1999 ഡിസംബർ ഏഴാം തീയതി റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമാണ് ചന്ദാമാമ. ഹിന്ദി നടി മമ്ത കുൽക്കർണിയുടെ ഐറ്റം ഡാൻസ് ഉള്ള പടം എന്ന നിലയിൽ ഈ ചിത്രത്തിന് പരക്കെ പബ്ലിസിറ്റിയുണ്ടായിരുന്നു. ഉണ്ണിമേനോനും സുജാതയും ചേർന്ന് പാടിയ റോജാപ്പൂ കവിളത്ത് എന്ന് തുടങ്ങുന്ന ഗാനത്തിലായിരുന്നു കുഞ്ചാക്കോ ബോബനുമൊത്ത് മമ്ത ആടിയത്. ഹോളിവുഡിൽ തകർത്തോടുകയും രണ്ടാം ഭാഗമുണ്ടാവുകയും ചെയ്ത വീക്കെൻഡ് അറ്റ് ബെർണീസ് എന്ന ചിത്രത്തെ അവലംബിച്ചായിരുന്നു സംവിധായകൻ മുരളീകൃഷ്ണൻ 'ചന്ദാമാമ' ഒരുക്കിയത്. സംവിധായകന്റെ കഥയ്ക്ക് രാജൻ കിരിയത്ത് തിരക്കഥയെഴുതി.
കുഞ്ചാക്കോ ബോബനൊപ്പം സുധീഷ്, കലാഭവൻ നവാസ് ഒരു സുഹൃദ് സംഘമായി വേഷമിട്ടു. മൂവരുടെ ബോസ് ആയ ഈപ്പച്ചനെ (ജഗതി ശ്രീകുമാർ) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം മരിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ മൂവർ സംഘം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് സിനിമ. കൈതപ്രം-ഔസേപ്പച്ചൻ എന്നിവർ ഒരുക്കിയ പാട്ടുകളിൽ 'ചന്ദാമാമ', 'ചിരിയൂഞ്ഞാൽ കൊമ്പിൽ ചാഞ്ചാടി മാനത്തെ പൂത്താരം' ശ്രദ്ധിക്കപ്പെട്ടു.