അപ്പുക്കുട്ടൻ ഭാഗവതർക്ക് ഒരു നിർബന്ധമുണ്ട്.പാടാൻ നന്നായി അറിയാവുന്ന ഒരു പെണ്ണിനെ മാത്രമേ കെട്ടൂ.രാജേഷിന്റെ പിടിവാശി തനിക്ക് അൾട്രാ മോഡേൺ ആയിട്ടുള്ള ഒരു പെണ്ണിനെത്തന്നെ കെട്ടണമെന്നാണ്.
വേണു ഒരിക്കൽ പാർക്കിൽ വെച്ച് സുന്ദരിയായ ശ്യാമളയെ കണ്ടു.പ്രേമാഭ്യർത്ഥനയുമായി ചെന്നു.അയാളെ അവൾ പരിഹസിച്ചയച്ചു.തന്റെ വീരത്വം കാട്ടിയാലേ അവൾ പ്രേമിക്കൂ എന്നു മനസ്സിലായ വേണു അതിനു വേണ്ടി കൂട്ടുകാരെ ശട്ടം കെട്ടി.വേണുവിന്റെ നിർദ്ദേശപ്രകാരം കൂട്ടുകാർ കള്ളന്മാരുടെ വേഷത്തിൽ അവളെ പിടിക്കാൻ വന്നു.വേണു ജെയിംസ് ബോണ്ടായി ചാടി വീൺ കള്ളന്മാരിൽ നിന്നവളെ രക്ഷിച്ചു. തുടർന്ന് പ്രേമബദ്ധരാവുകയും ചെയ്തു.
പത്മൻ തന്റെ ജോഡിയെ തിരക്കി പാർക്കിലൂടെ അലഞ്ഞു തിരിയുമ്പോൾ ഒരു പ്രേമഗുരുവിനെ കിട്ടി.പെൺകുട്ടികളെ പ്രേമിക്കേണ്ടതെങ്ങനെയെന്ന് ആ പ്രേമഗുരു പത്മനെ പഠിപ്പിച്ചു കൊടുത്തു. ഒടുവിൽ പത്മൻ പ്രേമിച്ചത് ഗുരുവിന്റെ മകൾ ലതയെ തന്നെ ആയിരുന്നു.
രാജേഷിനു നാട്ടിൻ പുറത്ത് ഒരു ശാലീനസുന്ദരിയായ മുറപ്പെണ്ണുണ്ട്.സുമിത്ര. അവളെ വിവാഹം കഴിക്കാൻ അവനിഷ്ടമല്ല. കാരണം അവൾ പരിഷ്കാരിയല്ല.
ഇതിനിടയിൽ പത്മനും ലതയും യാദൃച്ഛികമായി ഒരു മുറിയിൽ അടക്കപ്പെട്ടു പോയി.പണക്കൊതിയനായ പാച്ചുപിള്ളയും സഹോദരി കൊച്ചു നാരായണിയും പരസ്പരം അറിയാതെ അവരെ പിടിച്ചു ഒറ്റ മുറിയിൽ ആക്കുകയാണുണ്ടായത്.ആ രാത്രി അവർ വികാരങ്ങൾ കൈമാറി.ലത ഗർഭിണിയായി തീർന്നു.ഇതോടെ പാച്ചുപിള്ളക്ക് ലതയെ പത്മനെ കൊണ്ടു തന്നെ കെട്ടിക്കാൻ ധൃതിയായി.പക്ഷേ പ്രതിജ്ഞ അനുസരിച്ച് നാലുപേരും ഒന്നിച്ചു തന്നെ കെട്ടണമല്ലോ.
പത്മനും വേനുവും ശ്യാമളയും ലതയും ചേർന്ന് ഒരു വഴി കണ്ടു പിടിച്ചു.നാട്ടിൻ പുറത്തുകാരിയായ സുമിത്രയെ പട്ടണത്തിൽ കൊണ്ടു വന്ന് ആളറിയാത്ത വിധം പരിഷ്കാരിയായി വേഷം കെട്ടിച്ച് രാജേഷിനെക്കൊണ്ട് പ്രേമിപ്പിക്കുക.സംഗീതം അയലത്തുകൂടി പോയിട്ടില്ലാത്ത കൊച്ചു നാരായണിയെ സംഗീതം പഠിപ്പിച്ച് ഭാഗവതരുടെ മുന്നിലിരുത്തി പാടിപ്പിക്കുക.
