2013 ലെ വിഷു ദിനം മലയാള സിനിമ സംഗീതത്തിനു് തീരാനഷ്ടം വരുത്തിക്കൊണ്ടു് ആണ് കടന്നു പോയതു്. PBS എന്ന ചുരുക്കപ്പേരാൽ അറിയപ്പെട്ടിരുന്ന പി ബി ശ്രീനിവാസ് അന്നേ ദിവസം കാലയവനികക്കുള്ളിൽ മറഞ്ഞു. PBS എന്ന മൂന്ന് അക്ഷരത്തിനു ഗായകന്റെ പേരിന്റെ ചുരുക്കപ്പേര് എന്നതിലുപരി അർത്ഥങ്ങൾ ഉണ്ട് ആരാധകരുടെ ഇടയിൽ. PLAYBACK SINGER, പല ഭാഷാ സംഗീതജ്ഞൻ (PALA BHASHA SANGEETHATHNJAN ) എന്ന് മലയാള പരിഭാഷ. എന്നാൽ PB എന്ന രണ്ടക്ഷരങ്ങൾ സൂചിപ്പിക്കുന്നതാകട്ടെ - ഗായകന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തെയും. "പ്രതിവാദി ഭയങ്കരം" - എന്നാണ് PB എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ പൂർണ്ണരൂപം. ഗായകന്റെ മഹത്തായ കുടുംബ പാരമ്പര്യത്തിലേക്കും അതിലൊട്ടും കുറയാത്ത സംഗീത സപര്യയിലേക്കും വെളിച്ചം വീശുന്ന ചില ചരിത്രസത്യങ്ങൾ
PBS ന്റെ ജനനം 1930 സെപ്റ്റംബർ 22 നു ആന്ധ്ര പ്രദേശിലെ കാക്കിനാടയിൽ. പിതാവ് PBVL ഫണീന്ദ്ര സ്വാമി, സഹകരണ വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥൻ.
മാതാവ് ശേഷഗിരി അമ്മാൾ ഒരു തികഞ്ഞ വിഷ്ണുഭക്ത. അമ്മ ആലപിച്ചിരുന്ന കീർത്തനങ്ങൾ കേട്ടാണ് PBS വളർന്നതു്. സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്ത് റേഡിയോ ശ്രവണവും ഒരു ശീലം ആയിരുന്നു അച്ഛനമ്മമാരുടെ "സീനു "വിനു്. മുഹമ്മദ് റാഫി ആയിരുന്നു ഇഷ്ട ഗായകരിൽ പ്രധാനി.
2008 ൽ " കമുകറ ഫൌണ്ടേഷൻ " അവാർഡ് സ്വീകരിക്കുന്നതിനായി എറണാകുളത്ത് എത്തിയ ഗായകനുമായി ദീർഘനേരം ആശയ വിനിമയം നടത്താനും മലയാള സിനിമ സംഗീതത്തിൽ ലേഖകൻ നടത്തി വരുന്ന ഗവേഷണത്തിന്റെ ഭാഗമായി അഭിമുഖസംഭാഷണത്തിനും ഭാഗ്യം സിദ്ധിച്ചു. ഗായകനോടുള്ള ആദരസൂചകമായി MSI സമർപ്പിക്കുന്ന ഈ ലേഖനത്തിന് ആധാരം ഈ അഭിമുഖ സംഭാഷണം ആണ്. ഗായകന്റെ വിയോഗത്തിൽ അനുശോചിച്ചും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും പത്ര മാധ്യമങ്ങളും TV ചാനലുകളും അവതരിപ്പിച്ച റിപ്പോർട്ടുകളിൽ വന്ന തെറ്റായ വിവരങ്ങൾ തിരുത്താൻ ഈ ലേഖനം സഹായകം ആയാൽ അത് ഗായകനോടുള്ള നന്ദി സൂചകം ആയി MSI കരുതുന്നു .
PBS നു12 വയസ്സുള്ളപ്പോൾ ആയിരുന്നു സംഗീതത്തിലെ ആദ്യ കാൽവെയ്പ്. അമ്മാവൻ "കിടാമ്പി" കൃഷ്ണസ്വാമി നാടകനടനും ഗായകനും ആയിരുന്നു. അനന്തിരവന്റെ സംഗീതാഭിരുചി പ്രോത്സാഹിപ്പിച്ചിരുന്ന കൃഷ്ണസ്വാമി PBS നെ കൊണ്ട് നാടകവേദിയിൽ പാട്ട് പാടിച്ചു. പിതാവ് ഫണീന്ദ്ര സ്വാമിയുടെ ആഗ്രഹം മകൻ സർക്കാർ ഉദ്യോഗസ്ഥൻ ആകണം എന്നായിരുന്നു. PBS ന്റെ ആഗ്രഹം ഗായകൻ ആകാനും. ഒരു ജ്യോതിഷിയുടെ അഭിപ്രായം ആരാഞ്ഞു ഫണീന്ദ്ര സ്വാമി . സംഗീതത്തിൽ PBS നു ശോഭനമായ ഭാവി ഇല്ല എന്നായിരുന്നു പ്രവചനം.
ജ്യോതിഷിയുടെ പ്രവചനത്തെക്കാൾ ഫണീന്ദ്ര സ്വാമി വിശ്വസിച്ചത് മകന്റെ ആത്മ വിശ്വാസത്തെ. BCom പാസ്സായ PBS ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയിൽ നിന്നും ഹിന്ദി രാഷ്ട്രഭാഷ വിശാരദ് പട്ടവും നേടി.
