T K രാമമൂർത്തിയും MSV എന്ന ചുരുക്കപ്പേരാൽ അറിയപ്പെടുന്ന M S വിശ്വനാഥനും. ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യത്തെ സംഗീത സംവിധായകർ - വിശ്വനാഥൻ - രാമമൂർത്തി. "മെല്ലി ശൈ മന്നർകൾ " (ലളിത സംഗീതത്തിന്റെ രാജാക്കന്മാർ ) എന്ന് സംഗീത ലോകം പട്ടം ചൂട്ടിയ "ഇരട്ടയർകൾ " ൽ സീനിയർ 'മെല്ലി ശൈ മന്നൻ ' T K രാമമൂർത്തി കാലയവനികക്കുള്ളിൽ മറഞ്ഞു. 2013 ഏപ്രിൽ 17 നു് ആ സംഗീത പ്രതിഭ വാർദ്ധക്യ സഹജമായ രോഗങ്ങളാൽ നിര്യാതനായി. 91 വയസ്സായിരുന്നു. വിശ്വനാഥൻ - രാമമൂർത്തി കൂട്ടുകെട്ടിൽ തമിഴിൽ മാത്രം സംഗീതവുമായി വന്ന ചിത്രങ്ങൾ 70 ൽ പരം. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും സംഗീത സംവിധായക ജോടികൾ സംഗീതം ഒരുക്കീട്ടുണ്ട് . 1950 കളുടെ തുടക്കത്തിൽ ഒന്നു ചേർന്ന ഈ സംഗീത കൂട്ടായ്മ 1965 ൽ വേർപിരിഞ്ഞു. തുടർന്ന് MSV യും രാമമൂർത്തിയും തനിച്ചായിരുന്നു സംഗീത സംവിധാനം. സംഗീത സംവിധായക ജോടികളുടെ കൂട്ടായുള്ള സംഗീത സേവനത്തിന്റെയും വേർപിരിവിന്റെയും തനിച്ചുള്ള സംഗീത സേവനത്തിന്റെയും കഥ സംക്ഷിപ്തമായി - ഇഹലോകവാസം വെടിഞ്ഞ 'മെല്ലി ശൈ മന്നൻ' രാമമൂർത്തിക്കു് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്.
1930 കളിൽ "ശർമ ബ്രതേർസ് " ( Sharma Brothers ) എന്ന പേരിൽ രണ്ടു സഹോദരന്മാർ തമിഴ് സിനിമാ രംഗത്തുണ്ടായിരുന്നു. ഇവർ ഓർക്കെസ്ട്ര ഒരുക്കുന്ന സംഗീത കലാകാരന്മാർ ആയിരുന്നു. സംഗീത സംവിധായകരായി ഇവരെ കണക്കാക്കുന്നില്ല. ആരംഭ കാലത്ത് പാപനാശം ശിവൻ, മധുരൈ ഭാസ്കരദാസ്, രാജഗോപാല അയ്യർ തുടങ്ങിയ ഗാന രചയിതാക്കൾ തന്നെ ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചിരുന്നത്. "സംഗീത സംവിധാനം" എന്ന ആശയം / വകുപ്പ് സിനിമയിൽ നാമ്പെടുക്കുന്നതിനു മുമ്പ് ഗാനരചയിതാക്കൾ നിർദ്ദേശിക്കുന്ന രാഗത്തിലും താളത്തിലും ഗാനങ്ങൾ റികാർഡ് ചെയ്യുക ആയിരുന്നു പതിവ്. ഈ പ്രക്രിയയിൽ "ശർമ്മ സഹോദരന്മാർ " പോലെ ഉള്ള ഓർക്കെസ്ട്ര വിദഗ്ദ്ധന്മാർ വലിയ പങ്കു വഹിച്ചിരുന്നു. സംഗീത സംവിധാനം എന്ന വിഭാഗം തന്നെ സിനിമയിൽ വന്നതിനു ശേഷം, ദക്ഷിണേന്ത്യൻ സിനിമയിൽ വന്നതിനു ശേഷം ഉണ്ടായ ആദ്യത്തെ കൂട്ടായ്മ ആയിരുന്നു വിശ്വനാഥൻ -രാമമൂർത്തി സംഗീത സംവിധായക ജോടി. അതുകൊണ്ട് ദക്ഷിണേന്ത്യൻ സിനിമയിലെ പ്രഥമ സംഗീത സംവിധായക ജോടികൾ വിശ്വനാഥൻ -രാമമൂർത്തി തന്നെ. ഹുസൻലാൽ - ഭഗത് റാം ജോടികൾ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സംഗീത സംവിധായക ജോടികൾ. ദക്ഷിണേന്ത്യൻ സിനിമയിൽ വിശ്വനാഥൻ -രാമ മൂർത്തി പ്രസിദ്ധി നേടിയ പോലെ ഹിന്ദി സിനിമയിൽ പ്രസിദ്ധി ആർജ്ജിച്ച ജോടികൾ ആയിരുന്നു ശങ്കർ -ജയ്കിഷൻ .
ഇരട്ട സംഗീത സംവിധായക ജോടികളിൽ അതി പ്രശസ്തൻ ആയതു MSV എന്ന M S വിശ്വനാഥൻ തന്നെ. എന്നിരിക്കിലും ജോടികൾ ഒന്നായി ചേർന്ന് സംഗീതം പകർന്ന ഗാനങ്ങൾ മുന്നിട്ടു നിൽക്കുന്നു ജനപ്രീതിയുടെ കാര്യത്തിൽ ഇവർ തനിച്ചു് ഒരുക്കിയ ഈണങ്ങളേക്കാൾ. സംഗീത സംവിധായക ജോടികൾ ഒരുക്കിയ ഈണങ്ങളിലെ കർണ്ണപീയൂഷമായ വാദ്യസംഗീതത്തിൽ T K രാമ മൂർത്തി വഹിച്ച പങ്കു വളരെ വലുതാണ്. അതിന്റെ പൂർണ്ണ അവകാശം രാമമൂർത്തിക്കാണെന്ന് പറയുന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല.
1922 മെയ് മാസം 15 തീയതി തൃശ്ശിനാപ്പള്ളിയിൽ വയലിൻ വിദ്വാൻ കൃഷ്ണസ്വാമിയുടെ മകൻ ആയി ജനനം. കൃഷ്ണസ്വാമിയുടെ പിതാവ് മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈ വായ്പാട്ടിലും വയലിൻ വായനയിലും ഒരു പോലെ പ്രാവീണ്യം നേടിയിരുന്ന സംഗീത പ്രതിഭ. 12 വയസ്സിൽത്തന്നെ രാമമൂർത്തി വയലിൻ വായനയിൽ നൈപുണ്യം നേടി. തൃച്ചിയിലും സമീപ പ്രദേശങ്ങളിലും കച്ചേരികളിൽ വയലിൻ വായിച്ചു പേര് നേടി.
തമിഴ് സിനിമയിൽ വയലിൻ വായിക്കാൻ പോകുമായിരുന്ന കൃഷ്ണസ്വാമിക്കൊപ്പം പോകുമായിരുന്ന രാമമൂർത്തി ഒരു തമിഴ് ചിത്രത്തിൽ ഗണപതിയുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു !! "വേൽ പിക്ച്ചേർസ് " നിർമ്മിച്ച "മാർക്കണ്ടേയ " എന്ന പുരാണ ചിത്രത്തിൽ. ആനത്തല മുഖംമ്മൂടി വെച്ച് അഭിനയിച്ച രാമമൂർത്തിയുടെ മുഖം പ്രേക്ഷകർ കണ്ടില്ല എന്ന് മാത്രം. ചിത്രത്തിന്റെ പാട്ട് പുസ്തകത്തിൽ രാമമൂർത്തിയുടെ പേരും ചേർത്തിരുന്നു ഗണപതി വേഷക്കാരൻ ആയിട്ട് !!