പദ്ധതി വിജയിച്ചു.അപ്പുക്കുട്ടൻ നാരായണിയുടെ പാട്ടു കേട്ട് മയങ്ങിപ്പോയി.രാജേഷ് പാരീസിൽ നിന്നും വന്ന സുമിറ്റ് എന്ന സുന്ദരിയിൽ ആകൃഷ്ടനായി.
അങ്ങനെ നാലുപേർക്കും മനസ്സിനിണങ്ങിയ ജോഡികളെ കിട്ടി.അപ്പോൾ -
ശ്യാമള തന്റെ വിവാഹത്തെക്കുറിച്ച് അച്ഛനോട് – മഹാദേവൻ മുതലാളിയോട് – അനുവാദം ചോദിക്കാൻ വന്നു. മുതലാളി അനന്തിരവൻ കൃഷ്ണകുമാറിനെ കൊണ്ടവളെ വിവാഹം ചെയ്യിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.അതിനാൽ വേണുവുമായുള്ള വിവാഹത്തിനു സമ്മതിച്ചില്ല.
കൃഷ്ണകുമാറാകട്ടെ ശേഖർ എന്നൊരാളെ എന്തിനോ വേണ്ടി ഭയപ്പെട്ടു കഴിയുകയാണ്. ശേഖർ അടിക്കടി കൃഷ്ണകുമാറിൽ നിന്ന് പണം വാങ്ങാറുണ്ടായിരുന്നു.
ശ്യാമളക്ക് വേണുവിനെ വിവാഹം കഴിക്കാനാണ് താല്പ്പര്യം എന്നറിഞ്ഞ കുമാർ അതിനവളെ അനുവദിക്കാൻ അമ്മാവനോടപേക്ഷിച്ചു.അങ്ങനെ വിവാഹാഭ്യർത്ഥനയുമായി വേണു ആ വീട്ടിൽ വന്നു.
പക്ഷേ വേണുവിന്റെ മുന്നിലേക്ക് മുതലാളി കുറെ ഫോട്ടോകൾ വലിച്ചെറിഞ്ഞു.വേണുവും പൂർവകാമുകിയുമായുള്ള പ്രേമസല്ലാപങ്ങളുടെ ചിത്രം.വേണു ഇതു കണ്ടമ്പരന്നു.തനിക്ക് ഇങ്ങനെയൊരു കാമുകി ഇല്ലെന്നും താൻ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു നോക്കി.മുതലാളിയുമായി ഇതേപ്പറ്റി വേണു വഴക്കുണ്ടാക്കി.വേണ്ടി വന്നാൽ കൊന്നു കളയുമെന്ന് വരെ വേണു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അന്നു രാത്രി മുതലാളി കൊല്ലപ്പെട്ടു.വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു. ചതഞ്ഞരഞ്ഞു കിടക്കുന്ന മുതലാളിയുടെ മുഖം കണ്ട് വേണു വിളിച്ചു പറഞ്ഞു.ഞാനല്ല ഈ കൊലപാതകം ചെയ്തത്.
പിന്നെ ആര് ? ആരാണാ കൊല ചെയ്തത് ? മുതലാളിയുടെ കഴുത്തിൽ സൂക്ഷിച്ചിരുന്ന ആ താക്കോലിന്റെ എഅഹസ്യമെന്ത് ?
മുതലാളി എന്തിനു വലതുകാലിൽ ഉയരം കൂടിയ ഷൂവും ഇടതുകാലിൽ സാധാരണ ഷൂവും ധരിക്കുന്നു ? കുമാറിനെ നിരന്തരം പണത്തിനു വേണ്ടി ശല്യപ്പെടുത്തുന്ന ശേഖർ ആരു ?
എല്ലാം ഒത്തുവന്നപ്പോൾ, കൂട്ടുകാരൻ കൊലക്കുറ്റത്തിൽ അകപ്പെട്ടപ്പോൾ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചതെങ്ങനെ ? കാണുക.. ഹലോ ഡാർലിംഗ്..
കടപ്പാട് : പാട്ടുപുസ്തകം