അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന ഒരു വീടിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ചുമലിലേറ്റി ജീവിക്കുന്ന എല്‍സമ്മ, ആ നാടിന്റെ തന്നെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു . പത്രം വിതരണം ചെയ്തും, പത്രത്തിന്റെ പ്രാദേശിക ലേഖികയായി വാര്‍ത്തകള്‍ നല്‍കിയും നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ധീരമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നു ഈ പെണ്‍കുട്ടി. സിനിമ തീര്‍ന്നാലും മനസില്‍ നിന്നു മായാത്ത ഒരുപിടി കഥാപാത്രങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ഇടവേള വരെ ഒട്ടും മുഷിപ്പിക്കാതെ പോവുന്ന ചിത്രം പിന്നീട് അല്പം ഇഴയുന്നുണ്ട്. ലാല്‍ ജോസിന്റെ സംവിധാനമികവും സംവിധായകന്റെ മനസറിഞ്ഞുള്ള അഭിനേതാക്കളുടെ പ്രകടനവും തിരക്കഥയിലെ കുറവുകളെ ഒരുപരിധിവരെ മറികടക്കുന്നു. വളരെ ചെറിയ ഒരു കഥ, ലൊക്കേഷനുകളുടെ സൗന്ദര്യത്താല്‍ പൊതിഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ റഫീഖ് അഹമ്മദെഴുതി രാജാമണി സംഗീതം നല്കിയിരിക്കുന്നു. വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ആലപിച്ച "ഇതിലേ തോഴി...", അച്ചുവും റിമി ടോമിയും ചേര്‍ന്നു പാടിയ "കണ്ണാടിച്ചിറകുള്ള കാട്ടുതുമ്പി..." ഇവയൊക്കെയാണ് ചിത്രത്തിലെ മുഖ്യഗാനങ്ങള്‍. സിതാരയുടെ ശബ്ദത്തില്‍ ചിത്രത്തെ പരിചയപ്പെടുത്തുന്ന "കണ്ണാരം പൊത്തിപ്പൊത്തി..." എന്ന ആമുഖഗാനവും ആകര്‍ഷകം.
ചുരുക്കത്തില്‍ ബാലന്‍പിള്ള സിറ്റിയിലെ രണ്ടേകാല്‍ മണിക്കൂര്‍ തീര്‍ച്ചയായും നിങ്ങളെ രസിപ്പിക്കും, ചുരുങ്ങിയപക്ഷം ബോറടിപ്പിക്കുകയെങ്കിലുമില്ല. പക്ഷെ ഒരു മറവത്തൂര്‍ കനവും, ക്ലാസ്സ്മേറ്റ്സ്ഉം , രണ്ടാം ഭാവവും, അറബികഥയും നമുക്ക് സമ്മാനിച്ച ലാല്‍ ജോസില്‍ നിന്ന് നാം പക്ഷെ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്..