രാമമൂർത്തിയുടെ പിതാവ് HMV കമ്പനിയിൽ വയലിൻ വായിക്കാൻ പോകുമായിരുന്നു. പിതാവിനെ അനുഗമിക്കുക പതിവാക്കിയിരുന്ന രാമമൂർത്തി അവിടെ വെച്ച് സംഗീത സംവിധായകൻ C R സുബ്ബരാമനെ പരിചയപ്പെട്ടു. വയലിനിൽ "ചിന്താമണി" എന്ന തമിഴ് ചിത്രത്തിൽ അശ്വതമ്മ പാടിയ "ദിവ്യ ദരിശനം തരലാകാത ...... " എന്ന ഗാനം വായിച്ചു കേട്ട സുബ്ബരാമൻ പ്രഭാവിതനായി രാമമൂർത്തിയുടെ സംഗീത ജ്ഞാനത്തിൽ !
സുബ്ബരാമന്റെ ഇഷ്ട വയലിനിസ്റ്റ് ആയി മാറിയ രാമമൂർത്തി HMV കമ്പനിയിലെ വയലിനിസ്റ്റ് ആയി. 1946 ൽ സുബ്ബരാമൻ HMV കമ്പനി വിട്ടു പുറത്തിറങ്ങിയപ്പോൾ കൂടെ ഇറങ്ങി രാമമൂർത്തിയും. കുറച്ചുകാലത്തിനു ശേഷം വീണ്ടും HMV കമ്പനിയിലേക്ക് മടങ്ങിയ രാമമൂർത്തി 1948 ൽ വീണ്ടും HMV വിട്ടു സുബ്ബരാമന്റെ സംഗീത സംഘത്തിൽ ചേർന്നു. ഇതിനകം തമിഴ് / തെലുങ്ക് സിനിമയിൽ സംഗീത സംവിധായകനായി പേരെടുത്തിരുന്നു സുബ്ബരാമൻ. രാമമൂർത്തിയുടെ സിനിമാ ജീവിതം ഇവിടെ തുടങ്ങുന്നു. സുബ്ബരാമന്റെ സംഘത്തിലെ പ്രധാന വയലിനിസ്റ്റ് ആയി രാമമൂർത്തി. സുബ്ബരാമന്റെ കൂടെ ജുപ്പിറ്റർ പിക്ച്ചേഴ്സിൽ എത്തി രാമമൂർത്തി. ജുപ്പിറ്റർ പിക്ച്ചേഴ്സിന്റെ പതിവ് സംഗീത സംവിധായകരിൽ പ്രമുഖൻ ആയിരുന്നു സുബ്ബരാമൻ.
ഇനി രാമമൂർത്തി എന്ന വയലിൻ വിദ്വാൻ MSV എന്ന ഈണങ്ങളുടെ വിദ്വാനെ പരിചയമായ കഥ.
1932 ജൂലൈ 9 നു പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തിൽ ജനിച്ച മനയങ്കത്തു സുബ്രമണ്യൻ നായർ വിശ്വനാഥൻ എന്ന M S വിശ്വനാഥൻ അഭിനയ മോഹവുമായി സിനിമാലോകത്തെത്തിയ മഹത് കലാകാരൻ . "ജുപ്പിറ്റർ പിക്ച്ചഴ്സി" ന്റെ 1942 ലെ "കണ്ണകി" എന്ന തമിഴ് ചിത്രത്തിൽ കോവലന്റെ ബാല്യകാലം അഭിനയിച്ചു വിശ്വനാഥൻ. പക്ഷെ ആദ്യത്തെ അഭിനയത്തിൽ തന്നെ വിഘ്നം. ബാലകണ്ണകി ആയി അഭിനയിച്ചത് പിൽക്കാല പിന്നണി ഗായിക T V രത്നം. ചിത്രത്തിന്റെ "റഷസ് " കണ്ടപ്പോൾ നിർമ്മാതാവിനും സംവിധായകനും MSV യുടെ കോവലൻ TV രത്നത്തിന്റെ കണ്ണകിയുടെ ഇളയ അനുജനായി തോന്നിച്ചത്രെ !! MSV യുടെ കോവലൻ, ചിത്രത്തിൽ നിന്നും "കട്ട്". ജുപ്പിറ്റർ പിക്ച്ചഴ്സിലെ ഒരു ജീവനക്കാരൻ ആയി MSV. ഹാർമോണിയം വായനയിൽ ജ്ഞാനം ഉണ്ടായിരുന്ന MSV യെ സുബ്ബരാമനു ഇഷ്ടം ആയിരുന്നു. ജുപ്പിറ്റർ പിക്ച്ചേഴ്സിൽ വെച്ചായിരുന്നു MSV -രാമമൂർത്തി മാരുടെ കൂട്ടായ്മയുടെ തുടക്കം
ജുപ്പിറ്റർ പിക്ച്ചേഴ്സിന്റെ മറ്റൊരു സംഗീത സംവിധായകൻ ആയിരുന്നു SM സുബ്ബയ്യ നായിഡു. സുബ്ബയ്യ നായിഡു വിന്റെ വാത്സല്യത്തിനു് പാത്രമായി മാറിയിരുന്നു MSV. ഒരു ദിവസം രാത്രിയുടെ ഏകാന്തതയിൽ വിശ്വനാഥൻ ഹാർമ്മോണിയത്തിൽ ഒരു ഈണം വായിക്കുന്നത് ശ്രദ്ധിക്കാൻ ഇടയായി സുബ്ബയ്യ നായിഡു. ആ സമയത്ത് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന "അഭിമന്യു" എന്ന ചിത്രത്തിലെ ഒരു ഗാനം ആയിരുന്നു MSV ഈണം പകർന്നു വായിച്ചു കൊണ്ടിരുന്നത് . സുബ്ബയ്യ നായിഡു വിനു ഈണം വളരെ ഇഷ്ടപ്പെട്ടു. MSV ആണ് ആ ഈണം ചിട്ടപ്പെടുത്തിയത് എന്ന് ആരോടും പറയണ്ട എന്നും പറഞ്ഞു സുബ്ബയ്യ - കാരണം സ്റ്റുഡിയോവിലെ ഒരു ജോലിക്കാരൻ പയ്യൻ ആണ് ഈണമൊരുക്കിയതു് എന്ന് അറിഞ്ഞാൽ ആ ഈണം സ്വീകാര്യം ആവില്ല എന്നു തന്നെ. ചിത്രത്തിൽ പല പ്രാവശ്യം സോളോ ആയും ഡുയെറ്റ് ആയും തിരുച്ചി ലോകനാഥനും പ്രസിദ്ധ ഗായികാതാരം U R ജീവരത്നവും പാടിയ ആ ഗാനം സൂപ്പർ ഹിറ്റ് ആയി. ചിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനം. ഗാനം "പുതു വസന്തമാമേ വാഴ്വിലെ ..... " സംഭവം നടന്ന വർഷം 1948.
