹവ മേ ഉട്താ ജായെ ... ലത "ബര്സാത് " (1949 ) -ശങ്കർ ജൈകിഷൻ
5) തു മേരാ ചാന്ദ് മൈൻ തേരി ... സുരൈയ, ശ്യാം "ദില്ലഗി " (1949) -നൌഷാദ്
6) സുഹാനി രാത് ടൽ ചുകി ... റഫി " ദുലാരി " (1949) - നൗഷാദ്
7) മേരെ പിയ ഗയെ രണ്ഗൂണ് ... ശംശാദ് ബേഗം, ചിതൽകർ "പതംഗ " (1949) - സി രാമചന്ദ്ര
8) ആയേഗ ആയേഗ ആയേഗ ആനേവാല ... ലത "മഹൽ" (1949) -ഖെംചന്ദ് പ്രകാശ്
9) ഗോരേ ഗോരേ ബാങ്കെ .... ലത, അമീര്ബായ് കർണാടകി "സമാധി " (1950) സി രാമചന്ദ്ര
10) ബച്പൻ കെ ദിൻ ഭുലാ ന ദേന .. ലത, ശംശാദ് " ദീദാർ " (1951) നൗഷാദ്
11) ധീരേ സെ ആജാരി നിന്ദിയ ....ലത, ചിതൽകർ "അല്ബേല " (1951) സി രാമചന്ദ്ര
12) ആവാര ഹൂം ........ മുകേഷ് "ആവാര " (1951) -ശങ്കർ ജൈകിഷൻ
13) സൈയ ദിൽ മെ ആന .... ശംശാദ് ബേഗം "ബഹാർ " (1951) SD ബർമ്മൻ
14) ബടെ അർമാൻ സെ ബലം ... ലത, മുകേഷ് "മൽഹാർ " (1951) രോശൻ
15) തു ഗംഗാ കി മൗജ് ... റഫി, ലത "ബൈജു ബാവര " (1952 ) നൗഷാദ്
16) ഓ ദുനിയ കെ രഖ്വാലെ.... റഫി "ബൈജു ബാവര " ( 1952 ) നൗഷാദ്
17) ദിൽ മേ ഛുപാ കെ പ്യാർ ക ... റഫി "ആൻ " ( 1952 ) നൗഷാദ്
18) യെ ജിന്ദഗി ഉസീകി ഹൈ.... ലത "അനാർകലി " ( 1953 ) സി രാമചന്ദ്ര
19) ശാം എ ഗം കി കസം.... തലത് .... "ഫുട് പാത് " ( 1953 )- ഖയ്യാം
20) ഇൻസാഫ് ക മന്ദിർ ഹൈ ... റഫി "അമർ " ( 1954 ) - നൗഷാദ്
21) ബാബൂജി ധീരേ ചൽന .... ഗീത ദത്ത് " ആർ പാർ " ( 1954 ) OP നയ്യർ
22) ജായെ തോ ജായെ കഹാൻ ... തലത് "ടാക്സി ഡ്രൈവർ " ( 1954 ) SD ബർമ്മൻ
23) മൻ ഡോലെ മേരാ തൻ .... ലത "നാഗിൻ " ( 1954 )- ഹേമന്ത് കുമാർ
24) ഛൊട്ട സാ ഘർ ഹോഗ .... കിഷോർ "നൌകരി " ( 1954 ) -സലിൽ ചൗധരി
25) ദിൽ എ നാദാൻ .... തലത്, സുരൈയ "മിർജാ ഗാലിബ് " ( 1954 ) -ഗുലാം മുഹമ്മദ്
26) പ്യാർ ഹുവ ഇക്രാർ ഹുവ .... മുകേഷ്, ലത "ശ്രീ 420 " ( 1955 ) -ശങ്കർ ജൈകിഷൻ
27) മേരാ ജൂതാ ഹൈ ജാപാനി .... മുകേഷ് " ശ്രീ 420 " ( 1955 ) ശങ്കർ ജൈകിഷൻ
28) കിതനാ ഹസീൻ ഹൈ മൌസം ... ചിതൽകർ , ലത "ആസാദ് " (1955) സി രാമചന്ദ്ര
29) നൈൻ സൊ നൈൻ.. ലത ,ഹേമന്ത് "ഝനക് ഝനക് പായൽ ബാജെ " (1955) -വസന്ത് ദേശായി
30) ഓ ദൂർ കെ മുസാഫിർ .... റഫി " ഉടൻ ഖട്ടോല " ( 1955 ) - നൗഷാദ്
31) സുർ ന സജെ ക്യാ ഗാവൂൻ ... മന്നാ ഡേ "ബസന്ത് ബഹാര് " ( 1956 ) -ശങ്കർ ജൈകിശാൻ
32) ആയെ ബഹാർ ബന്കെ .... റഫി "രാജ് ഹത്ത് " ( 1956 ) ശങ്കർ ജൈകിശൻ
33) യെ ദിൽ ഹൈ മുശ്കിൽ ജീന യഹാ ... റഫി, ഗീതാ ദത്ത് "സി ഐ ഡി " (1956) OP നയ്യർ
34) രസിക് ബലമാ..... ലത "ചോരി ചോരി " ( 1956 ) ശങ്കർ ജൈകിഷൻ
