കുറുപ്പിൻറെ കഥ ചിത്രീകരിച്ചിരിക്കുന്നത് മുഴുനീള ഫ്ലാഷ് ബാക്കിലൂടെയാണ്. എസ്.പി കൃഷ്ണദാസ് (ഇന്ദ്രജിത് സുകുമാരൻ) സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ദിവസം അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ കീഴുദ്യോഗസ്ഥൻ (സൈജു കുറുപ്പ്) കൃഷ്ണദാസിന്റെ ഓഫിസിൽ കാണാനിടയായ ചാർളി വധക്കേക്കേസിനെ (ടോവിനോ തോമസ്) സംബന്ധിച്ച ചില രേഖകൾ വായിച്ചു നോക്കുന്നതിലൂടെയാണ് കഥ അഭ്രപാളികളിൽ തെളിയുന്നത്.
ഗോപീകൃഷ്ണക്കുറുപ്പിൻറെ (ദുൽഖർ സൽമാൻ) ക്രിമിനൽ ജീവിതം ആരംഭിക്കുന്നത് അയാൾ വ്യാജ മാർക്ക് ലിസ്റ്റ് സംഘടിപ്പിച്ചു ഇന്ത്യൻ വായു സേനയിൽ ചേരുന്നതോടെയാണ്. പരിശീലനത്തിൻറെ ദിവസങ്ങളിൽ അയാൾ പീറ്റർ (സണ്ണി വെയ്ൻ) എന്നൊരു വ്യക്തിയുമായി സൗഹൃദത്തിലാകുന്നു.
പരിശീലനത്തിന്റെ സമയത്തോ അതോ പോസ്റ്റിങ്ങ് കിട്ടിയ സമയത്തോ എന്ന് വ്യക്തമല്ല, കുറുപ്പ് സായുധ സേനാംഗങ്ങൾക്ക് മാത്രം ലഭിക്കുന്ന മദ്യക്കുപ്പികളും ഷൂ മുതലായ സാധനങ്ങളും പുറത്തു എത്തിച്ചു വിൽപ്പന നടത്തുന്നു. പിന്നീട് കുറുപ്പ്, പീറ്റർ എന്നിവരടങ്ങുന്ന സംഘത്തിനു മുംബൈയിലേക്ക് പോസ്റ്റിങ്ങ് കിട്ടുന്നു. അവിടെ വച്ച് കുറുപ്പിന്റെ ബന്ധുവായ മണിയമ്മയുടെ (സുരഭി ലക്ഷ്മി) വീട്ടിൽ ജോലി ചെയ്യുന്ന ശാരദയെ (ശോഭിത ദുലിപാല) പരിചയപ്പെടുകയും സ്നേഹത്തിലാവുകയും ചെയ്യുന്നു. ഇതേ സമയത്തു് അയാൾക്ക് മറ്റൊരു ബേസിലേക്ക് പോസ്റ്റിങ്ങ് കിട്ടി. അവിടെ സേനയിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകളുടെയും കൺസ്യൂമബിൾ സ്റ്റോക്കിന്റെയും മറ്റും കണക്കു സൂക്ഷിക്കുന്നതായിരുന്നു അയാളുടെ ഡ്യൂട്ടി. (ഇതിൽ നിന്നും കുറുപ്പ് വായു സേനയിലെ ലൊജിസ്റ്റിക്സ് ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്ന സൈനികനായിരുന്നു എന്ന് അനുമാനിക്കാം) അവിടെ വച്ച് പരിചയപ്പെടുന്ന ഇടനിലക്കാരൻ ഇസഹാക്ക് (ഭരത്) മുഖേന അയാൾ വായുസേനയുടെ വക സ്റ്റോറിൽ സർപ്ലസ് ആയി സൂക്ഷിച്ചിരുന്ന അനേകം വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും വിൽപ്പന നടത്തി ധാരാളം കമ്മീഷൻ പണം സമ്പാദിക്കുന്നു. എന്നാൽ കുറച്ചു കാലം കഴിയുമ്പോൾ കുറുപ്പ് ഇടനിലക്കാരനെ തന്റെ കീഴിൽ നിറുത്തി ഇടപാടുകൾ നേരിട്ട് നടത്തുന്നു. ഡിപ്പോയിൽ ഓഡിറ്റ് വരുന്നുണ്ടെന്നും രേഖകൾ എല്ലാം കൃത്യമാക്കി വെക്കണമെന്നും ഉത്തരവ് കിട്ടിയ കുറുപ്പ് അസുഖം നടിച്ചു നാട്ടിലേക്കു മടങ്ങുന്നു. ഈ വിവരം എല്ലാവരെയും അറിയിക്കാൻ അയാൾ പീറ്ററിനെ ചുമതലപ്പെടുത്തി. നാട്ടിലിലെത്തി അധിക നാൾ കഴിയുന്നതിനു മുന്നേ കുറുപ്പ് ആത്മഹത്യ ചെയ്തു എന്ന വാർത്ത പീറ്റർ അടക്കം എല്ലാവർക്കും ലഭിച്ചു. ഈ വാർത്ത ശാരദയെ ദുഖിപ്പിച്ചു. ഒരു ദിവസം അവൾക്ക് കുറുപ്പിൽ നിന്നും താൻ മരിച്ചിട്ടില്ല എന്നൊരു രഹസ്യ സന്ദേശം ലഭിച്ചു. അങ്ങനെ, ശാരദയെ വിവാഹം കഴിച്ചു സുധാകരക്കുറുപ്പ് എന്ന പേരിലുള്ള വ്യാജ പാസ്പോർട്ടിൽ അവർ രണ്ടുപേരും ഗൾഫിലെത്തി.
അടുത്ത സീനിൽ കുറുപ്പ് നാട്ടിലേക്കു വരുന്നതാണ് കാണിക്കുന്നത്. ഗൾഫിൽ പോയ ശേഷം അനേകം തവണ നാട്ടിൽ വന്നു പോയിരിക്കും. എന്നാൽ ഈ തവണത്തെ ഭാര്യയെയും മകനെയും ഒപ്പം കൂട്ടാതെയുള്ള വരവ്, അയാളുടെ ക്രിമിനൽ ജീവിതത്തിന്റെ നാഴികക്കല്ലായി മാറുകയാണ്. നാട്ടിലെ അയാളുടെ ബന്ധുവായ ഭാസി പിള്ള (ഷൈൻ ടോം ചാക്കോ), സുഹൃത്തായ റോയിച്ചൻ (സുധീഷ്), ഡ്രൈവർ പൊന്നച്ചൻ (വിജയ കുമാർ) എന്നിവർ എയർപോർട്ടിൽ എത്തി അയാളെയും കൂടെ വന്ന സാബുവിനെയും (ശിവജിത്ത്) സ്വീകരിച്ചു. നന്നായി മദ്യപിച്ച ശേഷം കുറുപ്പ് തന്റെ ഇത്തവണത്തെ ആഗമനോദ്ദേശ്യം വ്യക്തമാക്കുകയാണ്. അയാളുടെ പേരിൽ ഗൾഫിൽ വച്ച് എടുത്ത എട്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക വസൂലാക്കണം; അതിനുവേണ്ടി അയാൾ മരിച്ചു എന്ന് തെളിവുണ്ടാക്കണം. അയാളുടെ ഉയരവും പ്രായവും ശരീരപ്രകൃതിയുമുള്ള ഒരു ശവശരീരം കിട്ടിയാൽ അത് തൻറെ കാറിൽ വച്ച് കത്തിച്ചു മരിച്ചുപോയി എന്ന് തെളിവുണ്ടാക്കാം എന്നതായിരുന്നു പ്ലാൻ. ഇതിൽ സഹകരിക്കുന്ന എല്ലാവർക്കും ഒരു നല്ല തുക കുറുപ്പ് വാഗ്ദാനം ചെയ്തു.
