അമ്പലപ്പാട്ടെ ഉണ്ണിയമ്മയ്ക്കും മറ്റെല്ലാര്‍ക്കും അവളെ വളരെ
ഇഷ്ടപ്പെട്ടു. ‘നല്ല അസ്സല് കുട്ടിയാ ബാലമണി‘ എന്ന സര്‍ട്ടിഫിക്കറ്റും
കിട്ടി. ഉണ്ണിയമ്മയുടെ ചെറുമകന് മനുവും അവള്‍ക്ക് ആ സര്‍ട്ടിഫിക്കറ്റു
തന്നെ നല്കി ജീവിതത്തിലേക്കും ക്ഷണിക്കുന്നു. പക്ഷേ ബാലാമണിക്ക്
മനുവിനെക്കിട്ടണമെങ്കിലും, മനുവിന് ബാലമണിയെ കിട്ടണമെങ്കിലും കടമ്പകള്‍
ഏറെ കടക്കേണ്ടി വരുന്നു. ഗുരുവായൂരപ്പന്റെ ഒരു ചില്ലിട്ടപടത്തിനോടാണ്
ബാലാമണിയുടെ പരാതിപറച്ചിലെല്ലാം. ഗുരുവായൂരില്‍ കുളിച്ചുതൊഴാന്‍
പറ്റാത്തതിലുള്ള പരാതിയും ഇതിന്റെ കൂടെയുണ്ട്. കൃഷ്ണനെന്നും,
ക്രിസ്തുവെന്നും, മുഹമ്മദെന്നുമെല്ലാം നാം പേരിട്ടു വിളിക്കുന്ന ആ
പരമാത്മാവിന് ആ പാവം പെണ്‍കുട്ടിയുടെ പരാതികളില്‍
നടപടിയെടുക്കാതിരിക്കുവാന് യാതൊരു നിര്‍വാഹവുമില്ല. മനുവിന് നിശ്ചയിച്ച
വിവാഹം മുടങ്ങുന്നു. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ മനു
ബാലാമണിക്ക് താലിചാര്‍ത്തുന്നു.
നിലയില്ലാത്ത ജീവിതപ്രാരാബ്ധങ്ങളില്‍ പ്രതീക്ഷയുടെ
പൊന്നാളങ്ങളുമായെത്തുന്നത് നാം നമുക്കതീതമെന്ന് വിശ്വസിക്കുന്ന
ശക്തികള്‍ തന്നെ. ബാലാമണിയുടെ കഥ കാണിച്ചുതരുന്നതും അതുതന്നെ.
ബാലാമണിയായി നവ്യാനായരും, നന്ദുവായി പൃഥ്വിരാജും കന്നിച്ചിത്രമായ
നന്ദനത്തില്‍ വേഷമിടുന്നു. പിന്നീടുവന്ന ചിത്രങ്ങളിലൊന്നും തന്നെ ഇത്ര
‘ഇംപ്രസീവാ’യി അഭിനയിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ്
പറയേണ്ടിവരുന്നത്. ഉണ്ണിയമ്മയായി കവിയൂര്‍ പൊന്നമ്മയും, കേശവന് നായരായി
ഇന്നസെന്റും പ്രത്യക്ഷപ്പെടുന്നു. നന്ദുവിന്റെ അമ്മയായി രേവതിയാണ്
അഭിനയിക്കുന്നത്. സിദ്ധിക്, ജഗതി, മീനാ ഗണേഷ്, വിജയകുമാരി,
കലാരഞ്ജിനി,സായ്കുമാര് , തുടങ്ങി അമ്പലപ്പാട്ടെ ഒരു വന്‍ ബന്ധുനിരയായി
നിരവധി താരങ്ങളും ഇതില്‍ അഭിനയിക്കുന്നു. ബാലാമണിയുടെ ആലംബമായ
കൃഷ്ണസങ്കല്പം മനുഷ്യരൂപം പൂണ്ടെത്തുന്നത് യുവനടനായ അരവിന്ദ് ആണ്.
രവീന്ദ്രന് സംഗീതം നല്കിയ നന്ദനത്തിലെ ഗാനങ്ങള്‍ സൂപ്പര്‍
ഹിറ്റുകളായിരുന്നു. കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ , മൌലിയില്
മയില്‍പ്പീലി ചാര്‍ത്തി, ആരും ആരും കാണാതെ എന്നീഗാനങ്ങള്‍ ഒരു വലിയ
കാലയളവിലെ ഇടവേളക്കു ശേഷം മലയാളത്തിലേക്ക് ഹിറ്റ് ഗാനങ്ങള്‍ കൊണ്ടുവന്നു.