"ചന്ദ്രലേഖ " (1948 ) പോലെയുള്ള ബോക്സ് ഓഫീസ് ഹിറ്റുകളുടെ ഈറ്റില്ലം ആയിരുന്ന ജെമിനി സ്റ്റുഡിയോയിലെ ആസ്ഥാന സംഗീതജ്ഞന്മാരിൽ ഒരാളായിരുന്ന പ്രസിദ്ധ വീണ വിദ്വാൻ "ഈമനി " ശങ്കര ശാസ്ത്രി. കുടുംബസുഹൃത്ത് ആയിരുന്ന ശങ്കര ശാസ്ത്രി PBS നെ ജെമിനി സ്റ്റുഡിയോ ഉടമ S S വാസനെ പരിചയപ്പെടുത്തി. റാഫിയുടെ ഒരു സൂപ്പർ ഹിറ്റ് പാടി കേൾപ്പിച്ചു PBS. "ഹുയേ ഹം ജിന്കെ ലിയെ ബര്ബാദ് ... " ( "ദീദാർ " 1951- സംഗീതം നൗഷാദ് ) വാസനെ ആകർഷിച്ചു PBS ന്റെ ആലാപനം. 1947ൽ ജെമിനി സ്റ്റുഡിയോ നിർമ്മിച്ച "മിസ്സ് മാലിനി " എന്ന തമിഴ് ചിത്രം സൂപ്പർ ഹിറ്റ്. R K നാരായണന്റെ "മിസ്റ്റർ സമ്പത്ത് " എന്ന ഇംഗ്ലീഷ് നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആയിരുന്നു "മിസ്സ് മാലിനി ".1952 ൽ നോവലിന്റെ അതെ പേരിൽ "മിസ്റ്റർ സമ്പത്ത്" എന്ന ഹിന്ദി ചിത്രം നിർമ്മിക്കാൻ ജെമിനി സ്റ്റുഡിയോ തീരുമാനിച്ചപ്പോൾ ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചു PBS നു്. നായകൻ മോത്തിലാൽ. നായിക പത്മിനി. സംഗീതം ബാലകൃഷ്ണ കല്ലയും ഈമനീ ശങ്കര ശാസ്ത്രിയും ചേർന്ന്. ചിത്രത്തിലെ 13 ഗാനങ്ങളിൽ മിക്കതും സംഘഗാനങ്ങൾ. 4 ഗാനങ്ങളിൽ PBS ന്റെ ശബ്ദവും. ആദ്യം പാടിയ ഗാനം " ജഗഹ് നഹിം ജഗഹ് നഹിം ഇത്നി ലംബി ചൌടി ദുനിയ മേ ....... " ചിത്രത്തിൽ പാടിയ മറ്റു ഗായികാ ഗായകന്മാർ - ഗീതാ ദത്ത്, ഷംഷാദ് ബേഗം, M L വസന്ത കുമാരി, ജിക്കി, തലത് മെഹ്മൂദ് തുടങ്ങിയവർ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും സംഗീതത്തിനു് അംഗീകാരം നൽയില്ല പ്രേക്ഷകർ .
"മിസ്റ്റർ സമ്പത്ത് " ന്റെ സൌണ്ട് റെക്കോർഡിസ്റ്റ് ആയിരുന്ന ജീവ ആയിരുന്നു PBS എന്ന ചുരുക്കെഴുത്തിനു PLAYBACK SINGER എന്ന വ്യാഖ്യാനം നൽകിയതു്. PBS നെ ദക്ഷിണേന്ത്യൻ സിനിമയിൽ അവസരം ലഭിക്കാനും ജീവ സഹായിച്ചു. 1953 ൽ പ്രസിദ്ധ നിർമ്മാതാവും സംവിധായകനും നടനും ആയിരുന്ന R നാഗേന്ദ്ര റാവു ഒരു ത്രിഭാഷാ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചു. തമിഴിൽ "ജാതകം ", തെലുങ്കിൽ "ജാതകഫലം:" കന്നടത്തിൽ "ജാതകഫല".
T K ബാലചന്ദ്രൻ നായകൻ . സൂര്യകല നായിക. സംഗീതം R ഗോവർധനം. മൂന്നു് ഭാഷകളിലും സമാന സന്ദർഭങ്ങളിലെ രണ്ടു ഗാനങ്ങൾ PBS പാടി . PBS പാടിയ ആദ്യ തമിഴ് ഗാനം - "ശിന്തനൈ എൻ ശെ ല്വമെ ..... ". 1948 ലെ ഹിന്ദി ചിത്രം "മേല" യിൽ നൌഷാദിന്റെ സംഗീതത്തിൽ മുഹമ്മദ് റാഫി പാടിയ "യെ സിന്ദഗി കെ മേലെ ...." എന്ന ഗാനത്തിന്റെ ഈണം കടമെടുത്ത ഗാനം. "ജാതക" ത്തിൽ PBS പാടിയ മറ്റൊരു ഗാനം " മൂഡ നംബിക്കയാലെ.... ". ചിത്രത്തിൽ M S രാജേശ്വരി പാടിയ "കുഴലും യാഴിസയെ കണ്ണൻ ...... " , " മാടുകൾ മേചിടും പൈയൻ ...... " എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയി. 1953 ലെ ക്രിസ്മസ് ചിത്രം ആയി ക്രിസ്മസ് ദിനത്തിൽ ഡിസംബർ 25 നു് "ജാതകം" റിലീസ് ആയി.
1954 ൽ "വിടുതലൈ " എന്ന തമിഴ് ചിത്രത്തിൽ ലക്ഷ്മണ് രഘുനാഥിന്റെ സംഗീതത്തിൽ PBS പാടിയ "അൻപോട് ഇമ്പമായ് വാഴലാം നൻപനെ ... " ശ്രദ്ധിക്കപ്പെട്ടു. പീർ മുഹമ്മദ് എന്ന നടൻ അവതരിപ്പിച്ച കുതിരക്കാരന്റെ കഥാപാത്രത്തിന് വേണ്ടി ആയിരുന്നു പിന്നണി ആലാപനം. PBS ആദ്യമായി പിന്നണി പാടിയത് പീർ മുഹമ്മദിന് വേണ്ടി. "ജാതക" ത്തിലെ ഗാനങ്ങൾ അശരീരി ആയിരുന്നു എന്നാണു് PBS ന്റെ ഓർമ്മ. 1943 ലെ "കിസ്മത് " എന്ന ഹിന്ദി ചിത്രത്തിന്റെ റീ മേക് ആയ "പ്രേമ പാശ " ത്തിൽ S രാജേശ്വര റാവുവിന്റെ സംഗീതത്തിൽ PBS പാടിയ സോളോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. ഘണ്ഠശാലയും ലീലയും പാടിയ ഗാനങ്ങളാണ് ഹിറ്റ് ആയതു്.
PBS ന്റെ ഹിറ്റ് ആയ ആരംഭകാല ഗാനങ്ങളിൽ ഒരു പ്രധാന ഗാനം - 1957 ലെ "സമയ സൻജീവി " യിൽ G രാമനാഥന്റെ സംഗീതത്തിൽ പാടിയ "ഗമഗമ എന്ന് നറുമലർ മണം വീശുതെ ...... " സഹഗായിക - ജിക്കി . അതേ വർഷം "മക്കളെ പെറ്റ മഹരാശി " യിൽ സരോജിനി യുമായി ചേർന്നു പാടിയ "ഒന്ര് പട്ട അന്പ് മാറുമാ ... " സൂപ്പർ ഹിറ്റ് . സംഗീതം G രാമനാഥൻ . M N നമ്പ്യാർക്കു വേണ്ടി പിന്നണി പാടിയ ഗാനം ഇന്നും ജനപ്രിയം. TV ചാനലുകളിലെ ഒരു സ്ഥിരം ഗാനം. അതേ വർഷം "മഗ്ദല നാട്ടു മേരി " യിൽ R പാർത്ഥ സാരഥി യുടെ സംഗീതത്തിൽ S ജനകിയുമായി ചേര്ന് പാടിയ "കണ്ണുക്കു നേരെ മിന്നിടും താരൈ ..... " വളരെ ജനപ്രീതി നേടി . ജാനകിയുടെ ആരംഭ
1959 PBS ന്റെ ഭാഗ്യ വർഷം. നിരവധി സൂപ്പർ ഹിറ്റുകൾ. ഘണ്ഠശാല, A M രാജ, തിരുച്ചി ലോകനാഥൻ, C S ജയരാമൻ, സൌന്ദരരാജൻ, തുടങ്ങിയ പിന്നണി ഗായകർക്കൊപ്പം PBS ഉം മുന്നേറി. 1959 ലെ PBS ന്റെ സൂപ്പർ ഹിറ്റുകൾ.