35) ആജാ സനം മധുർ ചാന്ദ്നി മേ ... മന്നാടേ, ലത "ചോരി ചോരി " ( 1956 ) ശങ്കർ ജൈകിഷൻ
36) ജരാ സാംനെ തോ ആവോ ... ലത, റഫി "ജനം ജനം കെ ഫേരെ " ( 1957 ) SN ത്രിപാഥി
37) ഏ മാലിക് തെരെ ബന്ധെ ഹം .... ലത, കോറസ് "ദോ ആന്ഖേം ബാരഹ് ഹാത്ത് "( 1957) വസന്ത് ദേശായി
38) മാൻഗ് കെ സാഥ് തുമാര .... റഫി, ആശ " നയാ ദൗർ " ( 1957 ) OP നയ്യാർ
39) ച്ഹോട് ദോ ആഞ്ചൽ ജമാന ക്യാ.. ആശ, കിഷോർ "Paying Guest " (1957) SD ബർമ്മൻ
40) ചൽ ഉട്ജാ രേ പഞ്ഛി .....റഫി "ഭാഭി " ( 1957 ) ചിത്രഗുപ്ത
41) ദോ ഘടി വോ ജോ പാസ്.... ലത, റാഫി "Gateway of India" ( 1957 ) മദൻ മോഹൻ
42) ഏക് ലട്കി ഭീഗി.... കിഷോർ " ചൽത്തി ക നാം ഗാടി " ( 1958 ) SD ബർമ്മൻ
43) ഹം പ്യാർ മെ ജല്നെവാലോം കോ .... ലത "Jailor " ( 1958 ) മദൻ മോഹൻ
44) ആൻസൂ ഭരി ഹൈ ..... മുകേഷ് "പർവരിഷ് " ( 1958 ) ദത്താ റാം
45) സുഹാന സഫർ ഔർ .... മുകേഷ് "മധുമതി" ( 1958 ) സലിൽ ചൗധരി
46) ആജാ രേ പർദേശി ..... ലത "മധുമതി" ( 1958 ) സലിൽ ചൗധരി
47) കുഹൂ കുഹൂ ബോലേ കൊയലിയ ... ലത, റഫി "സുവർണ്ണ സുന്ദരി" (1958 ) ആദി നാരായണ റാവു
48) ഹൈ അപനാ ദിൽ .... ഹേമന്ത് കുമാർ "സോല്വാ സാൽ " ( 1958 ) SD ബർമ്മൻ
49) ആയിയേ മേഹെർബാൻ ..... ആശ "ഹൌറ ബ്രിഡ്ജ് " ( 1958 ) OP നയ്യർ
50) വക്ത് നെ കിയാ ക്യാ ഹസീൻ .... ഗീതാ ദത്ത് "കാഗസ് കെ ഫൂൽ " ( 1959 ) SD ബർമ്മൻ
51) ജീവൻ മേ പിയാ .... ലത, റഫി " ഗൂന്ജ് ഉഥി ശെഹ്നായ് " ( 1959 ) വസന്ത് ദേശായി
52) തു ഹിന്ദു ബനേഗ യ .... റഫി " ധൂൽ കാ ഫൂൽ " ( 1959 ) N ദത്ത
53) ആധ ഹൈ ചന്ദ്രമാ .... മഹേന്ദ്ര കപൂർ, ആശ "നവ രംഗ് " ( 1959 ) സി രാമചന്ദ്ര
54) ജൽതെ ഹൈൻ ജിസ്കെ ലിയെ.... തലത്, സുജാത (1959 ) -SD ബർമ്മൻ
55) ജാനേ കൈസേ സപനോം മേ ... ലത "അനുരാധ " (1960 ) പണ്ഡിറ്റ് രവിശങ്കർ
56) മധുബൻ മെ രാധിക ..... റഫി "കോഹിനൂർ " (1960 ) - നൗഷാദ്
57) ചൗദവിൻ കാ ചാന്ദ് ഹോ... റഫി "ചൗദവിൻ കാ ചാന്ദ് " (1960 ) - രവി
58) ഓ ബസന്തി പവൻ ... ലത "ജിസ് ദേഷ് മേ ഗംഗ ബഹ്തി ഹൈ " ( 1960 )- ശങ്കർ ജൈകിഷൻ
59) ജിന്ദഗി ഭർ നഹിം ഭുലേഗി ... റഫി " ബർസാത് കി രാത് " ( 1960 ) - രോശൻ
60) പ്യാർ കിയാ തോ ടർനാ ക്യാ ... ലത "മുഘൾ എ അസം " ( 1960 ) നൗഷാദ്
ഈ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും ജനപ്രിയമായ "പാട്ട് അപ്പൂപ്പന്മാർ- അമ്മൂമ്മമാർ " 50 വർഷം പ്രായം കടന്നവർ. ഈ പാട്ടുകളുടെ മാസ്മരികത ഇന്നും ശ്രോതാക്കളെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നു. ഇന്നും ഗാനമേളകളിലും റിയാലിറ്റി ഷോകളിലും ഈ ഗാനങ്ങൾ കേൾക്കാം .