മദ്യലഹരിയിൽ അവർ സിമിത്തേരി ഉൾപ്പടെ പല സ്ഥലങ്ങളിലും ജഡങ്ങൾ തിരഞ്ഞെങ്കിലും അനുയോജ്യമായ ഒന്ന് കിട്ടിയില്ല. ഇതിനിടയിൽ അവർ ഒരു ബാറിൽ കയറി വീണ്ടും മദ്യപിക്കാൻ തുടങ്ങിയപ്പോൾ ഭാസിപ്പിള്ളയ്ക്ക് പെട്ടെന്ന് ഒരു ഐഡിയ തോന്നി. ശവം കിട്ടിയില്ലെങ്കിൽ പറ്റിയ ഒരാളെ കൊന്നു ശവമാക്കിക്കൂടെ? കുറുപ്പിനെ പോലെയുള്ള ഒരാളെ കണ്ടെത്തി അയാളെ കൊന്നാൽ പോരേ? ബാറിലെ സപ്ലയർ പൊക്കം കൊണ്ടും ശരീരം കൊണ്ടും യോജിക്കും എന്ന് തോന്നിയതിനാൽ ഭാസിപ്പിള്ള അയാളെ നിർബന്ധിച്ചു കാറിൽ കയറ്റാൻ ശ്രമിക്കുന്നു. പക്ഷെ അയാൾ വഴങ്ങുന്നില്ല. അതിനെ ചൊല്ലി വഴക്കിട്ട് റോയിച്ചനും കുറുപ്പും പിള്ളയോടും മറ്റും വഴി പിരിയുന്നു.
പിറ്റേന്ന് വെളുപ്പിനെ ഒരു അംബാസിഡർ കാർ വയലിൽ കത്തിയെരിയുന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടി. ഡ്രൈവറുടെ സീറ്റിൽ ഒരാളുടെ ജഡം ഇരിക്കുന്നുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി. കത്തിയ കാർ തിരിച്ചറിഞ്ഞ നാട്ടുകാർ മരിച്ചയാൾ സുധാകര കുറുപ്പ് ആയിരിക്കും എന്ന് പറഞ്ഞു. സ്ഥലത്തെത്തി അന്വേഷണ ചുമതല ഏറ്റെടുത്ത DYSP കൃഷ്ണദാസ് കാറിന്റെ സമീപത്തു നിന്നും കാലടിപ്പാടുകളും, തീപ്പെട്ടിയും കയ്യുറകളും കണ്ടെടുത്തു. അതിൽ നിന്നും ഇതൊരു അപകടമല്ല, കൊലപാതകമാണ് എന്ന് ഊഹിച്ചു. ജഡത്തിന്റെ മുഖവും മറ്റും തിരിച്ചറിയാൻ സാധിക്കാത്ത വിധം കരിഞ്ഞിരുന്നു. എന്നാൽ വാച്ച്, മോതിരം, ചെരിപ്പ് മുതലായ ഒരു പുരുഷന്റെ ജഡത്തിൽ സാധാരണ കാണേണ്ടതായ യാതൊന്നും കണ്ടില്ല. അടിവസ്ത്രത്തിന്റെ കരിയാതെ കുറച്ചു ഭാഗം കിട്ടി.
കുറുപ്പിനെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി ഭാസിപ്പിള്ളയെ DYSP കൃഷ്ണ ദാസ് ചോദ്യം ചെയ്തു. സാധാരണ ഷർട്ടിന്റെ കൈ മടക്കി വെക്കാറുള്ള പിള്ള അന്ന് ഫുൾ സ്ലീവിൽ വന്നപ്പോൾ കൃഷ്ണദാസിന് സംശയം തോന്നി കൈ പരിശോധിച്ചപ്പോൾ പൊള്ളലേറ്റതായി കണ്ടു. തുടർന്ന് അയാളുടെ വീട് പരിശോധിച്ചപ്പോൾ വളരെ നാൾ ഉപയോഗിക്കാതിരുന്ന ഒരു ടോയ്ലെറ്റിൽ അടുത്തിടെ എന്തോ കത്തിച്ചതായി കണ്ടെത്തി. കരിഞ്ഞ ഗന്ധവും തലമുടി നാരുകളും മറ്റും പോലീസ് അവിടെ നിന്നും കണ്ടെത്തി. പിള്ളയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു "സൂക്ഷ്മമായി" ചോദ്യം ചെയ്തപ്പോൾ അയാൾ നടന്ന സംഭവങ്ങൾ വിവരിച്ചു.