"അഴകേ അഴകേ ..... (രാജാ മലയസിംഹൻ - സംഗീതം - വിശ്വനാഥൻ-രാമമൂർത്തി )
"ഇന്പം പൊങ്ങും വെണ്ണിലാ വീശുതെ ..... " ( വീര പാണ്ട്യ കട്ടബൊമ്മൻ - G രാമനാഥൻ )
"മലരോട് വിളയാടും തെന്നലേ ...... " ( ദൈവ ഫലം - ആശ്വതമ്മ )
"കണ്ടേനെ ഉന്നൈ കണ്ണാലെ....... " ( നാൻ ശൊല്ലും രഹസ്യം - G രാമനാഥൻ )
"നാൻ പാട നീ ആട് ....... " ( മാല ഒരു മംഗല വിളക്ക് - പാണ്ടു രങ്കൻ )
"കനിന്ത കാതൽ ...... " ( അഴകർ മലൈ കള്ളൻ - ബി ഗോപാലൻ)
1960 ലെ "അടുത്ത വീട്ടു പെണ്" ൽ PBS പാടിയ നർമ്മരസപ്രധാന ഗാനങ്ങൾ സൂപ്പർ ഹിറ്റ്. യുവതീ യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചു (ഈ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഹിന്ദിയിലെ "പടോസൻ " 1967 ) സംഗീതം ആദിനാരായണ റാവു . PBS പാടിയ ഹംസധ്വനി രാഗാധിഷ്ടിതമായ "വനിതാ മണിയെ ..... " യുവാക്കളുടെ ഹരമായി മാറി, ചിത്രത്തിൽ PBS പാടിയ "കണ്ണാലെ പേശി പേശി .... " എന്ന ഗാനവും ഹിറ്റ് ആയി.
സുബ്രമണ്യ ഭാരതിയാരുടെ "കാതൽ കവിതൈകൾ " എക്കാലത്തും തമിഴ് സിനിമയുടെ ഹരം ആയി തുടരുന്നു. "കപ്പലോട്ടിയ തമിഴൻ " എന്ന ചിത്രത്തിലെ മോഹനകല്യാണി രാഗാധിഷ്ടിതമായ "കാറ്റ് വെളിയിട കണ്ണമ്മാ .... " ഈ കാതൽ കവിതയുടെ ഏറ്റവും ജനപ്രിയമായ ആലാപനം ആയി കരുതപ്പെടുന്നു. PBS ന്റെ ഭാവാത്മകമായ ആലാപനം. സംഗീതം - G രാമനാഥൻ.
"വീര പാണ്ഡ്യ കട്ടബൊമ്മൻ" ൽ ജെമിനി ഗണേശൻ - പത്മിനി പ്രണയ രംഗത്തിലെ യുഗ്മഗാനം പാടിയത് സുശീലയും PBS ഉം. "ഇമ്പം പൊങ്കും വെണ്ണിലാ വീശുതെ .... " സംഗീതം G രാമനാഥൻ. ജെമിനി ഗണേശനു വേണ്ടി PBS പാടിയ പ്രഥമ ഗാനം തന്നെ സൂപ്പർ ഹിറ്റ്. താമസിയാതെ ജെമിനി ഗണേശന്റെ സ്ഥിരം പിന്നണി കുരലായി മാറി PBS . സാധാരണ A M രാജാ ആയിരുന്നു ജെമിനിയുടെ പിന്നണിയിൽ പാടും ശബ്ദം
1961 ലെ "പാവമന്നിപ്പ് " എന്ന AVM ചിത്രത്തിന് വേണ്ടി കണ്ണദാസൻ അതീവ റൊമാന്റിക് ആയി ഒരു പാട്ട് രചിച്ചു. സംവിധായകൻ ഭീമസിംഗ് നും സംഗീത സംവിധായകൻ M S വിശ്വനാഥനും ഒരു ആഗ്രഹം, ഈ പ്രേമഗാനം PBS നെ കൊണ്ട് പാടിക്കണം. AVM ഉടമ മൈയ്യപ്പ ചെട്ടിയാർ പറഞ്ഞു - നിങ്ങൾക്കു് ഗായകനിൽ വിശ്വാസം ഉണ്ടെങ്കിൽ ആയിക്കോളൂ പക്ഷെ അബദ്ധത്തിൽ കലാശിക്കരുത്. PBS പാടി - "കാലങ്കളിൽ അവൾ വസന്തം ....." ഗാനം സര്വകാല റൊമാന്റിക് ഹിറ്റ്. കാമുകിയെ പ്രകൃതിയിലെ ഏറ്റവും സുന്ദര സൃഷ്ടികളുമായി ഉപമിച്ചു പാടുകയാണ് കാമുകൻ. ഋതുക്കളിൽ വസന്തം, സുകുമാര കലകളിൽ ചിത്രകല, മാസങ്ങളിൽ മാർകഴി മാസം, പൂക്കളിൽ മല്ലിക, പക്ഷികളിൽ മാടപ്രാവ്, പാട്ടുകളിൽ താരാട്ട്...... അങ്ങനെ പോകുന്നു വർണ്ണന. ഗാനത്തിന്റെ വിജയം ജെമിനി ഗണേശനെ "കാതൽ മന്നൻ " ആയി മുടി ചൂടിച്ചു !! PBS ആകട്ടെ അതിനു ശേഷം കാതൽ മന്നന്റെ "പാടും കുരൾ " ആയും മാറി. ഹിന്ദിയിൽ രാജ് കപൂർ - മുകേഷ് കൂട്ടുകെട്ട് പോലെ ആയി ജെമിനി ഗണേശ് - PBS കൂട്ടായ്മ.