എന്നാൽ 1990 കൾക്കു ശേഷമുള്ള ഗാനങ്ങളുടെ ഇതു് പോലെ ഒരു ലിസ്റ്റ് - ഓരോ വർഷത്തിലും ഹിറ്റ് ആയ ഗാനങ്ങൾ - ഒന്നു പരിശോധിക്കുക. മനസ്സിൽ തങ്ങി നിൽക്കുന്ന എത്ര ഗാനങ്ങൾ ഉണ്ടാകും? ഈ പാട്ടുകൾ ഇറങ്ങിയപ്പോൾ കേട്ടു രസിച്ചവർ പോലും ഇന്ന് ഓർക്കുന്നുണ്ടാകില്ല. കാരണം - ഈ പാട്ടുകൾക്ക് "ജീവൻ" ന്റെ സാന്നിദ്ധ്യം ഇല്ല, അല്ലെങ്കിൽ അല്പം മാത്രമേ ഉള്ളൂ എന്നതുതന്നെ. പാട്ടുകളുടെ ജീവൻ അവയുടെ ആലാപന സൗകുമാര്യം ആണ്. അതായത് ആ ശബ്ദത്തിന്റെ - ഗായകന്റെ അല്ലെങ്കിൽ ഗായികയുടെ ശബ്ദത്തിന്റെ മാധുര്യം, ഭാവം !! എന്നാൽ ഇന്നത്തെ പാട്ടുകൾ, അതായത് 1990 കൾക്ക് ശേഷമുള്ള പാട്ടുകളിൽ ഭൂരിഭാഗവും ഓർക്കെസ്ട്രയുടെ ആധിക്യം കാരണം ഗായകന്റെയോ ഗായികയുടെയോ ശബ്ദം മങ്ങിപ്പോകുന്നു. പാട്ടിന്റെ ജീവൻ വാദ്യഘോഷത്തിൽ വിലീനമാകുന്നു. പാട്ട് ഒരു വധു ആണെങ്കിൽ, ആ വധുവിനെ അലങ്കരിക്കാനുള്ള ആഭരണങ്ങൾ ആണ് വാദ്യോപകരണങ്ങൾ. പഴയ പാട്ടുകളിൽ, മേലെ ലിസ്റ്റ് ചെയ്തവയിൽ വധുവിനെ അലങ്കരിക്കുന്നത് ഏതാനും വാദ്യങ്ങൾ - വയലിൻ, വീണ, തബല, പുല്ലാങ്കുഴൽ, ഹാർമോണിയം തുടങ്ങിയവ. വധുവിന്റെ തലയിലെ ചുട്ടി ആയും, കർണ്ണാ ഭരണങ്ങൾ ആയും, മൂക്കുത്തി ആയും, അരപ്പട്ട ആയും അവ വധുവിനെ അലങ്കരിക്കുന്നു. കാലാന്തരത്തിൽ വന്ന മാറ്റങ്ങൾ, വർത്തമാന കാലത്തെ "പാട്ട് വധു" വിനെ അലങ്കരിക്കാൻ ആഭരണങ്ങളുടെ ഒരു മേള തന്നെ!! ഭാരതീയ വാദ്യങ്ങൾ കുറവ്. പാശ്ചാത്യ വാദ്യങ്ങളുടെ ആധിക്യം. ആഭരണങ്ങൾ കൊണ്ട് മൂടുകയാണ് വധുവിനെ !! വധുവിന്റെ മുഖാരവിന്ദം ആഭരണങ്ങളുടെ ആധിക്യം മറയ്ക്കുന്നു. പാട്ടിന്റെ വ്യക്തിത്വം നഷ്ടമാകുന്നു. പുറം മോടിയാൽ തത്കാലത്തേക്ക് മാത്രം നിലനിൽക്കുന്ന ആയുസ്സേ ഈ പാട്ട് സുന്ദരിമാർക്കുള്ളൂ. പുറം മോടി ഒരു "ഫാഷൻ" മാത്രം അല്ലേ? "ഫാഷൻ" ആകട്ടെ നാൾക്കു നാൾ മാറുന്ന ഒരു സംസ്കാരവും. ഓർക്കെസ്ട്രയാകുന്ന "ഫാഷൻ " മാറിക്കൊണ്ടേ ഇരിക്കുന്നു. കമ്പ്യൂട്ടർ കൊണ്ടുവരെ ശബ്ദവീചികൾ ഉണ്ടാക്കി ഓർക്കെസ്ട്രയിൽ പെടുത്തുന്നു. ഇന്നത്തെ പാട്ടുകൾ നാളെ ഇല്ല. മിക്ക ഗാനങ്ങളും "അല്പായുസ്സുകൾ". മരണമില്ലാത്ത "ചിരഞ്ജീവി" ഗാനങ്ങൾ മിക്കതും 1940 കൾ മുതൽ 1960 കൾക്കുള്ളിൽ ജന്മം കൊണ്ടവ !!
