ഓമന - കഥ
ചുമ്മാരുകൊച്ചുകോശി പണ്ടെങ്ങോ ഏതോ എസ്റ്റേറ്റില്‍ സൂപ്രണ്ടായിരുന്നുവത്രെ. പക്ഷെ കുറുപ്പിന്റെ ചായക്കടയിലെ നിത്യ സന്ദര്ശ്ശകനായിട്ടാണു് നാട്ടുകാരിപ്പോളയാളെ അറിയുക. പട്ടാളക്കാരനായ മകന് ബാബു അയക്കുന്ന പണവും ടീച്ചറായ ഓമനയുടെ ശമ്പളവും തന്നിഷ്ടത്തിനു ചിലവാക്കി പ്രമാണി കളിച്ചു് കൊച്ചുകോശി വിലസുന്നു. ഓമനയാണെങ്കില്‍ നാത്തൂന്റെ സ്ത്രീധനപ്പണമായ രണ്ടായിരം രൂപ ചിട്ടിക്കാരനും സ്ക്കൂള് മാനേജറുമായ ചെറിയാച്ചനു് കൈക്കൂലി കൊടുത്താണു് ജോലി സമ്പാദിച്ചതു്. ആ കടം വീട്ടാന്‍ വേണ്ടി ഒരു ചിട്ടിയില്‍ കൂടിയിട്ടുണ്ടു്. അതു മുടക്കം കൂടാതെ വച്ചുനടത്താന്‍ കഴിയാത്ത പ്രയാസമാണവള്ക്കു്. കാരണം ശമ്പളദിവസം സ്ക്കൂളിന്റെ ഗേറ്റില്‍ കാവല്‍ നിന്നു് പണവും വാങ്ങി കൊച്ചുകോശി കടന്നുകളയുന്നു. കൊച്ചുകോശിയുടെ ഭാര്യയായ ഏലിയാമ്മ ഭര്‍ത്താവുമായി നിത്യവും വഴക്കാണു്. കഷ്ടപ്പെട്ടു് മക്കളെ വളര്‍ത്തി. കുടുംബം പുലര്‍ത്തി. വയസ്സുകാലത്തെങ്കിലും മനുഷ്യനു് ഒരു സ്വൈരം വേണ്ടേ. ഇതാണു് ഏലിയാമ്മയുടെ ചോദ്യം. ബാബു പട്ടാളത്തില്‍ നിന്നും അവധിയെടുത്തു് വരുന്നു. അപ്പനേയും അമ്മയേയും രമ്യതപ്പെടുത്തി മടങ്ങിപ്പോകുന്നു.
ഇതിനിടെ മാനേജരു ചെറിയാച്ചന്റെ മകന് ബേബിച്ചന് ഓമനയെ അവള് ട്യൂഷന് പഠിപ്പിക്കുന്ന ലീലാമ്മയുടെ വീട്ടില്‍ വച്ചു് പല തവണ കണ്ടുമുട്ടുന്നു. ഒരല്‍പ്പം ചീത്തപ്പേരൊക്കെ കേള്‍പ്പിച്ചു നടന്ന ആളാണു് ബേബിച്ചന്. പക്ഷെ ഇപ്പോള്‍ അപ്പന്റെ കര്‍ശ്ശനമായ നിയന്ത്രണത്തില്‍ ചിട്ടിക്കാര്യങ്ങളൊക്കെ നോക്കി മര്യാദക്കാരനായി കഴിയുകയാണു്. ബേബിച്ചനു് ഓമനയുടെ പേരിലുള്ള താല്‍പ്പര്യം മനസ്സിലാക്കിയ ലീലാമ്മ അവര്‍ തമ്മില്‍ വിവാഹം ചെയ്തു കാണാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള കളമൊരുക്കുകയും ചെയ്യുന്നു.
ഓമനയുടെ ചിട്ടി രണ്ടുമൂന്നു തവണ കുടിശ്ശികയായി. ഒരു തവണത്തെ കുടിശ്ശിക തീര്‍ക്കാന്‍ ചെന്ന ഓമനയ്ക്ക് അവളറിയാതെ ബേബിച്ചന് മുഴുവന്‍ കുടിശ്ശികയും തീര്‍ത്തു് രസീതു കൊടുത്തു. ചെറിയാച്ചന് അതു കണ്ടുപിടിക്കുന്നു. അയാള്‍ ഓമനെയ അതികഠിനമായി ആക്ഷേപിക്കുകയും ജോലിയില്‍ നിന്നു് പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
അടുത്ത തവണ ലീലാമ്മയുടെ വീട്ടില്‍ വച്ചു് ബേബിച്ചനെ കാണുമ്പോള്‍ ഓമനെ തന്നെ ദയവായി ജീവിക്കാനനുവദിക്കൂ എന്നു പറഞ്ഞു് അവിടെ നിന്നും ഇറങ്ങിപ്പോകുന്നു. നിസ്സഹായയായ ഓമനയെ മേലാല്‍ ബുദ്ധിമുട്ടിക്കരുതെന്നും നേരായ മാര്‍ഗ്ഗത്തില്‍ക്കൂടി വിവാഹം ആലോചിക്കണമെന്നും ലീലാമ്മ ബേബിച്ചനെ ഉപദേശിക്കുന്നു. പക്ഷെ തന്റെ അപ്പന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്ന ബേബിച്ചന് ഒരു വളഞ്ഞ വഴി തന്നെയാവണവലംബിച്ചതു്. അയാള്‍ ചിട്ടിപ്പണത്തില്‍ നിന്നു് പതിനായിരും രൂപ എടുത്തു് കൊച്ചുകോശിയെ ഏല്‍പ്പിക്കുന്നു. ആ തുക സ്ത്രീധനമായി കൊടുക്കാമെന്നു് സമ്മതിച്ചു് തന്റെ അപ്പനുമായി വിവാഹമാലോചിക്കാന്‍ പറയുന്നു.
സംഭവബഹുലമായ അനന്തര ഭാഗങ്ങള്‍ നേരില്‍ കാണുക.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|