കഥാസാരം :
ആനപ്പാറയിലെ തലവനായ സിംഹന്റെ പുത്രി മല്ലികയും അവളുടെ മാതുലപുത്രി താമരയും ഉറ്റ ചങ്ങാതിമാരാണു്. ഒരു ദിവസം ദേവീപൂജയ്ക്കായി പൂക്കള്‍ ശേഘരിച്ചുകൊണ്ടിരുന്നപ്പോള് പുലിമലയിലെ തലവനായ ചെമ്പന്‍ അവരെ കാണാനിടയായി. ആദ്യ കാഴ്ചയില്‍ തന്നെ ചെമ്പനു് മല്ലികയില്‍ വല്ലാത്ത മോഹം ഉണ്ടായി. അവളെ അപഹരിക്കുവാന്‍ അവന് തീര്‍ച്ചയാക്കി. പക്ഷെ ആ ഉദ്യമം ധീരനും അജ്ഞാതനുമായ ഒരു യുവാവിനാല്‍ തടയപ്പെട്ടു. ആപത്തില്‍ നിന്നും രക്ഷിച്ച യുവാവില്‍ മല്ലിക അനുരക്തയായി.
മല്ലികയിലുള്ള അടങ്ങാത്ത ആവേശവും അഭിലാഷവും വീരനുമായി ചെമ്പനെ ഒരു കരാറിലെത്തിച്ചു. തനിക്കു് മല്ലികയെ തന്നാല്‍ വീരനെ ആനപ്പാറയിലെ തലവനാക്കാമെന്നു് ചെമ്പന്‍ വീരനു വാക്കു് കൊടുത്തു. വീരന് പല തന്ത്രങ്ങളും പ്രയോഗിച്ചു. എങ്കിലും ധീരനും അജ്ഞാതനുമായ വിക്രമന് മല്ലികയുടെ രക്ഷയ്ക്കായി എത്തി. വിക്രമനെ വകവരുത്തിയാലല്ലാതെ തന്റെ നീക്കങ്ങള്‍ വിജയിക്കുകയില്ലെന്നു് മനസ്സിലാക്കിയ വീരന് അവസാനം ഒരു വഴി കണ്ടുപിടിച്ചു. മല്ലികയെ വിവാഹം കഴിക്കുവാനുള്ള യോഗ്യതയായി ക്രൂദ്ധനായ ഒരു കടുവയുമായി മല്‍പ്പിടിത്തം നടക്കണമെന്നു് വീരന്റെ നിര്‍ദ്ദേശപ്രകാരം ആനപ്പാറയിലെ കുലഗുരു തീര്‍പ്പു് കല്പ്പിച്ചു. പക്ഷെ വിക്രമന് നിഷ്പ്രയാസം കടുവയെ കഴുത്തു് ഞെരിച്ചു് കൊന്നു. തന്റെ പ്ലാന്‍ പൊളിഞ്ഞപ്പോള്‍ വീരന് വിക്രമനെ സൂത്രത്തില്‍ അകറ്റി വിക്രമന് മരിച്ചുപോയി എന്നു് പറഞ്ഞുപരത്തി. ആ അവസരം ഉപയോഗിച്ചു് മല്ലികയെ തനിക്കു് അടിയറവയ്ക്കുവാന്‍ ചെമ്പന്‍ സിംഹനോടാവശ്യപ്പെട്ടു. എതിര്ത്തുനില്ക്കാന് തക്ക സാഹചര്യമില്ലാതിരുന്നതുകൊണ്ടു് മല്ലികയെ ചെമ്പനു നല്കുവാന് സിംഹന് തീരുമാനിച്ചു. ജീവിതസഖിയായ താമര മല്ലികയുടെ സഹായത്തിനെത്തി.
വിക്രമന് വീട്ടിലെത്തി. അപ്പോഴാണു് തന്നെ ചതിച്ചതാണെന്ന വിവരം അവനു് ബോദ്ധ്യമായതു്. കുലദ്രോഹിയായ ചെമ്പനെ വകവരുത്തണമെന്നവന് തീരുമാനിച്ചു. വിക്രമന് മല്ലികയെ കാണുവാന്‍ ചെന്നു. പക്ഷെ ആനപ്പാറയില്‍ ആരുമില്ല. എല്ലാവരും പുലിമലയിലാണു്. നേരെ പുലിമലയില്‍ എത്തിയ വിക്രമനെ ചെമ്പന്‍ സൂത്രത്തില്‍ തടവിലാക്കി. കൂട്ടത്തില്‍ സിംഹനേയും.
