ശ്രീ കുഞ്ചാക്കോയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച അനാര്‍ക്കലി എന്ന ചിത്രം 1966 ആഗസ്റ്റു് 2നു് റിലീസു് ചെയ്തു. കെ ആര് വിജയ, നസീര്‍ , ഗ്രേസി, സത്യന് , അംബിക, കൊട്ടാരക്കര ശ്രീധരന് നായര്‍ , തിക്കുറിശ്ശി, ഫിലോമിന, അടൂര്‍ ഭാസി, എസു് പി പിള്ള, മണവാളന് , യേശുദാസു്, എല്‍ പി ആര് വര്‍മ്മ എന്നിവരഭിനയിച്ച ഈ ചിത്രത്തിലെ പത്തു് ഗാനങ്ങള്‍ വയലാറെഴുതി ബാബുരാജു് ഈണം നല്കിയവയാണു്. സുശീല, ജാനകി, എല്‍ ആര് ഈശ്വരി, ബാലമുരളീകൃഷ്ണ, പി ബി ശ്രീനിവാസന് , യേശുദാസു് എന്നിവര്‍ പിന്നണിഗാനങ്ങള്‍ ആലപിച്ചു. പാര്‍ത്ഥസാരഥി, വൈക്കം മൂര്‍ത്തി എന്നിവര്‍ നൃത്തസംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിനുവേണ്ടി സംഭാഷണം വൈക്കം ചന്ദ്രശേഖരന് നായര്‍ എഴുതി.
ചരിത്രത്തിലെ ഒരേടില്‍ നിന്നാണു് ഇതിന്റെ കഥ മെനഞ്ഞെടുത്തതു്.
മഹാനായ അക്ബര്‍ ചക്രവര്‍ത്തി തന്റെ പുത്രനായ സലീമിനുവേണ്ടി ഒരു രജപുത്രകന്യകയെ വധുവായി നിശ്ചയിച്ചിരുന്നു. ഹിന്ദുമുസ്ലീം മൈത്രി മനസ്സില്‍ കണ്ടുകൊണ്ടു് അദ്ദേഹം നടത്തുവാന്‍ ഉദ്ദേശിച്ച വിവാഹത്തിനു് സലീം അനുകൂലിച്ചില്ല. എവിടെ നിന്നോ എത്തിയ നര്‍ത്തകിയായ അനാര്‍ക്കലി എന്ന നാടന്‍ പെണ്ണിന്റെ ആകാരസൗകുമാര്യത്തില് മതിമയങ്ങി അവളെ മാത്രമേ വിവാഹം ചെയ്യുകയുള്ളു എന്നു് സലീം തീര്‍ത്തു പറഞ്ഞു. സ്നേഹനിധിയായ പിതാവു് ഉപദേശിച്ചു. പക്ഷെ ഒരപ്സരകന്യകയെപ്പോലെ ആടിയും പാടിയും തന്നെ ആകര്‍ഷിച്ച ആ പാരസികസൗന്ദര്യധാമത്തെ ഉപേക്ഷിക്കുവാന്‍ സലീം രാജകുമാരന് തയ്യാറായില്ല. ദില്ലി സിംഹാസനം തന്നെ അനാര്‍ക്കലിയുടെ പാദങ്ങളില്‍ കാഴ്ചവെയ്ക്കുവാനാണു് സലീം മോഹിച്ചതു്.
അക്ബര്‍ പാദുഷയ്ക്കെതിരായി സലീം യുദ്ധത്തിനു് തയ്യാറായി ദില്ലി പ്രാന്തങ്ങളില്‍ സൈന്യവുമായി പ്രത്യക്ഷപ്പെട്ടു. പുത്രവത്സലനായ അക്ബറുടെ ഹൃദയം വേദനിച്ചുവെങ്കിലും യുദ്ധം ചെയ്തു. മുഗള്‍ ചക്രവര്‍ത്തിയുടെ സൈന്യം സലീമിനെ പരാജയപ്പെടുത്തി. സലീമും അനാര്‍ക്കലിയും ജയിലടക്കപ്പെട്ടു. സലീമിനെ വധിക്കാന്‍ അക്ബര്‍ ആജ്ഞ നല്കി. മകന്റെ ദയനീയനിലയില്‍ മനസ്സുരുകിയ മാതാവു് അക്ബറോടു് യാചിച്ചു. ആ ഉഗ്രപ്രതാപിയുടെ മനസ്സലിഞ്ഞില്ല. ഈ സമയം അനാര്‍ക്കലി ഒരു കല്ലറയില്‍ അടക്കപ്പെടുകയാണു്. ഓരോ ശില വെയ്ക്കുമ്പോഴും സലീമിനെ മറക്കാന്‍ അവളോടു് ആവശ്യപ്പെട്ടു. ഹൃദയം തകര്‍ന്ന ആ വിശ്വമോഹിനി പ്രാണപ്രിയനായ സലീമിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ജയിലില്‍ നിന്നും രക്ഷപെട്ടു് ഓടിയെത്തിയ രാജകുമാരന് അടച്ചുമൂടപ്പെട്ട കല്ത്തുറുങ്കാണു് കാണുന്നതു്. അതു് തല്ലിത്തകര്‍ത്ത രാജകുമാരന് ജീവന് നഷ്ടപ്പെട്ട അനാര്‍ക്കലിയുടെ ജഡം കണ്ടു് ബോധമറ്റു നിലംപതിച്ചു.
എഴുതിയത് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