1. നൊസ്റ്റാള്‍ജിയ (എം. പത്മകുമാര്‍)
എം. പത്മകുമാര്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘നൊസ്റ്റാള്‍ജിയ’യാണ് ‘കേരള കഫെ’യിലെ ആദ്യചിത്രം. ദിലീപ്, നവ്യ നായര്‍, സുധീഷ്, സുരേഷ് കൃഷ്ണ, ബാബു നമ്പൂതിരി തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു. ഒരു ശരാശരി ഗള്‍ഫ് മലയാളിയുടെ നൊസ്റ്റാള്‍ജിയ പ്രായോഗിക തലത്തില്‍ വെറും ക്ലീഷെ ആയി മാറുന്ന കാഴ്ചയാണ് നാം ഇതില്‍ കാണുന്നത്.
2. ഐലന്‍ഡ് എക്സ്പ്രസ്സ് (ശങ്കര്‍ രാമകൃഷ്ണന്)
ശങ്കര്‍ രാമകൃഷ്ണന് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘ഐലന്‍ഡ് എക്സ്പ്രസ്സ്’ ആണ് രണ്ടാമതായി എത്തുന്നത്. പൃഥ്വിരാജ്, കനി, മണിയന്‍പിള്ള രാജു, സുകുമാരി, ജയസൂര്യ, റഹ്മാന് തുടങ്ങിയ അഭിനേതാക്കളെ വിത്യസ്ത സാഹചര്യങ്ങളില്‍ പരിചയപ്പെടുത്തിയതിനു ശേഷം, ഒടുവിലവരെ മനോഹരമായി കൂട്ടിയിനക്കിയിരിക്കുന്നു. Hyperlink സിനിമകളുടെ രീതിയില്‍ എടുത്തിരിക്കുന്ന ഈ സിനിമ പ്രേക്ഷകരെ വളരെയേറെ ആകര്‍ഷിക്കുന്നുണ്ട്. മലയാള സിനിമകളില്‍ അധികമൊന്നും ഉപയോഗിക്കാത്ത കഥ പറച്ചില് രീതിയാണിത്. പാളിപോവാമായിരുന്ന ഒരു സംരംഭം സംവിധായകന് വളരെ കൈയ്യോതുക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. പെരുമണ്‍ ദുരന്തം പശ്ചാതലമാക്കിയുള്ള ഒന്നാണ് ഈ ചിത്രം. ഒരു ദുരന്തം സമൂഹത്തില്‍ പല തട്ടുകളില്‍ ഉള്ളവരെ എങ്ങനെ കൂട്ടി ഇണക്കുന്നു എന്ന് ഈ ചിത്രം കാണിക്കുന്നു. തന്റെ വ്യക്തിപരമായ ജീവിതത്തിന്റെ തുടര്‍ച്ചയെന്നവണ്ണം മന്ത്രി എം എ ബേബി യും ഈ ചിത്രത്തില്‍ വന്നു പോകുന്നു. കൂടാതെ സംവിധായകന് പല കാര്യങ്ങളും symbolism ഉപയോഗിച്ച് പറയാന്‍ ശ്രമിച്ചിട്ടുണ്ട്.
3. ലളിതം ഹിരണ്മയം (ഷാജി കൈലാസ്)
സ്ഥിരം ശൈലി വിട്ടു മനസ്സിലുള്ള ഒരു സ്വപ്ന ചിത്രം ചെയ്യാനുള്ള ഒരു സ്പേസ് ആണ് ഷാജി കൈലാസിന് ഇവിടെ ലഭ്ച്ചത്. പക്ഷെ ഈ ശൈലിയും അദ്ധേഹത്തിനു വഴങ്ങുന്നില്ല എന്നാണ് തോന്നുന്നത്. മലയാള സിനിമ ചര്‍ച്ച ചെയ്യാന്‍ ഭയപ്പെട്ടിരുന്ന പ്രമേയമാണ് ഇത്. സമൂഹ വ്യവസ്ഥിതികള്‍ മനുഷ്യനെ ഒരു പ്രണയത്തില്‍ അല്ലെങ്കില്‍ വിവാഹത്തില്‍ മാത്രം തലച്ചിടുമ്പോള് മനസ്സ് അതിനെ ഭേദിച്ച് മറ്റു പ്രണയങ്ങള്‍ കണ്ടെത്തുന്നതും അത് അയാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും......... ഇതിലെ അഭിനേതാക്കളായ സുരേഷ് ഗോപിയുടെയും ധന്യ മേരി വര്‍ഗീസിന്റെയും അഭിനയം പരമ ദയനീയം. ജ്യോതിര്‍മയി ആണ് കുറച്ചു നീതിയെന്കിലും കഥാപാത്രതിനോട് പുലര്‍ത്തിയിരിക്കുന്നത്. കീസ്ലോവ്സ്കിയുടെ "three colours - blue" എന്ന സിനിമയോട് സാമ്യമുള്ള ഒരു കഥയാണ് ഈ ഹൃസ്വചിത്രതിനുള്ളത്.
