കഥയറിയാതെ...
ഈ പടത്തിന് ഏറ്റവും അനുയോജ്യമായ പേര് ഇത് തന്നെയാണ്.
മോഹൻ -ജോൺപോൾ സഖ്യത്തിന്റെ മറ്റൊരു നല്ല ചിത്രം.രചനയും ആലോലവും പോലെ കുടുംബബന്ധങ്ങളിലെ പാകപിഴകളെ പറ്റിയുള്ള മറ്റൊരു കഥ. സഞ്ജയ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ രഘുനാഥ് നിർമിച്ച ഈ പടവും കണ്ടു കഴിയുമ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ ഒരു നീറ്റൽ അവിശേഷിപ്പിക്കാൻ പോന്നതാണ്.
മോഹനും ജോൺപോളും ചേരുമ്പോൾ വന്നിട്ടുള്ള ഓരോ പടവും കുടുംബബന്ധങ്ങളിലെ സങ്കീർണതകളെ തുറന്നു കാണിച്ച ഓരോ ഏടുകളാണ്.ഒരു നിമിഷത്തിൽ ഉണ്ടാകുന്ന ഒരു തെറ്റ് അത് ജീവിതത്തിൽ എത്ര വലിയ ദുരന്തം ക്ഷണിച്ചുവരുത്തുന്നു എന്നത് ഈ ചിത്രത്തിലൂടെ നമ്മുടെ ഈ അഭിമാന കലാകാരൻമാർ കാണിച്ചു തന്നിരിക്കുന്നു.
റാണി പത്മിനി എന്ന നടിയുടെ ആദ്യത്തെ ചിത്രം കൂടിയാണിത്. റാണി അവതരിപ്പിച്ച ഉഷ എന്ന കഥാപാത്രം തന്നെയാണ് പടത്തിലെ കേന്ദ്രബിന്ദുവാകുന്നത്.അതുപോലെ റാണിയുടെ സഹോദരന്റെ വേഷം ചെയ്തത് നടൻ സായികുമാർ ആയിരുന്നു.
വിഷ്ണു(സുകുമാരൻ )വും വിശ്വനാഥനും (സോമൻ )മുൻപേ സുഹൃത്തുക്കളാണ്. വിശ്വന്റെ കമ്പനിയിൽ വിഷ്ണു പുതിയ മാനേജരായി ചാർജ് എടുക്കുന്നു. വിഭാര്യനായ വിഷ്ണുവിന് ജീവിതം തന്നെ മടുത്ത അവസ്ഥയാണ്. അങ്ങനെ പോകെ വിശ്വനും അയാളുടെ ഫാമിലിയുമൊത്തുള്ള കൂടികാഴ്ചകൾ വിഷ്ണുവിന് പുത്തൻ ഉണർവേകുന്നു. വിശ്വന്റെ ഭാര്യ ഗീത(ശ്രീവിദ്യ )യും മക്കൾ ഉഷ(റാണി പത്മിനി )മകൻ ഷാജി (സായികുമാർ )എന്നിവരുമായി അയാൾ വലിയ അടുപ്പം ആവുന്നു. ഒരിക്കൽ എല്ലാവരും ചേർന്ന് ഒരു ടൂർ പോകുന്നു. ആ ദിവസം രാത്രിയിൽ ഉണ്ടാകുന്ന ഒരു സംഭവവും തുടർന്നു ആ കുടുംബത്തിൽ കഥയറിയാതെയുണ്ടാകുന്ന പൊട്ടിത്തെറികളുമാണ് ബാക്കി പടത്തിലൂടെ കാണിക്കുന്നത്.
സുകുമാരനും സോമനും ശ്രീവിദ്യയും ഇതിലെ പകുതിക്കു ശേഷമുള്ള ഓരോ സീനുകളും നൊമ്പരമുണർത്താൻ പൊന്നവിധം അഭിനയിച്ചു കാണിച്ചിരുന്നു.പുതുമുഖമാണെങ്കിലും റാണിപത്മിനിയും നന്നായി. ബഹദൂർ, ശാന്തകുമാരി എന്നിവരാണ് പടത്തിലെ മറ്റു താരങ്ങൾ.
എം ഡി രാജേന്ദ്രന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം നൽകിയിരിക്കുന്നു. റാണിക്ക് ശബ്ദം നൽകിയ ലതരാജു പടത്തിൽ പാടിയ 'പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളെ' എന്ന പാട്ടും ഷെറിൻ പാടിയ 'താരണികുന്നുകൾ കാത്തു സൂക്ഷിച്ച തടാകം' എന്ന പാട്ടും ഹിറ്റാണ്. യു രാജഗോപാൽ ഛായയും ജി വെങ്കിട്ടരാമൻ എഡിറ്റിംഗും നിർവഹിച്ചു.
1981 മാർച്ച് മാസം കഥയറിയാതെ റിലീസ് ആയി