ജുപ്പിറ്റർ പിക്ച്ചേഴ്സിൽ വെച്ച് തുടങ്ങിയ വിശ്വനാഥൻ -രാമമൂർത്തി സൗഹൃദം ചുരുങ്ങിയ കാലം കൊണ്ട് ശക്തിപ്പെട്ടു. ജുപ്പിറ്റർ പിക്ച്ചേഴ്സ് കോയമ്പത്തൂരിൽ നിന്നും മദ്രാസിലേക്ക് പ്രവർത്തനം മാറുന്നതിനു മുമ്പ് ഒരു ഉറച്ച തീരുമാനം എടുത്തു വിശ്വനാഥനും രാമമൂർത്തിയും. സിനിമാ സംഗീത രംഗത്ത് ഒന്നു ചേർന്നു് പ്രവർത്തിക്കാൻ. ഹിന്ദിയിൽ ഹുസൻലാൽ -ഭഗത് റാം, ശങ്കർ -ജൈകിഷൻ പോലെ സംഗീത സംവിധായക ജോഡികളായി സിനിമ ലോകത്ത് പ്രവർത്തിക്കാൻ. ഈ ഉറച്ച തീരുമാനത്തിന് വേദി ആയതു് കോയമ്പത്തൂരിലെ മാരിയമ്മൻ കോവിൽ. വർഷം 1952. സുബ്ബരാമൻ രോഗഗ്രസ്തനായി അവശനിലയിലായിരുന്നു. "ദേവദാസ്" എന്ന തമിഴ്/തെലുങ്ക് ചിത്രത്തിന്റെ ഗാനങ്ങളുടെ റിക്കാർഡിങ്ങ് കഴിഞ്ഞിരുന്നില്ല. മാത്രമല്ല സുബ്ബരാമൻ ചുമതല ഏറ്റിരുന്ന "ചണ്ടി റാണി ", "കാതൽ ", "സൊർഗ്ഗ വാസൽ " തുടങ്ങിയ ചിത്രങ്ങളും ബാക്കി. സുബ്ബരാമൻ ഇഷ്ട ശിഷ്യനായ വിശ്വനാഥനെ രോഗശയ്യക്കരുകിൽ വിളിച്ചു അന്ത്യാഭിലാഷം പോലെ പറഞ്ഞു- ഞാൻ ഏറ്റെടുത്ത ദൌത്യങ്ങൾ നീ നിർവ്വഹിക്കണം. അറം പറ്റിയ വാക്കുകൾ !! സുബ്ബരാമൻ ഇഹലോകവാസം വെടിഞ്ഞു. ചിത്രങ്ങളുടെ നിർമ്മാതാക്കളെയും മരിക്കുന്നതിനു മുമ്പേ അറിയിച്ചിരുന്നു വിശ്വനാഥൻ ആയിരിക്കും താൻ ഏറ്റെടുത്ത ചിത്രങ്ങളുടെ സംഗീതമൊരുക്കുന്ന ദൗത്യം പൂർത്തിയാക്കുന്നതെന്നു്.
മദ്രാസിലെ "മിട് ലാൻഡ് " സിനിമ ശാലയിൽ സിനിമ കണ്ടു മടങ്ങുകയായിരുന്നു ആത്മ സുഹൃത്തുക്കളായിരുന്ന വിശ്വനാഥനും രാമമൂർത്തിയും. കോയമ്പത്തൂരിലെ മാരിയമ്മൻ ക്ഷേത്രത്തിൽ വെച്ചെടുത്ത തീരുമാനം അരക്കിട്ടുറപ്പിച്ചു സുഹൃത്തുക്കൾ - സുബ്ബരാമൻ ഏല്പിച്ച സംഗീത സേവന ദൗത്യം കൂട്ടായി നിർവ്വഹിക്കാൻ. വിശ്വനാഥൻ-രാമമൂർത്തി എന്ന സംഗീത സംവിധായക ജോടികളുടെ ഉദയം!!
ദേവദാസ് (1952 ) എന്ന തമിഴ്/ തെലുങ്ക് ചിത്രത്തിലെ "ഉലഗേ മായം വാഴ്വേ മായം...." (ഘണ്ഠശാല ), R ബാലസരസ്വതി പാടിയ "സന്തോഷം വേണും എന്രാൽ .... ", "പാരാമുഖം എനയ്യ .... " എന്നീ മൂന്നു ഗാനങ്ങൾ വിശ്വനാഥനും രാമമൂർത്തിയും കൂടിയാണത്രേ ചിട്ടപ്പെടുത്തി റിക്കാർഡ് ചെയ്തതു്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ സംഗീത സംവിധായകനായി സുബ്ബരാമൻ തന്നെ. ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ റികാർഡിങ്ങ് സുബ്ബരാമൻ മരിക്കുന്നതിനു മുമ്പേ കഴിഞ്ഞിരുന്നു. ദേവദാസ് - എക്കാലത്തെയും ഒരു സംഗീത പ്രധാന ചിത്രമായി കണക്കാക്കപ്പെടുന്നു. അതിലൊരു പങ്കു് വിശ്വനാഥനും രാമമൂർത്തിക്കും.
വിശ്വനാഥൻ- രാമമൂർത്തി കൂട്ടായ്മയിലെ ആദ്യത്തെ ചിത്രം 1952 ൽ റിലീസ് ആയ "പണം" നിർമ്മാതാവും സംവിധായകനും പ്രസിദ്ധ ഗായക താരം N S കൃഷ്ണൻ, "കലൈ വാണൻ " എന്ന് തമിഴ് സിനിമാ ലോകം ബഹുമാനിക്കുന്ന ബഹുമുഖ പ്രതിഭ. ചിത്രം പരാജയം. തങ്ങളുടെ ഗുരു സുബ്ബരാമൻ "മണമകൾ " (1950 ) എന്ന ചിത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ "നല്ല പെണ്മണി.... " (T A മധുരം ) എന്ന തത്വചിന്ത ഗാനത്തിന്റെ ചുവടു പിടിച്ചു "പണ " ത്തിൽ വിശ്വനാഥൻ -രാമമൂർത്തി ഒരുക്കിയ "കുടുംബത്തിൻ വിളക്ക് ..... " (M L വസന്തകുമാരി) പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടു. ആരംഭകാല ചിത്രങ്ങളിൽ "ഇരട്ടയർ " ടെ പേരു് ഇങ്ങനെ ആയിരുന്നത്രെ - രാമമൂർത്തി- വിശ്വനാഥൻ. N S കൃഷ്ണൻ ആയിരുന്നത്രെ ഈ പേരുകളുടെ സംഗമം "വിശ്വനാഥൻ -രാമമൂർത്തി " എന്ന് തിരുത്തിയത്. അതിനു കാരണം - വിശ്വനാഥനോട് N S കൃഷ്ണൻ പറഞ്ഞത്- രാമമൂർത്തി വയസ്സിൽ മൂത്തവൻ . വിശ്വനാഥനെക്കാൾ അനുഭവസ്ഥൻ. അതിനാൽ പേരിനു പിറകേ വരുന്ന രാമമൂർത്തി വിശ്വനാഥനെ താങ്ങി പിടിക്കുമത്രെ !! അങ്ങനെ വിശ്വനാഥനെ താങ്ങിപ്പിടിക്കുവാനായുള്ള ശക്തി ആയി രാമമൂർത്തിയുടെ പേരു് വിശ്വനാഥന്റെ പിറകെ ആയി !!
1953 ലെ "ചണ്ടി റാണി " തമിഴ്, തെലുങ്ക്, ഹിന്ദി, എന്ന മൂന്നു ഭാഷകളിലായി നിർമ്മിച്ച ചിത്രം. NTR, ഭാനുമതി നായികാ നായകന്മാർ. സുബ്ബരാമൻ ചിട്ടപ്പെടുത്തിയിരുന്നു ചില ഈണങ്ങൾ. ടൈറ്റിൽ കാർഡുകളിൽ സുബ്ബരാമന്റെയും "ഇരട്ടയർ " കളുടെയും പേരുകൾ. ചിത്രം സൂപ്പർ ഹിറ്റ്. ഗാനങ്ങൾ എല്ലാം തന്നെ ജനപ്രീതി നേടി. പ്രത്യേകിച്ച് "വാൻ മീതിലെ ഇന്പ തേനാക ..... " (ഘണ്ഠശാല, ഭാനുമതി), ഭാനുമതി പാടിയ "നില നില ഓടി വാ.... " എന്നീ ഗാനങ്ങൾ. "സൊർഗ വാസൽ " (1954 ) ലെ "കന്നിതമിഴ് ശാലൈ .... " (K R രാമസ്വാമി ) - ഈ ഗാനങ്ങളിലെല്ലാം സുബ്ബരാമന്റെ ശൈലി പിൻതുടരുകയായിരുന്നു സംഗീത സംവിധായക ജോടികൾ.
തുടർന്ന് എത്ര എത്ര സൂപ്പർ ഹിറ്റ് ചിത്രങ്ങൾ !! ചിത്രങ്ങളുടെ വിജയത്തിൽ "ഇരട്ടയർകൾ" (തമിഴ് സിനിമാലോകം അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്) ക്കുള്ള പങ്കു സർവ്വസമ്മതം !!
