ബാല്യസഖി എന്ന ചിത്രം പുറത്തിറങ്ങിയത് 1954 -ലെ ക്രിസ്തുമാസിനാണ്. ഈ ചിത്രത്തിന്റെ അതേ കഥയുമായി സ്നേഹസീമ എന്ന ചിത്രം അതേ സമയം ഒരു മത്സരമായി പുറത്തിറങ്ങി.
ഈ വിവരം എനിയ്ക്ക് തന്നത് ദേവരാജന്‍ മാസ്റ്ററുടെ ഒരു ആത്മസുഹൃത്താണ്. പാടിയവരുടെ പേരുവിവരം പുസ്തകങ്ങളിലും സൈറ്റുകളിലും രേഖപ്പെടുത്താത്തത് തന്നെ ഗാനങ്ങളുടെ അപൂര്‍വ്വത കാണിയ്ക്കുന്നു.
1954 ഡിസംബറില്‍ റിലീസായി.
കഥാസാരം :
വേണുവും കൃഷ്ണനും ലക്ഷ്മിയും സഹപാഠികളായി ഒന്നിച്ചു് വളര്ന്നരാണു്. ധനികപുത്രനായ വേണു ഡോക്ടറായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കൃഷ്ണന് നെയ്ത്തുശാലയില്‍ ജോലിക്കാരനായി കഴിയുകയാണു്. സാധു കര്‍ഷകന്റെ മകളായ ലക്ഷ്മി സൗന്ദര്യത്തില്‍ കുബേരയായിരുന്നു. വേണുവിന്റെ കണ്ണും കരളും കവര്‍ന്ന അവളെ വിവാഹം കഴിക്കുവാന്‍ അമ്മയില്‍ നിന്നും അനുവാദം നേടിയെടുക്കുവാന്‍ വളരെ പാടുപെടേണ്ടതായി വന്നു. അമ്മയുടെ അനുമതി കിട്ടി ആഹ്ലാദിച്ച വേണുവിനെ സമീപിച്ച ലക്ഷ്മിയുടെ പിതാവു് കൃഷ്ണനു് അവളെ വിവാഹം ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ച വിവരം അറിയുകയാണു് ചെയ്തതു്. ഹൃദയവേദനയോടുകൂടിയാണെങ്കിലും നല്ലവനായ വേണു തന്റെ പഴയ സുഹൃത്തുക്കളുടെ വിവാഹം തന്റെ ചിലവില്‍ നടത്തുയാണു് ചെയ്തതു്. ഹതാശയനായ വേണുവിനെക്കൊണ്ടു് അവന്റെ അമ്മ ധനികയായ വിലാസിനിയെ വിവാഹം കഴിപ്പിച്ചു.
ജോലിയില്ലാതെ അലഞ്ഞു് കൃഷ്ണന് പട്ടാളത്തില്‍ പോയി. അവന് പ്രതിമാസം കൃത്യമായി അയച്ച പണം കൊണ്ടു് അച്ഛനും മകളും കൊച്ചുമക്കളും സുഖമായി കഴിഞ്ഞു. ലീവില്‍ വരുന്ന കൃഷ്ണനെ കാണാന്‍ കാത്തിരുന്ന ലക്ഷ്മിയ്ക്കു് കിട്ടിയതു് അവന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള കമ്പിസന്ദേശമാണു്. ഈ ദുഃഖവാര്‍ത്ത ശ്രവിച്ച മാത്രയില്‍ ലക്ഷ്മിയുടെ അച്ഛന് ഹൃദയം പൊട്ടി മരിച്ചു. നിരാലംബയായ ലക്ഷ്മിയ്ക്കു് സഹായഹസ്തം നീട്ടുവാന്‍ വേണു മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ആ അടുപ്പത്തിനു് അപവാദവ്യവസായികള് പല രൂപങ്ങളും നല്കി പ്രചരിപ്പിച്ചു. വിലാസിനിയുടെ പഴയ ഡാന്‍സു് മാസ്റ്ററും നല്ലവരെ താറടിക്കുന്ന പത്രം നടത്തുന്ന കാളകുടം പത്രാധിപരും കൂടി വേണു ലക്ഷ്മിയുമായി അനാശാസ്യബന്ധം പുലര്‍ത്തുന്നു എന്ന കഥ പരത്തി. വേണു ഇതുകൊണ്ടൊന്നും കൂസാതെ ലക്ഷ്മിയെ സഹായിച്ചുവന്നു. പക്ഷെ കോപാകുലയായ വിലാസിനിയെ സമാധാനിപ്പിക്കുവാന്‍ വേണുവിനു് കഴിഞ്ഞില്ല. ആ കുടുംബാന്തരീക്ഷം ആകെ വഷളായി. വേണുവിന്റെ അമ്മ തീര്ത്ഥയാത്രയ്ക്കു് പുറപ്പെട്ടു. വിലാസിനി മാറി താമസിക്കുവാന്‍ ശ്രമം നടത്തി. വേണു അനുവദിക്കാതിന്നതിനാല് അവള് പോയില്ല.