4. മൃത്യുഞ്ജയം (ഉദയ് അനന്തന്)
ഉദയ് അനന്തന് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഒരു horror പശ്ചാത്തലമാണ് ഉള്ളത്.
സംവിധായകന് മനസ്സില്‍ ഉദേശിച്ചത് പക്ഷെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും ഹരി നായരുടെ ഛായാഗ്രഹണവും സംജത്തിന്റെ ചിത്രസന്നിവേശവും പട്ടണം റഷീദിന്റെ മേക്ക്-അപ്പും ഔസേപ്പച്ചന്റെ സംഗീതവുമെല്ലാം ചേര്‍ന്ന് പ്രമേയത്തിനു ചേരുന്നൊരു സ്വഭാവം ചിത്രത്തിനു നല്‍കുന്നുണ്ട്. തിലകനും റീമ കല്ലിങ്കലും ഫഹ്ദ് ഫാസിലും കഥാപാത്രങ്ങള്‍ ആയി എത്തുന്നു. സംവിധായകന്റെ മനസ്സില്‍ ഉള്ള വികാരം ചോദ്യങ്ങളില്ലാതെ പ്രേക്ഷകരില്‍ എത്തിക്കുവനാണ് ശ്രമിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. എന്താണെങ്കിലും മറ്റുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ചിത്രം നല്‍കുന്നത്.
5. ഹാപ്പി ജേര്‍ണി (അഞ്ജലി മേനോന്)
"മഞ്ചാടിക്കുരു" എന്ന ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷമുള്ള അഞ്ജലി മേനോന്റെ രണ്ടാമത്തെ ചിത്രമാണ് ഹാപ്പി ജേര്‍ണി. കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു ബസ് യാത്രയാണ് പശ്ചാത്തലം. സ്ത്രീലമ്പടനായ ഉദ്യോഗസ്ഥനായി ജഗതി ശ്രീകുമാര്‍ മികവുപുലര്ത്തിയപ്പോള്, കൂട്ടുവേഷങ്ങളിലെത്തുന്ന നിത്യ മേനോന്, മുകുന്ദന് എന്നിവര്‍ തങ്ങളുടെ ഭാഗം മോശമാവാതെ കാത്തു. ഒരു ബസിനുള്ളില്‍ മാത്രമുള്ള ഈ സിനിമ വിരസമാവാതെ നോക്കാന്‍ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ ആത്മാവ് എന്ന് പറയുന്നത് പക്ഷെ ജഗതിയുടെ അനായാസമായ അഭിനയമാണ്. എന്തിലും ഏതിലും ഭീകരതയുടെ മുല്മുനകള് കാണേണ്ടി വരുന്ന ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയാണ് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നത്.
6. അവിരാമം (ബി. ഉണ്ണികൃഷ്ണന്)
ഭാര്യാഭര്‍തൃ ബന്ധത്തിലുണ്ടാവേണ്ട തിരിച്ചറിവുകളും മനസിലാക്കലുകളും പരസ്പര സ്നേഹവും ശക്തമായി അവതരിപ്പിക്കുവാന്‍ രചയിതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന് ‘അവിരാമ’ത്തില്‍ സാധിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യങ്ങള്‍ (recession) ഒരു മനുഷ്യനെ മരണത്തിലേക്ക് നയിക്കുമ്പോള്‍ അയാള്‍ തുറന്നു പറയാതെ തന്നെ അയാളുടെ ഭാര്യ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും അയാളെ തിരിച്ചു ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് കഥാ തന്തു. മുന്‍പ് ഒരു ചലച്ചിത്ര നിരൂപകന് കൂടിയായിരുന്ന ബി.ഉണ്ണികൃഷ്ണന് മോശമില്ലാതെ സംവിധാനം ചെയ്തിട്ടും ഉണ്ട്. അദ്ധേഹത്തിന്റെ മുന്‍ സിനിമകളില്‍ നിന്നും വേറിട്ട ഒരു ശൈലി ആണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത്. സിദ്ധിക്കും ശ്വേത മേനോനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
7. ഓഫ് സീസണ് (ശ്യാമപ്രസാദ്)
ജോഷ്വ ന്യൂട്ടന് രചന നിര്‍വ്വഹിച്ച് ശ്യാമപ്രസാദ് ഒരുക്കിയിരിക്കുന്ന ‘ഓഫ് സീസണി’ല്‍ സുരാജ് വെഞ്ഞാറമ്മൂടാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജിറെ കഥാപാത്രം ഒരു വിദേശിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും, പിന്നീട് തന്റെ ഇരയുടെ ദൈന്യാവസ്ഥ അറിഞ്ഞു അയാളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ആണ് ഇതിന്റെ ഇതിവൃത്തം. കഥയ്ക്ക് പ്രസക്തിയുന്ടെന്കിലും പരിധിയില്‍ അധികമായ ലളിതവത്കരണം ചിത്രത്തിന്റെ നിലവാരം കുറയാന്‍ കാരണമായി. അഴകപ്പന്റെ ക്യാമറയും ശ്യാമപ്രസാദിന്റെ സംവിധാനവും നിരാശപ്പെടുത്തി. ‘കേരളാ കഫെ’യുടെ മികവിനെ പിന്നോട്ടടിക്കുന്ന ചിത്രങ്ങളിലൊന്നായി ഇതിനെയും പെടുത്താം.
