Neethu Neelakandan
Musician
യുവഗായകരുടെ ഇടയിൽ ശ്രദ്ധേയമായ ഒരു സ്വര സാന്നിദ്ധ്യമാണു് നീതു നീലകണ്ഠൻ. മൃദംഗ വിദ്വാൻ, രചയിതാവു്, ചിത്രകാരൻ എന്ന നിലകളിൽ സമുന്നതനായ ഒരു കലാകാരനും, നടത്തറ ഐ. ടി. ഐ. യിൽ അദ്ധ്യാപകനുമായ ശ്രീ വി. എസ്. നീലകണ്ഠന്റെയും ശ്രീമതി ശാന്തയുടെയും പുത്രിയായ നീതുവിന്റെ സ്വദേശം തൃശൂരാണു്. ആറുവയസ്സുമുതൽ ശ്രീമതി വാസന്തി, ശ്രീ എ. ഇ. വാമനൻ നമ്പൂതിരി, ശ്രീമതി രാധാ വരദരാജൻ എന്നീ ഗുരുക്കന്മാരുടെ കീഴിൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്നു. ആകാശവാണിയിലെ ബാലഗായികയായിരുന്നു നീതു. ആകാശവാണിയിൽ ധാരാളം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ടു്. എട്ടു വസ്സുമുതൽ സ്റ്റേജ് ഷോകളിൽ പങ്കെടുക്കുവാൻ തുടങ്ങിയ നീതു ഇതിനോടകം എണ്ണൂറിൽപ്പരം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടു്. ദക്ഷിണാമൂർത്തി സ്വാമി, യേശുദാസ്, ചിത്ര, വിദ്യാധരൻ മാസ്റ്റർ എന്നിവരോടൊപ്പം പരിപാടികൾ അവതരിപ്പിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ടു് ഈ അനുഗ്രഹീത കലാകാരിക്കു്. കൂടാതെ മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ഗായത്രി, വിധു പ്രതാപ്, ജ്യോത്സ്ന, റിമി ടോമി തുടങ്ങിയ നിരവധി കലാകാർക്കൊപ്പവും ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടു്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യത്തെ കാസറ്റിൽ പാടി - ‘ഈശ്വര ദർശനം’. പിന്നീടിങ്ങോട്ടു് ഡിവോഷണൽ ആൽബങ്ങളിലും മറ്റു് ആൽബങ്ങളിലുമായി നൂറ്റിഅൻപതോളം ആൽബം ഗാനങ്ങൾ ഇതിനോടകം ആലപിച്ചു കഴിഞ്ഞു. വിവിധ ടിവി ചാനലുകളിൽ മ്യൂസിക്കൽ പ്രോഗ്രാംസിലും പങ്കെടുത്തിട്ടുണ്ടു് ഈ ഗായിക. ‘അമൃത ഗീതങ്ങൾ’ എന്ന തമിഴ് ആൽബത്തിൽ ശ്രീ ഉണ്ണിമേനോന്റെ കൂടെ പ്രവർത്തിക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ടു് നീതുവിനു്. ശ്രീ ജെ.എം.രാജുവിന്റെ സംഗീത സംവിധാനത്തിൽ അദ്ദേഹത്തിന്റെ മകനായ ആലാപ് രാജുവിനോടൊപ്പം ‘യേശുവേ’ എന്ന ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. കുട്ടികളുടെ ചിത്രമായ ‘പുസ്തക’ത്തിൽ ‘അത്തിക്കൊമ്പത്തൂഞ്ഞാലാടും’ എന്ന ഗാനം ആലപിച്ചിരിക്കുന്നതു് നീതുവാണു്. നീതുവിന്റെ ഗാനങ്ങൾ യൂ ട്യൂബ് വഴി ലഭ്യമാണു്.
ഇംഗ്ലീഷിലും,ഹിസ്റ്ററിയിലും ബിരുദം നേടിയ നീതു, ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ടു്. സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ ആഗ്രഹിക്കുന്ന നീതു, ഇപ്പോൾ ഭർത്താവു് പ്രവീണിനോടൊപ്പം അബുദബിയിൽ താമസിക്കുന്നു. ഇളയരാജയെയും, എ. ആർ. റഹ്മാനെയും, ഹരിഹരനെയും,സുജാതയെയും, ശ്രേയ ഗോഷാലിനെയും ഒക്കെ ആരാധിക്കുന്ന ഈ യുവ ഗായിക ഇനിയും നല്ല നല്ല ഗാനങ്ങൾ പാടുവാൻ ആഗ്രഹിക്കുന്നു.
നീതുവിന്റെ ഗാനങ്ങൾ യൂട്യൂബ് വഴി ലഭ്യമാണ് .
തയ്യാറാക്കിയതു് - കല്യാണി
References :
നീതു നീലകണ്ഠൻ നൽകിയ വിവരങ്ങൾ
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
|
Singers | Songs |
Neethu Neelakandan | 1 |
|
|
|