കുറുപ്പുമായി വഴക്കിട്ടു പിരിഞ്ഞ ശേഷം ഭാസിപ്പിള്ള, സാബു, പൊന്നച്ചൻ എന്നിവർ യാത്ര തുടരവേ ഹൈവേയിൽ വച്ച് ഒരാൾ ആലപ്പുഴയ്ക്ക് ലിഫ്റ്റ് ചോദിക്കുന്നു. എല്ലാം കൊണ്ടും കുറുപ്പിന്റെ ശരീര പ്രകൃതിയോട് യോജിച്ച അയാളെ അവർ കാറിൽ കയറ്റി. തന്റെ പേര് ചാർളി (ടോവിനോ തോമസ്) എന്നാണെന്നും ഒരു ഫിലിം റെപ്രെസെന്റേറ്റീവ് ആണെന്നും അടുത്തയിടെ കല്യാണം കഴിച്ചു; ഭാര്യ ഗർഭിണിയാണെന്നും മറ്റും പറഞ്ഞു. ഭാസിപ്പിള്ള അയാളെ നിർബന്ധിച്ചു മയക്കു മരുന്ന് ചേർത്ത മദ്യം കുടിപ്പിച്ചു. ബോധരഹിതനായ അയാളെ ഭാസിപ്പിള്ള കഴുത്തിൽ നാടൻ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ചാർളിയുടെ ശവവുമായി അവർ കുറുപ്പ് താമസിക്കുന്ന ലോഡ്ജിൽ എത്തി. ഒന്നു ഞെട്ടി എങ്കിലും കുറിപ്പിൽ ഉറങ്ങിക്കിടന്ന ക്രിമിനൽ ഉണർന്ന് പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നു. കുറുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാവരും ഭാസിപ്പിള്ളയുടെ വീട്ടിലെത്തി ഉപയോഗമില്ലാതെ കിടന്നിരുന്ന ടോയ്ലെറ്റിൽ വച്ച് മരിച്ച ചാർളിയുടെ മുഖം കരിച്ചു. പിന്നീട് കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു കാറിൽ ഇരുത്തി വയലിലേക്ക് കാർ ഓടിച്ചു ഇറക്കി. കയ്യിൽ കരുത്തിയിരുന്ന പെട്രോൾ ഒഴിച്ച ശേഷം ഭാസിപ്പിള്ള തീ കൊളുത്തി. തീ ആളിക്കത്തിയപ്പോൾ അയാളുടെ കയ്യും മുഖത്തിന്റെ ഭാഗങ്ങളും തലമുടിയും കരിഞ്ഞു.
ഭാസിപ്പിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ DYSP കൃഷ്ണദാസ് കൂട്ടു പ്രതികളായ പൊന്നച്ചനെയും സാബുവിനെയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊല്ലപ്പെട്ട വ്യക്തി ആരെന്നു അറിയുകയായിരുന്നു പ്രധാനം. കാണാതായ ആളുകളെപ്പറ്റിയുള്ള റിപ്പോർട്ടുകളും പ്രതികളിൽ നിന്നും ലഭിച്ച മൊഴിയും അനുസരിച്ചു കൃഷ്ണദാസും സംഘവും ഫിലിം റെപ്രസെൻറെറ്റിവ് ചാർളിയുടെ വീട് തേടി എത്തി. പ്രായമായ പിതാവും (എം.ആർ.ഗോപകുമാർ) ഭാര്യ സിസിലിയും (അനുപമ പരമേശ്വരൻ) മാത്രമേ അവിടുള്ളൂ. കരിഞ്ഞ ജഡത്തിന്റെ ഫോട്ടോയും കരിഞ്ഞു പോകാതെ ബാക്കിയായ അടിവസ്ത്രത്തിന്റെ ഭാഗങ്ങളും കാണിച്ചെങ്കിലും പിതാവ് അത് തിരിച്ചറിഞ്ഞില്ല. എന്നാൽ സിസിലി കരിഞ്ഞ അടിവസ്ത്രം ചാർളിയുടേതാണെന്നു തിരിച്ചറിഞ്ഞു. കൃഷ്ണദാസ് ചാർളിയുടെ ഒരു പഴയ ചെരുപ്പും ഫോട്ടോയും അവിടെ നിന്നും ശേഖരിച്ചു. ഫോറൻസിക് സാങ്കേതിക പരിശോധനയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ജഡത്തിന്റെ തലയോടും പാദവും ചാർളിയുടേത് തന്നെ എന്ന് കോടതിയിൽ തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം.