"സുഖം എങ്കേ " (1954 ), "വൈരമാലൈ " ( 1954 ), "കാവേരി " ( 1955 ), "ഗുലെബകാവലി " ( 1955 ), "പുതയൽ " ( 1957 ), "മഹാദേവി" (1957 ), "മാലയിട്ട മങ്കൈ " ( 1958 ), "തങ്ക പതുമൈ " ( 1959 ), "ഭാഗപ്പിരിവിനൈ " ( 1959 ), "മന്നാതി മന്നൻ " ( 1960 ), "അങ്ങനെ പോകുന്നു സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി വന്ന ഇരട്ടയർകളുടെ സംഗീത പ്രധാന ചിത്രങ്ങളുടെ ലിസ്റ്റ്. കുടുംബ ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്ന ഭീമ്സിംഗിന്റെ ഇഷ്ട സംഗീത സംവിധായകർ ആയിരുന്നു സംഗീത സംവിധായക ജോടികൾ. "പ" എന്ന് തുടങ്ങുന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ തന്റെ "പ" ചിത്രങ്ങളുടെ പാട്ടൊരുക്കുന്നതിൽ പതിവ് സംഗീത സംവിധായകർ ഇരട്ടയർ തന്നെ . " പതി ഭക്തി" (1958 ), "പാശ മലർ" (1961 ), "പാലും പഴമും " ( 1961 ), "പാവ മന്നിപ്പ്" (1961), "പാർത്താൽ പശി തീരും" ( 1962 ), "പടിത്താൽ മട്ടും പോതുമാ " ( 1962 ), "പാർ മകളെ പാർ " ( 1963 ), "പച്ചൈ വിള ക്ക്" ( 1964 ) അങ്ങനെ നീണ്ടു പോകുന്നു "പ" ചിത്രങ്ങളുടെ ലിസ്റ്റ്. "പ" ചിത്രങ്ങളുടെ വിജയത്തിൽ പാട്ട് പെരുമയ്ക്ക് ഒരു മുഖ്യ കാരണം.
1955 ലെ MGR ചിത്രം ഗുലെബകാവലി ആയിരുന്നു MSV യുടെയും രാമമൂർത്തിയുടെയും കഴിവുകളെ പ്രകടമാക്കിയ ചിത്രം, പ്രതിഭകളുടെ കഴിവ് പൂർണ്ണമായും പുറത്തു കൊണ്ടുവന്ന ചിത്രം. TM സൌന്ദരരാജൻ ആദ്യമായി സംഗീത സംവിധായക ജോടികൾക്കായി പാടിയ ചിത്രവും ഇതു തന്നെ. പിൽക്കാലത്ത് ആയിരക്കണക്കിന് സൂപ്പർ ഹിറ്റുകൾ ഇവരുടെ സംഗീതത്തിൽ പാടിയ TMS, ഇവർക്കു വേണ്ടി പാടിയ ആദ്യ ഗാനം പക്ഷെ അത്ര ജനപ്രീതി നേടിയില്ല - "അന്യായം ഇന്ത നാട്ടിനിലെ .... " എന്ന ഗാനം . ചിത്രത്തിലെ ചിരഞ്ജീവി ഗാനം ഒരു യുഗ്മഗാനം. "മയക്കും മാലൈ പൊഴുതേ നീ പോ പോ ..... " (A M രാജ, ജിക്കി ). ബാഗേശ്രീ രാഗത്തെ തഴുവിയുള്ള ഈ ഗാനത്തിന്റെ വാദ്യ സംഗീതം മനം മയക്കുന്നതാണ് .
രാമമൂർത്തിയുടെ വാദ്യ സംഗീത മാസ്മരികതയുടെ ഉദാഹരണം ആയി എടുത്തു പറയാവുന്ന അനശ്വര ഗാനം. ചിത്രം -" തങ്കപ്പതുമൈ " ( 1959 ) ഗായകർ - TM സൌന്ദര രാജൻ, ജിക്കി. "ഇൻ രു നമതുള്ളമേ പൊങ്കും പുതു വെള്ളമെ .... " എന്ന ഗാനത്തിന്റെ orchestration - ശ്രോതാക്കളെ സംഗീതത്തിന്റെ മാസ്മര ലോകത്തെത്തിക്കുന്നു. ഗാനം തുടങ്ങുന്നതിനു മുമ്പുള്ള വാദ്യ സംഗീതം വിളിച്ചറിയിക്കുന്നു ആലാപന സൌകുമാര്യത്തിന്റെയും ഗാനം പൂർണ്ണമായും ശ്രവിച്ചു കഴിയുമ്പോൾ ഉളവാകാൻ പോകുന്ന അനുഭൂതിയും. അനശ്വര ഗാനം.
വിശ്വനാഥൻ -രാമമൂർത്തി സംഗീത സംവിധായകരായി മുന്നേറിയിരുന്ന കാലഘട്ടം - അതി പ്രഗൽഭരായിരുന്ന സംഗീത പ്രതിഭകൾ രംഗത്ത് സജീവം ആയിരുന്ന കാലം. G രാമനാഥൻ, T G ലിങ്കപ്പ, സുബ്ബയ്യ നായിഡു, R സുദർശനം, K V മഹാദേവൻ, T R പാപ്പ, S രാജേശ്വര റാവു, ഗോവർധനം, ഗോവിന്ദ രാജുല് നായിഡു , ... തുടങ്ങിയ സംഗീത മാന്ത്രികർ. അവർക്കു് സമാനമായും, ചില സമയങ്ങളിൽ അവരെക്കാൾ കൂടുതൽ ജനപ്രീതി നേടിക്കൊണ്ടും ആയിരുന്നു സംഗീത പ്രയാണം.
സംഗീത സംവിധായക ജോടികളുടെ ചില സൂപ്പർ ഹിറ്റുകൾ
1. കണ് മൂടും വേളയിലും കലൈ എന്ന...... രാജ, സുശീല "മഹാദേവി" 1957
2. വിണോടും മുകിലോടും വിളയാടും ... C S ജയരാമൻ, സുശീല "പുതയൽ "1957
3. സെന്തമിഴ് തേൻ മൊഴിയാൾ ... T R മഹാലിംഗം " മാലയിട്ട മങ്കൈ " 1958
4 കനവു കണ്ടേൻ നാൻ കനവു.. TM സൌന്ദര രാജൻ, TS ഭഗവതി "ശിവഗങ്ങൈ സീമൈ " 1959
5 കനിയ കനിയ മഴലൈ പേശും .... TM സൗന്ദരരാജൻ, സുശീല "മന്നാതി മന്നൻ " 1960
6 അൻപു് മനം കനിന്ത പിന്നേ .... PB ശ്രീനിവാസ്, സുശീല " ആളുക്കൊരു വീട്" 1960
"പ" ചിത്രങ്ങളിലെ പാട്ടുകൾ എല്ലാം തന്നെ ശ്രോതാക്കളിൽ സംഗീത പാരവശ്യം വരുത്തിയവ
പ - ചിത്രങ്ങളിലെ പാട്ടുപെരുമ -
1. മലർന്തു മലരാത .......... TM സൗന്ദരരജൻ, സുശീല "പാശ മലർ "
2. മലർകളെ പോൽ തങ്കൈ ...... TMS "പാശ മലർ"
3. കാലങ്കളിൽ അവൾ വസന്തം ... PB ശ്രീനിവാസ് "പാവ മന്നിപ്പ്"
4. നാൻ പേശ നിനൈപ്പതെല്ലാം ....TMS, സുശീല "പാലും പഴമും "
5 പെണ് ഒന്രു കണ്ടേൻ.... TMS, PBS "പടിത്താൽ മട്ടും പോതുമാ "
6 ആന്രു ഊമൈ പെണ് അല്ലോ... AL രാഘവൻ, സുശീല "പാർത്താൽ പശി തീരും "
7 ഒളിമയമാന എതിർകാലം .... TMS "പച്ചൈ വിളക്ക് "
അങ്ങനെ പോകുന്നു "പ" ചിത്രങ്ങളിലെ പെരുമയാർന്ന പാട്ടുകൾ
"കർണ്ണൻ " (1964 ) എന്ന പുരാണ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ തമിഴ് സിനിമയിലെ മണി മുത്തുക്കൾ !! കാലത്താൽ അഴിയാത്ത അനശ്വര ഗാനങ്ങൾ.
