1947 ഫെബ്രുവരി 25നു് കായംകുളം രാമപുരത്ത് കടയ്ക്കത്തറയില്‍ വീട്ടില്‍ കെ അനന്തന് നായരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി ലളിത ജനിച്ചു. കൃഷ്ണകുമാര്‍ സഹോദരനും ശ്യാമള സഹോദരിയുമാണു് മഹേശ്വരിയമ്മ എന്നാണു് യഥാര്‍ത്ഥ പേരു്.
ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചു. ഗുരു കലാമണ്ഡലം ഗംഗാധരന്. പത്താം വയസ്സില്‍ നാടകത്തിലൂടെ അഭിനയരംഗത്തെത്തി. ലളിതയുടെ ആദ്യനാടകം ഗീതയുടെ ബലി ആയിരുന്നു. 1963ല്‍ മൂലധത്തില് പാട്ടുപാടാനാണു് ലളിത കെ പി എ സി യില്‍ എത്തിയതു്. തുടര്‍ന്നു് അശ്വമേധത്തില്‍ കെ പി ഉമ്മറിന്റെ ഭാര്യയായി അഭിനയിച്ചു.
എട്ടു വര്‍ഷം കെ പി എ സി യില്‍ സ്ഥിരം നടിയായിരുന്നു. കൂട്ടുകുടുംബം എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണു് സിനിമയില്‍ അവസരം ലഭിച്ചതു്. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ആ നാടകം സിനിമയായപ്പോള്‍ നാടകത്തിലെ അതേ വേഷം തന്നെ സിനിമയിലും ലഭിച്ചു. പിന്നീടു് സ്വയംവരത്തിലും അനുഭവങ്ങള്‍ പാളിച്ചകളിലും അഭിനയിച്ചു. ചക്രവാകത്തില്‍ പ്രേംനസീറിന്റെ നായികയായി.
1978ല്‍ സംവിധായകന് ഭരതനെ വിവാഹം ചെയ്തു. അതോടെ സിനിമയില്‍ താല്പര്യം കുറയുകയും കുടുംബജീവിതത്തിലേക്കു് ഒതുങ്ങുകയും ചെയ്തു. ഭരതന്റെ തന്നെ കാറ്റത്തെ കിളിക്കൂടു് എന്ന ചിത്രത്തിലൂടെയാണു് ലളിത വീണ്ടും സിനിമയില്‍ സജീവമായതു്.
സത്യന് അന്തിക്കാടായിരുന്നു തുടര്‍ന്നു് ലളിതയ്ക്കു് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചതു്. സത്യന്റെ ചിത്രങ്ങളില്‍ ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു് പ്രശംസ നേടി. ഭരതന്റെ വെങ്കലം, അമരം എന്നീ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ എക്കാലത്തും ശ്രദ്ധേയമാണു്. അമരമാണു് (1990) ആദ്യമായി ദേശീയാംഗീകാരം നേടിക്കൊടുത്തതു്.
മികച്ച നടിക്കുള്ള മറ്റൊരു ദേശീയ അംഗീകാരം ജയരാജ് സംവിധാനം ചെയ്ത ശാന്തം (2000) ത്തിലൂടെ ലഭിച്ചു. ശാന്തത്തിലെ കാര്‍ത്ത്യായനി ലളിതയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണു്. കുറച്ചു് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്.
മകള്‍ ശ്രീക്കുട്ടി. മകന് സിദ്ധാര്‍ത്ഥ്, സിനിമനടനും, സംവിധായകനാണ്.
ദീർഘ നാളത്തെ അസുഖത്തെ തുടർന്ന് , 2022 ഫെബ്രുവരി 22 ന് അന്തരിച്ചു
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