ഇതിനകം മരണത്തിന്റെ കൈകളില്‍ നിന്നും രക്ഷപെട്ട കൃഷ്ണന് നാട്ടിലെത്തുമ്പോള്‍ അറിയുന്നതു് വേണുവും ലക്ഷ്മിയുമായുള്ള അവിഹിതവേഴ്ചയുടെ കഥയാണു്. വീടു് നഷ്ടപ്പെട്ടു. അച്ഛന് മരിച്ചു. ലക്ഷ്മി വേണുവിന്റെ സംരക്ഷണയില്‍ പുലരുന്നു. സംശയം കൃഷ്ണനെ ഭ്രാന്തു് പിടിപ്പിച്ചു. വേണുവിനേയും ലക്ഷ്മിയേയും കൊല്ലുവാന്‍ തീരുമാനിച്ചു.
ഡാന്സു്മാസ്റ്റര് ഈ ചതികള്‍ എല്ലാം ചെയ്തതു് തന്നേയും തന്റെ സ്വത്തിനേയും മോഹിച്ചായിരുന്നു എന്നു മനസ്സിലാക്കിയ വിലാസിനി ചെയ്തുപോയ തെറ്റുകളുടെ ഭയങ്കരതയില്‍ നിന്നും മോചനം ലഭിക്കുവാന്‍ ആത്മഹത്യ ചെയ്യുന്നു. സ്നേഹിതന്റേയും ഭാര്യയുടേയും നിര്‍മ്മലഹൃദയം കാണാന്‍ കഴിഞ്ഞ കൃഷ്ണന് അവരോടു് ചേരുന്നു.
പ്രേംനസീര്‍, വഞ്ചിയൂര്‍ മാധവന്‍നായര്‍, എസു്. പി. പിള്ള, വീരരാഘവന് നായര്‍, ടി. എസു്. മുത്തയ്യ, കുട്ടന്‍പിള്ള, ബഹദൂര്‍, സബാസ്റ്റന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ജോസു്പ്രകാശു്, മിസ്സു് കുമാരി, കുമാരി തങ്കം, ആറന്മുള പൊന്നമ്മ, അടൂര്‍ പങ്കജം, മിസ്സു് വിജയം, മിസ്സു് ഓമന, മിസ്സു് സരസ്വതി എന്നിവരാണു് ചിത്രത്തിലഭിനയിച്ചതു്.
ശ്രീ കൃഷ്ണഇളമണ് ശബ്ദലേഖനവും, ശ്രീ എം. വി. കൊച്ചാപ്പു രംഗസംവിധാനവും, ശ്രീ കെ. ഡി. ജോര്‍ജ്ജു് ചിത്രസംയോജനവും, ശ്രീ സി. വി. ശങ്കര്‍ വേഷവിധാനവും, ശ്രീ എന്‍. എസു്. മണി ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|