"കൺകൾ എങ്കേ ........ " സുശീല
"എൻ ഉയിർ തോഴി കേൾ ഒരു സേതി ..... സുശീല
ഉള്ളത്തിൽ നല്ല ഉള്ളം ....... ശീർഗാഴി ഗോവിന്ദരാജൻ
ഇരവും നിലവും ..... TMS, സുശീല
പോയ് വാ മകളെ.... സൂലമംഗലം രാജലക്ഷ്മി
"കർപ്പകം " (1963 ) എന്ന തമിഴ് ചിത്രത്തിലെ എല്ലാ ഗാനങ്ങളും പാടിയത് സുശീല. പുരുഷസ്വരത്തിൽ പാട്ടുകൾ ഇല്ല ചിത്രത്തിൽ !! ധൈര്യപൂർവ്വമായ, ഒരു സാഹസിക കാൽവെയ്പ്പു്. ചിത്രത്തിൽ നായകനോ- കാതൽ മന്നൻ ജെമിനി ഗണേശൻ. "കാതൽ ഗീതങ്ങൾ " പാടാതെ അഭിനയിക്കേണ്ടി വന്നു "കാതൽ മന്നൻ" നു് . സുശീല പാടിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. ചിത്രത്തിൽ KR വിജയക്ക് വേണ്ടിയും സാവിത്രിക്കു വേണ്ടിയും പിന്നണി പാടിയത് സുശീല. ഇത് അക്കാലത്തൊരു പുതുമ. സ്ത്രീ ശബ്ദത്തിലുള്ള ഗാനങ്ങൾ മാത്രം, മാത്രമല്ല രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്കും ഒരേ പിന്നണി കുറൾ . ഒരു ചിത്രത്തിൽ രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ രണ്ടു പിന്നണി ഗായികമാരെക്കൊണ്ടു് പാടിക്കുക ആയിരുന്നു പതിവു്.
KR വിജയക്ക് വേണ്ടി പാടിയ "മന്നവനെ അഴലാമ...... "
"അത്തൈ മടി മെത്തൈയടി ...."
സാവിത്രിക്കു വേണ്ടി പാടിയ "പക്കത്ത് വീട്ടു പരുവ മച്ചാൻ.... "
"ആയിരം ഇരവുകൾ വരുവതുണ്ട് ... "
ചിത്രത്തിന്റെ അഭൂത പൂർവ്വമായ വിജയത്തിന് ഒരു സുപ്രധാന കാരണം പാട്ടുകൾ തന്നെ. ചിത്രത്തിൽ നിന്നും ലഭിച്ച ലാഭം കൊണ്ട് നിർമ്മാതാവ് സ്ഥാപിച്ചതാണത്രേ "കർപ്പകം സ്റ്റുഡിയോ " !!
"കൈ കൊടുത്ത ദൈവം" (1964 ) എന്ന ചിത്രത്തിൽ TMS പാടിയ ഒരു ഗാനം. വ്യത്യസ്ഥതയാർന്ന ഒരു പ്രേമഗാനം. ബുദ്ധിവികാസം വരാത്ത പ്രണയിനിയെക്കുറിച്ച് കമിതാവ് പാടുന്ന ഗാനം "ആയിരത്തിൽ ഒരുത്തിയമ്മ നീ..... " ഈ ഗാനത്തിന് ഇരട്ടയർ നല്കിയ വികാരസ്പർശമാർന്ന ഈണം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. ചിത്രത്തിലെ ഒരു ഗാനം ഭാരതിയരുടെ രചന. "സിന്ധു നദി ഇന്നിശെ ..... " (TMS . LR ഈശ്വരി, സംഘം) ഭാരതിയരുടെ നിരവധി ഗാനങ്ങൾ സിനിമയിൽ വന്നിട്ടുണ്ട്. ദേശത്തിന്റെ അഖണ്ടതയെയും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെയും പ്രകീർത്തിക്കുന്ന ഈ രചനയെ എത്രമാത്രം സംഗീതസാന്ദ്രമാക്കി സംഗീത സംവിധായക ജോടികൾ ?
ഹിന്ദി സിനിമാ ഗാനങ്ങളുടെ ഈണങ്ങളെ കടമെടുക്കുന്ന പ്രവണത ചെറിയ തോതിലാണെങ്കിലും തമിഴിലും പ്രകടമായിരുന്നു ആരംഭ കാലം മുതലേ. (മലയാളത്തിൽ ഇത് 'വൻതോതിൽ ' ആയിരുന്നു) 1964 ഒരു ചിത്രം - "കലൈ കോവിൽ " സംവിധാനം - C V ശ്രീധർ. നിർമ്മാണത്തിൽ സംഗീത സംവിധായക ജോടികളും പങ്കാളികൾ. ചിത്രത്തിന്റെ സംഗീതം "ഇരട്ടയർ " തന്നെ. ചിത്രം 'എട്ടു നിലയിൽ ' പൊട്ടി. ഇവിടെ തുടങ്ങി സംഗീത ജോടികൾ തമ്മിലുള്ള സ്വരച്ചേർച്ചയിലെ അപസ്വരം. തമിഴിലെ പ്രസിദ്ധമായ "കൽകി " വാരികയിൽ ചിത്രത്തിന്റെ പരാജയത്തെ നിശിതമായി വിമർശിച്ചു കൊണ്ട് ലേഖനം വന്നു. ചിത്രത്തിന്റെ സംഗീതത്തിൽ "സംഗം" (1964 ), "ബീസ് സാൽ ബാദ് " (1962 ) എന്നീ ഹിന്ദി ചിത്രങ്ങളിലെ ഈണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനപ്പെടുത്തി എന്നായിരുന്നു പരാമർശം. അതു കൊണ്ട് സംഗീതം ചിത്രത്തിന്റെ വിജയ സാധ്യതകൾക്ക് പ്രതികൂലമായി എന്നും കണ്ടെത്തൽ.
ഇതൊരു പുതിയ വിഷയം അല്ലായിരുന്നു. ഹിന്ദി സിനിമ ഈണങ്ങളെ സംഗീത സംവിധായക ജോടികൾ പിന്തുടർന്നിരുന്നു എന്നുള്ള ആരോപണങ്ങൾ അതിനു മുമ്പും ഉണ്ടായിരുന്നു . പക്ഷെ ആ "പിൻ തുടർ " ഗാനങ്ങളും ആ ചിത്രങ്ങളും വൻ വിജയങ്ങൾ ആയിരുന്നു .
