ഡോക്ടർ ഗോപിക്ക് എഫ് ആർ സി എസ് നു ഇംഗ്ലണ്ടിൽ പ്രവേശനം ലഭിച്ചു. സുമതിയോട് യാത്ര ചോദിക്കുവാൻ ചെന്നപ്പോൾ താൻ സുമതിയെ സ്നേഹിക്കുന്ന വിവരം അവളെ ധരിപ്പിച്ചു.ഗോപി പോയതിനു ശേഷം രോഗബാധിതനായ മുത്തച്ഛൻ സ്വത്തെല്ലാം സുമതിയുടെ പേർക്ക് എഴുതി വെച്ചു. സുമതിയെ വിവാഹം കഴിച്ചതിനു ശേഷമേ , ഗോപി സ്വത്തിനു അവകാശിയാകുകയുള്ളൂ.
മുത്തച്ഛന്റെ മരണശേഷം വീട്ടിലെത്തിയ ഗോപി വില്‍പ്പത്രം വായിച്ചു. സുമതിയെ തെറ്റിദ്ധരിച്ചു. അവൾ മുത്തച്ഛനെ സ്വാധീനിച്ച് എഴുതി വെച്ചതാണു വില്പ്പത്രമെന്നും താനവളെ വിവാഹം കഴിക്കുകയില്ലെന്നും ഗോപി തീർത്തു പറഞ്ഞു. അഭിമാനിയായ സുമതി താൻ ഈ കാര്യത്തിൽ നിരപരാധിയാണെന്ന വസ്തുത ഗോപിയെ ധരിപ്പിക്കുന്നതോടൊപ്പം സ്വത്ത് ഗോപിയുടെ പേർക്ക് എഴുതിക്കൊടുത്തിട്ട് അച്ഛനോടൊത്ത് നാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു.തെറ്റിദ്ധാരണ മാറിയ ഗോപി മാപ്പു ചോദിച്ച് സുമതിയെ വിവാഹം കഴിച്ചു.
ഗോപി സുമതി ദമ്പതികൾക്ക് ഒരു കുട്ടി ജനിച്ചു. കൃഷ്ണകുമാർ. ഒരു ഡോക്ടറുടെ ഉത്തരവാദിത്വമേറിയ ജോലിക്കിടയിൽ ഗോപിക്ക് പലപ്പോഴും സുമതിയെ ശ്രദ്ധിക്കുവാൻ സമയം കിട്ടിയില്ല. ഒരിക്കൽ സുമതിയുടെ തെറ്റിദ്ധാരണ കാരണം ഗോപി ചികിത്സിച്ചു കൊണ്ടിരുന്ന ഒരു കുട്ടി മരിച്ചു. ക്രുദ്ധനായ ഗോപി സുമതിയെ കഠിനമായി ശകാരിക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു.അഭിമാനിയായ സുമതി തന്റെ പുത്രനെയും കൊണ്ട് വീടു വിട്ടിറങ്ങി.എന്നാൽ പുത്രനെ കൂടെ കൊണ്ടു പോകുവാൻ ഗോപി സമ്മതിച്ചില്ല. തന്റെ ഉദരത്തിലുള്ള കുട്ടിയെ തന്നിൽ നിന്നു പിരിക്കുവാൻ കഴിയുകയില്ല എന്നു പറഞ്ഞ് സുമതി പിരിഞ്ഞു.
വർഷങ്ങൾ കടന്നു പോയി. കൃഷ്ണകുമാർ ഇന്നൊരു കോളേജ് വിദ്യാർത്ഥിയാണ്.കൃഷ്ണകുമാറിന്റെ കാമുകിയാണു മല്ലിക.സുമതിയുടെ കൂടെ വളർന്ന മുരളി എഞ്ചിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്കിൽ പാസ്സായി.അവനു തിരുവനന്തപുഅർത്ത് വാസുമേനവന്റെ സൈക്കിൾ ഫാക്ടറിയിൽ ജോലി കിട്ടി.മുരളിയും സുമതിയും തിരുവനന്തപുരത്തുള്ള മുരളിയുടെ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി.പരീക്ഷയിൽ തോറ്റ കൃഷ്ണകുമാറിനും ഗോപിയുടെ സുഹൃത്തായ വാസുമേനവന്റെ ഫാക്ടറിയിൽ ജോലി കിട്ടി.കൃഷ്ണകുമാറും മുരളിയും പരസ്പരം സഹോദരന്മാരാണെന്നറിയാതെ സുഹൃത്തുക്കളായി തീർന്നു.
വാസുമേനവന്റെ മകളായ ഉഷയെ കൃഷ്ണകുമാറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഗോപി തീരുമാനിച്ചു. എന്നാൽ കൃഷ്ണകുമാർ തന്റെ കാമുകിയായ മല്ലികയെ രജിസ്റ്റർ വിവാഹം കഴിച്ചു.ഗോപി ദേഷ്യമെല്ലാം അടങ്ങിയപ്പോൾ മകനെയും മരുമകളെയും സ്വീകരിച്ചു.കൃഷ്ണകുമാറുമായുള്ള തന്റെ മകളുടെ വിവാഹം മാറിയതിൽ കുപിതനായ വാസുമേനവൻ ഉഷയെ മുരളിക്കു വിവാഹം കഴിച്ചു കൊടുത്തു.ഉഷ മുരളിയോടൊപ്പം താമസമായി.ഉഷ ക്രമേണ സുമതിയെ ധിക്കരിച്ചു തുടങ്ങി.
മല്ലികയുടെ അച്ഛനും കുടുംബവും ഗോപിയുടെ വീട്ടിൽ താമസമായി.കൃഷ്ണകുമാർ അച്ഛനെ മറന്ന്,അമ്മായിയച്ഛനെയും കുടുംബത്തെയും കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി.ഒരു ഘട്ടത്തിൽ അച്ഛൻ തന്നെ തല്ലിയപ്പോൾ , തിരിച്ചു തല്ലുവാൻ കൈ ഉയർത്തുക വരെ ചെയ്തു.സ്തബ്ധനായ ഗോപി വീടു വിട്ടിറങ്ങി.
സുമതിയുമായി പിണങ്ങി ഉഷ അവളുടെ അച്ഛന്റെ വീട്ടിലേയ്ക്ക് മാറി താമസിച്ചു.ഒപ്പം മുരളിയും.സുമതിയും വീടു വിട്ടിറങ്ങി.ഗോപിയും സുമതിയും തമ്മിൽ കണ്ടു മുട്ടുമോ ? കൃഷ്ണക്കുമാറിനു തന്റെ അമ്മയെയും , മുരളിക്ക് അച്ഛനെയും തിരിച്ചു കിട്ടുമോ ? തുടര്‍ന്നുള്ള സംഭവ വികാസങ്ങളുടെ കഥയാണ് ഈ ചിത്രം
കടപ്പാട്: പാട്ടുപുസ്തകം