ഇനി തികച്ചും ജനകീയം, ശാസ്ത്രീയം എന്നൊക്കെ നമുക്കു് വിശേഷിപ്പിക്കാവുന്ന ഒരു അഭിപ്രായ സർവ്വേയിലേക്കു് - കടന്നുപോയ സഹസ്രാബ്ദത്തിലെ ഏറ്റവും മികച്ച 10 ഗാനങ്ങൾ തിരെഞ്ഞെടുക്കാൻ ആകാശവാണിയുടെ വിവിധ് ഭാരതി നിലയം 1999 ൽ നടത്തിയ സർവ്വേ - 1999 ഡിസംബർ 1 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നടത്തിയ ഒരു അഭിപ്രായ സർവ്വേ പ്രക്രിയ. എല്ലാ ദിവസവും രാത്രി 10 മണി മുതൽ 10.30 വരെ വർഷങ്ങളായി പ്രക്ഷേപണം ചെയ്തു വരുന്ന " ഛായാ ഗീത് " (chhaayaa geeth ) എന്ന അത്യന്തം ജനപ്രീതി ആർജ്ജിച്ച സിനിമാ സംഗീത പരിപാടിയുടെ സമയം ആയിരുന്നു അഭിപ്രായ സർവ്വേക്കായി തിരെഞ്ഞെടുത്തതു്. ജനപ്രിയ അവതാരകരായ യുനുസ് ഖാൻ, അശോക് ശർമ്മ തുടങ്ങിയവരെ ഇതിനായി ചുമതലപ്പെടുത്തി. ഹിന്ദിസിനിമയുടെ ആരംഭം മുതൽക്കുള്ള ഗാനങ്ങൾ - ഹിറ്റ് ഗാനങ്ങൾ - ഡിസംബർ 1 മുതൽ പരിപാടിയിൽ കൂടി ശ്രോതാക്കളുടെ ഓർമ്മ പുതുക്കാനായി പരിപാടിയിൽ കൂടി പ്രക്ഷേപണം ചെയ്തു വന്നു. ശ്രോതാക്കൾ ചെയ്യേണ്ടത് ഇത്ര മാത്രം - ഇഷ്ടപ്പെട്ട ഗാനങ്ങൾ അവയുടെ പ്രാധാന്യം അനുസരിച്ചു് ക്രമപ്പെടുത്തി 10 ഗാനങ്ങളുടെ ലിസ്റ്റ് നിലയത്തിലേക്കു് തപാലിൽ അയക്കുക. ഇങ്ങനെ ലഭിക്കുന്ന ലിസ്റ്റുകളിലെ ഗാനങ്ങളുടെ നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശങ്ങൾ ലഭിക്കുന്ന ഗാനങ്ങളുടെ ലിസ്റ്റ് ആകാശവാണി തയ്യാറാക്കും. ആ ലിസ്റ്റുമായി ഏറ്റവും കൂടുതൽ യോജിക്കുന്ന ശ്രോതാക്കളെ 40 പേരെ തിരെഞ്ഞെടുത്തു് സമ്മാനം !! ഈ അഭിപ്രായ സർവ്വേയിൽ തിരെഞ്ഞെടുത്ത ഗാനങ്ങൾ ഇതാ :-
1. ലിസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു് ഒരു ചലച്ചിത്രേതര ഗാനം - ഒരു ദേശഭക്തി ഗാനം. ഗാനരചന - കവി പ്രദീപ്. സംഗീതം - സി രാമചന്ദ്ര. ഗായിക -ലത മങ്കേഷ്കർ. "ഏ മേരെ വതൻ കെ ലോഗോ.... " എന്ന ഗാനം. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷം 1963 ജനുവരി 27 നു് ഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ ലത പാടിയ ഗാനം വേദിയിൽ സന്നിഹിതനായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ കണ്ണുകളെ ഈറനണിയിച്ച ദേശഭക്തി ഗാനം. ഏറ്റവും മികച്ച ദേശഭക്തി ഗാനമായി ഏവരും അംഗീകരിക്കുന്ന ഗാനം. ഈ ഗാനത്തിന്റെ റോയൽറ്റി (royalty ) ഗാന രചയിതാവു് കവി പ്രദീപ്, യുദ്ധത്തിൽ വീരചരമം പ്രാപിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കായി സമർപ്പിച്ചത്രേ !! സഹസ്രാബ്ദത്തിലെ ഏറ്റവും മികച്ച ഗാനം തന്നെ .
2. രണ്ടാം സ്ഥാനവും ഒരു ദേശഭക്തി ഗാനം. ചിത്രം - "ഉപകാർ " (1967 ) ഗാനരചന - ഗുൽഷൻ ബാവര. സംഗീതം - കല്യാണ് ജി ആനന്ദ്ജി. ഗായകൻ -മഹേന്ദ്രകപൂർ, സംഘം. ആ വർഷത്തെ ബിനാക ഗീത് മാലയിൽ 25th സ്ഥാനത്തെത്തിയ ഗാനം " മേരെ ദേശ് കി ധർത്തി സോനാ ഉഗലെ ...."
3. മൂന്നാം സ്ഥാനം എക്കാലത്തെയും മികച്ച ഭക്തി ഗാനം. ഏക ദൈവം - സർവ്വേശ്വരനെ പ്രപഞ്ചം കാക്കുന്ന സർവ്വശക്തൻ ആയി കാണുന്നു ഗാനത്തിൽ. സർവ്വമതത്തിനും യോജിച്ച ഭക്തി ഗാനം ഗാനരചന - ഭരത് വ്യാസ്. സംഗീതം -വസന്ത് ദേശായ്. ഗായിക - ലത മങ്കേഷ്കർ, സംഘം. ചിത്രം - "ദോ ആന്ഖേം ബാരഹ് ഹാത്ത് " (1958 ) - ആ വർഷത്തെ ബിനാക ഗീത് മാലയിൽ സ്ഥാനം - 20 " എ മാലിക് തെരെ ബന്ധെ ഹം ..... "
4. അന്നും ഇന്നും എന്നും ജനപ്രിയമായ അനശ്വര പ്രേമഗാനം. ചിത്രം - "മുഗൾ എ അസം " (1960 ) ഗാനരചന - ഷകീൽ ബദായുനി. സംഗീതം - നൗഷാദ് ഗായിക - ഇന്ത്യൻ സിനിമയുടെ വാനമ്പാടി ലത മങ്കേഷ്കർ തന്നെ. ഗാനം - "പ്യാർ കിയ തോ ഡർനാ ക്യാ..... " ആ വർഷത്തെ ബിനാക ഗീത് മാലയിൽ സ്ഥാനം 4.