ഉദാഹരണങ്ങൾ
പതിഭക്തി 1958 - ഹിന്ദി ചിത്രത്തോട് കടപ്പാട് - CID - 1956
പാവ മന്നിപ്പ് 1961 - - ജിസ് ദേഷ് മെ ഗംഗ ബെഹ്തി
ഹൈ - 1960
പച്ചൈ വിളക്ക് 1964 - അനാരി - 1959
പടിത്താൽ മട്ടും പോതുമാ - 1962 - ദിൽ ദേകെ ദേഖോ - 1959
കർണ്ണൻ - 1964 - മുഗൾ എ അസം - 1960
കാതലിക്ക നെരമില്ലൈ - 1964 - പ്രൊഫസർ - 1962
അന്നൊക്കെ MSV യും രാമമൂർത്തിയും ഇത്തരം ആരോപണങ്ങൾക്ക് ചുട്ട മറുപടിയും നൽകിയിരുന്നു - "ഒന്നിൽ നിന്നാണ് മറ്റൊന്ന് ജന്മം കൊള്ളുന്നത് . അങ്ങനെയേ ഉണ്ടാകൂ. " അത് ശരിയാണല്ലോ എന്ന് ആരോപണം ഉന്നയിച്ചവർ തന്നെ ശരി വെക്കുകയും ചെയ്തു. കാരണം "ഒന്നിൽ " നിന്നും ജന്മമെടുത്ത ആ "മറ്റൊന്ന് " ഏവർക്കും സ്വീകാര്യം ആയിരുന്നത് തന്നെ കാര്യം !! സംഗീത സംവിധായകർ ജന്മം നൽകിയ ആ ഗാനങ്ങൾ ("മറ്റൊരു" ഗാനങ്ങൾ) ചിത്രത്തിന്റെ വിജയത്തിനു പിൻബലം നൽകിയിരുന്നു. "കലൈ കോവിൽ " ന്റെ കാര്യത്തിൽ അത് സംഭവിച്ചില്ല. കൂട്ടുത്തരവാദിത്വം - എന്ന തത്വം ചിത്രത്തിന്റെ പരാജയത്തിൽ ഫലപ്രദം ആയില്ല എന്ന് വേണം കരുതാൻ . "കലൈ കോവിൽ "ൽ നിന്ന് തുടങ്ങിയ അഭിപ്രായ ഭിന്നത മൂർദ്ധന്യത്തിൽ എത്തിയത് "സർവ്വർ സുന്ദര " (1964 ) ത്തിൽ.
(ലേഖനത്തിൽ വിവരിക്കുന്ന സംഭവങ്ങളും വിവരങ്ങളും സംഗീത സംവിധായക ജോഡികളുമായുള്ള അഭിമുഖ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കിയതും (തമിഴ് സിനിമ സംബന്ധമായ പുസ്തകങ്ങൾ , വാരികകൾ , മാസികകൾ ) MSV 2009 ൽ കമുകറ ഫൌണ്ടേഷൻ അവാർഡ് ദാന ചടങ്ങിനു മുഖ്യ അതിഥി ആയി വന്നപ്പോൾ ലേഖകൻ നടത്തിയ അഭിമുഖ സംഭാഷണം ആസ്പദമാക്കിയും . "ഗാനലോക വീഥികളിൽ - " എന്ന മലയാള സിനിമ സംഗീത ചരിത്ര പരമ്പരയുടെ ഗവേഷണം ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച )
"സർവർ സുന്ദരം " (1964 ) AVM നിർമ്മിച്ച ഒരു സാമൂഹ്യ ചിത്രം. ചിത്രത്തിലെ നായകൻ ഒരു സിനിമ താരം. ചിത്രത്തിൽ ഒരു ഗാനത്തിന്റെ റിക്കാർഡിംഗ് രംഗത്തിൽ വിശ്വനാഥനും രാമമൂർത്തിയും വരുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരുന്ന ഒരു ദിവസം പ്രസിദ്ധ ഹിന്ദി സംഗീത സംവിധായകൻ നൗഷാദ് AVM സ്റ്റുഡിയോവിൽ വന്നു. MSV യും രാമമൂർത്തിയും പ്രത്യക്ഷപ്പെടുന്ന രംഗം നൗഷാദിനെ കാണിച്ചു കൊണ്ട് ഷൂട്ട് ചെയ്യാൻ AVM ഉടമ മെയ്യപ്പ ചെട്ടിയാർ ആഗ്രഹിച്ചു. "ഇരട്ടയർ " കളെ ഉടനെ ഷൂട്ടിങ്ങിനായി ക്ഷണിച്ചു. രാമമൂർത്തിക്ക് ആ സമയത്ത് AVM ൽ വന്നെത്താൻ കഴിഞ്ഞില്ല. MSV കോട്ടും സൂട്ടും ധരിച്ചു ഷൂട്ടിങ്ങിനായി എത്തി. ഗാന രംഗം ഷൂട്ട് ചെയ്തു - "അവളുക്കെന്ന, അഴകിയ മുഖം..... " (TM സൌന്ദര രാജൻ ) മനപ്പൂർവ്വം ആയിരുന്നില്ല "ഇരട്ടയർകൾ " ൽ ഒരാൾ മാത്രം പങ്കെടുത്ത ഈ ഷൂട്ടിങ്ങ് രംഗം എങ്കിലും അത് രാമമൂര്ത്തിയെ പ്രകോപിപ്പിച്ചിട്ടുണ്ടാകണം. അഭിപ്രായവ്യത്യാസങ്ങൾ പുതിയ മാനങ്ങൾ തേടി !! 1965 ലെ "ആയിരത്തിൽ ഒരുവൻ " എന്ന ചിത്രം ഒരുമിച്ചു തന്നെ സംഗീതം നൽകിയ ശേഷം "ഇരട്ട" സംഗീത സംവിധായകർ- M S വിശ്വനാഥൻ, TK രാമമൂർത്തി എന്നീ രണ്ടു സംഗീത സംവിധായകരായി വേർ പിരിഞ്ഞു.
തുടർന്നങ്ങോട്ടു് സംഗീത സംവിധാനം തനിച്ചായി. MSV യുടെ പ്രയാണം "ആരോഹണം" തന്നെ ആയിരുന്നു എന്ന് പറയാം. MSV തനിച്ചു സംഗീത സംവിധാനം നിർവ്വഹിച്ച ചില വിജയ ചിത്രങ്ങൾ. ചിത്രങ്ങളുടെ വിജയത്തിൽ സംഗീതത്തിനുള്ള പങ്ക് എടുത്തു പറയേണ്ടല്ലോ ? ഈ ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നു - ഇഷ്ട ഗാനങ്ങൾ ആയി.
1966 ലെ "അൻപേ വാ ", "ഗൌരി കല്യാണം", "നാടോടി", "രാമു", "ചന്ദ്രോദയം", 1967 ലെ "ഇരു മലർകൾ ", " ഊട്ടി വരൈ ഉറവ് ", "അനുഭവം പുതുമൈ", "കാവൽക്കാരൻ ", 1968 ലെ " ഉയർന്ത മനിതൻ", “എങ്ക ഊർ രാജ ", "ലക്ഷ്മി കല്യാണം", 1969 ലെ " കന്നിപ്പെണ് ", "ശാന്തി നിലയം", "ശിവന്ത മണ് ", "ദൈവ മകൻ", "നം നാട് ", എതാനും ഉദാഹരണങ്ങൾ മാത്രം.
രാമമൂർത്തി തനിച്ചു സംഗീതം പകർന്ന ചിത്രങ്ങൾ ഇരുപതോളം. ഇവയിൽ സംഗീതം ശ്രദ്ധിക്കപ്പെട്ടവ - 1966 ലെ "മറക്ക മുടിയുമാ", 1967 ലെ "നാൻ", "പട്ടത്ത് റാണി ", 1969 ലെ "തങ്ക ചുരങ്കം ", 1970 ലെ "സംഗമം ", "കാതൽ ജോതി", മുതലായ ചിത്രങ്ങൾ.
TK രാമമൂർത്തി സംഗീതം പകർന്ന ജനപ്രിയ ഗാനങ്ങളിൽ ചിലതു്.