പി സുശീല, എസ് ജാനകി, L R ഈശ്വരി , ജമുനാ റാണി , പി. ലീല തുടങ്ങിയ പിന്നണി ഗായികമാർക്കൊപ്പവും ഭാനുമതി, S വരലക്ഷ്മി തുടങ്ങിയ ഗായികാ താരങ്ങൾക്കൊപ്പവും PBS നിരവധി പ്രണയഗാനങ്ങൾ പാടി. പ്രണയഗാനങ്ങളുടെ വിശിഷ്ട ഗായകനായി മാറി PBS.
വിശ്വനാഥൻ -രാമമൂർത്തി കൂട്ടുകെട്ടായിരുന്നു PBS ന്റെ മുന്നേറ്റത്തിനു പ്രധാനമായും വഴിയൊരുക്കിയത്. ഇരട്ട സംഗീത സംവിധായകരുടെ ഈണങ്ങൾ മീട്ടി PBS ഉയർച്ചയുടെ പടവുകൾ അതിവേഗം പിടിച്ചു കയറി. ഈ കൂട്ടുകെട്ടിൽ ബഹിർഗമിച്ച ചില ഗാനങ്ങൾ -
"കാറ്റ് വന്താൽ തളി ശായും ..... " (കാതിരുന്ത കണ് കൾ - 1962)
"പോന്നെന്പെൻ ...... " ( പോലീസ് കാരൻ മകൾ - 1962)
"മയക്കമാ കലക്കമാ ...... " ( ചുമൈ താങ്കി - 1962)
"പാൽ വണ്ണം പരുവം കണ്ടു .... " (പാശം - 1962)
"അനുഭവം പുതുമൈ..... " ( കാത്തലിക്ക നെരമില്ലൈ - 1964)
PBS പാണി - അതായത് PBS ന്റെ ആലാപന ശൈലി തന്നെ രൂപപ്പെട്ടു. അനായാസമായ ആലാപനം, ഗാനത്തിന്റെ ആശയം പ്രകടമാക്കുന്ന മുഖ്യ പദങ്ങൾക്ക് ആക്കം നൽകിയുള്ള ഉച്ചാരണം, ആലാപനത്തിലെ ഉയർച്ചയും താഴ്ച്ചയും നൽകുന്ന ശ്രവണസുഖം - ഇതൊക്കെ ആയിരുന്നു PBS ശൈലിയുടെ മുഖമുദ്ര. PBS പാണിയുടെ ചില ഉദാഹരണങ്ങൾ
"യാർ യാർ യാർ ഇവൾ യാരൊ...... " ( പാശമലർ 1961 വിശ്വനാഥൻ - രാമമൂർത്തി)
"എന്നരുകെ നീ ഇരുന്താൽ...... " ( തിരുടാതെ - 1961 S M സുബ്ബയ്യാ നായിഡു )
"ഒരേ കേള്വി ഒരേ കേള്വി ...... " ( പനിതിരൈ - 1961 K V മഹാദേവൻ )
പൂജൈക്കു വന്ത മലരേ ...... " ( പാദ കാണിക്കൈ - 1962 വിശ്വനാഥൻ -രാമമൂർത്തി )
"റോജാ മലരേ രാജകുമാരി .... " ( വീര തിരുമകൻ - 1962 വിശ്വനാഥൻ - രാമമൂർത്തി )
ഒരുത്തി ഒരുവനൈ നിനൈന്ത് വിട്ടാൽ .... " ( ശാരദ - 1962 KV മഹാദേവൻ )
"മധുരാ നഗറിൽ തമിഴ് സംഘം ..... " ( പാർ മകളെ പാർ - 1962 വിശ്വനാഥൻ രാമമൂർത്തി )
മൌനമേ പാര്വേയാൽ ...... " ( കൊടിമലർ - 1966 MS വിശ്വനാഥൻ)
MS വിശ്വനാഥനു് PBS ഉം ആയി ഉണ്ടായിരുന്ന ആത്മ ബന്ധത്തിന് ഉദാഹരണം ആയി ഒരു സംഭവം. MSV യിൽ നിന്നും കേട്ട ഈ സംഭവത്തെ കുറിച്ച് PBS നോട് ചോദിച്ചപ്പോൾ ഗായകന്റെ തൊണ്ട ഇടറി. വർഷം 1962 "കാത്തിരുന്ത കൺകൾ " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരുന്ന സമയം. നേരത്തെ പ്ലാൻ ചെയ്തിരുന്നതിലും മുമ്പേ നായകൻ ജെമിനി ഗണേശന്റെ യും നായിക സാവിത്രിയുടെയും ഡേറ്റ് കിട്ടി. ഒരു ഗാനരംഗം ആണ് ഷൂട്ട് ചെയ്യേണ്ടതു്. പിന്നണി ഗായകൻ PBS സ്ഥലത്തില്ല. ഗാനം റെക്കോർഡ് ചെയ്തിട്ട് വേണം ഗാനരംഗം ഷൂട്ട് ചെയ്യാൻ. നിർമ്മാതാവ് TK രാമസ്വാമിയും സംവിധായകൻ T പ്രകാശ് റാവും മറ്റൊരു പിന്നണി ഗായകനെക്കൊണ്ട് പാടിച്ചു കൂടേ എന്നു് അഭിപ്രായപ്പെട്ടു. പക്ഷേ MSV ക്ക് സ്വീകാര്യമല്ല. PBS ന്റെ സ്വരം മനസ്സിൽ വെച്ചുകൊണ്ട് ഒരുക്കിയ ഈണം അതു് മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കാൻ MSV ക്ക് ധൈര്യം ഇല്ല. മറ്റൊരു ഗായകൻ ആണെങ്കിൽ ഈണം വേറെ മെനഞ്ഞെടുക്കാം എന്നു MSV. പക്ഷെ MSV മൂളി കേൾപ്പിച്ച ആ ഈണം നഷ്ടപ്പെടുത്താൻ ഇഷ്ടപ്പെട്ടില്ല നിർമ്മാതാവും സംവിധായകനും. ഒടുവിൽ മറ്റൊരു കോറസ് ഗായകനെക്കൊണ്ട് പാടിച്ചു് ഗാനരംഗം ഷൂട്ട് ചെയ്തു. പിന്നീട് PBS നെക്കൊണ്ട് പാടിച്ചു ഗാനം ഫിലിമിൽ ചേർത്തു. സംഗീത സംവിധായകനു് ഗായകനിലുള്ള ആത്മവിശ്വാസം ഗായകനും സംഗീത സംവിധായകനുമായുള്ള ആത്മബന്ധം !! ഇന്നത്തെ കാലത്തു് കാണാൻ പറ്റുമോ ഈ ആത്മാർത്ഥതയും ആത്മബന്ധവും?