ഇൻഷുറൻസ് തുകയായ എട്ടു ലക്ഷം രൂപയ്ക്കു വേണ്ടിയിട്ടാണ് കൊല ചെയ്തത് എന്ന പ്രതികളുടെ മൊഴി കൃഷ്ണദാസ് പൂർണ്ണമായി വിശ്വസിച്ചില്ല. തുക തുല്യമായി വീതിച്ചാൽ ഒരാൾക്ക് കിട്ടുന്നത് കേവലം രണ്ടു ലക്ഷം രൂപ മാത്രം. കുറുപ്പിന് ഇതു കൂടാതെ മറ്റു ഗൂഢലക്ഷ്യങ്ങൾ ഉണ്ടാകും എന്ന് കൃഷ്ണദാസ് അനുമാനിക്കുന്നു. അത് അറിയാൻ വേണ്ടി കുറുപ്പിന്റെ പഴയ ലാവണമായ മുംബൈയിൽ എത്തണം.
ഇതിനിടെ, കുറുപ്പിന്റെ കേരളത്തിലെ ഒളിത്താവളമായ ലോഡ്ജ് കൃഷ്ണദാസും സംഘവും വളഞ്ഞെങ്കിലും കുറുപ്പ് അവിടെ നിന്നും രക്ഷപ്പെട്ട് മുംബൈയിൽ മണിയമ്മയുടെ വീട്ടിലെത്തി. അവിടെയും പോലീസ് അന്വേഷിച്ചു് എത്തിയെങ്കിലും കുറുപ്പിനെ പിടികൂടാൻ സാധിച്ചില്ല. കുറുപ്പ് ഒളിച്ചു താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും കിട്ടിയ സൂചന അനുസരിച്ചു് അയാൾ ഒരു ഡയബെറ്റിസ് രോഗിയാണെന്ന് മനസ്സിലാക്കിയ പോലീസ് മുംബൈയിൽ ആയിരുന്നപ്പോൾ ചികിത്സ തേടിയിരുന്ന ആശുപത്രിയിൽ അന്വേഷിച്ചു ചെന്നെങ്കിലും അവിടെയും പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ കുറുപ്പ് രക്ഷപ്പെടുന്നു. കുറുപ്പ് മുംബൈ വിടാൻ ബുക്ക് ചെയ്ത കപ്പലിൽ പോലീസ് തിരഞ്ഞെങ്കിലും കപ്പലിന്റെ ഉള്ളറകളിലെ സങ്കീർണ്ണത മുതലെടുത്തു കുറുപ്പ് വീണ്ടും രക്ഷപ്പെട്ടു.
കുറുപ്പിന്റെ ഗൾഫ് ജീവിതം അന്വേഷിച്ച കൃഷ്ണദാസിന് വിലപ്പെട്ട വിവരങ്ങൾ കിട്ടി. കരിഞ്ചന്തയിൽ കള്ളക്കടത്തിലൂടെ ക്രൂഡ് ഓയിൽ വിറ്റ് കോടാനുകോടികൾ നേടുന്ന സംഘത്തിൽ അംഗമായ കുറുപ്പ്, ഏറെ താമസിയാതെ സംഘത്തലവനായ പ്രിൻസ് വലീദിൻറെ (വാലിദ് റിക്കി) വിശ്വസ്തനായി മാറി. എല്ലാ ഇടപാടുകളും നടത്തുന്നത് സ്വർണ്ണബിസ്കറ്റിലൂടെ മാത്രം. ഓരോ ഇടപാടിലും വലീദിന് ഒരു പെട്ടി നിറയെ സ്വർണ്ണം കിട്ടുമ്പോൾ എല്ലാ റിസ്ക്കും എടുക്കുന്ന കുറുപ്പിന് കിട്ടുന്നത് ഭിക്ഷ പോലെ കേവലം ഒരെണ്ണം മാത്രം. അങ്ങനെ, ഒരു ഇടപാടിൽ നിന്നും ലഭിച്ച, അനേക കോടികളുടെ മൂല്യമുള്ള ഒരു പെട്ടി സ്വർണ്ണം സ്വന്തമാക്കി നാട്ടിലെത്തി തൻറെ രണ്ടാമത്തെ വ്യാജ മരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു എട്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് കുറുപ്പ് എടുത്തത് എന്നത് കൂട്ടു പ്രതികളെപ്പോലും ഞെട്ടിച്ചു.