1. A for Apple ............ AL രാഘവൻ , LR ഈശ്വരി "സാധു മിരണ്ടാൽ" 1966
2. വിഴിയാൽ കാതൽ കടിതം ... TMS, സുശീല "തേൻ മഴൈ " 1966
3 മലരേ പോൻ റ ഉരുവമേ ... TMS "മദ്രാസ് ടു പോണ്ടിച്ചേരി " 1966
4 കാകിത ഓടം കടലലെ മീത് ... സുശീല "മറക്ക മുടിയുമാ " 1966
5 വസന്ത കാലം വരുമോ... സുശീല "മറക്ക മുടിയുമാ" 1966
6 കോവിൽ എൻപതു ആലയമേ ... TMS "ആലയം" 1967
7 ഊരെന്ന പേശും .... TMS, സുശീല " പട്ടത്ത് റാണി" 1967
8 രാജാ കണ്ണേ പോകാതെടി ... TMS " നാൻ" 1967
9 പോതുമാ ഇന്ത ഇടം.... " TMS , സുശീല " നാൻ"
10 അമ്മനോ സാമിയോ അത്തയോ മാമിയോ .. ശീർകാഴി , LR ഈശ്വരി, LR അഞ്ജലി , സംഘം "നാൻ" 1967
11 ആട് പാർക്കലാം ആട് .... TMS, LR ഈശ്വരി "മൂൻരെഴുത്തു " 1968
12 ഇരവിൽ വന്ത കുരുവികള ... TMS, പൊന്നുസാമി "മൂൻരെഴുത്തു " 1968
13 പെട്ടിയിലെ പൊട്ട ടൈ ത്ത ... TMS, സുശീല " മൂൻരെഴുത്തു " 1968
14 അന്ത മനുഷൻ സ്റ്റൈലെ പാര് ... TMS , AL രാഘവൻ "സോപ്പ് ചീപ്പ് കണ്ണാടി " 1968
15 വാലിബം ഒരു വെള്ളിത്തട്ടു ....TMS , LR ഈശ്വരി "നീലഗിരി എക്സ്പ്രസ്സ്" 1968
16 തിരുത്തണി മുരുകാ തെന്നവർ തലൈവാ .. സുശീല,ശൂലമംഗലം രാജലക്ഷ്മി "നീലഗിരി എക്സ്പ്രസ്സ്" 1968
17 നാൻ പിറ ന്ത നാട്ടുക്കെന്ത നാട് ... TMS, രാജാറാം "തങ്ക ചുരംഗം " 1969
18 കട്ടഴകു പാപ്പാ കണ്ണുക്കു .... TMS " തങ്ക ചുരങ്കം " 1969
19 പെറ്റ മനം ശിരെ യിലെ .... S വരലക്ഷ്മി "തങ്ക ച്ചുരങ്കം " 1969
20 ഉന്മേലെ നാൻ കൊണ്ട ആശൈ ... ശീര്കാഴി "കാതൽ ജോതി" 1970
21 തന്നന്തനിയാക നീ വന്ത പോതു ... TMS , സുശീല "സംഗമം" 1970
22 കാലൈ പോഴുതെ വരിക ... സുശീല "ശക്തി ലീലൈ " 1972
23 അങ്കൈയർ കന്നിക്കു സംഗതി സൊല്ല .. ശീർകാഴി , വാണി ജയറാം "
"അവളുക്കു ആയിരം കണ് കൾ " 1975
24 കല്യാണം കട്ടിക്കൊള്ള ... SP ബാലസുബ്രമണ്യം , ഹേമ "ഇവൾ ഒരു പൌർണമി" 1987
"മറക്ക മുടിയുമാ" യിലെ "കാകിത ഓടം കടൽ അലൈ മീത് .... " എന്ന ഗാനം ആണ് ഏറ്റവും ജനപ്രീതി നേടിയത് (ഗാനരചന - എം. കരുണാനിധി )
TK രാമമൂർത്തിയുടെ സംഭാവനകളിൽ എടുത്തു പറയേണ്ട ഒന്നാണ് JAZZ സംഗീതത്തെ കർണ്ണാടക സംഗീതവുമായി സമന്വയിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ LP റെക്കോർഡ് - TK RAMAMOORTHY - FABULOUS NOTES AND BEATS OF THE INDIAN CARNATIC -JAZZ . പാശ്ചാത്യ രാജ്യങ്ങളിൽ ഈ ആൽബത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്.
മലയാളത്തിൽ വിശ്വനാഥൻ - രാമമൂർത്തി സംഗീതം പകർന്ന ഏക ചിത്രം "ലില്ലി" ( 1958 ) സത്യൻ, പ്രേം നസീർ , BS സരോജ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഒരു ശരാശരി വിജയം മാത്രം. സംഗീതവും അത്ര മികച്ചതായിരുന്നില്ല. പി ഭാസ്കരൻ രചിച്ച 7 ഗാനങ്ങൾ. സംഗീത സംവിധായക ജോടികൾ ഈണം പകർന്ന ഗാനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രണ്ടു കൃസ്തീയ ഭക്തി ഗാനങ്ങൾ. രണ്ടു ഗാനങ്ങളിലും രാമമൂർത്തിയുടെ ഓർക്കെസ്സ്ട്ര യുടെ മികവു അനുഭവപ്പെടുന്നു. കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളിൽ നാം കേൾക്കുന്ന വാദ്യ സംഗീതം ഗാനങ്ങളുടെ പശ്ചാത്തലം.
"കന്യാ മറിയമേ തായേ..... " (ശാന്ത പി നായർ, കുമരേശൻ, രേണുക )
"യേശു നായകാ പ്രേമ സാഗരാ ... " ( പി ലീല, സംഘം )
ചിത്രത്തിലെ മറ്റു ഗാനങ്ങൾ -
"എലോ എലോ .... ഏഴാം കടലിനപ്പുറ മുണ്ടൊരു ... " AL രാഘവൻ , സംഘം
"ആലപ്പുഴ കടവീന്നു ഞാനും ബോട്ടിൽ.... " മെഹബൂബ്
"ഓടി ഓടി ഓടി വന്നു..........." ലീല, പട്ടം സദൻ
"കൽക്കണ്ട മാവിണ് ചോട്ടിൽ..... " രേണുക
"നാളെ നിന്റെ കല്യാണം ...... " AL രാഘവൻ
1950 കളുടെ അവസാന വർഷങ്ങളും 1960 കളുടെ മദ്ധ്യം വരെയും ആയിരുന്നല്ലോ സംഗീത സംവിധായക ജോടികളുടെ തമിഴിലെ "സുവർണ കാലം" തമിഴ് സിനിമയിലെ തിരക്ക് കാരണം ആയിരിക്കാം "ലില്ലി" ക്കു ശേഷം മലയാളത്തിൽ ജോടികൾ സംഗീത സംവിധാനത്തിനായി എത്താതിരുന്നതിന്റെ ഒരു കാരണം. മാത്രമല്ല "ലില്ലി" യുടെ നിർമ്മാതാവും സംവിധായകനും തമിഴ് സിനിമ രംഗത്തെ ഒരു പ്രഗൽഭൻ ആയിരുന്ന എഫ് നാഗൂർ. 1953 ലെ "ജനോവ" യുടെ സംവിധായകനും നിർമ്മാണ പങ്കാളിയും. ആ ചിത്രത്തിൽ സംഗീത സംവിധായകരിൽ ഒരാളു് MSV ആയിരുന്നല്ലോ. ആ ബന്ധം ആയിരിക്കാം സംഗീത സംവിധായക ജോടികളെ "ലില്ലി" യിൽ എത്തിച്ചത്.
തമിഴിൽ സംഗീത സംവിധായക ജോടികൾ ഈണം നൽകിയ ഗാനങ്ങളിൽ കൂടി "ഇരട്ടയർ " എന്നെന്നും സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ഒരു മധുരാനുഭൂതിയായി നില നിൽക്കും !! മലയാളത്തിലെ "ലില്ലി" യിലെ ആ രണ്ടു ക്രിസ്തീയ ഭക്തി ഗാനങ്ങളിലെ ആ വാദ്യ സംഗീതം രാമമൂർത്തി എന്ന Orchestra ഒരുക്കുന്നതിൽ നിപുണന്റെ ഓർമ്മ എന്നെന്നും നിലനിർത്തുക തന്നെ ചെയ്യും.
വയലിനിൽ കൂടി സംഗീതത്തിന്റെ മാസ്മരിക തീർത്ത അതുല്യ പ്രതിഭയ്ക്ക്, ആ വാദ്യ സംഗീത വൈഭവം ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിന് നൽകിയ മഹത് കലാകാരനു് എം.എസ്.ഐ യുടെ ആദരാഞ്ജലികൾ.