ആനപ്പാറയിലെ സേവകരായ പങ്കനും കണ്ടനും നേരത്തെ വീരനെ സംശയമുണ്ടായിരുന്നു. ഒരു ദിവസം പുലിമലയിലെ സേവകനായ തങ്കന് വീരനോടു് രഹസ്യം പറയുന്നതു് പങ്കന് കേട്ടു. തങ്കനും പങ്കനും രൂപത്തില്‍ ഏതാണ്ടു് നല്ല സാദൃശ്യമുള്ളവരായിരുന്നു. പങ്കന് തങ്കനെ ബന്ധിച്ചു. അവന് തങ്കനായി.
തടവില്‍ നിന്നും മോചിതനായ വിക്രമന് നേരെ വീട്ടില്‍ എത്തി. പക്ഷെ അതിനകം ചെമ്പന്‍ അവന്റെ അമ്മയേയും തട്ടിക്കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു. മാതാവും തന്റെ പ്രണയസഖിയും നഷ്ടപ്പെട്ടു കഴിഞ്ഞ വികമന് സങ്കടത്തോടുകൂടി കാട്ടില്‍ അലഞ്ഞുതിരിയുമ്പോള്‍ മല്ലികയെ കണ്ടുമുട്ടി. അവളില്‍ നിന്നു് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കിയ വിക്രമന് ചെമ്പനെ നേരിടുവാന്‍ തന്നെ തീരുമാനിച്ചു. ഭാഗ്യം പറയുന്ന കുറവനും കുറത്തിയുമായി വിക്രമനും മല്ലികയും പുലിമലയിലെത്തി. ചെമ്പനും വീനനും അവരെ സ്വീകരിച്ചു.
തുടര്‍ന്നു് വിക്രമന്റെ സാമര്ദ്ധ്യം മൂലം വീരന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഉഗ്രമായ പല സംഘട്ടനങ്ങള്‍ക്കുശേഷം ചെമ്പനേയും വീരനേയും പരാജയപ്പെടുത്തി വിക്രമന് തന്റെ അമ്മയേയും മറ്റുള്ളവരേയും കാരാഗൃഹത്തില്‍ നിന്നും മോചിപ്പിച്ചു. വിക്രമനും മല്ലികയും വിവാഹിതരായി.
ഈ ചിത്രത്തിലുള്ള പത്തു് പാട്ടുകള്‍ ശ്രീകുമാരന്‍തമ്പി രചിച്ചതാണു്. ബാബുരാജു് സംഗീതം പകര്‍ന്നു.കമുകറ പുരുഷോത്തമന് , യേശുദാസു് , പി ബി ശ്രീനിവാസന് , പി ലീല , എല്‍ ആര് ഈശ്വരി , എസു് ജാനകി എന്നിവര്‍ പിന്നണിയില്‍ പാടി. ധാരാളം സ്റ്റണ്ടു് രംഗങ്ങളുള്ളതു് പുലികേശിയും പാര്ട്ടിയുമാണു് കൈകാര്യം ചെയ്തതു്. ഛായാഗ്രഹണം ഈ എന്‍ സി നായരും, ശബ്ദലേഖനം കൃഷ്ണന് ഇളമണ്ണും , ചിത്രസംയോജനം എം ഗോപാലകൃഷ്ണനും നിര്‍വ്വഹിച്ചു. വേഷസംവിധാനം കെ ബാലകൃഷ്ണനും , വസ്ത്രാലങ്കാരം കെ നാരായണനും , രംഗസംവിധാനം എം വി കൊച്ചാപ്പുവും ആണു് നിര്‍വ്വഹിച്ചതു്.
ചിത്രത്തിന്റെ വിതരണാവകാശികള്‍ കുമാരസ്വാമി ആന്‍ഡു് കമ്പനിയാണു്.
09-07-1966 ല്‍ ഈ ചിത്രം കേരളക്കരയില്‍ പ്രദര്‍ശനം ആരംഭിച്ചു.
ആനന്ദന് , നടരാജന് , എസു് പി പിള്ള , കുലൈദൈവം രാജഗോപാല്‍ , വൈക്കം മണി , പറവൂര്‍ ഭരതന് , ബാബു, ഗീതാഞ്ജലി, ശാന്തി, കല്‍പ്പന, രാജേശ്വരി, രാജമ്മ എന്നിവരാണു് കാട്ടുമല്ലികയിലെ പ്രധാനഭാഗങ്ങള്‍ അഭിനയിച്ചതു്.
എഴുതിയതു് : മാധവാ ഭദ്രന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍
Old is Gold by B Vijayakumar |