Trichur Rajan
Producer
ശ്രീ പെരുമ്പടവം ശ്രീധരന്റെ കഥയായ “സൂര്യദാഹ”ത്തിന്റെ ചലച്ചിത്രാവിഷ്കാരം നിർവ്വഹിച്ച കലാസ്നേഹിയായ നിർമ്മാതാവായിരുന്നു ശ്രീ തൃശ്ശൂർ രാജൻ. പ്രശസ്തസംവിധായകനായ മോഹൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിലൂടെ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാനസർക്കാറിന്റെ പുരസ്കാരം 1980-ൽ ശ്രീ പെരുമ്പടവം ശ്രീധരൻ നേടുകയുണ്ടായി. സുകുമാരൻ, ശോഭ, സുകുമാരി, രവി മേനോൻ, പി.കെ. അബ്രഹാം തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു അതു്.
ഇത്തരം ഒരു നല്ല ചിത്രം നമുക്കു സമ്മാനിച്ച ശ്രീ തൃശ്ശൂർ രാജൻ 1940 ഫെബ്രുവരി 24നു് തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലാണു് ജനിച്ചതു്. ചെറുപ്പകാലത്തു് ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുവാനും അവസരം ലഭിച്ചു. പിന്നീടു് 1976 വരെ മദിരാശിയിൽ ബിസിനസ് സംരംഭങ്ങളിൽ വ്യാപൃതനായിരുന്ന ശ്രീ രാജൻ അക്കാലത്തു് ചലച്ചിത്രപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1976-ൽ ഭാര്യയും മൂന്നു പെൺകുട്ടികളും അടങ്ങിയ തന്റെ കുടുംബത്തോടൊപ്പം ജന്മദേശമായ തൃശ്ശൂരിൽ മടങ്ങിയെത്തിയ ശ്രീ രാജൻ ബിസിനസ്സിനോടൊപ്പം ചലച്ചിത്രനിർമ്മാണത്തിലും താല്പര്യം കാണിച്ചു. അങ്ങനെയാണു് “സൂര്യദാഹ”ത്തിന്റെ നിർമ്മാതാവായതു്. നിർഭാഗ്യവശാൽ ആ ചിത്രം പുറത്തു വരുന്നതിനു മുമ്പു തന്നെ 1979 സെപ്റ്റംബർ 1നു് തന്റെ മുപ്പത്തിഒമ്പതാം വയസ്സിൽ ശ്രീ രാജൻ ഈ ലോകത്തോടു വിട പറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
ശ്രീ രാജന്റെ മകൾ(രേഖ രഘുപ്രസാദ്) നൽകിയ വിവരങ്ങൾ.
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 1
Available Web Series : 0
Available Short Movies : 0