(ഈ ലേഖനത്തിൽ വിവരിച്ച ചില വസ്തുതകൾ MSV യുമായി 2009 ൽ ലേഖകൻ നടത്തിയ അഭിമുഖ സംഭാഷണമാണു് ആധാരം.)
വാൽക്കഷ്ണം-
ചേരേണ്ടത് ചേർന്നിരുന്നാലേ ചേതോഹരമാകൂ - MS വിശ്വനാഥനും TK രാമമൂർതതിയും പരസ്പര പൂരകങ്ങളായിരുന്ന സംഗീത ഘടകങ്ങൾ ആയിരുന്നു എന്നു് തോന്നിപ്പിക്കുന്നതാണ് ഇവരുടെ സംഗീത രചനകൾ. കൂട്ടായി സംഗീതം പകർന്ന ഗാനങ്ങൾക്കു ലഭിച്ച ജനപ്രീതി ഇവർ തനിച്ചു സംഗീതം നിർവ്വഹിച്ച ഗാനങ്ങൾക്ക് ലഭിച്ചില്ല . MSV തനിച്ചു സംഗീതം പകർന്ന ചിത്രങ്ങളിലെ ചില ഗാനങ്ങൾ ഹിറ്റ് ആയി.പക്ഷെ രാമമൂർത്തിയുടെ തനിച്ചുള്ള സംഗീത രചനകൾ അത്ര ഹിറ്റ് ആയില്ല.
സംഗീത സംവിധായക ജോടികൾ സംഗീതം പകർന്ന തമിഴ് ചിത്രങ്ങൾ - 80 ൽ പരം
കൂട്ടായി സംഗീതം പകർന്ന മലയാളചിത്രം - "ലില്ലി" (1958 ) - ഏക ചിത്രം
MSV തനിച്ചു സംഗീതം പകർന്ന തമിഴ് ചിത്രങ്ങൾ - 420 ൽപ്പരം
രാമമൂർത്തി തനിച്ചു സംഗീതം പകർന്ന തമിഴ് ചിത്രങ്ങൾ - ഏകദേശം 20
1995 ൽ വീണ്ടും ഒരു തമിഴ് ചിത്രത്തിനു് കൂട്ടായി സംഗീതം നിർവ്വഹിച്ചു "ഇരട്ടയർ ". പ്രശാന്ത സുന്ദരമായ കേരളത്തിലെ ഒരു സുഖവാസ കേന്ദ്രത്തിലെത്തി ഈണങ്ങളൊരുക്കാനായി. ചിത്രം - "എങ്കിരുന്തോ വന്താൻ " ചിത്രം "വന്തതും പോനതും " ആരുമറിഞ്ഞില്ല. ചിത്രം വൻ പരാജയം. പാട്ടുകളും പെരുമ നേടിയില്ല. 1965 ലെ വേർപിരിവിനു ശേഷം മൂന്നു ദശകങ്ങൾ കഴിഞ്ഞുള്ള ഈ കൂടിച്ചേരലിനെ ഭാഗ്യം കടാക്ഷിച്ചില്ല. സംഗീത ജോഡികളുടെ കൂട്ടായുള്ള അവസാന ചിത്രവും ഇതു് തന്നെ. ഈ ചിത്രമാകട്ടെ 1988 ലെ സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം "ചിത്ര" ത്തിന്റെ റീമേക്ക്. സത്യരാജും റോജയും നായികാനായകന്മാർ.
കുന്ദൻലാൽ സൈഗാളും കാനൻ ദേവിയും കൽക്കത്തയിലെ "ന്യൂ തിയേറ്റേഴ്സ് " ലെ മാസശമ്പള വ്യവ്യസ്തയിലെ അഭിനേതാക്കൾ. "ന്യൂ തിയേറ്റേഴ്സ് " ൽ ഇവർ അഭിനയിച്ച ഹിന്ദി/ ബംഗാളി ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് - ഉദാഹരണം - ചണ്ടി ദാസ് - 1934, ദേവദാസ് - 1935 , president - 1937 , street singer -1938, ധർത്തി മാത - 1938 , സിന്ദഗി - 1940 , ലഗൻ - 1941. ന്യൂ തിയേറ്റേഴ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിനയിച്ച മിക്ക ചിത്രങ്ങളും പരാജയം - ഉദാഹരണം - തദ്ബീർ - 1945, ഒമർ ഖയ്യാം - 1946, പർവാന - 1947 (എല്ലാം ഹിന്ദി).
കാനൻ ദേവി ന്യൂ തിയേറ്റേഴ്സിൽ അഭിനയിച്ച സൂപ്പർ ഹിറ്റ് ഹിന്ദി പടങ്ങൾ - മുക്തി - 1937, വിദ്യാപതി - 1937, street singer - 1938, ലഗൻ - 1941
ന്യൂ തിയേറ്റേഴ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിനയിച്ച പരാജയ ചിത്രങ്ങൾ -
രാജലക്ഷ്മി - 1945, ബൻഫൂൽ - 1945, തും ഔർ മൈൻ - 1946, കൃഷ്ണ ലീല - 1946, അറേബ്യൻ നൈറ്റ്സ് - 1946, ചന്ദ്രശേഖർ - 1947 (എല്ലാം ഹിന്ദി ചിത്രങ്ങൾ ).
സുപ്രസിദ്ധ ഗായികാതാരം ശാന്ത അപ്തെയുടെയും സംവിധായകൻ ശാന്താരാമിന്റെയും കഥ വ്യത്യസ്തം അല്ല. പൂനയിലെ പ്രഭാത് ഫിലിം കമ്പനി യിൽ നിന്നും പുറത്തിറങ്ങിയ ഇവരുടെ അനുഭവവും മറിച്ചല്ല.
കൂട്ടായുള്ള ഫോർമുല, രണ്ടു കലാപ്രതിഭകളുടെ / സംഘടനകളുടെ സംഗമത്തിനു് നിർലോഭം ലഭിച്ചിരുന്ന സൌഭാഗ്യം ഇവരുടെ വേർപിരിവോടെ അസ്തമിക്കുന്നു. ഒറ്റക്കുള്ള പ്രയാണത്തിൽ ഭാഗ്യം കടാക്ഷിക്കുന്നതു് വളരെ വിരളം.
കൂട്ടായുള്ള കലാപ്രവർത്തനം തുടരട്ടെ - വർത്തമാന കാലത്തിലെ കലാ കൂട്ടായ്മകൾ വേർപിരിയാതിരിക്കട്ടെ!!
ഈ ലക്കത്തിൽ ചർച്ച ചെയ്യപ്പെട്ട സിനിമകളും മറ്റ് വിശദവിവരങ്ങളും ചിത്രങ്ങളിലൂടെ
ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഗാനങ്ങൾ
A For Apple B For Biscuit A L Raghavan Music T K Ramamoorthy 1966 Film Sadhu Mirandal (1)
Ammano Saamiyo Atthaiyo Seerkazhi L R Easwari Music T K Ramamoorthy 1967 Lyric Kannadasan Film Naan (1)
Kagitha Odam TMS P Susheela Music T K Ramamoorthy 1966 Film Marakka Mudiyuma
Kalkanda Maavimn Chottil Renuka Lilly58 Viswanathan Ramamoorthy, PBhaskaran
Naan Pirandha Naatukkendha Naadu TMS Music T K Ramamoorthy 1969 Lyric Kannadasan Film Thanga Surangam
Oor Enna Pesum TMS P Susheela Music T K Ramamoorthy 1967 Lyric Vaalee Film Pattathu Rani
PETRA MANAM S Varalakshmi Music T K Ramamoorthy 1969 Lyric Kannadasan Film Thanga Surangam
Pothumo Intha Sugam P Susheela TMS Music T K Ramamoorthy 1967 Lyric Kannadasan Film Naan
Thannan Thaniyaaga TMS P Susheela Music T K Ramamoorthy Lyric Film Sangamam
Thirutthani Muruga P Susheela Sulamangalam Rajalakshmi Music T K Ramamurthy 1968 Lyric Film Neelagiri Express
ബി വിജയകുമാർ
|