1960 കളുടെ മധ്യത്തോടെ PBS നു് അവസരങ്ങൾ കുറഞ്ഞു വന്നു. എന്നാലും പാടിയ ഗാനങ്ങളിൽ ഹിറ്റുകൾ ഏറെ- ശ്രദ്ധിക്കപ്പെടാതെ പോയ ഗാനങ്ങൾ വിരളം-
"യാരോടും പേശക്കൂടാത് ..... " (ഊട്ടി വരൈ ഉറവു് - 1967 MSV)
"താമരൈ കന്നങ്കൾ ...... " (എതിർ നീച്ചൽ - V കുമാർ )
ഉന്നഴകൈ കണ്ടു കൊണ്ടാൽ .... " ( പൂവും പൊട്ടും - 1968 - ഗോവർധനം )
"കണ്ണുക്കു തെരിയാത .... " ( എൻ അണ്ണൻ - 1970 K V മഹാദേവൻ )
"പാടിനാൽ ഒരു പാട്ട് .... " ( ഒരു തായ് മക്കൾ - MSV )
ദക്ഷിണേന്ത്യൻ സിനിമയിൽ പ്രവേശിച്ചു് രണ്ടു വർഷത്തിനുള്ളിൽ മലയാള സിനിമാ ലോകത്തേക്കും കാലെടുത്തു വെച്ചു PBS. ഗായകന്റെ ആദ്യ മലയാള ചിത്രം "അമ്മ"(1952 ) ആണെന്നും "പുത്രധർമ്മം " (1954 ) ആണെന്നും അഭിപ്രായങ്ങൾ ഇപ്പോഴും നില നിൽക്കുന്നു. അതു് തെറ്റാണു്. ഗായകനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കിയതാണ് ആദ്യ മലയാള ചിത്രം "ഹരിശ്ചന്ദ്ര " (1955 ) എന്ന വസ്തുത.
(PBS ന്റെ വാക്കുകളിൽ നിന്നു തന്നെ ഇതു് കേൾക്കുക. അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗം താഴെ ചേർത്തിരിക്കുന്നു ) ആദ്യ ഗാനം - "മഹൽ ത്യാഗമെ ..... " സംഗീതം - ബ്രദർ ലക്ഷ്മണൻ )
പുത്രധർമ്മം എന്ന ചിത്രത്തിൽ താൻ പാടിയതായി ഒർക്കുന്നില്ലെന്നും ഹരിശ്ചന്ദ്ര തന്റെ ആദ്യ ചിത്രമെന്നും പി ബി എസ് പറയുന്നത് കേൾക്കുക
ലേഖകൻ പി ബി എസ്സിനെ ഇന്റെർവ്യൂ ചെയ്തപ്പോൾ - ഗാനലോകവീഥികൾക്ക് വേണ്ടി:
അമ്മ എന്ന ചിത്രത്തിൽ ' അണിയണിയായ് ... ' എന്ന ഗാനം പാടിയതായി തെറ്റായ വിവരം പലയിടങ്ങളിലും കാണാം . ഈ ഗാനം പാടിയത് ദക്ഷിണാമൂർത്തിയും പി ലീലയും സംഘവും ചേർന്നാണ് . ഈ ഗാനത്തിന്റെ എൽ പി റികാർഡ് താഴെ ചേര്ക്കുന്നു
തമിഴിലും PBS അശരീരി ഗാനങ്ങൾ പാടിയിട്ടുണ്ട് . മലയാളത്തിലെ ആദ്യ ഗാനം അശരീരി ആയിരുന്നതു കൊണ്ടും ആ ഗാനം ഹിറ്റ് ആയി എന്നതുകൊണ്ടുമായിരുന്നോ എന്നു് സംശയിക്കത്തക്ക രീതിയിൽ PBS നു് മലയാളത്തിൽ പാടാൻ ലഭിച്ച അശരീരി ഗാനങ്ങൾ ഏറെ !!
തമിഴിൽ "കാതൽ പാട്ടുകൾ" പാടുന്നതിൽ സ്പെഷ്യലിസ്റ്റ് ആയിരുന്ന PBS മലയാളത്തിൽ പാടിയ പ്രണയഗാനങ്ങളേയും ഹിറ്റ് ആക്കി.
"മലർ തോറും മന്ദഹാസം വിരിയുന്നതെന്തിനാകാം .... " (സഹഗായിക - ശൂലമംഗലം രാജലക്ഷ്മി. സംഗീതം - S M സുബ്ബയ്യ നായിഡു - ചിത്രം - തസ്കരവീരൻ 1957 )
"കണ്ണും എൻ കണ്ണുമായ് .... " (ലീല - മിന്നുന്നതെല്ലാം പൊന്നല്ല - 1957 - SN ചാമി)
"ഇന്ന് കാണും പൊൻകിനാക്കൾ .... " ( ലീല - ദക്ഷിണാ മൂർത്തി - നാടോടികൾ 1959)
"പടിഞ്ഞാറേ മാനത്തുള്ള ..... " (ലീല - ബാബുരാജ് - നിണമണിഞ്ഞ കാല്പാടുകൾ )
"കരിവള കരിവള കുപ്പിവള ..... " (ലീല - ദക്ഷിണാ മൂര്ത്തി - ഇണപ്രാവുകൾ 1965 )
"കണ്ണുണ്ടായത് നിന്നെ കാണാൻ .... " ( ലീല - ദക്ഷിണാ മൂർത്തി - കണ്ണൂർ ഡീലക്സ് - 1969 )
PBS നെ മലയാള സിനിമയും സംഗീതപ്രേമികളും എന്നെന്നും ഓർക്കാൻ "നിണമണിഞ്ഞ കാൽപാടുകൾ " ലെ അനശ്വര ഗാനം തന്നെ ധാരാളം.
"മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്തു് ...... " ചിത്രത്തിൽ നായകൻ ഗൃഹാതുരത്വത്തോടെ പാടുന്ന ഭാവനാ സുന്ദരവും വികാര തീവ്രവുമായ ഗാനം എത്ര മനോഹരമായി പാടിയിരിക്കുന്നു PBS. ലോകത്തിന്റെ ഏതു കോണിലിരുന്നു കേൾക്കുമ്പോഴും ജനിച്ച മണ്ണിന്റെ ഗന്ധം പരത്തി ശ്രോതാവിനെ ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവു് അനുഭവിപ്പിക്കുന്ന ഗാനം !!
അനശ്വരത നേടിയെടുത്ത അശരീരികൾ എത്രയെത്ര?
"സ്കൂൾ മാസ്റ്റർ" (1962 ) ലെ ദേവരാജൻ മാസ്റ്ററുടെ ഈണം "നിറഞ്ഞ കണ്ണുകളോടെ നിശബ്ദ വേദനയോടെ.... " ആ രംഗത്തിനു് പകർന്ന വികാരതീവ്രത ഇന്നും ശ്രവണ മാത്രയിൽ ചിത്രം കണ്ടവരിൽ ഉണർത്തുന്നു.