ചിത്രത്തിന്റെ അവസാന ഭാഗങ്ങളിൽ കുറുപ്പ് പോലിസിന്റെ വലയിൽ അകപ്പെടാതെ എങ്ങനെ കപ്പലിനുള്ളിൽ കയറി എന്ന് വ്യക്തമാക്കുന്നു. എന്നാൽ അയാൾ അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ കണ്ടുമുട്ടുന്നു. സാക്ഷാൽ പ്രിൻസ് വലീദ്!!! (കൃഷ്ണദാസ് കുറുപ്പിന്റെ വിവരങ്ങൾ വലീദിന് ചോർത്തിക്കൊടുത്തു എന്ന് അനുമാനിക്കാം). എന്നാൽ ചിത്രത്തിന്റെ ഒടുവിൽ കുറുപ്പ് അലക്സാണ്ടർ എന്ന പേരിൽ, തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്നു. പ്രിൻസ് വലീദിന് എന്ത് സംഭവിച്ചു എന്നത് പ്രേക്ഷകർക്ക് ഊഹിക്കാം.
ചിത്രീകരണത്തിൽ ചിലയിടങ്ങളിൽ പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഒന്നാമതായി, കുറുപ്പും പീറ്ററും രാത്രിയിൽ എയർഫോഴ്സ് ബേസിൻറെ ചുറ്റുമതിൽ ചാടിക്കടന്ന് നഗരത്തിലേക്ക് പോകുന്നതൊക്കെ കാണിക്കുന്നുണ്ട്. ബേസിക് ട്രെയിനിങ് സമയത്തു എല്ലാ റിക്രൂട്ടുകളുടെയും സിവിൽ ഉടുപ്പുകളും മറ്റു സാധനസാമഗ്രികളും ലോക്കറിൽ സൂക്ഷിക്കുകയാണ് പതിവ്. അത് തിരികെ ലഭിക്കുന്നത് പരിശീലനം കഴിയുമ്പോൾ മാത്രമാണ്. പുറത്തു പോകുമ്പോൾ യൂണിഫോമിൽ പോകണം. അതാണ് നിയമം. രണ്ടാമതായി, എല്ലാവരുടെയും തലമുടി പറ്റെ വെട്ടിയിരിക്കും. എന്നാൽ ചിത്രത്തിൽ അങ്ങിനെയൊന്നും കാണുന്നില്ല. മൂന്നാമതായി, പൈലറ്റ് അല്ലാത്ത, കേവലം സപ്പോർട്ടിങ് ക്രൂ ആയ കുറുപ്പ്, പീറ്റർ എന്നിവരെല്ലാം പൈലറ്റിന് മാത്രം ലഭിക്കുന്ന പൈലറ്റ് വിങ്സ് യൂണിഫോമിൽ ധരിച്ചു കാണുന്നുണ്ട്. ഇത് വസ്ത്ര സംവിധായകന് സംഭവിച്ച ഒരു അമളിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. വേണ്ടത്ര പഠനം നടത്താതെ ജോലി ചെയ്താലുള്ള കുഴപ്പം.
ആയിരത്തി തൊള്ളായിരത്തി എൺപതു - തൊണ്ണൂറുകളിൽ കേരള ജനതയെ അപ്പാടെ ഞെട്ടിച്ച ക്രിമിനൽ കേസായിരുന്നു ചാക്കോ വധവും അതിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന് പോലീസ് കരുതുന്ന, ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പും. ഈ സംഭവം ഇതിനു മുൻപും സിനിമയാക്കപ്പെട്ടിട്ടുണ്ട്. സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റു ചിലരാകട്ടെ അയാൾ വടക്കേ ഇന്ത്യയിൽ എവിടെയോ വച്ച് മരണമടഞ്ഞു എന്നും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും കാലം ഇത്രയും കടന്നു പോയിട്ടും സുകുമാര ക്കുറുപ്പിനെക്കുറിച്ചുള്ള വാർത്തകൾ പൊതുജനം ഇപ്പോഴും എത്ര താൽപ്പര്യത്തോടെയാണ് ശ്രദ്ധിക്കുന്നത് എന്നത് വർഷങ്ങൾക്കു മുൻപു നടന്ന സംഭവങ്ങൾ അവരുടെ മനസ്സിൽ എത്ര ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത് എന്നതിന് തെളിവാണ്.