5. അഞ്ചാം സ്ഥാനം ഒരു അനശ്വര പ്രേമഗാനം. ചിത്രം - "താജ് മഹൽ" ( 1963 )
ഗാനരചന - സാഹിർ ലുധിയാനവി. സംഗീതം - രോശൻ. ഗായകർ - ലത മങ്കേഷ്കർ, മുഹമ്മദ് റഫി. "ജോ വാദ കിയ ഹോ നിഭാന പടേഗ ..... " അനശ്വര പ്രേമ യുഗ്മഗാനം. ഗീത് മാലയിൽ സ്ഥാനം - ഒന്നാം സ്ഥാനം. 1
6. ആറാം സ്ഥാനം ഒരു ആരംഭ കാല ഗാനം. ഗായകൻ K L സൈഗാൾ എന്ന ചുരുക്കപ്പെരാൽ അറിയപ്പെട്ടിരുന്ന അനശ്വര ഗായകൻ കുന്ദൻ ലാൽ സൈഗാൾ. ചിത്രം - "പ്രസിഡന്റ് " ( 1937 ) ശോഭനമായ ഒരു ഭാവി മുന്നിൽ കണ്ടു കൊണ്ട് നായകൻ പാടുന്ന ഗാനം ഗാനരചന - കെദാർ ശർമ്മ. സംഗീതം - R C ബോറാൽ. ഗാനം - "ഇക് ബങ്കല ബനേ ന്യാര.... " .... ബിനാക ഗീത് മാലയുടെ തുടക്കം 1952 ൽ മാത്രം.
7. ഏഴാം സ്ഥാനം കൈയടക്കിയ ഗാനം ലതയുടെ സംഗീത ജീവിതത്തിൽ ഒരു നാഴികക്കല്ലു കൂടിയാണ്. ഗായികയെ അതിപ്രശസ്ത ആക്കിയ ഗാനം. ചിത്രം - "മഹൽ" (1949 ) ഗാനരചന - J നക്ഷാബ്. സംഗീതം - ഖേമ്ച്ചന്ദ് പ്രകാശ്. ഗായിക - ലത. "ആയേഗ ആയേഗ ആയേഗ ആനേവാല ...... " ബിനാക ഗീത് മാല 1952 മുതൽ മാത്രം.
8. എട്ടാം സ്ഥാനം എത്തിയ ഗാനത്തിന്റെ സംഗീതം നൌഷാദ്. ഗാനരചന - ശകീൽ ബദായുനി. ഗായികമാർ - മങ്കേഷ്കർ സഹോദരിമാർ - ലത, ഉഷ, മീന. "ദുനിയ മെ ഹം ആയെ ഹൈൻ തോ ജീന ഹി പടേഗ ..... " ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ആഹ്വാനം ചെയ്യുന്ന ഗാനം . ഗീത് മാലയിൽ സ്ഥാനം -12
9. ഒമ്പതാം സ്ഥാനം ലത മങ്കേഷ്കരുടെ തന്നെ ആലാപനം. ചിത്രം - "ഗൈഡ്" (1966 ) ഗാനരചന - ശൈലേന്ദ്ര. സംഗീതം - S D ബർമ്മൻ. "കാന്ട്ടോം സെ ഖീഞ്ച് കെ യെ ആഞ്ചൽ ...." ഗീത് മാലയിൽ സ്ഥാനം 17
10. മീനാ കുമാരിയുടെ അനശ്വര ചിത്രം "പാകീസ " (1972 ) യിലെ ഗാനം പത്താം സ്ഥാനം. ഗായിക - ലത മങ്കേഷ്കർ. ഗാനരചന - മജ്രുഹ് സുൽത്താൻപുരി. സംഗീതം - ഗുലാം മുഹമ്മദ്. ഇന്ത്യൻ സിനിമ സംഗീതത്തിലെ മികച്ച "മുജ്ട"
തികച്ചും ജനകീയമായ ഈ അഭിപ്രായ സർവ്വേയിലെ ഫലം ശ്രദ്ധിക്കുക. ഇന്നും നാം ആസ്വദിക്കുന്ന ഗാനങ്ങൾ. മിക്ക ഗാനങ്ങളുടെയും പ്രായം 50 ൽ പരം. നൌഷാദിന്റെ രണ്ടു ഗാനങ്ങൾ ലിസ്റ്റിൽ !! അങ്ങനെയുള്ള നൗഷാദ് ഫിലിം ഫൈയറിന്റെ ലിസ്റ്റിൽ ഇല്ല !!!
ഇതിൽ കൂടുതൽ എന്തു പറയാൻ ? ഒന്നു മാത്രം പറഞ്ഞോട്ടെ - നൌഷാദ് എന്ന പ്രതിഭയെക്കുറിച്ച്. ആകാശവാണിയുടെ മേല്പറഞ്ഞ സർവ്വേയിൽ ഒന്നിൽ കൂടുതൽ ഗാനങ്ങൾ സ്ഥാനം പിടിച്ചതു് നൗഷാദിന്റെ ആണല്ലോ.അതു കൊണ്ടു മാത്രം.