"കളഞ്ഞു കിട്ടിയ തങ്കം" (1964 ) ലെ "ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ....."
- ഗായകന്റെ ശബ്ദത്തിൽ കഥാപാത്രത്തിന്റെ നിരാശയും പശ്ചാത്താപവും അനുഭവപ്പെടുന്നു ശ്രോതാവിനു്.
വിരഹം, മോഹഭംഗം - ഗാനത്തിലെ ഭാവവും വികാരവും ആലാപനത്തിൽക്കൂടി പ്രതിഫലിപ്പിച്ചു PBS. "കാട്ടു തുളസി" (1965) യിലെ "തുളസി തുളസി വിളി കേൾക്കൂ ... " നായകന്റെ നഷ്ടബോധവും വിരഹവും പ്രതിഫലിപ്പിക്കുന്നു.
"പൂച്ചക്കണ്ണി " (1966 ) യിലെ "ഗീതേ ഹൃദയസഖി ഗീതേ... " കാമുകിയോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നു.
കണ്വാശ്രമത്തിന്റെ വിരഹ വേദന അറിയിക്കുന്ന "ശകുന്തള " യിലെ "വന ദേവതമാരേ ... " യിലെ ഹമ്മിംഗ് ആ അശരീരി ഗാനത്തിന് നൽകിയ വികാര സ്പർശം മുഖ്യ ഗായകനായ PBS ന്റെ ആലാപനം ആണു് വളരെ എഫെക്ടീവ് ആക്കുന്നതു്.
ഗായകരെ നിശ്ചയിക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പാലിച്ചിരുന്ന ദേവരാജൻ മാസ്റ്റർ ഈ അശരീരി ഗാനത്തിനായി PBS നെ തിരഞ്ഞെടുക്കാൻ കാരണം ഗായകന്റെ അശരീരി ഗാനം പാടുന്നതിലുള്ള പാടവ്യം ആയിരുന്നിരിക്കാം.
എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന PBS ന്റെ മലയാള ഗാനങ്ങളിൽ ചിലതു് -
കൺനീരെന്തിനു വാനമ്പാടി...... ഉമ്മ
കാണ്മൂ ഞാൻ നിന്റെ ....... സീത
കണ്ണിനാൽ കാണ്മതെല്ലാം .... കൃഷ്ണ കുചേല
മലകളേ പുഴകളേ .... കലയും കാമിനിയും
മന്നവനായാലും.... സത്യഭാമ
ബലിയല്ല എനിക്ക് വേണ്ടത്... റെബേക്ക
യാത്രക്കാരാ പോവുക പോവുക... അയിഷ
പൊന്നമ്പല മേട്ടിൽ .. കോട്ടയം കൊലകേസ്
രാത്രി രാത്രി .................. ഏഴു രാത്രികൾ
കിഴക്ക് കിഴക്കൊരാന .... ത്രിവേണി
തെലുങ്കിലും കന്നടത്തിലും തമിഴിലെന്ന പോലെ നിരവധി ചിത്രങ്ങളിൽ PBS പാടി. കന്നടത്തിൽ സൂപ്പർ സ്റ്റാർ രാജ്കുമാറിന്റെ പാടും ശബ്ദമായിരുന്നു ഒരു കാലത്ത് PBS. രാജ് കുമാർ വേദികളിൽ പറഞ്ഞിരുന്നു - " ഞാൻ ശരീരം, PBS എന്റെ ശാരീരം " രാജ്കുമാർ സ്വന്തം ശബ്ദത്തിൽ പാടിയിരുന്നു. എന്നാൽ പിന്നണി ഉണ്ടായിരുന്ന ചിത്രങ്ങളിൽ രാജ്കുമാറിന് വേണ്ടി പിന്നണി പാടിയിരുന്നത് PBS. 180 ൽ പരം ചിത്രങ്ങളിൽ രാജ്കുമാറിന് വേണ്ടി PBS പിന്നണി പാടി !! കന്നഡ മക്കൾ അതിന്റെ നന്ദി പ്രകടമാക്കുകയും ചെയ്തു. PBS കന്നഡ സിനിമയ്ക്കു നൽകിയ സംഭാവനകളോടുള്ള നന്ദി സൂചകമായി 2009 ജൂണ് 9 നു് ബങ്കലൂരിൽ 2400 ചതുരശ്ര അടിയുള്ള ഒരു ഫ്ലാറ്റ് PBS നു നൽകുകയുണ്ടായി. കർണ്ണാടക മുഖ്യമന്ത്രി യെദൂരിയപ്പ തന്നെ ഫ്ലാറ്റിന്റെ സർട്ടിഫിക്കറ്റ് PBS നു് കൈമാറി.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, ഉർദു, തുടങ്ങിയ ഭാഷകൾ വശമായിരുന്നു Pala Bhasha Singer (പല ഭാഷ സിങ്ങർ )നു് . ഈ ഭാഷകളിലെല്ലാം കവിതകളും രചിച്ചു - ആയിരക്കണക്കിനു്. സംഗീത വേദികളിൽ, സാംസ്കാരിക സമ്മേളനങ്ങളിൽ, കവിതകൾ പാടി കേൾപിച്ചു PBS. 1997 ൽ മദ്രാസിലെ പ്രസിദ്ധമായ "ലക്ഷ്മണ ശ്രുതി " വേദിയിൽ ഗാനഗന്ധർവ്വൻ യേശുദാസും S P ബാലസുബ്രമണ്യവും സമ്മേളിച്ചപ്പോൾ രണ്ടു ഗായകരെയും വാഴ്ത്തിക്കൊണ്ട് കവിത രചിച്ചു പാടി ആദരിച്ചു PBS എന്ന "നിമിഷ കവി".
ഒരു ഉർദു പണ്ഡിതനിൽ നിന്നു് പഠി ക്കാൻ പ്രയാസമുള്ള ഉർദു ഭാഷയും വശമാക്കി PBS.
മഹേന്ദ്രൻ സംവിധാനം ചെയ്ത "നണ്ട് " (1981 ) എന്ന തമിഴ് ചിത്രത്തിൽ ഉൾപ്പെടുത്തിയ ഉർദു ഗസലുകൽ രചിച്ചത് PBS - സംഗീതം ഇളയരാജ.