8. ബ്രിഡ്ജ് (അന്‍വര്‍ റഷീദ്)
അന്‍വര്‍ റഷീദിന്റെ സ്ഥിരം ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ‘ബ്രിഡ്ജ്’ എന്ന ഈ ഹൃസ്വചിത്രം. ഉണ്ണി ആര്. രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം ശ്രദ്ധേയമാവുന്നത് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാന്താദേവി, സലിം കുമാര്‍, കല്പന എന്നിവരിലൂടെയാണ്. ‘കേരള കഫെ’യിലെ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ഈ ചിത്രത്തില്‍ കാണുവാന്‍ കഴിയുക. സുരേഷ് രാജന് പകര്‍ത്തിയിരിക്കുന്ന ഓരോ ദൃശ്യവും ഒന്നിനൊന്നു മെച്ചം. ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ജീവിത സാഹചര്യങ്ങള്‍, ഉപേക്ഷിക്കപ്പെട്ടവരുടെ കൂടിച്ചേരലുകള്‍ അതാണീ ചിത്രം. കൊച്ചിയുടെ തനതായ പ്രാദേശിക ഭാഷ ഉപയോഗിച്ചത് ഈ ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ഹൃദയസ്പര്‍ശിയായ തിരക്കഥ ഒരുക്കിയ ഉണ്ണിയും അതു ഭംഗിയായി ദൃശ്യഭാഷ്യയില് പകര്‍ത്തിയ അന്‍വര്‍ റഷീദും ഇവിടെ അഭിനന്ദനമര്‍ഹിക്കുന്നു.
9. മകള്‍ (രേവതി)
രേവതിയുടെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ വളരെ നിലവാരം പുലര്‍ത്തുന്ന ഒന്ന് തന്നെയായിരുന്നു ഈ ചിത്രം. ദത്ത് എടുക്കുന്നതിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും, ദത്ത് നല്കാന് നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. വിരഹത്തിന്റെ വേദനയിലേക്ക് പ്രേക്ഷകരെ നയിക്കുകയും അടുത്ത നിമിഷത്തില്‍ ക്രൂരതയുടെ മറ്റൊരു മുഖം അനാവരണം ചെയ്തുകൊണ്ട് ചിത്രം അവസാനിക്കുന്നു. സോന നായര്‍, അഗസ്റ്റിന്, ശ്രീനാഥ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സില്‍ ഒരു നൊമ്പരമായി ഈ കഥ അവശേഷിക്കുന്നു.
10. പുറംകാഴ്ചകള്‍ (ലാല്‍ജോസ്)
‘കേരള കഫെ’യിലെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്നതാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍'. സി വി ശ്രീരാമന്റെ 'പുറം കാഴ്ചകള്‍' എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്തിട്ടുള്ളതാണ് ഈ ചിത്രം. ഇതും ഒരു ബസ് യാത്രയിലൂടെ ആണ് പുരോഗമിക്കുന്നത്. സഹയാത്രികരെ മനസിലാക്കുന്നതില്‍ നമുക്കുള്ള മുന്‍വിധികളും, അതെത്രമാത്രം പൊള്ളയായി മാറാമെന്നും ഈ ചിത്രം കാട്ടിത്തരുന്നു. തീര്‍ത്തും അപ്രസക്തമായ മറ്റൊന്നിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചുവിട്ട്, ഒരൊറ്റ ഷോട്ടിലൂടെ അവളുടെ/അവന്റെ ഊഹങ്ങളെയെല്ലാം തകര്‍ത്തൊരു ഞെട്ടല്‍ സമ്മാനിക്കുന്നു ലാല്‍ ജോസ്. മമ്മൂട്ടിയും ശ്രീനിവാസനുമടങ്ങുന്ന അഭിനേതാക്കള്‍ അവരുടെ കഥാപാത്രങ്ങള്‍ ഭംഗി ആക്കുകയും ചെയ്തപ്പോള്‍ ഒരു നല്ല അനുഭവം തന്നെയായി ഈ ചിത്രം.
മലയാള സിനിമയില്‍ ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഓരോ സിനിമയ്ക്കു ശേഷവും ഉണരുന്ന കൈയ്യടികളും അവസാനം സംവിധായകരെ പരിചയപ്പെടുത്തുമ്പോള്‍ ഉയരുന്ന കൈയ്യടിയും - ഇതിനപ്പുറമൊരു അംഗീകാരം രഞ്ജിത്തിനും സുഹൃത്തുക്കള്‍ക്കും കിട്ടുവാനില്ല. ഇങ്ങിനെയൊരു ചിത്രം മലയാളത്തിനു നല്കുവാന് ധൈര്യം കാണിച്ച രഞ്ജിത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.