1944 ൽ റിലീസ് ആയ ഹിന്ദി ചിത്രം "രത്തൻ " ന്റെ സംഗീതം നൗഷാദിനെ അതിപ്രശസ്തൻ ആക്കി. ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. "അന്ഖിയാ മിലാ കെ .... " (ജോരാ ബായ് അംബാലവാലി ), "മിൽകെ ബിചദ് ഗയി അന്ഖിയാൻ ... (അമീർ ബായ് കര്നാടകി ) മുതലായ ഗാനങ്ങൾ. ചിത്രത്തിന്റെ മൊത്തം നിർമ്മാണച്ചിലവ് - 75000 രൂപ. ഗാനങ്ങളുടെ 78 rpm ഗ്രാമോഫോണ് റിക്കാർഡുകളുടെ വില്പനയിൽ നിന്നും ലഭിച്ച വരുമാനം - 3,75,000 /- രൂപ. സംഗീതത്തിന്റെ മാസ്മരം തന്നെ അല്ലാതെ എന്താണ് ? സൂപ്പർ താരങ്ങൾ ഒന്നും അല്ല നായികാ നായകന്മാർ. കരൻ ദിവാൻ, സ്വർണ്ണലത എന്നീ അത്ര പ്രശസ്തർ അല്ലാത്ത താരങ്ങൾ.
1992 ൽ ദാദ സാഹെബ് ഫാൽകെ അവാർഡ് നൽകി രാഷ്ട്രം ബഹുമാനിച്ചു നൗഷാദിനെ. സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളിൽ 35 ചിത്രങ്ങൾ രജത ജുബിലി ആഘോഷിച്ചു. 12 ചിത്രങ്ങൾ സ്വർണ്ണ ജൂബിലിയും, 3 ചിത്രങ്ങൾ വജ്ര ജൂബിലിയും !! മൊത്തം തൊണ്ണൂറോളം ചിത്രങ്ങൾ. ഇവയിൽ അനശ്വര ഗാനങ്ങൾ ആയി നില നിൽക്കുന്നു നൂറ്റു കണക്കിനു് ഗാനങ്ങൾ !!! 1952 ൽ റിലീസ് ആയ "ആൻ "
എന്ന ചിത്രത്തിനു വേണ്ടി ഇദംപ്രഥമമായി 100 വാദ്യങ്ങളുടെ ഓർക്കെസ്ട്ര ഉപയോഗിച്ചു നൗഷാദ് ! ! (100 piece orchestra ) ഇവിടെയും ഈ 100 piece ഓർക്കെസ്ട്ര ആലാപന ശബ്ദത്തെ അലോസരപ്പെടുത്തുന്നില്ല ! !
കടന്നു പോയ 100 വർഷങ്ങളിലെ അനശ്വരരായ സംഗീതപ്രതിഭകളിൽ ഇന്നത്തെ തലമുറയും അറിയുന്ന നൗഷാദ്ജി യുടെ സംഭാവനകളെ കുറിച്ച് അല്പം പരാമർശിച്ചത് ഒരു ഉദാഹരണത്തിനായി മാത്രം. പങ്കജ് മല്ലിക്, S D ബർമ്മൻ, സി രാമചന്ദ്ര, രോശൻ, തുടങ്ങിയ അതുല്യ പ്രതിഭകളെ കുറിച്ചും പറയാനുണ്ട് ഇതു പോലെ.
ഇനി MOST POPULAR SONG (ഏറ്റവും മികച്ച ഗാനം ) ആയി ഫിലിം ഫെയർ സർവ്വേയിൽ കണ്ടെത്തിയ ഗാനങ്ങൾ -
1. തുജെ ദേഖ തോ ഹൈ..... കുമാർ സാനു, ലത - "ദിൽവാലെ ദുൽഹനിയ ലെ ജായെന്ഗേ "(1995 ) സംഗീതം- ജതിൻ -ലളിത്
(നാമ നിർദ്ദേശങ്ങൾ - 46 % )
2. പ്യാർ കിയാ തോ ടർനാ ക്യാ.... ലത "മുഗൾ എ അസം " (1960 ) സംഗീതം - നൌഷാദ്
(നാമ നിർദ്ദേശങ്ങൾ - 13 % )
3. ജീനാ യഹാൻ മർനാ യഹാൻ..... മുകേഷ് "മേരാ നാം ജോകർ " ( 1970 ) സംഗീതം - ശങ്കർ ജൈകിഷൻ
(നാമ നിർദ്ദേശങ്ങൾ - 10 % )
4. പ്യാർ ഹുവ ഇകരാർ ഹുവ...... മുകേഷ്, ലത "ശ്രീ 420 " ( 1955 ) സംഗീതം - ശങ്കർ ജൈകിഷൻ
(നാമ നിർദ്ദേശങ്ങൾ - 8 % )
5. കാന്ടോം സെ ഖീംച് .... ആജ് ഫിർ ജീനെ കി ... ലത "Guide " ( 1965 ) സംഗീതം - S D ബർമ്മൻ
( നാമ നിർദ്ദേശങ്ങൾ - 6 % )
നൂറ്റാണ്ടിലെ മറ്റു ജനപ്രിയ ഗാനങ്ങൾക്കെല്ലാം കൂടി - മിച്ചം വന്ന 17 %
ശ്രോതാക്കളെ, സിനിമാ സംഗീത പ്രേമികളെ, നിങ്ങളുടെ ഇഷ്ട ഗാനങ്ങളും (മേല്പറഞ്ഞ ഗാനങ്ങളിൽ പെടാത്തവ ഈ 17 % ൽ പെടുന്നു )
1990 ഡിസംബറിൽ ആകാശവാണി നടത്തിയ അഭിപ്രായ സർവ്വേയിലേക്കു തിരിച്ചു പോകാം. ഫിലിം ഫയെറിന്റെ സർവ്വേയിലെ എത്ര കണ്ടെത്തലുകൾ ഉണ്ട് ആ ലിസ്റ്റിൽ ? രണ്ടു ഗാനങ്ങൾ മാത്രം.13 %, 6 % നാമനിർദ്ദേശങ്ങൾ ലഭിച്ചവ !!