"ഇന്ത്യൻ സിനിമയുടെ വാനമ്പാടി" ലതാ മങ്കേഷ്കറുടെ കൂടെ പാടാനുള്ള ഗായകന്റെ ആഗ്രഹം സാധിച്ചു "മൈ ചുപ് രഹൂന്ഗി " ( 1967 ) എന്ന ചിത്രത്തിലെ യുഗ്മഗാനത്തിൽ കൂടി - "ചന്ദ സെ ഹോ വോ പ്യാരാ .... ". "നാനും ഒരു പെണ് " (1963 ) എന്ന തമിഴ് ചിത്രത്തിന്റെ റീമേക് ആയിരുന്നു ഹിന്ദി ചിത്രം.
തമിഴ് ചിത്രത്തിലെ സമാന സന്ദർഭ ഗാനം "പൂ പോല പൂ പോല പിറക്കും .... " എന്ന ഗാനം പാടിയത് TM സൌന്ദര രാജനും സുശീലയും. സംഗീതം - R സുദർശനം. തമിഴ് ഗാനത്തിന്റെ ഈണം കടമെടുക്കുകയായിരുന്നു ഹിന്ദിയിൽ സംഗീത സംവിധയകാൻ ചിത്രഗുപ്ത. ഒറിജിനൽ ഗാനത്തോളം തന്നെ ജനപ്രീതി ആർജ്ജിച്ചു PBS ലതയുമായി പാടിയ അനുകരണ ഈണം. "മലയാള സിനിമയുടെ വാനമ്പാടി" KS ചിത്രയുടെ കൂടെ പാടാൻ ആഗ്രഹിച്ചിരുന്നു PBS. സഫലീകരിക്കപ്പെടാതെ പോയ ആഗ്രഹം. ഈ രണ്ടു മഹത് പ്രതിഭകളുടെ ശബ്ദത്തിൽ യുഗ്മഗാനം കേൾക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി നമുക്കു്.
1990 ൽ തമിഴ്നാട് സർക്കാർ "കലൈ മാമണി " പട്ടം നൽകി ആദരിച്ചു സംഗീത മാമണി ആയിരുന്ന PBS നെ.1996 ൽ തമിഴ്നാട് നടികർ സംഘം "കലൈ ശെൽവം" ബഹുമതി നൽകി ആദരിച്ചു. 2009 ലെ "കമുകറ ഫൌണ്ടേഷൻ " ബഹുമതി മലയാളത്തിൽ നിന്നും ലഭിച്ച ബഹുമതി.
PBS സംഗീത ശാസ്ത്രത്തിനു നല്കിയ സംഭാവനയും അമൂല്യം. സംഗീതം ചിട്ടപ്പടി അഭ്യസിക്കാത്ത ഗായകന്റെ സംഗീതജ്ഞാനം അപാരം !! പുതിയ ഒരു രാഗത്തിന് ജന്മം നൽകി PBS -" നവനീത സുമ സുധ" 72 മേളകർത്താ രാഗങ്ങളെയും രാഗങ്ങളുടെ സ്വരസ്ഥാനങ്ങളെയും അറിയാനുള്ള "വജ്ര താക്കോൽ " എന്നാണ് PBS രൂപവും ഭാവവും നൽകിയ രാഗത്തെ വിശേഷിപ്പിക്കുന്നതു്.
1969 ജൂലൈ 20 നു മനുഷ്യൻ ചന്ദ്രനിലെത്തി. ചന്ദ്രനിൽ ആദ്യമായി നീൽ ആംസ്ട്രോങ്ങ് കാലുകുത്തി മനുഷ്യരാശിയുടെ, ശാസ്ത്രത്തിന്റെ ഈ അദ്ഭുത നേട്ടത്തെ വാഴ്ത്തിക്കൊണ്ട് PBS രണ്ടു ഇംഗ്ലീഷ് പാട്ടുകൾ രചിച്ചു. സംഗീതം പകർന്നു പാടി ഗ്രാമഫോണ് റിക്കാർഡുകൾ പുറത്തിറക്കി. ഒരു സോളോ സ്വന്തം ശബ്ദത്തിൽ, ഒരു യുഗ്മഗാനം S ജാനകിയുടെ കൂടെയും സോളോ MAN TO MOON, യുഗ്മഗാനം MOON TO GOD. ഈ ഗാനങ്ങളുടെ റിക്കാർഡ് അമേരിക്കൻ പ്രസിഡന്റ് നിക്സനും ബഹിരാകാശ സഞ്ചാരി, ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ നീൽ ആം സ്ട്രോങ്ങിനും അയച്ചു കൊടുത്തു PBS. രണ്ടു മഹത് വ്യക്തികളുടെയും പ്രശംസ നേടി PBS.
ഗസൽ പാടുന്നതിൽ ഒരു പ്രത്യേക പാടവ്യം ഉണ്ടായിരുന്നു PBS നു്. തനിക്കു സിനിമയിൽ ആദ്യ അവസരം നൽകിയ ഈമനി ശങ്കര ശാസ്ത്രിയുടെ മകൾ ദേവി മൂർത്തിയുമായി ചേർന്ന് വേദികളിൽ നിരവധി ഗസൽ മേളകൾ നടത്തി PBS.
PBS ന്റെ ആദ്യ രണ്ടക്ഷരം - "പ്രതിവാദി ഭയങ്കരം " - ഈ വിശേഷണത്തിന്റെ പൊരുൾ മനസ്സിലാക്കിയവർ ചുരുക്കമായിരിക്കും. ഗായകനോട് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് വന്ന റിപ്പോർട്ടുകളിൽ ഇതിനെക്കുറിച്ചുള്ള പരാമർശം കണ്ടില്ല.
ശ്രീ വെങ്കിടേശ്വര സുപ്രഭാതം കേൾക്കാത്തവരുണ്ടോ? MS സുബ്ബലക്ഷ്മിയുടെ ഭക്തി സമ്പൂർണ്ണമായ ശബ്ദത്തിൽ "കൗസല്യ സുപ്രജ രാമാ ....." കേട്ട് കൊണ്ടല്ലേ ഭഗവാൻ ഉണരുന്നതു് ? ദേശത്തും വിദേശത്തും ഉള്ള ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും ഗ്രാമങ്ങളും ഉണരുന്നത് ? ഈ ഭക്തി സാഹിത്യത്തിന്റെ കർത്താവു PBS ന്റെ പൂർവ്വികൻ ആയിരുന്നു എന്ന വസ്തുത എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട് ?
