പുതിയ വെളിച്ചം - കഥ
പോലീസുദ്യോഗസ്ഥന്മാര്ക്കു് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധനായ കള്ളനാണു് വേണു. വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചു് തന്റെ മുതലാളി ജോണ്സണ് എന്ന ഹോട്ടലുടമയുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണു് അവന്റെ ജോലി. മുതലാളി നല്കുന്ന തുച്ഛമായ പ്രതിഫലവും മദ്യവും വസ്ത്രങ്ങളും കൊണ്ടു് അവന് സംതൃപ്തിയടഞ്ഞിരുന്നു. ജോണ്സണ് സ്വന്തമായി നടത്തുന്ന വലിയ ഹോട്ടലിലെ കാബ്രേ നര്ത്തകിയാണു് ലില്ലി. വേണുവിന്റെ മാദകശരീരം എന്നും അവള്‍ക്കൊരു ഹരമായിരുന്നു. വേണുവിനെ തന്റെ പിടിയിലൊതുക്കി നിര്‍ത്താനുള്ള മറ്റൊരു ചങ്ങലയായി ജോണ്സണ് ലില്ലേയേയും ഉപയോഗപ്പെടുത്തി. വിവാഹിതരായി എങ്കിലും വിദൂരമായ സ്ഥലത്തു പോയി മോഷണത്തോടും അര്നഗ്ന നൃത്തത്തോടും വിട പറഞ്ഞു് ഒരു പുതിയ ജീവിതം നയിച്ചുതുടങ്ങണെമെന്നാണു് വേണുവിന്റെയും ലില്ലിയുടെയും മോഹം. അതിനു വേണ്ട എല്ലാ ധനവും ഒത്താശകളും ജോണ്സണ് വാഗ്ദാനം ചെയ്തിട്ടുണ്ടു്.
കാറ്റും മഴയും കൊടുമ്പിരിക്കൊണ്ട ഒരു ഇടവപ്പാതി രാത്രിയില്‍ പരിപ്പുവട കുട്ടപ്പന് എന്ന പോക്കിരി വിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം പിശുക്കന് പണിക്കര്‍ എന്ന ധനികന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ വേണുവിനെ ഒരു രോഗിണിയുടെ നേര്‍ത്ത ഗദ്ഗദം പിടിച്ചു നിര്‍ത്തി. ആ വീട്ടിലെ മരുമകള്‍ തന്നെയാണു് മരണം കാത്തു കിടക്കുന്ന ആ യുവ വിധവ. അച്ഛനും അമ്മയും ഇല്ലാത്ത ആ അനാഥ യുവതിയെ അവഗണിച്ചു തള്ളിയിട്ടു് അമ്മായിയച്ഛനും അമ്മായിഅമ്മയും മദിരാശിക്കു പോയിരിക്കയാണു്. ടൈഫോയിഡ് പിടിച്ചു് സഹായത്തിനാരുമില്ലാതെ മരണത്തെ ആലിംഗനം ചെയ്യാന്‍ പോവുകയായിരുന്ന ലക്ഷ്മി വേണുവിന്റെ ഹൃദയത്തില്‍ ഒരു നേര്‍ത്ത ചലനം സൃഷ്ടിച്ചു. അങ്ങനെ ലക്ഷ്മി സുഖം പ്രാപിച്ചു. പിശുക്കന് പണിക്കരും ഭാര്യ മഹേശ്വരിയും മകന് ബാലനും മടങ്ങി വന്നു. അവര്‍ വേണുവും ലക്ഷ്മിയും തമ്മിലുള്ള നിഷ്കളങ്ക ബന്ധത്തെ അവിഹിതബന്ധമായി വ്യാഖ്യാനിക്കുകയും ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ചു് വീട്ടില്‍ അടിച്ചു പുറത്താക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ വേണു ലക്ഷ്മിയെ തന്റെ താമസസ്ഥലത്തേക്കു് കൂട്ടിക്കൊണ്ടുപോകുന്നു. മാറാല പിടിച്ചു കിടന്ന ആ മുറി ലക്ഷ്മിയുടെ വരവോടെ ഒരു പൂജാമുറിയുടെ സൗന്ദര്യം നേടിയെടുത്തു. വേണുവിന്റെ സ്വഭാവത്തിലും ആ മാറ്റം പ്രതിഫലിക്കാന്‍ തുടങ്ങി. ലക്ഷ്മിയുടെ കണ്ണുകളില്‍ നിന്ന അടര്‍ന്നു വീണ ദുഃഖത്തിന്റെ കണികകള്‍ വേണുവിന്റെ മനസ്സില്‍ പുതിയ വെളിച്ചത്തിന്റെ ഉതിര്മണികളായി വീണു. വേണുവില്‍ വന്ന ഈ മാറ്റം ജോണ്‍സണേയും ലില്ലിയേയും അത്ഭുതപ്പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടു് ക്രമാധികമായപ്പോള് വേണുവിന്റെ മനസ്സും പതറി. ലക്ഷ്മിയുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടു് ഒരു രാത്രിയില്‍ വേണു വീണ്ടും മോഷ്ടിക്കാന്‍ വേണ്ടി വീടു വിട്ടുപോകുന്നു. യാത്രാമദ്ധ്യേ തീപിടിച്ച വീട്ടില്‍ അകപ്പെട്ടുപോയ ഒരു കൊച്ചു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കയറിയ വേണു മൃതപ്രായനായി വീണു. അവന് രക്ഷപെടുകയില്ലെന്നു് ഡോക്ടര്‍ വിധിയെഴുതി. ഒരിക്കല്‍ അവനെയും ലക്ഷ്മിയെയും നിന്ദിച്ച ഗ്രാമീണരെല്ലാം അവരുടെ നന്മ മനസ്സിലാക്കാന്‍ തുടങ്ങി. കൂട്ടായ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടോ ലക്ഷ്മിയുടെ നന്മ കൊണ്ടോ വേണു സുഖം പ്രാപിച്ചു. എന്നാല്‍ അതു വേണുവിന്റെ പുന്‍ജന്മം തന്നെ ആയിരുന്നു. ഇനിയൊരിക്കലും മോഷ്ടിക്കുകയില്ലെന്നു് അവര്‍ പ്രതിജ്ഞ ചെയ്തു. അദ്ധ്വാനത്തിന്റെ വില അവന് മനസ്സിലാക്കി. തന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷിക്കുന്ന വേണുവിന്റെ സ്വഭാവത്തില്‍ വന്ന പരിവര്‍ത്തനത്തില്‍ ജോണ്സണ് ആശങ്കാകുലനായി. വേണുവിനെയും അവനെ നേര്‍വഴിക്കു കൊണ്ടുവന്ന വിധവയായ ലക്ഷ്മിയേയും കൊന്നുകളയാന്‍ തന്നെ ജോണ്സണ് തീര്‍ച്ചയാക്കി. ജോണ്സണ് സ്വാര്‍ത്ഥനും നീചനുമാണെന്നു മനസ്സിലാക്കിയ ലില്ലി വേണുവിന്റെയും ലക്ഷ്മിയുടേയും രക്ഷയ്ക്കെത്തുന്നു.
ശേഷം ഭാഗങ്ങള്‍ വെള്ളിത്തിരയില്‍ കണ്ടാസ്വദിക്കുക.
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|