അഭിപ്രായ സർവ്വേ നടത്തിയ സിനിമാ മാഗസിനു് ഒരു കാര്യം ചെയ്യാമായിരുന്നു - സർവ്വേയിൽ ഏറ്റവും കൂടുതൽ നാമനിർദ്ദേശം ലഭിച്ച നാമം മാത്രം സർവ്വേയുടെ ഫലത്തിൽ പ്രഖ്യാപിക്കുക - അങ്ങനെ വരുമ്പോൾ അടുത്ത സ്ഥാനക്കാരൻ ആയെങ്കിലും ഇഷ്ട സംഗീത സംവിധായകനെയോ, ഗാനത്തെയോ നമുക്ക് സങ്കൽപ്പിക്കാമായിരുന്നു !! ഇഷ്ട സംഗീത സംവിധായകനെയും ഇഷ്ട ഗാനത്തേയും മിച്ചം വന്ന ശതമാനത്തിൽ ("പലവക" ) സർവ്വേ പെടുത്തിയതു് കണ്ടു് സംഗീത പ്രേമികൾ ഇഛാഭംഗപ്പെടേണ്ടി വരികയില്ലായിരുന്നു !!
അഞ്ചു പതിറ്റാണ്ട് കഴിഞ്ഞിട്ടും "പ്യാർ കിയാ തോ ടർനാ ക്യാ .... " 13 % ൽ എങ്കിലും ജനപ്രീതിയിൽ നിൽക്കുന്നു. ( സർവ്വേ നടത്തിയ രീതിയെ വിസ്മരിക്കാം. അതു് ശാസ്ത്രീയമോ, അശാസ്ത്രീയമോ, എന്തോ ആയിക്കോട്ടെ ) ഫിലിം ഫെയറിന്റെ സർവ്വേയിലെ മുൻനിര ഗാനങ്ങൾക്കു് അടുത്ത ഇങ്ങനത്തെ സർവ്വേയിൽ സ്ഥാനം എത്ര ആയിരിക്കും? "പലവക"യിൽ എങ്കിലും സ്ഥാനം ലഭിക്കുമോ ? കാത്തിരുന്നു കാണാം.
ഇനി സർവ്വേയിലെ മറ്റു ഫലങ്ങൾ - (സംഗീതം സംബന്ധിച്ചവ )
1. മികച്ച ഗായിക - ലതാ മങ്കേഷ്കർ - 35 % (ലതാ ദീദിക്കു പ്രണാമം. അവിടുന്നു് ഈ ബഹുമതിക്കു് ഏറ്റവും അർഹയായ സംഗീത പ്രതിഭ തന്നെ )
2. ആശ ഭോസ്ലെ - 22 %
3 ശ്രേയ ഘോസാൽ - 17 %
4 സുനീധി ചൌഹാൻ - 11 %
5 അൽക യാഗ്നിക് - 9 %
6. മറ്റുള്ള ഗായികമാർ - 6 %
മികച്ച ഗായകർ
1. കിഷോർ കുമാർ - 38 %
2. സോനു നിഗം - 28 %
3. മുഹമ്മദ് റാഫി - 10 % (ഹൃദയ ഭേദകരം ഈ ഫലം)
4. ഉദിത് നാരായണ് - 9 %
5. അമിത് കുമാർ - 7 %
6. മറ്റു ഗായകർ - 8 % (മുകേഷ്, തലത് , മഹേന്ദ്ര കപൂർ, മന്നാഡേ, തുടങ്ങിയവർ ഇതിൽ പെടുന്നു ).
മറ്റു ഫലങ്ങളിലേക്ക് പോകുന്നില്ല. കാരണം MSI യിലെ ഈ വിശകലനത്തിൽ സംഗീതം സംബന്ധിച്ച വിഷയം മാത്രം മതി എന്നുള്ള ചിന്ത - ഈ ഒരു സന്ദർഭത്തിൽ ഒരു സംഗീതാസ്വാദകൻ എന്ന നിലക്ക് ഇതിൽ പരാമർശിച്ച കാര്യങ്ങൾ എന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ആയിരിക്കാം. എന്നാൽ ബിനാക ഗീത് മാല, നയി ദുനിയ ലിസ്റ്റുകൾ, ആകാശവാണി സർവ്വേ - ഇതെല്ലാം ചരിത്രസത്യങ്ങൾ ആണു്.
ഈ ചരിത്രസത്യങ്ങൾ എന്റെ നിഗമനങ്ങളെയും കണ്ടെത്തലുകളെയും ചില സന്ദർഭങ്ങളിൽ പിൻ താങ്ങുന്നു എന്നു് ഞാൻ വിശ്വസിക്കുന്നു - എന്റെ നിഗമനങ്ങൾ എന്റെ സംഗീതാസ്വാദന സംസ്കാരത്തേയും ഈ ചരിത്രസത്യങ്ങളെയും ആധാരം ആക്കിയുള്ളതാണെന്നും പറയാം.