15 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വൈഷ്ണവ ഭക്ത കവിയും സന്യാസി വര്യനുമായിരുന്ന "അണ്ണൻ സ്വാമികൾ" എന്ന് അറിയപ്പെട്ടിരുന്ന യോഗിവര്യൻ പ്രതിവാദി ഭയങ്കര ശ്രീ അനന്താചാര്യ എന്നും ശ്രീ അന്നങ്കരാചാര്യർ എന്നും ചുരുക്കത്തിൽ അണ്ണൻ സ്വാമികൾ എന്നും അറിയപ്പെട്ടിരുന്നു. ഭക്ത കവി ശ്രീ മണവാള മാമുനിയുടെ ശിഷ്യനായിരുന്നു. ഗുരു മണവാള മാമുനിയായിരുന്നു ശ്രീ രങ്കനാഥ സുപ്രഭാതം രചിച്ചത്. ഗുരുവിന്റെ പ്രചോദനം ആയിരിക്കാം അണ്ണൻ സ്വാമികൾ തിരുപ്പതി ഭഗവാനെ പള്ളിയുണർത്താനായി ശ്രീ വെങ്കടേശ്വര സുപ്രഭാതം രചിച്ചത്. അണ്ണൻ സ്വാമികളുടെ പൂർവാശ്രമത്തിലെ നാമധേയം ഹസ്ത്യാദ്രി നാഥൻ.
ഈ യോഗിവര്യന്റെ പിൻ തലമുറക്കാരൻ ആയിരുന്നു PBS. പ്രതിവാദി ഭയങ്കരം എന്ന തങ്ങളുടെ പൂർവ്വികന്റെ വിശേഷണം തുടർന്നുവന്ന തലമുറകൾ തങ്ങളുടെ കുടുംബപ്പേരായും പേരിന്റെ കൂടെ വിശേഷണം ആയും സ്വീകരിക്കുകയായിരുന്നു. അങ്ങനെ PBS ന്റെ പേര് ശ്രീ വെങ്കിടേശ്വര സുപ്രഭാതം ആയും ബന്ധപ്പെട്ടു കിടക്കുന്നു. ശ്രീ വെങ്കിടേശ്വര സുപ്രഭാതം PBS ഉം പാടി റിക്കാർഡ് ചെയ്തിട്ടുണ്ട്.
PBS ഈ ലോകത്തുനിന്നും വിട വാങ്ങിയത് ഒരു പുണ്യ ദിനത്തിൽ - മേട വിഷു ദിനത്തിൽ !! ഉത്തരായണത്തിന്റെ മദ്ധ്യത്തിൽ !! ജീവൻ വെടിയാൻ ഉത്തരായണ പുണ്യകാലം കാത്തു ശരശയ്യയിൽ കിടന്നു ഭീഷ്മാചാര്യർ. ഉത്തരായണ പുണ്യകാലത്തിന്റെ മൂർധന്യത്തിലായിരുന്നു PBS ന്റെ ആത്മാവ് ദേഹിയെ വെടിഞ്ഞു പരലോകത്തേക്കു യാത്ര ആയത്. PBS എന്ന ചുരുക്കപ്പേരിനു മറ്റൊരു പരിഭാഷ ഇങ്ങനെ അല്ലേ ? PUNYA BHAAGAVATHA SREEMAAN - പുണ്യ ഭാഗവത ശ്രീമാൻ. ദേവന്മാർ സ്വർഗ്ഗത്തിൽ ഉണർന്നിരിക്കുന്ന പുണ്യ കാലമാണ് ഉത്തരായണം.
PBS - സഫലമീ ജന്മം !! ഒരു ജന്മം കൊണ്ട് നേടാവുന്നതിലേറെ സംഗീത പ്രേമികളുടെ സ്നേഹവും ബഹുമാനവുമാണ് അങ്ങ് നേടിയത് . ഒരു ജന്മം കൊണ്ട് ചെയ്യാവുന്നതിലേറെ സേവനം സംഗീതത്തിനു് അങ്ങ് നൽകുകയും ചെയ്തു.
മലയാള സിനിമയേയും സംഗീതത്തേയും അകമഴിഞ്ഞു സ്നേഹിച്ചിരുന്ന പുണ്യാത്മാവിനു്, PBS നു് MSI യുടെ ആദരാഞ്ജലി.
വാൽക്കഷ്ണം -
പ്രഗൽഭരായിരുന്ന പല പ്രതിഭകളേയും നാം ആദരിച്ചത് അവരുടെ വിയോഗത്തിനു ശേഷം - അവാർഡുകൾ, ബഹുമതികൾ, പട്ടങ്ങൾ, ..... PBS ന്റെ കാര്യത്തിലും അതു തന്നെയാണല്ലോ അനുഭവം. അർഹിക്കുന്ന അംഗീകാരം, അവാർഡുകൾ, ബഹുമതികൾ , ആ മഹാ സംഗീത പ്രതിഭയ്ക്ക് നൽകിയോ നമ്മൾ?
തുടർന്നു് വരും കാലം - ചരമാനന്തര ബഹുമതികൾ പ്രഖ്യാപിച്ചെന്നിരിക്കാം PBS നെ ആദരിച്ചു കൊണ്ട്. പക്ഷെ PBS പറയുമായിരുന്നു സംഗീത പ്രേമികളുടെ സ്നേഹവും അംഗീകാരവും ആണ് തനിക്കുള്ള ഏറ്റവും വലിയ, വിലമതിക്കാനാകാത്ത ബഹുമതി എന്ന് !! അതു് അവിടുത്തേക്കുണ്ടായിരുന്നല്ലോ ജീവിത കാലത്ത് തന്നെ !! PBS എന്നെന്നും ജീവിക്കും, പാടിയ ഗാനങ്ങളിൽ കൂടി. മലയാളികളെ ഗൃഹാതുരത്വരാക്കിക്കൊണ്ട് ആ ശബ്ദം എന്നെന്നും മുഴങ്ങും"മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്തു " നിൽക്കുന്ന മലയാള നാടിനെ ഓർമ്മിപ്പിച്ചു കൊണ്ട് ആ ഗാനത്തിൽ കൂടി പിറന്ന മണ്ണിന്റെ ഗന്ധം നമ്മെ ശ്വസിപ്പിച്ചുകൊണ്ട്.
ചില പി ബി എസ് ഗാനങ്ങൾ
അൻപോട് - വിടുതലൈ
ഒന്ട്രു ശേർന്ത അൻപ് (മക്കളേ പെട്ര മഹർഷി )
മുള്ളി റോജ (കലൈകോയിൽ )
തെന്നങ്കീറ്റ്രു (പാദൈ തെരിയിദു പാർ )
മദുരൈ നഗറിൽ (പാർ മഹളെയ് പാർ )
അൻപ് മാനം (ആളുക്കൊരു വീട്)
നാലം നാലം (കാതലിക്ക നേരമില്ലൈ )
തുള്ളി തിരിന്ത (കാത്തിരുന്ത കണ്കൾ )
പി ബി എസ്സിനെ കുറിച്ച് കല്യാണി എഴുതിയ ലഘു രേഖാചിത്രം ഇവിടെ വായിക്കാം
ബി വിജയകുമാർ
|