സംഗീതത്തിനു് പുതിയതെന്നും പഴയതെന്നും ഇല്ല. "Old is Gold " എന്ന ആംഗലേയ പഴഞ്ചൊല്ല് ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ കാര്യത്തിൽ ഉപയോഗിച്ചു വരുന്നു. അതിനു് അർത്ഥം പുതിയതെല്ലാം വെള്ളിയും, ചെമ്പും, ഇരുമ്പും ആണെന്നല്ല. വിദൂര ഭൂതകാലത്തിൽ നിന്നും സമീപ കാലത്തിലേക്കുള്ള പ്രയാണത്തിൽ സംഗീതത്തിനു് ആ ജനപ്രീതി കുറഞ്ഞു കുറഞ്ഞു വന്നു. ഗാനങ്ങൾ "അല്പായുസ്സുകൾ" ആയി. മനസ്സിൽ തങ്ങി നിൽക്കാത്തവയായി ഭൂരിഭാഗവും. അതിനു പല കാരണങ്ങൾ. ഏറ്റവും പ്രധാനം ഗാനവുമായി ബന്ധപെട്ടവരുടെ മനോഭാവം തന്നെ. സംഗീതത്തോട് അർപ്പണ മനോഭാവം കുറവ്, അല്ലെങ്കിൽ ഇല്ല തന്നെ. ഗാനങ്ങൾക്ക് ജീവനും ഇല്ല. എന്നാൽ കഴിഞ്ഞു പോയ കാലത്തെ ഗാനങ്ങൾ ജീവസ്സുറ്റതു്. സംഗീത സംവിധായകനും, ഗായകനും ഗായികയും, ഗാന രചയിതാവും തങ്ങളുടെ സർഗ്ഗപ്രതിഭയുടെ ജീവൻ പകർന്ന ഈണങ്ങൾ. ചിരഞ്ജീവി ഗാനങ്ങൾ. ഒരിക്കലും നിറം മങ്ങാത്ത, ക്ലാവ് പിടിക്കാത്ത "സുവർണ്ണ ഗാനങ്ങൾ " അതെ - ഇന്ത്യൻ സിനിമാ സംഗീതത്തിനു യോജിച്ച പഴഞ്ചൊല്ല് - "Old is Gold " (പഴയതു് സ്വർണ്ണം !! )
വാൽക്കഷ്ണം -
ഫിലിം ഫെയറിന്റെ സർവ്വേയിൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളുടെ ലിസ്റ്റും ഉണ്ട്. ഈ ലിസ്റ്റിൽ ക്ലാസ്സിക്കുകളിൽ ചിലതു് പെടുത്തീട്ടുണ്ട്. ഒരു നീണ്ട ചർച്ചക്കു വകയുള്ള ലിസ്റ്റ്. ലിസ്റ്റിൽ പെടുത്തിയ ചിത്രങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ പെടുത്താതെ, അല്ലെങ്കിൽ ലിസ്റ്റിൽ പെടാതെ , അല്പം കൂടി മയത്തിൽ പറഞ്ഞാൽ ലിസ്റ്റിൽ പെടുത്താൻ "വിട്ടു" പോയ ചിത്രങ്ങളെക്കുറിച്ച് പറയാതെ വയ്യ. പൂനയിലെ "പ്രഭാത് ഫിലിം കമ്പനി " ക്ക് ഇന്ത്യൻ സിനിമയിൽ ഉള്ള സ്ഥാനം സിനിമയെ അല്പം ഗൌരവത്തോടെ കാണുന്ന ആർക്കും അറിയാവുന്ന വസ്തുത, 1937 ൽ പ്രഭാത് നിർമ്മിച്ച "സന്ത് തുക്കാറാം " (മറാത്തി / ഹിന്ദി) ചിത്രമായിരുന്നു അന്തർദ്ദേശീയ തലത്തിൽ ബഹുമതി നേടിയ ആദ്യ ഇന്ത്യൻ ചിത്രം.
1937 ൽ വെനിസിൽ നടന്ന INTERNATIONAL EXHIBITION OF CINEMATOGRAPHIC ART ൽ ലോകസിനിമയിലെ ഏറ്റവും മികച്ച മൂന്നു് ചിത്രങ്ങളിൽ ഒന്നായി തിരെഞ്ഞെടുക്കപ്പെട്ടു. പ്രഭാത് നിർമ്മിച്ച ചിത്രങ്ങൾ മിക്കതും ക്ലാസ്സിക്കുകൾ, സന്ദേശം ഉൾക്കൊണ്ടവ. "ആദ്മി " (1939) - അഭിസാരികകളുടെ പുനരധിവാസം, "ദുനിയ ന മാനെ " (1937 ) - സ്ത്രീധന സമ്പ്രദായം, വൃദ്ധന്മാർ യുവതികളെ വിവാഹം കഴിക്കുന്നതു് - പ്രമേയം, "പടോസി" (1941 ) - ഹിന്ദു മുസ്ലിം മൈത്രിയാണു് പ്രമേയം. പ്രഭാതിന്റെ ഒരു ചിത്രം പോലും 100 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇല്ല !! പ്രഭാതിനോടു് സർവ്വേ മുഖം തിരിച്ചു നിന്നതെന്തേ ?സർവ്വേ നടത്തിയവരുടെ കുഴപ്പമോ സർവ്വേയിൽ പങ്കെടുത്ത ഫിലിം ഫെയർ വായനക്കാരുടെ "സിനിമാ പാണ്ഡിത്യ" മോ കാരണം? രണ്ടായാലും കൊള്ളാം - ഫിലിം ഫെയറിന്റെ സർവ്വേയ്ക്ക് സാഷ്ടാംഗ നമസ്കാരം !! - ഒരു അഭ്യർത്ഥനയോടെ - ഇത്തരത്തിലുള്ള സർവ്വേകൾ ശാസ്ത്രീയമായ രീതിയിൽ അതീവ ഗൌരവത്തോടെ മാത്രം നടത്തുക.
ബി വിജയകുമാർ
|